20,000 കോടിയുടെ ആസ്തി, 13,500 കോടിയുടെ ബാങ്ക് തട്ടിപ്പ്; മെഹുൽ ചോക്‌സിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?

13,500 കോടി രൂപയുടെ ബാങ്ക് വായ്പാത്തട്ടിപ്പ് നടത്തി രാജ്യംവിട്ടയാള്‍. ആദ്യം അമേരിക്കയിലേക്കും അവിടെനിന്ന് ആന്റിഗ്വയിലേക്കും ഒളിച്ചോട്ടം. പിന്നീട് ക്യൂബയിലേക്കുള്ള പലായന ശ്രമത്തിനിടെ ഡൊമിനിക്കയിൽ അറസ്റ്റിൽ. ഡൊമിനിക്കന്‍ സര്‍ക്കാര്‍ ആന്റിഗ്വയിലേക്ക് തിരിച്ചയച്ചെങ്കിലും അധികം വൈകാതെ ഭാര്യക്കൊപ്പം ബെൽജിയത്തിലേക്ക് കുടിയേറി. തുടര്‍ന്ന് ബെൽജിയത്തില്‍ അറസ്റ്റില്‍. പറഞ്ഞു വന്നത് പഞ്ചാബ് നാഷണല്‍ ബാങ്കിൽ നിന്ന് വന്‍തുക വായ്പയെടുത്ത് ഒളിവില്‍ പോയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെക്കുറിച്ചാണ്. ഒരുകാലത്ത് സംരംഭക വിജയത്തിന്റെ ഉത്തമ മാതൃകയായിരുന്നു മെഹുല്‍ ചിനുഭായ് ചോക്സി. ഗീതാഞ്ജലി ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും എന്ന നിലയില്‍ തന്റെ കുടുംബ ആഭരണ ബിസിനസിനെ ഒരു ആഗോള സാമ്രാജ്യമാക്കി മാറ്റിയ ആള്‍. പക്ഷേ ഇന്ന് ഇന്ത്യയുടെ ബാങ്കിങ് മേഖലയെ പിടിച്ചുകുലുക്കിയ പിഎന്‍ബി തട്ടിപ്പിന്റെ പര്യായമാണ് മെഹുല്‍ ചോക്‌സി എന്ന പേര്.
ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് ബെൽജിയം ആന്റ്വെർപ്പിലെ കോടതി ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യ ഉയര്‍ത്തിയ നയതന്ത്രസമ്മര്‍ദത്തെത്തുടര്‍ന്നാണ് മെഹുല്‍ ചോക്സി അറസ്റ്റിലാകുന്നത്. ചോക്‌സിയുടെ അറസ്റ്റ് സാധുവാണെന്നും കോടതി വിധിച്ചു. ഇതെല്ലാമാണെങ്കിലും അതിപ്രശസ്ത ബിസിനസുകാരനില്‍ നിന്ന് പിടികിട്ടാപ്പുള്ളിയായ വ്യക്തിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ട്. കുടുംബ ജ്വല്ലറിയില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി സാമ്രാജ്യങ്ങളിലൊന്നായ ഗീതാഞ്ജലി ഗ്രൂപ്പിന്റെ തലവനിലേക്കുള്ള ചോക്‌സിയുടെ യാത്ര അദ്ദേഹത്തിന്റെ ബിസിനസ് വളർച്ചയുടെ കഥ കൂടിയാണ്.