ഇന്ത്യ-മാലദ്വീപ് ബന്ധം; ചരിത്രത്തില്‍നിന്ന് വര്‍ത്തമാനത്തിലേക്കുള്ള യാത്ര

2023 നവംബറില്‍ മാലദ്വീപ് പ്രസിഡന്റ് ആയി ഡോ. മുഹമ്മദ് മുയിസു ചുമതലയേറ്റതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന് സവിശേഷതകളേറെയുണ്ട്. മുയിസു പ്രസിഡന്റായി ചുമതലയേറ്റത്തിനു ശേഷം മാലദ്വീപ് സന്ദര്‍ശിക്കുന്ന ആദ്യത്തെ രാഷ്ട്രത്തലവനാകാനുള്ള ക്ഷണം പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്നുവെന്നത് ഇന്ത്യയുമായി മാലദ്വീപ് എത്ര മാത്രം ഊഷ്മളമായ ബന്ധമാണ് ആഗ്രഹിക്കുന്നത് എന്നതിന് വ്യക്തമായ ഒരുദാഹരണമാണ്.
ജൂലൈ 26-ന് നടക്കുന്ന മാലദ്വീപിന്റെ 60-ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷങ്ങളില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമ്പോള്‍ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാര്‍ഷികം കൂടി പിന്നിടുകയാണ് എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്. രണ്ട് ഇന്ത്യന്‍ മഹാസമുദ്ര ജനാധിപത്യ രാജ്യങ്ങള്‍ പങ്കിടുന്ന ചരിത്രപരമായ സൗഹൃദത്തെയും ഭാവിയിലേക്കുള്ള പങ്കാളിത്തത്തെയും ഈ സന്ദര്‍ശനം പ്രതീകമാക്കുന്നു എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.
പ്രസിഡന്റ് മുയിസു തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം,ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ഉഭയകക്ഷി ഇടപെടലുകള്‍ക്ക് ഗണ്യവും ഗുണപരവുമായ നിരവധി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 2023 ഡിസംബറില്‍ ദുബായില്‍ നടന്ന COP 28-ല്‍ വച്ചും, 2024 ജൂണില്‍ നടന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വച്ചും, പിന്നീട് 2024 ഒക്ടോബറില്‍ പ്രസിഡന്റ് മുയിസുവിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ വച്ചും രണ്ട് നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതില്‍ രണ്ടാമത്തെ സന്ദര്‍ശന വേളയിലാണ് ഇരു രാജ്യങ്ങളും സമഗ്ര സാമ്പത്തിക,സമുദ്ര സുരക്ഷാ പങ്കാളിത്തത്തിനായുള്ള സംയുക്ത നയം അംഗീകരിച്ചത്.
നാഴികക്കല്ലുകള്‍
ഇരുരാജ്യങ്ങള്‍ക്കിടയിലെ വ്യാപാര, വികസന, പ്രതിരോധ മേഖലകളിലെ സഹകരണത്തിനുള്ള നാഴികക്കല്ലുകളായി ഈ നീക്കങ്ങളെ കാണേണ്ടതുണ്ട്. ഇതിന് മേല്‍നോട്ടം വഹിക്കുന്നതിനായി ആദ്യത്തെ നടപടി എന്ന നിലയ്ക്ക് ഒരു ഹൈ-ലെവല്‍ കോര്‍ ഗ്രൂപ്പ് (എച്ച്.എല്‍.സി.ജി.) സ്ഥാപിക്കപ്പെട്ടു. അനന്തര നടപടികള്‍ ക്രോഡീകരിക്കുന്നതിനായി 2025 ജനുവരി, മെയ് മാസങ്ങളില്‍ മാലിയിലും ഡല്‍ഹിയിലുമായി യോഗങ്ങള്‍ ചേര്‍ന്നു. കൂടുതല്‍ കണക്റ്റിവിറ്റി, സാമ്പത്തിക
പരസ്പരാശ്രിതത്വം, പൊതു സമുദ്ര സുരക്ഷാ മുന്‍ഗണനകള്‍ എന്നിവയ്ക്കുള്ള ഒരു റോഡ് മാപ്പ് എന്നിവയും എച്ച്.എല്‍.സി.ജി.-യുടെ ചര്‍ച്ചകളിലൂടെ സ്ഥാപിച്ചു എന്നത് ശ്രദ്ധേയമാണ്.
മാലദ്വീപിന്റെ ഏറ്റവും വലുതും വിശ്വസ്ത പങ്കാളികളില്‍ ഒന്നായി തുടരുന്ന ഇന്ത്യ അതിന്റെ സാമ്പത്തിക പ്രതിരോധശേഷിയില്‍ കാലങ്ങളായി നിര്‍ണായക പങ്ക് വഹിച്ചു വരുന്നു. 2024-ല്‍ മാത്രം, 400 മില്യണ്‍ യുഎസ് ഡോളറിന്റെ പാക്കേജ്, 3000 കോടി രൂപ കറന്‍സി സ്വാപ്പ് ലൈനുകള്‍, ട്രഷറി ബില്ലുകളില്‍ 100 മില്യണ്‍ യുഎസ് ഡോളറിന്റെ പലിശ രഹിത റോള്‍ഓവര്‍ എന്നിവയുടെ രൂപത്തില്‍ അടിയന്തര സാമ്പത്തിക സഹായം ഇന്ത്യ മാലിദ്വീപിന് നല്‍കുകയുണ്ടായി. 2025-ല്‍ ഹൈ ഇംപാക്റ്റ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോജക്റ്റുകളുടെ (എച്ച്. ഐ .സി.ഡി.പി.) 100 മില്യണ്‍ എം.വി.ആര്‍. ഗ്രാന്റിന്റെ പിന്തുണ ലഭിച്ച മൂന്നാം ഘട്ടത്തിന്റെ കീഴില്‍ 13 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചതിലൂടെ ഇന്ത്യ മാലദ്വീപ് എന്ന രാജ്യത്തിന് നല്‍കുന്ന പിന്തുണയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും മനോഭാവം കൂടുതല്‍ വ്യക്തമാക്കിയിട്ടുണ്ട്.
2024 ഓഗസ്റ്റില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ നടത്തിയ മാലദ്വീപ് സന്ദര്‍ശനത്തെ തുടര്‍ന്ന് മാലദ്വീപ് സ്പീക്കറുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. 2025-ല്‍ ധനകാര്യം, പ്രതിരോധം, പരിസ്ഥിതി, ആരോഗ്യം, സംസ്‌കാരം എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന മാലദ്വീപില്‍ നിന്നുള്ള ഇന്ത്യയിലേക്കുള്ള മന്ത്രിതല സന്ദര്‍ശനങ്ങളും ഇരുവര്‍ക്കുമിടയില്‍ ശക്തമായ ഉഭയകക്ഷി സഹകരണത്തിന് വഴികള്‍ തെളിച്ചു.
548 മില്യണ്‍ യു.എസ്. ഡോളറില്‍ കൂടുതല്‍ വ്യാപാരം നടത്തുന്ന ഇന്ത്യ മാലദ്വീപിന്റെ മുന്‍നിര വ്യാപാര പങ്കാളികളില്‍ ഒരാളായി ഇന്നും തുടരുന്നു. ദ്വീപ് രാഷ്ട്രത്തിന്റെ ടൂറിസം മേഖലയിലും, അടിസ്ഥാനസൗകര്യങ്ങളിലും, മറ്റ് സാമ്പത്തിക സംരംഭങ്ങളിലും ഇന്ത്യന്‍ നിക്ഷേപകര്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട് എന്നതും എടുത്ത പറയേണ്ട ഒരു കാര്യമാണ്. മാലദ്വീപിലെ വിദേശ വിനോദസഞ്ചാരികളുടെ വലിയൊരു വിഭാഗം ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് എന്നത് ജനങ്ങള്‍ തമ്മിലുള്ള ബന്ധവും അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു എന്നതിന് ഒരുദാഹരണമാണ്.
ഇന്ത്യയും മാലദ്വീപും തമ്മില്‍ സംയുക്ത സേനാ അഭ്യാസങ്ങള്‍, പരിശീലനം, ഉപകരണപിന്തുണ എന്നിവയാല്‍ സവിശേഷതയുള്ള ശക്തമായ പ്രതിരോധ പങ്കാളിത്തം തുടരുന്നുണ്ട്. മാലദ്വീപിന്റെ കഴിവുകള്‍ ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ നാവിക, വ്യോമ ആസ്തികള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവ് പോലുള്ള ഉഭയകക്ഷിചാനലുകളിലൂടെയും പ്രാദേശിക ഗ്രൂപ്പിംഗുകളിലൂടെയും ഇരു രാജ്യങ്ങളും സഹകരിച്ചു പോരുന്നു.
സന്ദര്‍ശനത്തിന്റെ ലക്ഷ്യം
ഇത്തവണത്തെ സന്ദര്‍ശനത്തില്‍ മാലദ്വീപ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും പ്രധാന ഉഭയകക്ഷി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി മോദി,സംയുക്ത നയങ്ങള്‍ക്ക് കീഴില്‍ ഇരു രാജ്യങ്ങളും കൈവരിച്ച പുരോഗതി വിലയിരുത്തുകയും സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ സംരംഭങ്ങളും അനാച്ഛാദനം ചെയ്യും. ഇന്ത്യയുടെ സഹായത്തോടെയുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും കൈമാറ്റവും ഉള്‍പ്പെടെ നിരവധി ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെക്കുകയും ചെയ്യുക എന്നതും പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്.
അയല്‍പക്ക രാജ്യങ്ങള്‍ ആദ്യം എന്ന ഇന്ത്യന്‍ നയത്തില്‍ മാലദ്വീപ് നിര്‍ണായക പങ്കാളിയായതിനാലും മഹാസാഗര്‍ സമുദ്ര തന്ത്രത്തിന്റെ നിര്‍ണായക ഭാഗമായതിനാലും, പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം ദീര്‍ഘകാലവും ബഹുമുഖവുമായ പങ്കാളിത്തത്തിന് പുതിയൊരു ആക്കം നല്‍കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന അന്തര്‍ ദേശീയ ബന്ധങ്ങളുടെ ഈ യുഗത്തില്‍, മാലദ്വീപ് ഇന്ത്യയെ വിശ്വസ്തമായതും ഉറച്ചതുമായ നയതന്ത്ര സഖ്യകക്ഷിയായി വീക്ഷിക്കുന്നത് തുടരുകയാണ്.ഇത് ഇന്ത്യയെ സംബന്ധിച്ച് ഒരു നേട്ടമായേക്കും.
Content Highlights: PM Modi`s visit to Maldives strengthens India-Maldives relations, focusing on economic cooperation