സി.പി.എം. ഇപ്പോൾ എം.വി.ആറിന്റെ ബദൽരേഖ സ്വീകരിക്കുന്നത് നിലനിൽപ്പിന് | എം.എന്‍ കാരശ്ശേരി

സി.പി.എമ്മിന് ലീഗിനോടുള്ള അയിത്തം മാറിയിട്ട് കാലം കുറച്ചായി. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണോ അല്ലയോ എന്ന് സി.പി.എമ്മില്‍ കൊടുമ്പിരി കൊണ്ടുള്ള രാഷ്ട്രീയ ചര്‍ച്ച പാര്‍ട്ടിക്കുള്ളിലും അണികള്‍ക്കിടയിലും കേള്‍ക്കാതായിട്ടും കാലം കുറച്ചായി. സി.എ.എ. സമരം, വഖഹ് നിയമന വിവാദം, ഒടുവില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. ലീഗിനപ്പുറം അവരുടെ നട്ടെല്ലെന്ന് കരുതിപ്പോരുന്ന സമസ്തയെ തന്നെ അടുപ്പിക്കാൻ കഴിഞ്ഞതോടെ, പഴയതെല്ലാം മറന്ന് അവരെ വെടക്കാക്കി തനിക്കാക്കിയിരിക്കുകയാണിപ്പോള്‍ കേരളത്തിലെ സി.പി.എം. ശനിയാഴ്ചയാണ് കോഴിക്കോട്ട് സി.പി.എമ്മിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നിശ്ചയിച്ചിട്ടുള്ളത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ലീഗിന് നേരത്തെ ക്ഷണമുണ്ടായിരുന്നെങ്കിലും അവസാനനിമിഷം പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിനെ ലീഗിന്റെ 'സാങ്കേതിക രാഷ്ട്രീയ ബുദ്ധിമുട്ടുകള്‍' എന്നാണ് മുഖ്യമന്ത്രിയും സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനും വിശേഷിപ്പിച്ചത്. മാത്രമല്ല, അവരെ ഇനിയും ക്ഷണിച്ചുകൊണ്ടേയിരിക്കുമെന്നും ലീഗിന്റെ മനസ്സ് തങ്ങള്‍ക്കൊപ്പമാണെന്നും പി. മോഹനന്‍ പറഞ്ഞു.
പി. മോഹനന്‍ പറഞ്ഞ ലീഗിന്റെ 'രാഷ്ട്രീയ സാങ്കേതിക ബുദ്ധിമുട്ടുകള്‍' തന്നെയാവും വരുംനാളുകളില്‍ കേരള രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ച. പ്രത്യേകിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിരിക്കുന്ന സമയത്ത്. ലീഗിനെ കൂടെക്കൂട്ടിയാല്‍ വീണ്ടുമൊരു തുടര്‍ഭരണമെന്നത് സി.പി.എം സ്വപ്‌നം കണ്ടുതുടങ്ങിയിരിക്കുന്നു. ഈയൊരു കാലത്ത് തന്നെയാണ് സി.പി.എമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കോഴിക്കോട്ട് നടക്കുന്നതും എം.വി.രാഘവന്റെ ചരമവാര്‍ഷികമടക്കം കടന്നുപോവുന്നതും സി.പി.എം. അനുകൂല ട്രസ്റ്റ് കണ്ണൂരില്‍ നടത്തുന്ന അനുസ്മരണ പരിപാടിക്ക് പി.കെ കുഞ്ഞാലിക്കുട്ടിക്ക് ക്ഷണം ലഭിക്കുന്നത് എന്നതും ശ്രദ്ധേയം. ആദ്യം പങ്കെടുക്കുമെന്നറിയിച്ച കുഞ്ഞാലിക്കുട്ടി സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇത് ക്ഷണിച്ചുകൊണ്ടേയിരിക്കുകയെന്ന സി.പി.എമ്മിന്റെ തന്ത്രത്തിന്റെ കൂടി ഭാഗമാണ്. ഇവിടെയാണ് ലീഗിനെ കൂടെ കൂട്ടണമെന്ന ബദല്‍രേഖയവതരിപ്പിച്ച് സി.പി.എമ്മില്‍നിന്ന് തന്നെ പുറത്തേക്ക് പോവേണ്ടി വന്ന എം.വി. രാഘവനും പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ ബദല്‍രേഖയും ഒരിക്കല്‍ കൂടെ ഓര്‍മിക്കപ്പെടുന്നത്. പ്രമുഖ എഴുത്തുകാരനും സാസ്‌കാരിക പ്രവര്‍ത്തകനുമായ എം.എന്‍. കാരശ്ശേരി മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.
Content Highlights: plastine support rally in kozhikode by cpm badhal rekha and mv raghavan