ആ ഇരട്ടഗോപുരങ്ങൾ തകർന്നുവീണിട്ട് 25 വർഷം; നാലര ലക്ഷം കോടി ഡോളർ ചെലവാക്കിയ അമേരിക്കൻ ‘തിരിച്ചടി’

ലോകം ഞെട്ടിത്തരിച്ച സംഭവം നടന്നിട്ട് ഈ സെപ്റ്റംബർ 11-ന് 25 വർഷം തികയുന്നു. ആധുനിക ലോകക്രമത്തെ 9/11 മുൻപും പിൻപും എന്നാണ് വിളിച്ചു വരുന്നത്. 9/11 എന്നറിയപ്പെടുന്ന സെപ്‌റ്റംബർ 11 അമേരിക്കൻ ജനതയ്‌ക്ക് നടുക്കുന്ന ഒരു ഓർമ ദിവസമാണ്. 2001-ലെ ആ ശപിക്കപ്പെട്ട ദിവസം ലോകവ്യാപാര സംഘടനയുടെ ഇരട്ടഗോപുരം ഭീകരാക്രമണത്തിൽ തകർത്ത ദിനത്തിന്റെ ഇരുപത്തഞ്ചാം വാർഷികമാണിപ്പോൾ. 2001 സെപ്റ്റംബർ 11നാണ് 19 അൽഖായിദ ഭീകരർ നാല് യാത്രാവിമാനങ്ങൾ റാഞ്ചി ന്യൂയോർക്കിലെയും വാഷിങ്‌ടണിലെയും ജനവാസകേന്ദ്രങ്ങളിലേക്ക് ഇടിച്ചിറക്കിയത്.
അമേരിക്ക അഭിമാന സ്തംഭങ്ങളായി കരുതിയ ലോകവ്യാപാരകേന്ദ്രത്തിന്റെ ഇരട്ടഗോപുരങ്ങൾ ആക്രമണത്തിൽ നിലംപരിശായി. 2996 പേർ കൊല്ലപ്പെടുകയും ആറായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ച ഭീകരാക്രമണം കഴിഞ്ഞ് 25 വർഷങ്ങൾ കൊഴിഞ്ഞു പോയെങ്കിലും ഇന്നലെ എന്ന പോലെ ഞെട്ടലോടെ ഓർക്കുന്ന ദിവസംകൂടിയാണ്. നല്ല തെളിഞ്ഞ ആകാശമുള്ള ഒരു സാധാരണ ചൊവ്വാഴ്ച പതിവ് പ്രഭാത തിരക്കുകളിൽ മുഴുകിയ ന്യൂയോർക്ക് നഗരത്തെ കാത്തിരുന്നത് തീർത്തും അസാധാരണമായ സംഭവങ്ങളായിരുന്നു. അതിന്റെ തുടർചലനങ്ങളാവട്ടെ, ലോകത്തിന്റെ രാഷ്ട്രീയ, സാമൂഹിക,സാമ്പത്തിക, മത സ്വഭാവങ്ങളെയും സമവാക്യങ്ങളേയും തീർത്തും മാറ്റിമറിച്ചവയും.
നാല് വാണിജ്യവിമാനങ്ങളാണ് ഭീകരപ്രവർത്തകരാൽ ഹൈജാക്ക് ചെയ്യപ്പെട്ടത്. അതിലാദ്യത്തേത്, രാവിലെ 8.46-ന് വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിൽ ഇടിച്ചു കയറ്റുകയായിരുന്നു. സംഭവിച്ചതെന്തെന്ന് മനസ്സിലാവാതെ അമ്പരന്നു പോയ ആളുകൾ പരക്കം പായുമ്പോൾ ഇരട്ട ടവറിന്റെ തെക്കൻ ടവറിൽ രണ്ടാമത്തെ വിമാനവും വന്നിടിച്ചു കഴിഞ്ഞിരുന്നു. അപ്പോൾ സമയം രാവിലെ 9.03 മണി. ഇതേസമയം 370 കിലോമീറ്ററുകൾ അകലെയുള്ള, ലോകത്തിലെ തന്നെ ഏറ്റവും തന്ത്രപ്രധാനമെന്നു കരുതപ്പെടുന്ന പെന്റഗണിനെ ഉന്നം വെച്ച് മൂന്നാമത്തെ വിമാനം പറത്തുകയായിരുന്ന ഭീകരർ. കൃത്യം 9.37 -ന് ലക്ഷ്യം കാണുന്നു. നാലാമത്തേത് 10.03 ഓടെ പെൻസിൽവാനിയക്കടുത്ത് ഒരു പാടത്തു തകർന്നു വീഴുകയായിരുന്നു.
സമയം 10.30 ആയപ്പോഴേക്കും അമേരിക്കയുടെ അഭിമാനസ്തംഭം അക്ഷരാർത്ഥത്തിൽ ഒരു ചീട്ട് കൊട്ടാരം കണക്കെ തകർന്നു വീണു. തീയും പുകയും പൊടിപടലങ്ങളും കൊണ്ട് മൂടിയ കെട്ടിടത്തിൽ നിന്നും സ്വരക്ഷയോർത്തു എടുത്തു ചാടിയവരും അകത്തു പെട്ടുപോയവരുമായി മൂവ്വായിരത്തിനടുത്ത് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. നാലു വിമാനങ്ങളിലും കയറിക്കൂടിയ ഭീകരർ (മൊത്തം 19 പേർ) യാത്രയ്ക്കിടയിൽ വിമാനങ്ങൾ റാഞ്ചുകയും അവയെ അമേരിക്കയെ ആക്രമിക്കാനുള്ള മിസൈലുകളായി ഉപയോഗിക്കുകയുമായിരുന്നു.
വിദേശികളുടെ ആക്രമണത്തിന് അമേരിക്ക ഇരയാകുന്നത് ഇതാദ്യമായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് 1941-ൽ പേൾ ഹാർബറിൽ ജപ്പാൻ നടത്തിയ വ്യോമാക്രമണം ഇതിന് സമാനമായിരുന്നു. എന്നാൽ പേൾ ഹാർബർ സ്ഥിതിചെയ്യുന്നത് യുഎസ് വൻകരയ്ക്കു പുറത്തു ഹവായ് ദ്വീപിലാണെങ്കിൽ ഈ ആക്രമണം യുഎസ് വൻകരയ്ക്ക് അകത്തുവച്ചുതന്നെയായിരുന്നു.
9/11 ന് ശേഷം ലോകത്ത് ചടുലമായ മാറ്റങ്ങളാണ് വന്നത്. "വാർ ഓൺ ടെറർ" അഥവാ ഭീകരതക്കെതിരെയുള്ള യുദ്ധം എന്ന പേരിൽ അമേരിക്ക ചെലവാക്കിയത് നാലര ലക്ഷം കോടി ഡോളറോളണത്രേ. അന്നോളം കേട്ടുകേൾവിയില്ലാത്ത രീതിയിലുള്ള തീവ്രവാദ ആക്രമണത്തിൽ പകച്ചു പോയ ലോകരാജ്യങ്ങളുടെ സമ്മതത്തോടെയും സഹായത്തോടെയും അഫ്ഗാനിസ്താനിലും ഇറാഖിലും അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു അമേരിക്കയും സഖ്യ കക്ഷികളും. നിരപരാധികളായ 20 ലക്ഷത്തോളം ആളുകളുടെ ജീവനപഹരിച്ചു, അവരുടെ രാജ്യത്തെ കൊള്ളയടിച്ചു. നേതാക്കളെ വേട്ടയാടി കൊല ചെയ്തു.
ഈ ആക്രമണത്തോടെ ഇസ്‌ലാമോഫോബിയ ലോകത്താകെ ഉടലെടുക്കുകയും പതിയെ പതിയെ സാധാരണമാവുകയും ചെയ്തു. പല രാജ്യങ്ങളിലും ഇതൊരുഗ്രൻ രാഷ്ട്രീയ വില്പനച്ചരക്കാക്കി. നിരപരാധികളായ സാധാരണ മുസ്ലീം ജനവിഭാഗം തീവ്രവാദികൾ ആയി ചിത്രീകരിക്കപ്പെടാൻ തുടങ്ങി. അതേ സമയം, ലോകത്തു പല നഗരങ്ങളിലും തീവ്രവാദ ആക്രമണങ്ങൾ തുടർക്കഥയായി മാറി. ചുരുക്കി പറഞ്ഞാൽ, സ്റ്റാലിന്റെ സോവിയറ്റ് റഷ്യയെ തകർക്കാൻ അമേരിക്ക തന്നെ അഫ്‌ഗാനിസ്താനിൽ വിത്തിട്ട് വെള്ളമൊഴിച്ചു വളർത്തിയത്, പിന്നീട് സ്റ്റാലിനു ശേഷം ലോകത്തിനാകെ ഭീഷണിയായി വളരുകയായിരുന്നു എന്നത് ചരിത്രം.
സോവിയറ്റ് റഷ്യക്കെതിരെ ലാദനെ അമേരിക്ക ഉയർത്തിക്കൊണ്ടു വന്നു. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ലാദൻ അമേരിക്കക്കെതിരെ ആയി. പിന്നെ പാകിസ്താൻ, അഫ്ഗാനിസ്താൻ, മുസ്ലിം രാജ്യങ്ങളിലെ ജനങ്ങളെ കൂട്ടുപിടിച്ചു അമേരിക്കക്കെതിരെ ജിഹാദ് തുടങ്ങി. സോവിയറ്റ് യൂണിയനെ തകർക്കാനായിരുന്നു അമേരിക്ക വിഘടനവാദത്തിനായി ബിൻ ലാദനെ പോലുള്ളവരെയും സദ്ദാമിനെ പോലുള്ള വരെയും വളർത്തിക്കൊണ്ടുവന്നത്. പക്ഷേ ഈ വളർന്നുവന്നവർക്ക് അവരുടേതായ ലക്ഷ്യങ്ങൾ ഉണ്ടാവുകയും അത് അമേരിക്കയ്ക്ക് ഉൾക്കൊള്ളാൻ കഴിയാതിരിക്കുകയും അതിലൂടെ അവർ അമേരിക്കയ്ക്കും അമേരിക്കയുടെ സഖ്യകക്ഷികൾക്കും കണ്ണിൽ കരടായി മാറുകയും ചെയ്യുകയായിരുന്നു.
പാല് കൊടുത്ത കൈക്ക് തന്നെ കടിക്കുക എന്ന കലാപരിപാടി ബിൽ ലാദനും അതുപോലെ വളർന്നുവന്ന വിഘടനവാദികളും ചെയ്തു. സ്വാഭാവികമായും അവരെ ഇല്ലാതാക്കേണ്ടത് അമേരിക്കയുടെ ആവശ്യമായി മാറി. ലോകത്തെവിടെയും നടക്കുന്ന സായുധ വിഘടനവാദങ്ങളിൽ മറ്റേതെങ്കിലും രാഷ്ട്രങ്ങളുടെ പിൻബലം ഉണ്ടായിരിക്കും. ഒരിടത്ത് അമേരിക്ക ആണെങ്കിൽ മറുവശത്ത് മറു ചേരിയിൽ ഉള്ളവരായിരിക്കും അത്രതന്നെ. ഇതിൽ ആരാണ് കൂടുതൽ സാങ്കേതികതയിലും സമ്പന്നതയിലും മികച്ചു നിൽക്കുന്നത് അവർ വിജയിക്കും.
9/11 ഭീകര അക്രമത്തിൽ പങ്കെടുത്ത ഭൂരിഭാഗവും പേരും സൗദി പൗരന്മാരാണെന്ന വസ്തുത പിന്നീട് വെളിപ്പെടുകയുണ്ടായി. ദുരന്തത്തിന്റെ തൊട്ടുപിന്നാലെ, സൗദി രാജകുടുംബങ്ങളിൽ നിന്നും അമേരിക്കയിൽ താമസമാക്കിയവരെയും ബിൻ ലാദൻ കുടുംബത്തിലെ ആളുകളെയും വേഗത്തിൽ കുടിയൊഴിപ്പിക്കാൻ ബുഷ് ഭരണകൂടം സൗകര്യമൊരുക്കി.
അബുഗ്രെയ്ബ്, ഗ്വണ്ടാനമോ എന്നിവടങ്ങളിലെ വിചാരണ തടവുകാർ നേരിടുന്ന പീഡനങ്ങൾ ഏറെ വിവാദമായിരുന്നു. സമാനതകളില്ലാത്ത പീഡനങ്ങളാണ് 2001 സെപ്‌തംബർ 11 ഭീകരാക്രമണത്തിന്റെ പേരിൽ തടവുകാർ നേരിട്ടത്. ബുഷ് സിദ്ധാന്തവും ഭീകരതക്കെതിരെയുള്ള യുദ്ധവും എംബെഡ്ഡ്ഡ് പത്ര പ്രവർത്തനവും എല്ലാം 2001 സെപ്‌തംബർ 11 ഭീകരാക്രമണത്തിന്റെ ബാക്കി പത്രങ്ങളാണ്.
ബുഷ് ജൂനിയർ പറഞ്ഞത് പോലെ ഒന്നെങ്കിൽ ഞങ്ങളോടൊപ്പം അല്ലെങ്കിൽ ഭീകരർക്കൊപ്പം എന്ന നിലപാടെടുക്കാൻ ലോകരാജ്യങ്ങൾ നിർബന്ധിതമായി. സാമുവേൽ ടി ഹണ്ടിങ്ടണിന്റെ സംസ്കാരങ്ങളുടെ സംഘടനവും ഫ്രാൻസിസ് ഫുകുയാമയുടെ ചരിത്രത്തിന്റെ അന്ത്യവും എന്ന വ്യാഖ്യാത പുസ്തകങ്ങൾ അമേരിക്കക്ക് ഈ യുദ്ധം നയിക്കാൻ ബൗദ്ധിക പിന്തുണയും നൽകി. പ്രത്യയ ശാസ്ത്രത്തിൻറയും ചരിത്രത്തിന്റെയും അന്ത്യം ('End of Ideology' and 'End of History') കുറിക്കലിന്റെയും ഭാവിചരിത്രത്തെ നയിക്കുന്നത് 'സംസ്കാരങ്ങളുടെ ഏറ്റുമുട്ടൽ' ('Clashof Civilizations') ആണെന്ന പ്രഖ്യാപനത്തിന്റെയുമൊക്കെ പശ്ചാത്തലത്തിലാണ് ഇസ്ലാമിനെ മുഖ്യ ശത്രുവായി പ്രതിഷ്ഠിക്കുന്ന 'ഭീകരതാവിരുദ്ധ യുദ്ധവും' (Global War on Terror) ഇസ്ലാമോഫോബിയയും അമേരിക്ക ആവിഷ്കരിക്കുന്നത്.
അമേരിക്കയുടെ വാണിജ്യ തലസ്ഥാനമായ ന്യൂയോർക്ക് നഗരത്തിന്റെ മുഖമുദ്ര കൂടിയായിരുന്നു ലോകവ്യാപാര ഇരട്ടഗോപുരങ്ങൾ.1973-ൽ പണികഴിക്കപ്പെട്ട ഇതിനു നേരെയും അമേരിക്കൻ സേനയുടെയും രഹസ്യാന്വേഷണ സംഘടനയുടെയും ആസ്ഥാനമായ പെന്റഗണിലേക്കും വിമാനങ്ങൾ ഇടിച്ചിറങ്ങിയപ്പോൾ വഴിമാറിയത് ആധുനിക ലോക ചരിത്രം തന്നെയാണ്. വിമാനങ്ങൾ ഭീകരാക്രമണങ്ങൾക്ക് ഇത്തരത്തിൽ ഉപയോഗിച്ചതും ലോകത്തെ ഞെട്ടിക്കുക തന്നെ ചെയ്തു.
തകർന്ന വേൾഡ് ട്രേഡ് സെന്ററിന് പകരം അവിടെ പുതിയ കെട്ടിട സമുച്ചയങ്ങൾ ഉയർന്നു കഴിഞ്ഞു. അതിലൊന്ന് അമേരിക്കയിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. പഴയ ഇരട്ട ടവറിന്റെ സ്ഥാനത്ത് രണ്ടു കുളങ്ങൾ ഉൾപ്പെടുന്ന 'സെപ്റ്റംബർ 11 മെമ്മോറിയൽ ആൻഡ് മ്യൂസിയ'മാണ് സ്ഥിതി ചെയ്യുന്നത്. മൻഹട്ടനിലെ 16 ഏക്കറിലായിരുന്നു വേൾഡ് ട്രേഡ് സെന്റർ. ഇതിന്റെ പകുതിയോളം ഭാഗത്താണു സ്‌മാരകം. തകർന്ന ഇരട്ട ഗോപുരങ്ങൾ അതേപോലെ പുനർനിർമിക്കാനും താഴെ (ഗ്രൗണ്ട് സീറോ) ഉദ്യാനമാക്കാനുമായിരുന്നു പദ്ധതി. എന്നാൽ മരിച്ചവരുടെ ബന്ധുക്കളുടെയടക്കം സമ്മർദ്ദത്തിനൊടുവിൽ സ്‌മാരകമടക്കമുള്ളവ ഉൾക്കൊള്ളിച്ച് പദ്ധതി മാറ്റിയാണ് നിർമാണം ആരംഭിച്ചത്. ആറു ഗോപുരം, സ്മാരകവും മ്യൂസിയവും മാൾ, ഗതാഗത കേന്ദ്രം, പാർക്ക്, പള്ളി, കലാകായിക കേന്ദ്രം, പാർപ്പിട സമുച്ചയം എന്നിവയാണ് ലോക വ്യാപാര കേന്ദ്രത്തിലുള്ളത്. ആദ്യഗോപുരം 2014 നവംബർ മൂന്നിന് തുറന്നു, എന്നാൽ കലാ കായികകേന്ദ്രം, പാർപ്പിട സമുച്ചയം തുടങ്ങിയവ പൂർത്തിയായിട്ടില്ല.
ന്യൂയോർക്ക് കാർക്ക് മാത്രമല്ല ലോകത്തുള്ള എല്ലാവർക്കും ഒരു നടുക്കത്തോടെയുള്ള ഓർമ സമ്മാനിക്കുന്നയിടം! അഫ്ഗാനിസ്താനിൽനിന്ന് തുടങ്ങി ഇറാഖിലും യമനിലും സോമാലിയയിലും പാകിസ്താനിലും മറ്റുമായി 10 ലക്ഷത്തോളം മനുഷ്യരെ നേരിട്ട് കൊലപ്പെടുത്തിയ ഈ 'ഭീകരതാവിരുദ്ധ യുദ്ധ'ത്തിന് മാത്രമായി ഏകദേശം എട്ടു ലക്ഷം കോടി ഡോളർ (ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ ഏകദേശം നാലിരട്ടിക്ക് തുല്യം) ചെലവായെന്ന് കണക്കാക്കിയിരിക്കുന്നു- ഇതെല്ലാം 9 /11 ബാക്കിപത്രങ്ങളാണ്.
(പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി, ഇന്റർനാഷണൽ സ്റ്റഡീസ് ആൻഡ് സോഷ്യൽ സയൻസസ് സ്കൂൾ, സൗത്ത് ഏഷ്യൻ സ്റ്റഡീസ് സെന്റർ പ്രൊഫസറാണ് ലേഖകൻ)
Content Highlights: On September 11, 2001, 19 Al-Qaeda terrorists hijacked four commercial airplanes, carrying out coordinated suicide attacks against the World Trade Center and the Pentagon, resulting in 2,977 fatalities and reshaping global security forever.