യാത്രയാക്കാനെത്തിയത് ഒരു നാടാകെ; ഗീത ടീച്ചർ വിട പറയുമ്പോൾ....

എനിക്കു ഗീത ടീച്ചറെ പരിചയമില്ല. ഒരു തവണപോലും കണ്ടിട്ടില്ല. എന്നിട്ടും കഴിഞ്ഞ ദിവസം തൃശൂർ നന്തിക്കരയിലെ ശ്രീനിലയം എന്ന അവരുടെ വീട്ടിൽ പോയി. ടീച്ചർ ജീവിതത്തിൽനിന്നും യാത്രയായിട്ടു അഞ്ചു ദിവസം കഴിഞ്ഞിരുന്നു. വിരമിച്ചു കഴിഞ്ഞാൽ ലോകം ചെറുതാകുകയും വീട്ടിലേക്കും അത്യാവശ്യം വേണ്ടപ്പെട്ടവരിലേക്കും ഒതുങ്ങും. അപൂർവം ചിലർ യാത്ര ചെയ്യും. അപ്പോഴും ലോകം കുറച്ചു കൂടി വലുതാകുമെന്നുമാത്രം. അയൽപക്കമെന്നതു രണ്ടോ മൂന്നോ വീടായി ചുരുങ്ങും. വാട്സാപ്പിലും ഒരു ഉപകാരവുമില്ലാത്ത റീലുകളിലുമായി അത് തട്ടിനിൽക്കും. എന്നാൽ ഇതിനെയെല്ലാം മറി കടന്നു ജീവിച്ച ഒരാൾ പെട്ടെന്ന് ഇല്ലാതാകുമ്പോൾ ആ നാട് അറിയുന്നു അവർ ഈ നാടിന് ആരായിരുന്നുവെന്ന്. ഇനിയാര് എന്ന് ഓരോരുത്തരും ചോദിക്കുന്നു.
ഗീത ടീച്ചർ തൃശൂർ വേലുപ്പാടം സെന്റ് ജോസഫ് സ്കൂളിൽനിന്നു എട്ടു വർഷം മുൻപു വിരമിച്ചു വീട്ടിലേക്കു വന്നപ്പോൾ ലോകം ചെറുതായിപ്പോകേണ്ടതായിരുന്നു. മരിക്കുമ്പോൾ പത്തോ അൻപതോ പേർ വന്നാലായി, ഇല്ലെങ്കിലായി. പക്ഷേ ടീച്ചർ യാത്ര പറയുമ്പോൾ പരിസരം മുഴുവൻ ജനമായിരുന്നു. എട്ടു വർഷംകൊണ്ടു പരിസരത്തെ മാറ്റിമറിച്ചൊരു ജീവനാണു യാത്രയായത്.
വിരമിക്കുന്നതുവരെ അമ്പലത്തിൽ പോകുമെന്നതു മാത്രമായിരുന്നു ടീച്ചറുടെ ഭക്തി. പക്ഷേ വിരമിച്ചതോടെ ഭാഗവതവും ഭഗവത് ഗീതയും രാമായണവും അവരുടെ ജീവിതത്തിലേക്കു വന്നു. അതെല്ലാം മനസ്സിലാക്കാനായി നിരന്തര അധ്വാനത്തിലൂടെ സംസ്കൃതം പഠിച്ചു. ഒരു കുട്ടിയുടെ മനസ്സോടെ ഇരുന്നു പരീക്ഷ എഴുതി. പിന്നീട് അതിന്റെ വ്യാഖ്യാനങ്ങളിലൂടെ കടന്നുപോയി. അതിനു ശേഷം അതു പലർക്കുമായി പഠിപ്പിച്ചു കൊടുത്തു. വാട്സാപ്പ് പോലുള്ള കൂട്ടായ്മകൾ സമർഥമായി ഉപയോഗിച്ചു. ഗ്രൂപ്പുകളും അംഗങ്ങളും പെരുകി പെരുകി വന്നു.
പരിസരത്തെ പല അമ്പലങ്ങളിലും അവർ നിരന്തരം ഭാഗവത, ഗീതാ, നാരായണീയ പാരായണങ്ങൾക്കു കാരണക്കാരിയായി. നന്തിക്കരയിലെ ശ്രീകൃഷ്ണ, ശിവ ക്ഷേത്രങ്ങളിൽ പരിസരത്തെ കൂട്ടായ്മകൾ ശക്തമാക്കി. പതുക്കെ പതുക്കെ പല ക്ഷേത്രങ്ങളിലും ടീച്ചർ വായനക്കാരിയായി പോയിത്തുടങ്ങി.അവിടേയും കൂട്ടായ്മകൾ വലുതായി. ഇതിനിടയിൽ പുതുക്കാട്ടെ പെയ്ൻ ആൻഡ് പാലിയേറ്റീവിനു വേണ്ടിയും ഓടി നടന്നു. ഗീത ടീച്ചറിലൂടെ എത്രയോ വീട്ടമ്മമാർ പുതിയൊരു ലോകം കണ്ടെത്തി. വായനയുടേയും ഭക്തിയുടേയും പുതിയ വഴികൾ കണ്ടെത്തി. ബദരീനാഥിലും വൃന്ദാവനിലും പോയപ്പോൾ 38 പേരെയാണ് അവർ കൂടെ കൂട്ടിയത്. തീർഥയാത്രയുടെ പുതിയ സ്നേഹ വഴികളും ഗുരുക്കന്മാരേയും കണ്ടെത്തി. വെറുതെ പോയി നാരായണീയം വായിക്കുകയല്ല ചെയ്തത്. തൊട്ടടുത്ത ക്ഷേത്രങ്ങളിൽ വായിക്കാനെത്തുന്നവർക്ക് പലപ്പോഴും അവർ വീട്ടിൽനിന്നു ഭക്ഷണം കൊണ്ടുപോയി കൊടുത്തു. ഭർത്താവ് ഗോപാലകൃഷ്ണനും വായനകളിലും യാത്രകളിലും മുന്നിൽ നിന്നു. അദ്ദേഹം ക്ഷേത്ര കമ്മറ്റികളുടെ ചുതമലക്കാരനായി.
ഇതൊന്നും ചെയ്തില്ലെങ്കിലും ഗീത ടീച്ചർക്കും ഗോപാലകൃഷ്ണേട്ടനും സുഖമായി ജീവിക്കാം. പേരക്കുട്ടികളെ നോക്കുന്നതുപോലുള്ള പരമ്പരാഗത ജോലി ചെയ്യാം. രണ്ടുപേരുടേയും പെൻഷൻ കൊണ്ടു യാത്ര ചെയ്യാം. പക്ഷേ അതിനു പകരം അവർ എത്രയോ പേരുടെ മനസ്സുകളിൽ പുതിയ വിളക്കുകൾ കൊളുത്തിവച്ചു. അവർക്കു പുതിയ വഴികൾ കാണിച്ചു കൊടുത്തു. കന്യാസ്ത്രീകളും അമ്പല കമ്മറ്റിക്കാരും അധ്യാപകരും കുട്ടികളും രോഗികളുമടക്കം എത്രയോ പേർ അവരെ അവസാനമായി കാണാനെത്തിയപ്പോൾ ചെറിയ ഗ്രാമറോഡുകൾ നിറഞ്ഞുനിന്നു.
അടുത്തിരുന്ന് ടീച്ചറെ ഓർക്കുമ്പോൾ ഭർത്താവ് ഗോപാലകൃഷ്ണേട്ടൻ പറഞ്ഞു, ''കുറച്ചു കാലമായി അവൾ രാവും പകലും ഓടുകയായിരുന്നു. രാത്രി വളരെ വൈകിവരെ ജോലി ചെയ്തു. ഗ്രൂപ്പുകളെ സജീവമാക്കി നിർത്തി. അണയാനുള്ള ആളിക്കത്തലാണെന്ന് മനസ്സിലായില്ല.'' അദ്ദേഹം പറഞ്ഞതു ശരിയാണ്. ആളി കത്തിയതു മറ്റു പലർക്കും വെളിച്ചമാകാനായിരുന്നുവെന്നു മാത്രം.
Content Highlights: Hundreds gathered to bid farewell to Geetha Teacher, a retired teacher from Thrissur who spent her post-retirement years mastering Sanskrit, spreading spiritual teachings, and actively engaging in palliative care.