കശ്മീരിനെ ചൊല്ലി ഉടക്കിയ കച്ചവടം; ഇന്ത്യാ-മലേഷ്യ പാമോയിൽ നയതന്ത്രത്തിന്റെ ഭാവിയെന്ത്?

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (Anwar Ibrahim) ഇന്ത്യയിലെത്തി. കഴിഞ്ഞ വര്‍ഷം നവംബറില്‍ അധികാരത്തിലെത്തിയശേഷമുള്ള ആദ്യത്തെ ഇന്ത്യന്‍ സന്ദര്‍ശനം. 2018-ന് ശേഷമുള്ള ഒരു മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനവും. 2019-ല്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് (Mahathir Mohamad) കാശ്മീര്‍ വിഷയത്തില്‍ പരാമര്‍ശനം നടത്തിയതിന് ശേഷമുള്ള ഒരു മലേഷ്യന്‍ നേതാവിന്റെ ആദ്യ ഉന്നതതല സന്ദര്‍ശനവുമായിരുന്നു ഇത്. ബ്രിക്സ് കൂട്ടായ്മയുടെ ഭാഗമാകാനുള്ള മലേഷ്യയുടെ നീക്കങ്ങള്‍ക്ക് പിന്തുണ തേടിയും ഉഭയകക്ഷി ബന്ധവും വ്യാപാരവും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള സന്ദര്‍ശനത്തിന്റെ ലക്ഷങ്ങളിലൊന്ന് പക്ഷേ, പാമോയിൽ വ്യാപാരമായിരുന്നു. മഹാതിര്‍ മുഹമ്മദിന്റെ കശ്മീര്‍ പരാമര്‍ശം പാമോയിൽ വ്യാപാരത്തില്‍ വലിയ തിരിച്ചടിയാണ് അവര്‍ക്ക് നല്‍കിയത്. മലേഷ്യയിൽനിന്നുള്ള ഇറക്കുമതി ഇന്ത്യ വെട്ടിച്ചുരുക്കി. പിന്നീട് സാവധാനത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണവ്യാപാരം മെച്ചപ്പെട്ടത്. മലേഷ്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-ല്‍ 28.4 ലക്ഷം ടണ്‍ പാമോയിലാണ് ഇന്ത്യ മലേഷ്യയില്‍ നിന്ന് വാങ്ങിയത്. മലേഷ്യയുടെ മൊത്തം പാമോയിൽ കയറ്റുമതിയുടെ ഏകദേശം 20 ശതമാനം വരുമിത്.
പാമോയിൽ വ്യാപാരത്തില്‍ സഹകരണം വിപുലീകരിക്കുക എന്നത് മനസിൽവെച്ചുകൊണ്ടാണ് മലേഷ്യന്‍ പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയത്. ലോകത്തില്‍ ഏറ്റവുമധികം പാമോയിൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് മലേഷ്യ. മറുവശത്ത് ഇന്ത്യയാകട്ടെ പ്രധാന ഇറക്കുമതി രാഷ്ട്രവും. ഭക്ഷ്യ എണ്ണ എന്ന നിലയില്‍ പാമോയിലിനെ ഇന്ത്യ വളരെയധികം ആശ്രയിക്കുന്നു. നേരത്തെ ജൂലായ് മാസത്തില്‍ ഇന്ത്യയും മലേഷ്യയും ഭക്ഷ്യ എണ്ണ മേഖലയില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രത്യേകിച്ച് എണ്ണപ്പന കൃഷിയിലും പാമോയിലിന്റെ ഉത്പാദനത്തിലും വ്യാപാരത്തിലും. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന് മലേഷ്യൻ പ്ലാന്റേഷന്‍സ് ആന്‍ഡ് കമ്മോഡിറ്റീസ് മന്ത്രി ജോഹാരി അബ്ദുള്‍ ഗനി (Johari Abdul Ghani)യുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മലേഷ്യന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചത്.
Content Highlights: palm oil and the Kashmir dispute Malaysia-India palm oil trade