ബർമിങാം സിക്സ് യുകെ പോലീസിനെ 'പീസ്' ആക്കി; നമ്മുടെ പോലീസിൽ എന്നുവരും ആ മാറ്റം?

ഒരാളെ കണ്ണുകെട്ടി ഒരു ചരിഞ്ഞ ബെഞ്ചിൽ കിടത്തി കെട്ടിയിടുന്നു. അയാളുടെ തല ശരീരത്തേക്കാൾ താഴ്ന്ന നിലയിലായിരിക്കും. ശേഷം, അയാളുടെ വായുടെ മേൽ ഒരു തുണി കെട്ടി അതിലൂടെ വെള്ളം ഒഴിക്കുന്നു. ഇത് അനുഭവിക്കുന്ന ആൾക്ക് അയാൾ വെള്ളത്തിൽ മുങ്ങി താണുകൊണ്ടിരിക്കുന്നതായും ശ്വാസം മുട്ടി മരിക്കാൻ പോകയാണെന്നും തോന്നും. എന്നാൽ ശരിക്കും മരണം സംഭവിക്കുന്നുമില്ല.വാട്ടർബോർഡിങ്ങ് എന്ന പോലീസ് മുറയാണ് ഇത്.
ഏത് കൊലകൊമ്പനായ കുറ്റാരോപിതനും പരിപൂർണ്ണമായും കീഴടങ്ങി എല്ലാ സത്യവും തുറന്ന് പറയുമെന്നാണ് ഇന്നും പോലീസ് വിശ്വസിക്കുന്നത്. മറ്റൊരു പോലീസ് മുറയാണ് സ്ലീപ് ഡെപ്രിവേഷൻ (Sleep Deprivation). ഒരാളെ എണ്ണയിട്ട് കുളിപ്പിച്ച് നന്നായി ഭക്ഷണമൊക്കെ കൊടുത്ത് ഉറങ്ങാൻ സമ്മതിക്കാതിരിക്കുക. അതോടെ അയാൾ മണിമണിയായി സത്യങ്ങൾ പറയുമെത്രെ.
സ്ട്രെസ്സ് പൊസിഷൻസ് എന്ന മറ്റ് ചില മുറകൾ കൂടിയുണ്ട്. കുറ്റാരോപിതരെ ചില പൊസിഷനിൽ നിർബന്ധപൂർവം കുറെ സമയം നിർത്തുമ്പോൾ സഹിക്കവയ്യാതെ അവർ സത്യം വിളിച്ചു പറയുമെന്ന വിശ്വാസമാണത്. സാങ്കൽപ്പിക കസേരയിൽ ഇരുത്തുക, സാങ്കൽപ്പിക കുളത്തിൽ നീന്തിപ്പിക്കുക, മുട്ടുകുത്തി, കൈകൾ പിന്നിലൂടെ കാലുകൾക്കിടയിലൂടെ കടത്തി ചെവികളിൽ ദീർഘനേരം പിടിപ്പിച്ചു നിർത്തുക തുടങ്ങി ശരീരത്തിൽ പാടുകളുണ്ടാക്കാത്ത പല മുറകളും ഇന്നും നമ്മുടെ പോലീസ് പിന്തുടരുന്നുണ്ട്.
അതും പോരാതെയാണ് ഉരുട്ടൽ, നെഞ്ചിലുള്ള പ്രഹരം, കുനിച്ചു നിർത്തിയുള്ള ഇടി, ഗരുഢൻ തൂക്കം, കാൽപ്പാദത്തിലുള്ള ചൂരലടി മുതലായവ. ഇത്തരം മുറകളുടെ പ്രശ്നം കുറ്റാരോപിതൻ ചിലപ്പോൾ മരിച്ചു പോയേക്കാം എന്നതാണ്.
ഇന്ത്യയിൽ ഓരോ വർഷവും രണ്ടായിരത്തിനു മേൽ കസ്റ്റഡി മരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഡിപ്പാർട്ട്മെൻ്റിൽ ഓരോ കാലഘട്ടത്തിലും പ്രവേശിക്കുന്ന പുതിയ പോലീസുകാർ അത്തരം പഴയ ചരിത്രങ്ങൾ വായിക്കുമ്പോൾ മനസ്സിലാക്കുന്നത് ഇന്ത്യയിൽ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമില്ലാത്ത ഏതു വ്യക്തിയുടെ മേലും നിയമവിരുദ്ധമുറകൾ പ്രയോഗിക്കാം എന്നാണ്. അങ്ങനെ ഉരുട്ടിയവരും കൊന്നവരും ടോയ്ലെറ്റിലെ വെള്ളം കുടിപ്പിച്ചവരുമെല്ലാം ഒരിടക്കാലം സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ശേഷം വലിയ പദവികളിലേക്ക് തിരിച്ചു വന്നിട്ടുള്ളതായി അവർ മനസ്സിലാക്കുന്നു. അതോടെ കുറ്റാരോപിതരുടെ മേൽ എന്തു മുറയും പ്രയാഗിക്കാമെന്ന ഒരു ആത്മവിശ്വാസം അവരിലും ജനിക്കുന്നു. തന്മൂലം തലമുറകൾ തമ്മിൽ യാതൊരു മാറ്റവും വരാത്ത ഒരു ഡിപ്പാർട്ട്മെൻ്റായി പോലീസ് മാറുന്നു. പോലീസിനെന്നും പതിനാറാണ് എന്ന പഴഞ്ചൊല്ലിൽ പതിരില്ലാതാകുന്നു.
സത്യത്തിൽ ഈ ആത്മവിശ്വാസമാണ് ഇന്ത്യയിൽ കസ്റ്റഡി മർദ്ദനങ്ങളും മരണങ്ങളും നിർബാധം തുടരുന്നതിൻ്റെ ഒരു കാരണം. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്ന പോലീസ് അതിക്രമത്തിൻ്റെ വീഡിയോ ഉദാഹരണമായെടുക്കാം. കുന്ദംകുളത്തിനടുത്തുള്ള ചൊവ്വന്നൂരിൽ നിന്ന് പോലീസ് പിടിച്ചത് ഒരു പ്രാദേശിക കോൺഗ്രസ്സ് പ്രവർത്തനെയാണ്. അയാളെ ജീപ്പിൽ നിന്ന് വലിച്ചു പുറത്തിറക്കി പോലീസ് സ്റ്റേഷനിൽ കൊണ്ടു പോയി നാലു പോലീസുകാർ കൂട്ടം ചേർന്ന് മർദിക്കുന്നു.
വാസ്തവത്തിൽ ഇത്തരം പീഡനമുറകൾ കൊണ്ട് സത്യം തെളിയാറുണ്ടോ?
ഒരു ഭീകരവാദിയെ ക്രൂരമായി പീഡിപ്പിച്ചാൽ അയാൾ സത്യം പറയുമോ?
അയാളുടെ ടീം നടത്താൻ പ്ലാൻ ചെയ്തിട്ടുള്ള ഭീകരാക്രമണങ്ങളേപ്പറ്റി അവൻ സത്യം സത്യമായി വെളിപ്പെടുത്തുമോ?
ഇല്ലെന്നാണ് അമേരിക്കയിലേയും യൂറോപ്പിലെയും പോലീസ് പറയുന്നത്. ഇന്നിന്ത്യയിൽ നിലനിൽക്കുന്ന പീഡനമുറകൾ തന്നെയാണ് അവരും പ്രയോഗിച്ചിരുന്നത്. ആ അനുഭവങ്ങളുടെയും ഡാറ്റവെച്ചുള്ള ശാസ്ത്രീയ പഠനങ്ങളിലൂടെയുമാണവർ പോലീസ് മുറകളുടെ നിഷ്ഫലത സ്ഥാപിക്കുന്നത്.
അധികം കേസുകളിലും പീഡനമനുഭവിക്കുന്നവർ നടത്തുന്ന കുറ്റസമ്മതങ്ങൾ തെറ്റായ സമ്മതങ്ങളാണ്. മരിക്കാൻ പോകുന്നു എന്ന തോന്നൽ ഉണ്ടാകുമ്പോൾ ജീവഭയം മൂലം വെറുതെ സമ്മതിക്കുന്നതാണതിൽ അധികവും. ഈ വിഷയത്തിൽ ന്യൂറോ സയൻ്റിസ്റ്റുകളുടെ പരീക്ഷണങ്ങളും ചേർത്തുവായിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ന്യൂറോസയന്റിസ്റ്റ് ഷെയ്ൻ ഒ'മാറ പറയുന്നു, “നിങ്ങൾ ഒരാളുടെ ശരീരത്തിൽ പീഡിപ്പിക്കുമ്പോൾ അത് ബാധിക്കുന്നത് അയാളുടെ തൊലിയിലും എല്ലിലും മാത്രമല്ല അയാളുടെ തലച്ചോറിലെ പ്രീഫ്രോണ്ടൽ കോർട്ടെക്സിനെയും ഹിപ്പോകാമ്പസിനെയും കൂടിയാണ്. ഒരാളുടെ ഓർമ്മയും ചിന്തയുമെല്ലാം നിലനിൽക്കുന്നത് ഈ മസ്തിഷ്ക്ക ഭാഗങ്ങൾ മര്യാദയ്ക്ക് പ്രവർത്തിക്കുമ്പോൾ മാത്രമാണ്. മർദ്ദനമേൽക്കുന്നതോടെ അയാളുടെ ഈ ഭാഗങ്ങളുടെ പ്രവർത്തനങ്ങൾ തകരാറിലാകുന്നു . അയാളുടെ ചിന്തകൾ ചിതറുന്നു. പിന്നെ അയാൾ പറയുന്ന എല്ലാ ഉത്തരങ്ങൾ വ്യക്തമല്ലാത്തതും അന്യോന്യം ബന്ധപ്പെടാത്തതുമായിരിക്കും, കഠിനമായ വേദന കാരണം അയാൾ എന്തും സമ്മതിക്കും, അതിനായി എന്തുനുണയും പറയും.”
ബർമിങാം സിക്സ്
പഴയ മർദ്ദനമുറകൾ അവസാനിപ്പിക്കാൻ യുകെ പോലീസ് തീരുമാനമെടുത്തത് ബർമിങാം എന്ന സ്ഥലത്തുണ്ടായ ഇരട്ട സ്ഫോടനങ്ങൾക്ക് ശേഷമാണ്. 1974-ൽ ബ്രിട്ടനിലെ ബർഹിംഹാമിലെ രണ്ടു പബ്ബുകളിൽ ബോംബ് സ്ഫോടനങ്ങൾ നടന്നു. 21 പേർ മരിക്കുകയും 182 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട്, തീവ്രവാദികളെന്നാരോപിച്ച് പോലീസ് ആറുപേരെ അറസ്റ്റ് ചെയ്തു. പ്രാകൃതമായ പോലീസ് മുറകളിൽ തകർന്നുപോയ അവർ കുറ്റസമ്മതം നടത്തി. കോടതി അവരെ ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ട ആറുപേർ ബർമിങാം സിക്സ് എന്നറിയപ്പെട്ടു.
അവർക്കറിയാമായിരുന്നല്ലോ അവരല്ല ബോംബ് ഇട്ടതെന്ന്! തുടർന്നവർ കോടതിവിധിക്കെതിരെ ഏകദേശം 16 വർഷം നിയമപോരാട്ടങ്ങൾ നടത്തി. 1991-ൽ അവരുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടു. പോലീസ് നടത്തിയ പീഡനങ്ങളും തെളിവുകളിൽ വരുത്തിയ കൃത്രിമവും കോടതിക്ക് വ്യക്തമായി. തുടർന്നവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു.
ഈ സംഭവമാണ്, കസ്റ്റഡിയിലെ പീഡനത്തിലൂടെയുള്ള കുറ്റസമ്മതങ്ങൾ വിശ്വസനീയമല്ലെന്ന് ലോകത്തെ പഠിപ്പിച്ച പ്രധാനപ്പെട്ട കേസുകളിലൊന്ന്. ഈ കേസിന് ശേഷമാണ് യു.കെയിലെ പോലീസ് ചോദ്യം ചെയ്യൽ രീതികളിൽ വലിയ മാറ്റങ്ങൾ വരുത്തിയത്. അന്നുമുതൽ അവിടെ POLICE അല്ല, PEACE ആണ്.
എന്താണ് PEACE?
P - Planning and Preparation
E -Engage and Explain
A - Account
C- Closure
E- Evaluation - ഇതാണ് പീസ്.
പ്ലാനിങ്ങ് ആൻഡ് പ്രിപ്പറേഷൻ എന്നുപറഞ്ഞാൽ ആസൂത്രണവും തയ്യാറെടുപ്പുമാണ്. ചോദ്യം ചെയ്യലിന് മുൻപ് പ്രാഥമികമായ വിവരങ്ങൾ ശേഖരിച്ച് എന്തൊക്കെ ചോദിക്കണം, എങ്ങനെ ചോദിക്കണം എന്ന് മുൻകൂട്ടി ആസൂത്രണം ചെയ്യുക.
എൻഗേയ്ജ് ആൻഡ് എക്സ്പ്ലയിൻ എന്നാൽ, ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയുമായി നല്ലൊരു ബന്ധം സ്ഥാപിക്കുക. ആദ്യംതന്നെ പ്രതിയുടെ മനുഷ്യാവകാശങ്ങളേക്കുറിച്ച് അയാൾക്ക് പറഞ്ഞുകൊടുക്കണം. ഒപ്പം എന്തിനാണ് ചോദ്യംചെയ്യുന്നത് എന്ന കാര്യവും. അങ്ങനെവേണം പരസ്പര വിശ്വാസം വളർത്താൻ.
അക്കൗണ്ട് എന്നാൽ തുറന്ന ചോദ്യങ്ങളിലൂടെ പ്രതികളിൽനിന്ന് വിവരങ്ങൾ അറിയുന്ന രീതിയാണ്. അതായത് നമ്മുടെ വക്കീലന്മാർ ചോദിക്കുന്നത് പോലെയുള്ള വളച്ചൊടിച്ചതോ തെറ്റിദ്ധാരണാജനകമായതോ ആയ ചോദ്യങ്ങൾ ഒഴിവാക്കുന്ന രീതിയാണത്.
ക്ലോസർ എന്നാൽ ചോദ്യംചെയ്യൽ അവസാനിപ്പിക്കുന്നു എന്ന കാര്യം പ്രതിയെ അറിയിക്കുന്ന സ്റ്റെപ്പാണ്. ചോദ്യംചെയ്യപ്പെട്ട വ്യക്തിക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അത് ചോദിക്കാനുള്ള അവസരം നൽകും. അതുകഴിഞ്ഞാണ് ക്ലോസർ. കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ പോലീസിനോട് തിരിച്ചൊരു ചോദ്യമെന്നത് ചിന്തിക്കാൻ പോലും കഴിയാത്തതാണ്. നാം മുമ്പ് പ്രതിപാദിച്ച കോൺഗ്രസ് പ്രവർത്തകന് സംഭവിച്ചതുതന്നെ ഉദാഹരണം. രണ്ട് സുഹൃത്തുക്കളെ പിടികൂടുന്നത് കണ്ടപ്പോൾ “എന്താണ് അവരുടെ പേരിലുള്ള കുറ്റം” എന്ന ഒറ്റ ചോദ്യം സബ് ഇൻസ്പെക്ടറോട് ചോദിച്ചതിനാണ് ഇത്രക്കും ഭീകരമായ മർദ്ദനം അയാൾക്ക് ഏറ്റുവാങ്ങേണ്ടിവന്നത്.
ഇവാലുവേഷൻ എന്നാൽ, ലഭിച്ച വിവരങ്ങൾ പരിശോധിക്കുകയും അവ എത്രത്തോളം സഹായകമാണെന്ന് വിലയിരുത്തുകയും ചെയ്യുന്ന സ്റ്റെപ്പാണ്. ചോദ്യം ചെയ്യൽ എങ്ങനെയാണ് നടന്നതെന്നും ഭാവിയിലെ ചോദ്യംചെയ്യലുകൾ എങ്ങനെ മെച്ചപ്പെടുത്താമെന്നും തീരുമാനിക്കുന്ന സ്റ്റെപ്പ്.
അമേരിക്കൻ സിഐഎയുടെ മർദ്ദനമുറകൾ കുപ്രസിദ്ധങ്ങളായിരുന്നു. വിവിധ രാജ്യങ്ങളിലായി ബ്ലാക്ക് സൈറ്റ് എന്ന കുറ്റപ്പേരിൽ കുറെ രഹസ്യ ചോദ്യംചെയ്യൽ കേന്ദ്രങ്ങൾ അവർക്കുണ്ടായിരുന്നു. കാബൂളിലെ സാൾട്ട് പിറ്റ്, പോളണ്ടിലെ സ്വമാനി എയർപോർട്ട്, റൊമാനിയയിലെ ബുക്കാറസ്റ്റ് ഫെസിലിറ്റി, തായ്ലാൻ്റിലെ ഡിറ്റൻഷൻ സൈറ്റ് ഗ്രീൻ, ലിത്വാനിയയിലെ വിൽനിയസ് തുടങ്ങിയവ.
ബരാക് ഒബാമ പ്രസിഡണ്ടായി വന്നതിനുശേഷം ഇതെല്ലാം നിർത്തി. പകരം ചോദ്യംചെയ്യലുകൾക്ക് ശാസ്ത്രീയ രീതികൾ അവലംബിച്ചു. മൂന്ന് ബദൽ മാർഗ്ഗങ്ങളാണ് ഒബാമ നിർദ്ദേശിച്ചത്.
1. നോൺ കോയേഴ്സീവ് ഇൻ്റലിജൻസ് ഗാതറിങ്ങ് (Non coercive intelligence gathering)- മർദ്ദനമോ ഭീഷണിയോ ഉപയോഗിക്കാതെ, പ്രതിയിൽനിന്ന് സ്വാഭാവികമായ രീതിയിൽ വിവരങ്ങൾ ശേഖരിക്കുന്ന പുതിയ രീതിയാണിത്. മതിയായ സമയമെടുത്ത് കുറ്റാരോപിതനുമായി അന്വേഷണോദ്യോഗസ്ഥൻ ഒരു ബന്ധം സ്ഥാപിക്കുന്നു. അയാളുടെ മനസാന്തരത്തിലൂടെയും സമ്മതത്തോടെയും കിട്ടുന്ന വിവരങ്ങൾ പ്രയോജനപ്പെടുത്തുന്നു. ഇതോടൊപ്പം ഫോൺ/ഇന്റർനെറ്റ് ഡാറ്റ ഉപയോഗപ്പെടുത്തിയുള്ള സാങ്കേതിക നിരീക്ഷണവും.
2. സർവയലൻസ് (Surveillance)- കുറ്റാരോപിതൻ അറിയാതെതന്നെ അയാളെ നിരീക്ഷിക്കുന്ന രീതിയാണിത്. ഒരാളെ തല്ലിച്ചതയ്ക്കുമ്പോൾ കിട്ടുന്നതിനേക്കാൾ കൂടുതൽ ഇൻഫർമേഷൻ അതിലൂടെ കിട്ടും. അതിനായി സിസിടിവി ക്യാമറകളിൽനിന്നുള്ള ചിത്രങ്ങൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്നുള്ള വിവരങ്ങൾ, ഫോൺ ചോർത്തൽ തുടങ്ങി നിരവധി തന്ത്രങ്ങൾ പ്രയോഗിക്കുന്നു.
3. മെത്തഡിക്കൽ അനാലിസ് (Methodical Analysis)- മുകളിൽ സൂചിപ്പിച്ച രണ്ട് രീതികളിലുടെ കിട്ടിയ വിവരങ്ങളെ ബുദ്ധിപൂർവ്വം വിലയിരുത്തുന്ന രീതിയാണിത്. ശേഖരിച്ച വിവരങ്ങൾ അർത്ഥവത്താക്കി, തീരുമാനങ്ങൾ എടുക്കുന്നു.
അമേരിക്കയിൽ, ഹൈ-വാല്യൂ ഡിറ്റെയിനി ഇന്ററോഗേഷൻ ഗ്രൂപ്പ് (HIG) എന്ന ഒരു ഏജൻസി ഉണ്ട്. അവർ ഹൈവാല്യൂ തീവ്രവാദികളെ ചോദ്യംചെയ്യുന്നവരാണ്. ഒബാമയുടെ നിർദ്ദേശപ്രകാരം അവർ ക്ഷമയോടെ നീങ്ങിയതു കൊണ്ടാണ് അവർക്ക് ബിൻലാദനെ കണ്ടെത്താൻ കഴിഞ്ഞത്.
ലാദനെ എങ്ങനെ കുടുക്കി?
2001-ലെ 9/11 ആക്രമണത്തിനു ശേഷം ബിൻലാദൻ എവിടെയോ പോയിമറഞ്ഞു. അഫ്ഗാനിസ്താനും പാകിസ്താനുമിടയിലെ അതിർത്തിയിൽ എവിടെയൊ ലാദൻ ഒളിച്ചിരിപ്പുണ്ടാകാം എന്നു മാത്രം സിഐഎയ്ക്ക് മനസ്സിലായി. പക്ഷെ എവിടെ? ലാദനാണെങ്കിൽ ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കുന്നില്ല. സിഐഎക്ക് ഒരു കാര്യം അറിയാം- ബിൻ ലാദന് പുറംലോകവുമായി ബന്ധപ്പെടാൻ ഒരാൾ ഉണ്ടാകും! ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ സന്ദേശങ്ങൾ കൊണ്ടുപോകുന്ന ഒരു കൊറിയർ. ആരായിരിക്കും അത്?
അവർ ലാദൻ്റെ വിശ്വസ്തരുടെ കണക്കെടുക്കാൻ തുടങ്ങി. ഗ്വണ്ടനാമോയിൽ തടവിലാക്കപ്പെട്ടവരുടെയും അവർ പറഞ്ഞ പേരുകളും പരിശോധിക്കാൻ തുടങ്ങി- പൊടുന്നനെ ഒരു പേരിൽ തട്ടിയവർ നിന്നു-അബു അഹ്മദ് അൽ-കുവൈതി. ബിൻലാദൻ്റെ വലിയ വിശ്വസ്തൻ എന്ന് പേരുകേട്ടയാൾ.
2010-ൽ പാകിസ്താനിലെ അബോട്ടാബാദിൽനിന്ന് അയാൾ ഒരു ഫോൺ വിളിച്ചു. ആ ഫോൺ സിഐഎയുടെയും മറ്റ് ഏജൻസികളുടെയും നിരീക്ഷണത്തിലായിരുന്നു. അതോടെ അവർ അയാളുടെ വാഹനയാത്രകൾ ട്രാക്ക് ചെയ്യാൻ തുടങ്ങി. അയാൾ പോയ ഒരു വീട് സംശയാസ്പദമായി തോന്നി: അബോട്ടാബാദ് പട്ടണത്തിലാണ് ആ വീട്. സുരക്ഷ കർശനമാക്കിയ ഒരു കെട്ടിടം. മുകളിലേക്ക് നോക്കാൻ കഴിയാത്ത വിധം ഉയർന്ന മതിൽ, റേഡിയോ ആൻ്റിനകൾ ഇല്ല. സിഐഎ ആ വീടിനെ ഇങ്ങനെ ഒരു കോഡിൽ അടയാളപ്പെടുത്തി- 'Courier House'. അവിടെ ആരാണ് താമസിക്കുന്നത്? ഉറപ്പില്ല. പക്ഷെ അവിടെ ഉള്ളത് ഒരു ഹൈ വാല്യൂ ഇൻഡിവിജ്വൽ ആണ്; അമേരിക്കൻ.
പോലീസിൻ്റെ പഴയ രീതിയെന്നത് സംശയം തോന്നുന്നവരെ മുഴുവൻ അറസ്റ്റ് ചെയ്ത് ബ്ലാക്ക് സൈറ്റുകളിൽ കൊണ്ടിട്ട് ഇടിക്കുക എന്നതായിരുന്നു. ആ രീതിക്കായിരുന്നു ഒബാമയിലൂടെ ഒരു മാറ്റം നിർദ്ദേശിക്കപ്പെട്ടത്. പക്ഷേ ആ രീതിക്ക് കുറെ സമയം വേണം. '24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടിച്ചിരിക്കണം, ഇല്ലെങ്കിൽ നിൻ്റെ തൊപ്പി തെറിച്ചിരിക്കും' എന്ന് മേലുദ്യോഗസ്ഥനും മന്ത്രിയും പറയാൻ പാടില്ല. നല്ല ക്ഷമ വേണം. ഒരു വർഷത്തോളമാണ് സിഐഎ ആ വീട് നിരീക്ഷിച്ച് കുത്തിയിരുന്നത്. അവസാനം ഉള്ളിൽ ബിൻലാദൻതന്നെ എന്ന് നൂറുശതമാനം ഉറപ്പിച്ചതിനുശേഷമാണ് 2011 മേയ് രണ്ടിന് SEAL ടീം 6 സിഐഎയുടെ നേതൃത്വത്തിൽ ആ വീട്ടിൽ അതിക്രമിച്ച് കയറി ബിൻ ലാദനെ കൊലപ്പെടുത്തിയത്.
കേരളം പുതിയ കുറ്റാന്വേഷണ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. അസഭ്യഭാഷാ പ്രയോഗത്തിന് ഫുൾസ്റ്റോപ്പിടണം. ഏതൊരു പോലീസുകാരനും മാന്യമായി സംസാരിക്കാൻ കഴിയേണ്ടതാണ്. ഈയടുത്തുണ്ടായ ഒരു സംഭവത്തിലേക്ക് വരാം.
ഒരു കേന്ദ്രമന്ത്രിയുടെ പുത്രനും ഒരു രാഷ്ട്രീയ നേതാവും തമ്മിൽ നടുറോഡിൽവെച്ചുണ്ടായ ഈഗോ ക്ലാഷ് മൂലം തിരക്കുള്ള ഒരു റോഡിൽ വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു. പോലീസ് ഉടനടി അവിടെ പാഞ്ഞെത്തി രണ്ടു പേരോടും മാന്യമായ ഭാഷയിൽ സംസാരിക്കുന്നത് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പേരും പ്രശസ്തിയുമുള്ളവരോട് ഇടപ്പെടുമ്പോൾ ഉപയോഗിക്കുന്ന ഭാഷയെ സാധാരണക്കാരനുമായുളള ഇടപാടുകളിലേക്കും വ്യാപിപ്പിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു. അതായത് നല്ല ഭാഷയും പെരുമാറ്റവും അവർക്കറിയാത്തതല്ല എന്നർത്ഥം.
വ്യക്തികളെ തട്ടുതട്ടായി വേർതിരിച്ചു കാണാതെ തുല്യരായി കാണാൻ പഠിക്കുക എന്നതാണ് ആദ്യപടി. യൂറോപ്പിലെയും അമേരിക്കയിലെയും പോലീസ് എങ്ങനെ പീസ് ആയി എന്ന് പഠിക്കലാണ് രണ്ടാമത്തെ പടി. ഈ രണ്ടു പടി കയറിയാൽത്തന്നെ പോലീസിൻ്റെ ഗുണ്ടാ ഇമേജ് പോയിമറയുകയും യഥാർത്ഥ മൈത്രി പോലീസ് ജനിക്കുകയും ചെയ്യും.
Content Highlights: Exploring custodial torture, its ineffectiveness, and the need for modern interrogation methods