‘മഹാരാജാവിന് നേർക്ക് സിപി അവഹേളനപൂർവം ഫയൽ വലിച്ചെറിഞ്ഞു; രാജാവ് മൗനംപാലിച്ച് അത് സഹിച്ചു’

സി.പി. രാമസ്വാമി അയ്യരുടെ അറുപതാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ പൈതൃകത്തെ വിലയിരുത്തുന്നത്, കൗതുകമുണർത്തുന്നതും വൈരുധ്യങ്ങൾ നിറഞ്ഞതുമായൊരു ചരിത്രപാരമ്പര്യത്തെ ആഴത്തിൽ പരിശോധിക്കലാണ്. ആരാധകരെസംബന്ധിച്ച്, ‘സി.പി.’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം സാങ്കേതികവിദഗ്ധനായ ഒരു ഭരണനായകനാണ്.
അദ്ദേഹത്തിന്റെ ഭരണകാലത്താണ് കേരളത്തിൽ ആദ്യ സർവകലാശാല സ്ഥാപിതമായത്; അതിന്റെ നേതൃത്വത്തിലേക്ക് ആൽബർട്ട് ഐൻസ്റ്റീനെ ക്ഷണിക്കുകയുംചെയ്തു. സി.പി.യുടെ നേതൃത്വത്തിലാണ് ‘ഫാക്ട്’ ഉൾപ്പെടെ ഒട്ടേറെ വൻകിട വ്യവസായസംരംഭങ്ങൾക്ക് തുടക്കമിട്ടത്. തിരുവിതാംകൂറിലെ മോണസൈറ്റടങ്ങിയ കരിമണലിന്റെ തന്ത്രപ്രധാനമായ മൂല്യം അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അപൂർവ ഭൗമധാതുക്കളെക്കറിച്ചുള്ള ഇന്നത്തെ ചർച്ചകളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന് പ്രത്യേക പ്രസക്തിയുണ്ട്.
ആ ഭരണപാടവത്തിന്റെ ഫലമായി തിരുവിതാംകൂറിന്റെ സാമ്പത്തികസ്ഥിതി ഏറെ ശക്തിപ്പെട്ടു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകുമ്പോൾ സ്വതന്ത്രമായി നിലകൊള്ളാമെന്ന വ്യർഥമായ പ്രതീക്ഷ അന്നത്തെ മഹാരാജാവ് ചിത്തിരതിരുനാളിൽ ജനിപ്പിക്കുന്നതിനും ഈ സാമ്പത്തികശക്തി കാരണമായി.
സി.പി. എന്ന ഏകാധിപതി
വിജയത്തിന്റെ അളവുകോൽ മികച്ച കണക്കുകളും ഭദ്രമായ സാമ്പത്തിക അടിത്തറയും മാത്രമായിരുന്നെങ്കിൽ, സി.പി. ഒരു ഉത്തമ രാഷ്ട്രീയനേതാവായി വിശേഷിപ്പിക്കപ്പെടുമായിരുന്നു. എന്നാൽ, ഭരണനിർവഹണം എന്നത് അതിലേറെ സങ്കീർണമായൊരു കാര്യമാണ്.
സി.പി. ഒരു ഏകാധിപതികൂടിയായിരുന്നു; നേരത്തേതന്നെ നിയന്ത്രണങ്ങൾക്കു വിധേയമായിരുന്ന മാധ്യമങ്ങളെ അദ്ദേഹം കൂടുതലായി അടിച്ചമർത്തി. 2026-ൽ ഡൊണാൾഡ് ട്രംപ് ചില മാധ്യമസ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നുവെങ്കിൽ, എൺപതുവർഷംമുൻപ് തനിക്കിഷ്ടപ്പെടാത്ത പത്രങ്ങളോട് സി.പി. സമാന നയമാണ് സ്വീകരിച്ചത്.
അദ്ദേഹത്തിന്റെ ഭരണകാലത്ത്, സർക്കാരിനെതിരായ സ്റ്റേറ്റ് കോൺഗ്രസിന്റെ സമ്മേളനങ്ങൾ ഗുണ്ടകളെ ഉപയോഗിച്ച് അലങ്കോലപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് രവീന്ദ്രനാഥ ടാഗോർ സി.പി.യുടെ ഭരണത്തെ ‘ഫാസിസ്റ്റ് ഭരണകൂടം’ എന്ന് വിശേഷിപ്പിച്ചത്.
ചരിത്രകാരനായ ശ്രീധരമേനോന്റെ വാക്കുകൾ കടമെടുത്താൽ, സി.പി. പ്രതിഭാശാലിയും കഴിവുറ്റവനുമായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യപ്രവണതകൾതന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശത്രുവായി മാറിയത്.
സി.പി. എന്ന താരോദയം
1879-ൽ സമ്പന്നവും പ്രബലവുമായ ഒരു തമിഴ് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച സി.പി., മദ്രാസിലെ നിയമവിദഗ്ധർക്കിടയിൽ താരമായിരുന്നു. ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ മനസ്സില്ലാമനസ്സോടെ അദ്ദേഹത്തെ ‘ഇന്ത്യയിലെ ഏറ്റവും സമർഥരായ വ്യക്തികളിലൊരാൾ’ എന്ന് വിശേഷിപ്പിക്കുകയുണ്ടായി.
കൊളോണിയൽ ഭരണകൂടത്തിനുകീഴിൽ വിവിധ പദവികൾ വഹിച്ച അദ്ദേഹം, പല ഗവർണർമാരുമായും വൈസ്രോയിമാരുമായും അടുത്തുബന്ധപ്പെട്ട് പ്രവർത്തിച്ചു. പ്രായം നാല്പതുകളിലെത്തുമ്പോഴേക്ക് സി.പി. ഏറെ ശ്രദ്ധേയനായി. ‘സർ’പദവി നൽകി ആദരിക്കപ്പെട്ട അദ്ദേഹം പിന്നീട് ലീഗ് ഓഫ് നേഷൻസ് പോലുള്ള അന്താരാഷ്ട്രവേദികളിൽ ഇന്ത്യയെ പ്രതിനിധാനംചെയ്തു.
തിരുവിതാംകൂർ സർക്കാരുമായി ബന്ധപ്പെട്ട നിയമകാര്യങ്ങളിൽ നേരത്തേതന്നെ ഇടപെട്ടിരുന്നെങ്കിലും, 1920-കളുടെ അവസാനത്തോടെ തിരുവിതാംകൂറുമായുള്ള സി.പി.യുടെ ബന്ധം കൂടുതൽ ദൃഢമായി വിശേഷിച്ചും രാജകുടുംബവുമായുള്ള ബന്ധം. യഥാർഥത്തിൽ, ഈ ബന്ധമാണ് അദ്ദേഹത്തെ ഔദ്യോഗികജീവിതത്തിന്റെ പരകോടിയിലേക്ക് ഉയർത്തിയതും ഈ പ്രദേശത്തിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചതും.
വിവാദപുരുഷൻ
തിരുവിതാംകൂറിലെ തന്റെ ആദ്യകാലം മുതൽക്കുതന്നെ സി.പി. ഒരു വിവാദപുരുഷനായിരുന്നു. അക്കാലത്ത് തിരുവിതാംകൂർ ഭരിച്ചിരുന്നത് മഹാറാണി സേതുലക്ഷ്മി ബായി ആയിരുന്നു. അവരുടെ അനന്തരവനായ ചിത്തിരതിരുനാളിന് അന്ന് പ്രായപൂർത്തിയായിരുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വനയപ്രകാരം, 1932-ന്റെ മധ്യത്തോടെയാണ് അദ്ദേഹം അധികാരമേൽക്കേണ്ടിയിരുന്നത്.
മഹാരാജാവിന്റെ മാതാവായ മഹാറാണി സേതുപാർവതി ബായിക്ക് ഈ നീണ്ട കാത്തിരിപ്പിൽ അതൃപ്തിയുണ്ടായിരുന്നു. സേതുലക്ഷ്മി ബായിയുമായുള്ള അവരുടെ ബന്ധം അത്ര സുഖകരമായിരുന്നില്ല.
ചിത്തിരതിരുനാളിനെ നിശ്ചയിച്ചതിലുംനേരത്തേ അധികാരത്തിലേറ്റണമെന്ന മഹാറാണി സേതുപാർവതി ബായിയുടെ ശ്രമങ്ങൾക്ക് പിന്തുണയുമായി ഈ ഘട്ടത്തിലാണ് അവരുടെ അനുഭാവി എന്നനിലയിൽ സി.പി. രംഗപ്രവേശംചെയ്യുന്നത്.
മഹാറാണി സേതുപാർവതി ബായിയുടെ ശ്രമങ്ങളെല്ലാം ബ്രിട്ടീഷുകാർ നിരസിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, സി.പി.യുമായി അടുത്ത ബന്ധമുണ്ടായിരുന്ന വെല്ലിങ്ടൺ പ്രഭു 1931-ൽ വൈസ്രോയിയായതോടെ സ്ഥിതി മാറി. സേതുലക്ഷ്മി ബായിയുടെ ഭരണകാലാവധി ഒൻപതുമാസം വെട്ടിച്ചുരുക്കി, ചിത്തിരതിരുനാളിനെ തിരുവിതാംകൂറിന്റെ ഭരണാധികാരിയായി അവരോധിച്ചു.
മറ്റൊരു തരത്തിൽ പറഞ്ഞാൽ, രാജകൊട്ടാരത്തിനുള്ളിലെ വഴക്കാണ് തിരുവിതാംകൂറിൽ സി.പി.ക്ക് ആദ്യമായി വലിയൊരവസരം തുറന്നുകൊടുത്തത്.
അദ്ദേഹത്തിന് ഒരിക്കലും ജനപ്രീതിയുണ്ടായിരുന്നില്ല. ഇതിന് ഒരു കാരണം മഹാരാജാവിന്റെ മാതാവുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദമായിരുന്നു. 1929-ൽത്തന്നെ ഇതേക്കുറിച്ച് അന്വേഷിക്കാൻ ഡൽഹിയിൽനിന്ന് ഉത്തരവുണ്ടായിരുന്നു.
1931-ൽ ചിത്തിരതിരുനാൾ അധികാരത്തിലെത്തിയതോടെ, സി.പി. അദ്ദേഹത്തിന്റെ നിയമ-ഭരണഘടനാ ഉപദേഷ്ടാവായി നിയമിതനായി. ദിവാനെക്കാൾ ഉയർന്ന ശമ്പളം ലഭിച്ചിരുന്ന ഈ പദവിയിൽ, ദിവാന്റെ തീരുമാനങ്ങളിൽ ഫലത്തിൽ മേലധികാരം പ്രയോഗിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
സി.പി. 1936-ൽ ദിവാൻപദവിയിലെത്തുന്നതിനുമുൻപ്, അദ്ദേഹത്തിന്റെ ഇടപെടലുകളിൽ നിരാശരായ രണ്ട് ദിവാന്മാർ പദവി ഒഴിഞ്ഞിരുന്നു. അതിനുശേഷം, പതിനൊന്നുവർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിനെതിരേയുണ്ടായ വധശ്രമംവരെയും, തിരുവനന്തപുരത്തെ ഏറ്റവും ശക്തമായ അധികാരകേന്ദ്രമായി നിലകൊണ്ടത് ഈ മദ്രാസ് ബ്രാഹ്മണനായിരുന്നു.
ഒറ്റയാൾ പ്രകടനം
ദിവാൻ എന്നനിലയിൽ, സി.പി. അസാധാരണമായ ധീരതയുള്ള ഭരണാധികാരിയായിരുന്നു എന്നതിൽ സംശയമില്ല. ക്ഷേത്രപ്രവേശനവിളംബരം പ്രധാനമായും ഈഴവരുടെ സംഘടിതമുന്നേറ്റത്തിന്റെയും ഹിന്ദുക്കളിലെ വലിയൊരുവിഭാഗം മതംമാറുമെന്ന രാജകുടുംബത്തിന്റെ ആശങ്കയുടെയും ഫലമായിരുന്നെങ്കിലും അത് നടപ്പാക്കുന്നതിൽ നിർണായകപങ്കുവഹിച്ചുകൊണ്ട് സി.പി. ചരിത്രം സൃഷ്ടിച്ചു.
ജനാധിപത്യത്തിൽ അദ്ദേഹത്തിന് വലിയ വിശ്വാസമുണ്ടായിരുന്നില്ലെങ്കിലും ഒട്ടേറെ ആരാധകരെ നേടിയെടുക്കാൻപോന്ന ഒരു ദർശനം അദ്ദേഹത്തിനുണ്ടായിരുന്നു.
ഇന്ത്യയിലെ ഏറ്റവുംമികച്ച ഭരണമുള്ള നാട്ടുരാജ്യം മാത്രമല്ല, ആഗോളതലത്തിൽ ആദരിക്കപ്പെടുന്ന ഒരു രാജ്യമായി തിരുവിതാംകൂറിനെ മാറ്റണമെന്നായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അദ്ദേഹത്തിന്റെ ജാഗ്രതയിൽ, തിരുവിതാംകൂറിന്റെ ആഭ്യന്തരകാര്യങ്ങളിലുള്ള ബ്രിട്ടീഷുകാരുടെ ഇടപെടൽ തന്ത്രപൂർവം നിയന്ത്രിച്ചുനിർത്താൻകഴിഞ്ഞു.
തിരുവിതാംകൂറിന്റെ നേട്ടങ്ങൾ പെരുപ്പിച്ചുകാട്ടുന്നതാണെന്ന് വൈസ്രോയി വേവൽ പ്രഭു കരുതിയിരുന്നെങ്കിലും, സി.പി.ക്ക് തുല്യനായി മറ്റാരുമില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. വേവൽ പ്രഭുവിന്റെ വാക്കുകളിൽ, തിരുവിതാംകൂറിലേത് ഒരു ഒറ്റയാൾപ്രകടനമായിരുന്നു.
എന്നാൽ, സി.പി.യെപ്പോലുള്ള വ്യക്തിത്വങ്ങളുടെ കാര്യത്തിൽ, അധികാരവും സ്വന്തം കഴിവുകളിലുള്ള അമിതമായ ആത്മവിശ്വാസവും ചേർന്നാൽ അത് ധാർഷ്ട്യത്തിന് വഴിവെച്ചേക്കാം. തിരുവിതാംകൂറിൽ ഒരുകാലത്ത് ദിവാൻമാർ ഭരണാധികാരിയുടെ മുൻപിലിരിക്കാൻപോലും പാടില്ലെന്നൊരു കീഴ്‌വഴക്കമുണ്ടായിരുന്നു. ചിത്തിരതിരുനാളിന്റെ കാര്യത്തിൽ, അദ്ദേഹത്തിന്റെ സ്വന്തം സഹോദരൻ എഴുതിയിട്ടുള്ളത്, ഒരിക്കൽ മഹാരാജാവിനുനേരേ സി.പി. അവഹേളനപൂർവം ഒരു ഫയൽ വലിച്ചെറിഞ്ഞെന്നും മഹാരാജാവ് മൗനം പാലിച്ച് ആ അപമാനം സഹിച്ചെന്നുമാണ്.
ഹിന്ദു ഏകീകരണത്തിന്റെ ശക്തനായ വക്താവായിരുന്ന സി.പി., ക്രൈസ്തവസമൂഹത്തോട് ശത്രുതാപരമായ നിലപാടാണു സ്വീകരിച്ചിരുന്നത്; പ്രബലരായ ക്രൈസ്തവനേതാക്കളുടെ നേതൃത്വത്തിലുണ്ടായിരുന്ന ഒരു ബാങ്കിന്റെ തകർച്ചയ്ക്ക് അദ്ദേഹം വഴിയൊരുക്കുകയുംചെയ്തു.
ഒരുപക്ഷേ, തന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും ഇരുണ്ട അധ്യായമായ പുന്നപ്ര-വയലാറിൽ അദ്ദേഹം അതിരുകടന്ന ബലപ്രയോഗം നടത്തി. അത് ചോരപ്പുഴ ഒഴുക്കുകമാത്രമല്ല, അദ്ദേഹം സേവിച്ചിരുന്ന അതേ രാജവാഴ്ചയുടെ മരണമണി മുഴക്കുകയുംചെയ്തു.
വിമർശനങ്ങളേറ്റ് വിശ്വസ്തൻ
സുമുഖനും ആകർഷകവ്യക്തിത്വത്തിനുടമയും പണ്ഡിതവര്യനുമായ പ്രഭാവശാലിയായിരുന്നു സി.പി. രാമസ്വാമി അയ്യർ. അത്രയേറെ അധികാരം കൈപ്പിടിയിലുള്ളപ്പോഴും അദ്ദേഹം വിശ്വസ്തനായ ഒരു സേവകനായിരുന്നു.
യഥാർഥത്തിൽ മഹാരാജാവിന്റെ മാതാവിന്റെ താത്പര്യപ്രകാരം നടപ്പാക്കിയിരുന്ന തെറ്റായ നയങ്ങളുടെപേരിലുള്ള വിമർശനങ്ങളൊക്കെയും സി.പി. പലപ്പോഴും സ്വയം ഏറ്റുവാങ്ങുകയായിരുന്നെന്ന് 1938-ൽത്തന്നെ ഒരു കൊളോണിയൽ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുകയുണ്ടായി.
1947-ൽ തിരുവിതാംകൂറിനെ സ്വതന്ത്രമായി നിലനിർത്താനുള്ള ശ്രമത്തിന്റെ ഉത്തരവാദിത്വം ഇന്ന് പലപ്പോഴും സി.പി.യുടെമേൽ ചുമത്തപ്പെടുന്നു. എന്നാൽ, യഥാർഥത്തിൽ ആ താത്പര്യത്തിന്റെ ഉദ്ഭവകേന്ദ്രം ഏറക്കുറെ രാജകൊട്ടാരംതന്നെയായിരുന്നു.
തിരുവിതാംകൂർ വിട്ടതിനുശേഷവും, തന്റെ രാജകീയമേലധികാരികൾക്കെതിരേ സി.പി. ഒരിക്കലും വിരൽചൂണ്ടിയില്ല.
തന്റെ ലക്ഷ്യം സ്വാതന്ത്ര്യമല്ല, മറിച്ച് ‘സ്വയംഭരണം’ മാത്രമായിരുന്നെന്ന് 1958-ൽ അദ്ദേഹം അവകാശപ്പെട്ടത് അത്ര വിശ്വസനീയമല്ലാത്ത വാദമായിരുന്നു. എന്നിരുന്നാലും, ഒരു പൊതുമന്ദിരത്തിൽ സ്ഥാപിച്ചിരുന്ന തന്റെ അർധകായപ്രതിമ നീക്കംചെയ്തപ്പോൾ സി.പി. നിരാശനായി. മഹാരാജാവ് അതിനുനേരേ കണ്ണടച്ചുനിന്നത് ഈ മുൻദിവാനെ ഏറെ വേദനിപ്പിച്ചു.
ചരിത്രത്തിന്റെ തെറ്റായ വശത്ത്
1966 സെപ്റ്റംബർ 26-ന് ലണ്ടനിൽവെച്ച് സി.പി. അന്തരിച്ചു. ജീവിതത്തിലെ അവസാന ഇരുപതുവർഷം അദ്ദേഹം ഒരുതരം സൗകര്യപൂർണമായ അപ്രസക്തിയുടെ നിഴലിലായിരുന്നു. അക്കാദമികപദവികൾ വഹിച്ചും പ്രഭാഷണങ്ങൾ നടത്തിയുംമറ്റും കഴിച്ചുകൂട്ടി; അധികാരത്തിന്റെ പരിസരങ്ങളിലേക്ക് പിന്നീട് അദ്ദേഹം വന്നില്ല.
പല അർഥങ്ങളിലും, അദ്ദേഹത്തിന്റെ ജീവിതകഥ ഒരു പാഠമാണ്-പ്രതിഭയും കഴിവും മഹത്തായ ഗുണങ്ങളാണ്; എന്നാൽ, എളിമയുടെ പരിപാകമില്ലാതിരുന്നാൽ, അവ അനഭിലഷണീയമായ മറ്റൊന്നായി രൂപാന്തരപ്പെടാം.
ബുദ്ധിശാലികളും മഹത്തായ കഴിവുകളുള്ളവരുമായ മനുഷ്യർ എങ്ങനെയാണ് ഒടുവിൽ ചരിത്രത്തിന്റെ തെറ്റായ വശത്ത് എത്തിപ്പെടുന്നതെന്നതിന്റെ കഥകൂടിയാണിത്.
ഒരുകാലത്ത് തിരുവിതാംകൂറിൽ തോൽപ്പിക്കാനോ ചഞ്ചലപ്പെടുത്താനോ കഴിയാത്തത്ര അപ്രമാദിത്വം സി.പി.ക്കുണ്ടെന്ന് തോന്നിച്ചിരുന്നു. എന്നാൽ ഒടുവിൽ, അപമാനിതനായി അദ്ദേഹത്തിന് അവിടം വിട്ടുപോകേണ്ടിവന്നു.
(ചരിത്രകാരനാണ് ലേഖകൻ. തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചരിതമായ ‘ദി ഐവറി ത്രോൺ’ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങളുടെ രചയിതാവാണ്)
Content Highlights: Comprehensive analysis of Sir C.P. Ramaswamy Iyer's 60th death anniversary and his complex historical legacy., Examination of his administrative milestones including the first Kerala university and industrialization., Insight into his authoritarian tendencies, suppression of media, and political controversies., Review of Travancore's push for independence in 1947 and the palace politics involved.