‘രണ്ടാമത്തെ വിമാനവും ഗോപുരത്തിൽ ഇടിച്ചിരിക്കുന്നു; അമേരിക്ക ആക്രമിക്കപ്പെടുകയാണ്!’ ലോകം മാറിമറിഞ്ഞ 25 വർഷം

ലോക വ്യാപാര കേന്ദ്രത്തിന് നേരെ വിമാനങ്ങൾ ഇടിച്ചുകയറിയപ്പോള്‌, 2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിൽ നിന്നുള്ള ദൃശ്യം. | Photo: SPENCER PLATT / GETTY IMAGES
ലോക വ്യാപാര കേന്ദ്രത്തിന് നേരെ വിമാനങ്ങൾ ഇടിച്ചുകയറിയപ്പോള്‌, 2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിൽ നിന്നുള്ള ദൃശ്യം. | Photo: SPENCER PLATT / GETTY IMAGES

2001 സെപ്റ്റംബർ 11. അമേരിക്കയുടെ ചരിത്രത്തെയും ലോകക്രമത്തെയും അപ്പാടെ മാറ്റിമറിച്ച ആ കറുത്ത ദിവസത്തിന്റെ പ്രഭാതം തികച്ചും സാധാരണപോലെ ശാന്തമായിരുന്നു. കാർമേഘങ്ങളോ മൂടൽമഞ്ഞോ ഒട്ടുമില്ലാത്ത ഒരു മനോഹരപ്രഭാതം. ന്യൂയോർക്ക് നഗരം പതിവ് തിരക്കുകളോടെ ആ പ്രഭാതത്തെ വരവേറ്റു. ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ തെരുവുകളിലേക്ക് മനുഷ്യർ ഒഴികിയെത്തിക്കൊണ്ടിരുന്നു. ആകാശത്തുനിന്നും ഒരു മഹാദുരന്തം തങ്ങൾക്കു നേരെ പാഞ്ഞടുക്കുന്നുണ്ടെന്ന് ആ നഗരത്തിലെ ലക്ഷക്കണക്കിന് മനുഷ്യരിൽ ഒരാൾ പോലും വിചാരിച്ചിരുന്നില്ല.

നഗരം ഉണരുന്നതിനുമുമ്പുതന്നെ പക്ഷേ, ആക്രമണത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായിരുന്നു. സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് വിമാനത്താവളങ്ങളിലൂടെ അൽ-ഖ്വയ്ദ ഭീകരർ സാധാരണ യാത്രക്കാരെപ്പോലെ കടന്നുപൊയ്ക്കൊണ്ടിരുന്നു. രാവിലെ 5.45. അൽ-ഖ്വയ്ദ ഭീകരരായ മുഹമ്മദ് അത്തയും അബ്ദുൾ അസീസ് അൽ-ഒമാരിയും പോർട്ട്ലാൻഡ് ഇന്റർനാഷണൽ ജെറ്റ്പോർട്ടിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി. ബോസ്റ്റണിലേക്കുള്ള ഒരു കണക്റ്റിങ് ഫ്ലൈറ്റിൽ അവരിരുവരും കയറിക്കൂടി. അവിടെ നിന്നാണ് അമേരിക്കയുടെ വിധി നിർണ്ണയിച്ച അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ്- 11 ലേക്ക് അവർ പ്രവേശിച്ചത്.

അന്നേദിവസം രാവിലെ അമേരിക്കയുടെ ആകാശത്ത് ഭീതിയുടെ വിത്തുപാകാൻ നാല് യാത്രാവിമാനങ്ങളാണ് കുതിച്ചുയർന്നത്. രാവിലെ 7.59-നായിരുന്നു അതിൽ ആദ്യത്തേത്. അഞ്ച് തീവ്രവാദികൾ ഉൾപ്പെടെ 81 യാത്രക്കാരും 11 ജീവനക്കാരുമായി അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ്-11 ബോസ്റ്റണിലെ ലോഗൻ വിമാനത്താവളത്തിൽ നിന്ന് ലോസ് ഏഞ്ചലസിലേക്ക് പുറപ്പെട്ടു. രാവിലെ 8.15-ന് യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 175 ഇതേ വിമാനത്താവളത്തിൽ നിന്ന് ലോസ് ഏഞ്ചലസിലേക്കു തന്നെ പറന്നുയർന്നു. 51 യാത്രക്കാരും അഞ്ച് തീവ്രവാദികളും 9 ക്രൂ അംഗങ്ങളുമായിരുന്നു ആ വിമാനത്തിലുണ്ടായിരുന്നത്.

അഞ്ച് മിനിറ്റുകൾക്ക് ശേഷം രാവിലെ 8:20-ന് 53 യാത്രക്കാരും അഞ്ച് തീവ്രവാദികളും 6 ജീവനക്കാരുമായി അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ്- 77 വാഷിങ്ടൺ ഡുള്ളസ് വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തു. രാവിലെ 8.42–ന് 33 യാത്രക്കാരും 7 ജീവനക്കാരുമായി യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് - 93 ന്യൂജേഴ്‌സിയിലെ ന്യൂവാർക്കിൽ നിന്ന് നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് യാത്ര തിരിച്ചു. പതിവ് ഗതാഗതക്കുരുക്ക് കാരണം വൈകിയ ടേക്ക് ഓഫ് ചെയ്ത ആ വിമാനത്തിൽ നാല് ഭീകരരാണ് കയറിക്കൂടിയത്.

ഫ്ലൈറ്റ്-11 യാത്രതുടങ്ങി അധികം വൈകും മുൻപ് തന്നെ നാടകീയ സംഭവങ്ങൾ ആരംഭിച്ചു. ഹൈജാക്കർമാർ സീറ്റിൽ നിന്ന് ചാടിയെണീറ്റു. വിമാനത്തിന്റെ നിയന്ത്രണം അവർ കൈക്കലാക്കി. 8.14-ന്‌ മധ്യ മസാച്യുസെറ്റ്‌സിനു മുകളിൽവച്ചാണ് ഭീകരർ വിമാനം റാഞ്ചുന്നത്. അക്രമം തടയാൻ വിമാനത്തിനുള്ളിൽനിന്ന് തന്നെ ശ്രമമുണ്ടായി. ഭീകരരെ തടയാൻ ശ്രമിച്ച ഡാനിയൽ ലെവിൻ എന്ന യാത്രക്കാരനെ ഭീകരരിലൊരാൾ കുത്തി വീഴ്ത്തി. ലോകം കണ്ട ഏക്കാലത്തേയും ഭീകരമായ ആക്രമണങ്ങളിലെ ആദ്യത്തെ ഇരയായിരുന്നു അയാൾ.

രാവിലെ 8.19 ആയപ്പോഴേക്കും ഗ്രൗണ്ട് കൺട്രോളിലേക്ക് വിമാനത്തിൽനിന്ന് വിളിയെത്തി. ഫ്ലൈറ്റ് അറ്റൻഡന്റായ ബെറ്റി ആൻ ഓങ് അതീവ രഹസ്യമായി വിമാനം തട്ടിക്കൊണ്ടുപോയ വിവരം അറിയിച്ചു. കോക്ക്പിറ്റിലേക്ക് ആശയവിനിമയം നടത്താൻ കഴിയുന്നില്ലെന്ന് അവർ പരിഭ്രാന്തിയോടെ വെളിപ്പെടുത്തി. രാവിലെ 8.24-ന് ഹൈജാക്കറായ മുഹമ്മദ് അത്ത യാത്രക്കാരോട് സംസാരിക്കാൻ ശ്രമിച്ചു. ഇതിനിടെ അബദ്ധത്തിൽ കോക്ക്പിറ്റിലെ ബട്ടൺ മാറി. ഇതോടെ കോൾ പോയത് എയർ ട്രാഫിക് കൺട്രോളിലേക്കായിരുന്നു. അത്തയുടെ ഈ പിഴവിലൂടെ വിമാനം തട്ടിക്കൊണ്ടുപോയ വിവരം അധികൃതർ ഉറപ്പിച്ചു. രാവിലെ 8.37-ഓടെ അമേരിക്കൻ വ്യോമസേന രംഗത്തിറങ്ങുകയും പ്രതിരോധവിമാനങ്ങൾ സജ്ജമാവുകയും ചെയ്തു. എന്നാൽ എല്ലാം വളരെ വൈകിപ്പോയിരുന്നു.

രാവിലെ 8.46-നായിരുന്നു ആദ്യത്തെ പ്രഹരം. ഫ്ലൈറ്റ്-11 വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ഗോപുരത്തിലേക്ക് ഇടിച്ച് കയറി. 93 മുതൽ 99 വരെയുള്ള നിലകളിലേക്കാണ് പതിനായിരത്തോളം ഗാലൻ ജെറ്റ് ഇന്ധനവുമായി വിമാനം ഇടിച്ച് കയറിയത്. നിമിഷനേരം കൊണ്ട് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും കെട്ടിടത്തിനുള്ളിലെ ജീവനക്കാരും ഇല്ലാതായി. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ അടിയന്തര ഗോവണികളെല്ലാം തകർന്നുപോയി. ഇതോടെ 91-ാം നിലയ്ക്ക് മുകളിലുള്ള ആളുകൾ വിഷപ്പുകയ്ക്കുള്ളിൽ കുടുങ്ങിപ്പോയി. ന്യൂയോർക്കിലെ പ്രാദേശിക തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിന്റെ ക്യാമറകൾ സംഭവമുണ്ടായി നിമിഷങ്ങൾക്കകം ദുരന്തദൃശ്യം ലോകത്തിന് മുന്നിൽ തത്സമയം സംപ്രേക്ഷണം ചെയ്യാൻ തുടങ്ങി.

ഈ സമയം ഫ്ലോറിഡയിലെ ഒരു പ്രൈമറി സ്കൂളിൽ കുട്ടികളോടൊപ്പം ചെലവഴിക്കുകയായിരുന്നു യു.എസ്. പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ്. അപകടത്തെക്കുറിച്ച് അറിഞ്ഞതോടെ അതൊരു സാങ്കേതിക തകരാർ മൂലമുള്ള അപകടമാണെന്നാണ് ആദ്യം കരുതിയത്. രാവിലെ 8.59 ആയപ്പോഴേക്കും രണ്ട് ഗോപുരങ്ങളും അടിയന്തരമായി ഒഴിപ്പിക്കാൻ ഉത്തരവിട്ടു. എന്നാൽ അപ്പോഴേക്കും രണ്ടാമത്തെ വിമാനവും ലക്ഷ്യസ്ഥാനത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു.

രാവിലെ 9.03. ലോകം മുഴുവൻ ടെലിവിഷൻ സ്ക്രീനുകളിൽ നോക്കി ഞെട്ടിവിറച്ചിരിക്കുന്ന സമയം. യുണൈറ്റഡ് ഫ്ലൈറ്റ് -175 വേൾഡ് ട്രേഡ് സെന്ററിന്റെ തെക്കേ ഗോപുരത്തിലേക്ക് ചരിഞ്ഞുവന്ന് ഇടിച്ചുകയറി. തെക്കേ ഗോപുരത്തിന്റെ 77 മുതൽ 85 വരെയുള്ള നിലകൾക്കിടയിലേക്ക് വിമാനം ഇടിച്ചു കയറ്റിയത്. 8.14-ന്‌ ലോഗനിൽനിന്ന്‌ ലൊസ്‌ ആഞ്ചലസിലേക്ക്‌ പുറപ്പെട്ട വിമാനം 8.42-നും 8.46-നും ഇടയിൽ വടക്കുപടിഞ്ഞാറൻ ന്യൂജേഴ്‌സിക്കു മുകളിൽവച്ചാണ് ഭീകരർ റാഞ്ചിയത്.

ട്രേഡ് സെന്ററിന്റെ രണ്ട് ഗോപുരത്തിലേക്കും വിമാനങ്ങൾ ഇടിച്ചുകയറ്റിയതോടെ അമേരിക്കൻ സൈന്യവും ഭരണകൂടവും ഇത് രാജ്യത്തിന് നേരെ നടന്ന ആസൂത്രിത ഭീകരാക്രമണമാണെന്ന് ഉറപ്പിച്ചു. പ്രസിഡന്റ് ബുഷിന്റെ അടുത്തേക്ക് പാഞ്ഞെത്തിയ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രൂ കാർഡ് അദ്ദേഹത്തിന്റെ കാതുകളിൽ അക്കാര്യം പറഞ്ഞു: ‘രണ്ടാമത്തെ വിമാനവും ഗോപുരത്തിൽ ഇടിച്ചിരിക്കുന്നു. അമേരിക്ക ആക്രമിക്കപ്പെടുകയാണ്!’.

തെക്കൻ ഒഹിയോക്കു മുകളിൽവെച്ച് 8.50–നും 8.54-നും ഇടയിലാണ് ഭീകരർ മൂന്നാമത്തെ വിമാനമായ ഫ്ലൈറ്റ് -77 റാഞ്ചുന്നത്. ആ വിമാനത്തെ അവർ തിരിച്ചുവിട്ടത് വാഷിങ്ടണിലെ അമേരിക്കൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനമായ പെന്റഗണിലേക്കാണ്. രാവിലെ 9.37-ന് ഫ്ലൈറ്റ്- 77 പെന്റഗണിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് തുളച്ചുകയറി. തുടർന്ന്‌ കെട്ടിടത്തിൽ തീ പടർന്നു. വിമാനത്തിലുണ്ടായിരുന്ന 64 മനുഷ്യരും പെന്റഗണിലുണ്ടായിരുന്ന 125 സൈനിക-സിവിലിയൻ ഉദ്യോഗസ്ഥരും തൽക്ഷണം കൊല്ലപ്പെട്ടു.

Photo: weforum.org

സാഹചര്യം അതീവ ഗുരുതരാവസ്ഥയിലേക്കാണ് പോകുന്നതെന്ന് അമേരിക്കയ്ക്ക് ബോധ്യപ്പെട്ടു. പിന്നാലെ 9.45-ഓടെ അമേരിക്ക വ്യോമപാത പൂർണ്ണമായി അടച്ചുപൂട്ടി. രാജ്യത്തിന്റെ വ്യോമമേഖലയിലുണ്ടായിരുന്ന നാലായിരത്തഞ്ഞൂറിലധികം യാത്രാവിമാനങ്ങളോട് നിലത്തിറങ്ങാൻ ഉത്തരവിട്ടു. എത്രയും വേഗം ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിൽ ഇറങ്ങാനായിരുന്നു നിർദേശം. ഇതിനൊപ്പം തന്നെ ഒരു ഭീഷണി മുന്നിൽകണ്ട് വൈറ്റ് ഹൗസും കാപ്പിറ്റൽ കെട്ടിടവും അടിയന്തരമായി ഒഴിപ്പിച്ചു.

ഇതേസമയത്ത് ഭീകരർ തട്ടിയെടുത്ത നാലാമത്തെ വിമാനമായ ഫ്ലൈറ്റ് 93-ൽ ഒരു ധീരമായ പോരാട്ടം നടക്കുന്നുണ്ടായിരുന്നു. രാവിലെ 9.28-ഓടെ വടക്കൻ ഒഹിയോയുടെ മുകളിൽവച്ചാണ് ഈ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടത്. പക്ഷേ, അതിനകം വിമാനത്തിലെ യാത്രക്കാർ ന്യൂയോർക്കിലും വാഷിങ്ടണിലും നടന്ന ദുരന്തങ്ങളുടെ വിവരങ്ങൾ അറിഞ്ഞിരുന്നു. തങ്ങൾ യാത്ര ചെയ്യുന്ന വിമാനവും ഭീകരർ ഒരു ചാവേർ ആക്രമണത്തിന് ഉപയോഗിക്കാൻ പോകുന്നു എന്ന് അവർ തിരിച്ചറിഞ്ഞു. മരണം മുന്നിൽ കണ്ടുകൊണ്ട അവർ ഭീകരർക്കെതിരെ പോരാടാൻ തീരുമാനിച്ചു. ഇതിനിടെ ഒരു യാത്രക്കാരൻ വിമാനത്തിലെ ബാത്ത്റൂമിൽ ഒളിച്ചിരുന്ന് 911-ലേക്ക് വിളിച്ച് ഈ വിവരം കൈമാറി.

9.57-ന്‌ വിമാനത്തിൽ ഭീകരരും യാത്രക്കാരുമായി സംഘർഷമുണ്ടായി. യാത്രക്കാരും ക്രൂ അംഗങ്ങളും ഭീകരരുമായി കോക്ക്പിറ്റിനുള്ളിൽ ഏറ്റുമുട്ടി. ഇതോടെ തങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട ഭീകരർ വിമാനം വഴിതിരിച്ചുവിട്ടു. ഒടുവിൽ രാവിലെ 10.03-ന് പെൻസിൽവാനിയയിലെ ഷാങ്ക്സ്‌വില്ലിലുള്ള ഒഴിഞ്ഞ മൈതാനത്തേക്ക് ഇടിപ്പിച്ചു. വാഷിങ്ടണിലെ വൈറ്റ് ഹൗസോ കാപ്പിറ്റൽ കെട്ടിടമോ തകർക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നണ് കരുതുന്നത്. പക്ഷേ, യാത്രക്കാരുടെ ധീരമായ പോരാട്ടത്തിനൊടുവിൽ ആ വിമാനം വിജനമായ പ്രദേശത്ത് പതിച്ചു.

അമേരിക്കയുടെ സമ്പത്തിന്റെയും പ്രതാപത്തിന്റെയും പ്രതീകങ്ങളായിരുന്ന ആ ഇരട്ടഗോപുരങ്ങൾ കത്തിയെരിയുന്ന കാഴ്ച ലോകം ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടത്. കനത്ത ചൂടിൽ വെന്തുരുകി ഒടുവിൽ രാവിലെ 9.59-ന് തെക്കേ ഗോപുരം തകർന്നു വീണു. എണ്ണൂറിലധികം മനുഷ്യ ജീവനുകളാണ് ചുരുങ്ങിയ സമയത്ത് ഇല്ലാതായത്. രാവിലെ 10.28 ഓടെ വടക്കേ ഗോപുരവും തകർന്നു വീണു. അതിൽ 1,600-ലധികം നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടു. കറുത്ത കട്ടിപ്പുക മാൻഹാട്ടന്റെ ആകാശത്തെ വിഴുങ്ങി.

ദുരന്തത്തിൽ പൊലിഞ്ഞത് 2,977 മനുഷ്യ ജീവനുകളാണ്. ഹൈജാക്ക് ചെയ്ത 19 പേരെ കൂടാതെയാണിത്. ഇരട്ട ടവറുകളിലുണ്ടായ ആക്രമണത്തിൽ 2,606 പേർ സംഭവസ്ഥലത്തുവെച്ചോ പിന്നീട് പരിക്കുകൾ മൂലമോ മരണമടഞ്ഞു. പെന്റഗണിലുണ്ടായ ആക്രമണത്തിൽ 125 പേർ കൊല്ലപ്പെട്ടു. തട്ടിയെടുത്ത നാല് വിമാനങ്ങളിലുമുണ്ടായിരുന്ന 246 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു. വിമാനത്തിലെ യാത്രക്കാരായിരുന്ന രണ്ടുവയസ്സുകാരിയായ ക്രിസ്റ്റിൻ ലീ ഹാൻസനാണ് ഇരകളിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. 82 കാരനായ റോബർട്ട് നോർട്ടനാണ് ഏറ്റവും പ്രായം കൂടിയ ഇര. 441 രക്ഷാപ്രവർത്തകരും ദുരന്തത്തിൽ വീരമൃത്യു വരിച്ചു.

ദുരന്തത്തിന് പിന്നാലെ മാലിന്യങ്ങളും അവശിഷ്ടങ്ങളും പൂർണ്ണമായി വൃത്തിയാക്കാൻ എട്ടു മാസത്തിലധികം സമയമെടുത്തു. പക്ഷേ ദുരന്തത്തിന്റെ കരിനിഴൽ അവിടെ അവസാനിച്ചില്ല. വിഷപ്പുകയും പൊടിയും ശ്വസിച്ച രക്ഷാപ്രവർത്തകരും ജീവനക്കാരും പിന്നീട് വലിയ ആരോഗ്യപ്രശ്നങ്ങളാണ് നേരിട്ടത്. 2025-ലെ കണക്കുകൾ പ്രകാരം 50,000-ത്തോളം ആളുകൾക്കാണ് ഇതുമായി ബന്ധപ്പെട്ട് ക്യാൻസർ രോഗം ബാധിച്ചത്. എണ്ണായിരത്തിലധികം മനുഷ്യർ രോഗബാധിതരായി പിൽക്കാലത്ത് മരണപ്പെടുകയും ചെയ്തു.

സെപ്റ്റംബർ 11-ന് രാത്രി 8:30-ന് വൈറ്റ് ഹൗസിൽ നിന്നും രാജ്യാന്തരസമൂഹത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ബുഷ് ഭീകരർക്കെതിരെയും അവരെ സഹായിക്കുന്നവർക്കെതിരെയും ശക്തമായ പ്രതികാരത്തിന് ആഹ്വാനം ചെയ്തു. ആക്രമണം നടന്ന് ഒരു മാസത്തിനുള്ളിൽ, അൽ-ഖ്വയ്ദയെ തുടച്ചുനീക്കാനും ബിൻ ലാദനെ വേട്ടയാടാനും ജോർജ്ജ് ഡബ്ല്യു. ബുഷ് അന്താരാഷ്ട്ര സഖ്യത്തിന്റെ പിന്തുണയോടെ അഫ്ഗാനിസ്ഥാനിൽ സൈനിക നടപടി ആരംഭിച്ചു. ഇത് പിന്നീട് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സൈനിക നടപടിക്കാണ് വഴിവെച്ചത്. മാത്രമല്ല, ആഗോള വിമാനങ്ങളുടെയും സുരക്ഷാപരിശോധനകളുടെയും പൂർണ്ണമായ അഴിച്ചുപണിക്കും ഇത് കാരണമായി.

Reference

World Economic Forum: 9/11: A timeline of the September 11 attacks visualized
The Economic Times: what happened on 9/11: What time did 9/11 happen 24 years ago? Key facts you didn't know about that fateful day
Hindustan Times: What time did 9/11 happen? Full timeline of the September 11 attacks and how the tragic day unfolded
ABC7 Chicago: What happened on 9/11? The September 11 timeline shows how the attacks unfolded
FOX 5 New York: September 11, 2001 timeline of attacks and events
NBC New York: 911 timeline: How terror attacks unfolded on Sept. 11, 2001
Times of India: 20 years since 9/11: Timeline defining 2 decades of 'war on terror'
Miller Center: Timeline: The September 11 terrorist attacks
The Guardian: 25 years ago, two strangers met in the twin towers and escaped on 9/11. What happened next? | September 11 2001 
BBC News: 9/11: What happened and how many people died in September 11 attacks? 
Britannica: Timeline of the September 11 Attacks

Content Highlights: On September 11, 2001, 19 Al-Qaeda terrorists hijacked four commercial airplanes, carrying out coordinated suicide attacks against the World Trade Center in New York and the Pentagon, resulting in 2,977 fatalities and reshaping global security forever.