'പുല്ലും പൂവും' കൊഴിഞ്ഞു; തൃണമൂൽ തുടച്ച് നീക്കപ്പെടുമോ? സിപിഎം വഴിയേ മമത, മമതയുടെ വഴിയേ ബിജെപി

#സ്വന്തം ലേഖകൻ
മമതാ ബാനര്‍ജി |ഫോട്ടോ:PTI
മമതാ ബാനര്‍ജി |ഫോട്ടോ:PTI

മൂന്നരപ്പതിറ്റാണ്ടുനീണ്ട സി.പി.എം. ആധിപത്യത്തോടും സ്വന്തം പാർട്ടിയായിരുന്ന കോൺഗ്രസിനോടും പൊരുതി സ്വന്തമായ രാഷ്ട്രീയ അസ്തിത്വം തെളിയിച്ച മമതാ ബാനർജി, ഇപ്പോൾ ബംഗാൾ രാഷ്ട്രീയത്തിൽ അടപടലം തകർന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. 2014-നുശേഷം രാജ്യത്തിന്റെ പല ദിക്കിലും മോദി തരംഗം ആഞ്ഞുവീശിയെങ്കിലും ബംഗാൾ മമതയ്ക്കൊപ്പം ഉറച്ച് നിന്നു, ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുവരെ.

തിരഞ്ഞെടുപ്പിൽ ബിജെപിയോട് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. തിരഞ്ഞെടുപ്പിലെ തിരിച്ചടി മമത പ്രതീക്ഷിച്ചിട്ടുണ്ടാകണം, എന്നാൽ അതിന് ശേഷമുണ്ടായത് മമതയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എംപിമാരും എംഎൽഎമാരും കൂട്ടത്തോടെ മറുകണ്ടം ചാടി.

ഇടതുപക്ഷത്തെയും കോൺഗ്രസിനെയും നിഷ്പ്രഭമാക്കി കെട്ടിപ്പടുത്ത സാമ്രാജ്യത്തിൽനിന്ന് മമതയെ തുടച്ച് നീക്കാനുള്ള ശ്രമത്തിലാണിപ്പോൾ ബിജെപി. ബംഗാളിന്റെ ഭരണവും പ്രതിപക്ഷത്തേയും ഏറ്റെടുത്ത ശേഷമാണിപ്പോൾ ബിജെപി മമതയെ സംസ്ഥാനത്തിന്റെ രാഷ്ട്രീയഭൂപടത്തിൽനിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ബംഗാൾ മറ്റൊരു രാഷ്ട്രീയ പോരിന് വേദിയാകുമ്പോൾ മമതയ്ക്ക് പങ്കില്ലാതായി മാറിയിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും മമതയ്ക്കിപ്പോൾ സ്ഥാനാർഥികളില്ല. നന്ദിഗ്രാമിലും രജിനഗറിലും മമത നിർത്തിയ സ്ഥാനാർഥികൾ പിൻവാങ്ങി. ബിജെപിയാണ് ഇതിന് പിന്നിലെന്നാണ് മമതയുടെ ആരോപണം.

തന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക പോരാട്ടത്തിന് സാക്ഷ്യംവഹിച്ച നന്ദിഗ്രാമിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പ്രാതിനിധ്യമില്ലാത്തത് മമതയ്ക്ക് ഇരട്ടപ്രഹരംകൂടിയാണ്. തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും നഷ്ടപ്പെട്ടതിന് പിന്നാലെയാണ് മമതയ്ക്ക് സ്ഥാനാർഥികളെയും നഷ്ടമായത്.

മമതയുടെ തിരിച്ചുവരവുണ്ടാകുമോ?

മമതയെ സംബന്ധിച്ചിടത്തോളം പാർട്ടിയിലെ ആഭ്യന്തര കലാപം എന്നത് അപരിചിതമായ രാഷ്ട്രീയമല്ല. തന്റെ രാഷ്ട്രീയ ജീവിതം തന്നെ മമത കെട്ടിപ്പടുത്തത് അത്തരം നീക്കങ്ങളിലൂടെയാണ്. 1990-കളുടെ മധ്യത്തിൽ, സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണത്തെച്ചൊല്ലി അന്നത്തെ പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ സോമൻ മിത്രയുമായി മമത നടത്തിയ പോരാട്ടമാണ് തൃണമൂൽ കോൺഗ്രസിന്റെ പിറവിയിലേക്ക് നയിച്ചത്.

സോമൻ മിത്ര ബംഗാൾ കോൺഗ്രസിന്റെ തലപ്പത്ത് തുടർന്നതോടെ പാർട്ടി വിട്ട മമത 1998 ജനുവരി 1-ന് തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ചു. കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള തന്റെ പ്രക്ഷോഭത്തെ സ്വന്തം രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ അധ്യായമാക്കി അവർ മാറ്റി.

അന്ന് മമതയുടെ നീക്കം വിജയിച്ചു. തൃണമൂൽ കോൺഗ്രസ് വളർന്ന് ബംഗാളിലെ ശക്തരായിരുന്ന ഇടതുമുന്നണിയുടെ പ്രധാന എതിരാളിയായി മാറി. നിരന്തര പ്രക്ഷോഭങ്ങൾക്കൊടുവിൽ ബംഗാളിലെ 34 വർഷത്തെ സിപിഎം ഭരണത്തിന് അന്ത്യംകുറിക്കുകയും ചെയ്തു. പാർട്ടി രൂപീകരിച്ചപ്പോഴും അതിനുശേഷം ബംഗാളിൽ അധികാരമേറ്റപ്പോഴും മമത പലതവണ ഉൾപ്പാർട്ടി പോര് നേരിട്ടിട്ടുണ്ട്.

പാർട്ടിയുടെ സ്ഥാപക ചെയർമാനായിരുന്ന പങ്കജ് ബാനർജി പാർട്ടി രൂപീകരണത്തിന് തൊട്ടുപിന്നാലെ പുറത്തുപോകുകയും കോൺഗ്രസിലേക്ക് മടങ്ങുകയും പിന്നീട് വീണ്ടും തിരിച്ചെത്തുകയും ചെയ്തു. മറ്റൊരു സ്ഥാപക നേതാവായ അജിത് പൻജ 2001-ൽ മമതയുടെ രാഷ്ട്രീയ തന്ത്രങ്ങളോട് വിയോജിച്ച് വേറിട്ടൊരു വേദി ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

സുദീപ് ബന്ദോപാധ്യായ മമതയുമായി തെറ്റിപ്പിരിഞ്ഞ് പുറത്താക്കപ്പെട്ടെങ്കിലും വർഷങ്ങൾക്കുശേഷം തിരിച്ചെത്തി. മമതയുടെ രാഷ്ട്രീയ മാർഗദർശിയായി കരുതപ്പെട്ടിരുന്ന സുബ്രത മുഖർജി, ഒരിക്കൽ പാർട്ടി വിട്ട് പിന്നീട് തിരിച്ചെത്തുകയും മമതയുടെ മന്ത്രിസഭയിൽ അംഗമാകുകയും ചെയ്തു.

ദിനേശ് ത്രിവേദി, മുകുൾ റോയ് എന്നിവരുടെ കാര്യത്തിലും ഈ രീതി ആവർത്തിച്ചു. 2012-ൽ റെയിൽവേ യാത്രാനിരക്ക് വർധിപ്പിച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് ദിനേശ് ത്രിവേദിക്ക് റെയിൽവേ മന്ത്രിസ്ഥാനം നഷ്ടമായതും തുടർന്ന് മമതയുമായി പിരിയുന്നതിലേക്ക് നയിച്ചതും.

പാർട്ടിയുടെ സംഘടനാ തലപ്പത്ത് രണ്ടാമനായിരുന്ന മുകുൾ റോയ്, അഭിഷേക് ബാനർജിയുടെ സ്വാധീനം വർധിച്ചതോടെ മമതയുമായി അകലുകയും 2017-ൽ ബിജെപിയിൽ ചേരുകയും ചെയ്തു. എന്നാൽ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം അദ്ദേഹം തൃണമൂലിലേക്ക് മടങ്ങി.

പൊട്ടിത്തെറികൾ പല ഘട്ടങ്ങളിലായി ഉണ്ടായെങ്കിലും ഇതൊന്നും മമതയ്ക്ക് പാർട്ടിയുടെ നിയന്ത്രണം നഷ്ടമാക്കിയിരുന്നില്ല. 2022 ഓടെയാണ് ഇപ്പോഴത്തെ തർക്കത്തിന്റെ തുടക്കം. പഴയ നേതാക്കളും അഭിഷേകിന് ചുറ്റുമുള്ള യുവ നേതൃത്വവും തമ്മിലുള്ള സംഘർഷം വലിയൊരു അധികാര പോരാട്ടമായി മാറാൻ സാധ്യത കണ്ട് മമത ദേശീയ ഭാരവാഹി കമ്മിറ്റി പിരിച്ചുവിട്ട് പാർട്ടിയിലെ അന്തിമവാക്ക് താൻ തന്നെയാണെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ 2026-ലെ തിരഞ്ഞെടുപ്പ് പരാജയത്തോടെയാണ് എല്ലാം കൈവിട്ടു.

തിരിച്ചുവരവിനായി ശ്രമിക്കുന്ന മമതക്കുള്ള ഏക പ്രതീക്ഷ പാർട്ടിയെ എക്കാലവും പിന്തുണച്ച ന്യൂനപക്ഷ വോട്ടുബാങ്ക് തുണയ്ക്കും എന്നതാണ്. ബിജെപി പക്ഷത്തേക്കുപോയ 20 എംപിമാരിൽ മൂന്ന് എംപിമാർ തിരിച്ചുവരവിന് ഒരുങ്ങുന്നതിനുപിന്നിലും ന്യൂനപക്ഷ വോട്ടുബാങ്കിന്റെ സ്വാധീനമാണ്.

സിപിഎം വഴിയേ മമത, മമതയുടെ വഴിയെ ബിജെപി

പ്രതിപക്ഷത്തെ നിർദയം അടിച്ചൊതുക്കുന്ന സി.പി.എം. ശൈലിക്കെതിരേ മൂന്നുപതിറ്റാണ്ട് പൊരുതി അധികാരത്തിൽവന്ന മമതയും തൃണമൂലും അതേ ശൈലിയാണ് പിന്തുടർന്നിരുന്നത്. ബി.ജെ.പി.ക്കെതിരേ ചെറുത്തുനിൽക്കുന്ന പോരാളി എന്ന പ്രതിച്ഛായ നിലനിർത്തുമ്പോഴും എതിരാളികളെ അടിച്ചൊതുക്കുകയെന്ന ശൈലിയാണ് അവർ സ്വീകരിച്ചത്.

മമതയെ ഒതുക്കാൻ പല തന്ത്രങ്ങൾ മെനഞ്ഞ ബിജെപി ഒടുവിൽ ഒരു കാലത്ത് അവരുടെ ശിഷ്യനും വലംകൈയുമായിരുന്ന സുവേന്ദു അധികാരിയെ ഉപയോഗിച്ചാണ് ഒടുവിൽ താഴെയിറക്കിയത്. ഇപ്പോൾ മമതയെ രാഷ്ട്രീയത്തിൽനിന്ന് തുടച്ച് നീക്കാൻ ബിജെപി സ്വീകരിക്കുന്ന നിലപാടും മുമ്പ് മമത സ്വീകരിച്ചതിന് സമാനമാണ്.

മമത അനുകൂലികളായ നേതാക്കൾക്ക് തിരഞ്ഞെടുപ്പിനുശേഷം വലിയ ആക്രമണങ്ങളാണ് നേരിടേണ്ടി വന്നത്. അധികാരം നഷ്ടമായാൽ ബംഗാളിൽ പാർട്ടി സംവിധാനം നിലനിർത്തുന്നതും അണികളെ പോറ്റിവളർത്തുന്നതും ഒരുപാർട്ടിക്കും അത്ര എളുപ്പമല്ല. കേസുകളും മറ്റും കാണിച്ച് കൂടുതൽ തൃണമൂൽ നേതാക്കളെ മറുകണ്ടം ചാടിക്കാനും പാർട്ടിയെ അപ്രസക്തമാക്കാനുമാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

മമതയ്ക്ക് ഇപ്പോൾ നഷ്ടമായ 'രണ്ട് പൂക്കളും പുൽച്ചെടിയും' എന്ന തൃണമൂൽ ചിഹ്നം വെറുമൊരു അടയാളമായി മമതയ്ക്ക് കാണാനാകില്ല. മമതയുടെ വ്യക്തിപരമായ സ്പർശം അതിലുണ്ട്. പുല്ലിൽ നിന്ന് വളർന്നുവരുന്ന രണ്ട് പൂക്കളുടെ ചിത്രം മമത തന്നെയാണ് വരച്ചത്. അത് പാർട്ടിയുടെ താഴെത്തട്ടിലുള്ള രാഷ്ട്രീയത്തിന്റെ അടയാളമായിരുന്നു.

Content Highlights: Mamata Banerjee faces a severe political crisis following the 2026 assembly election defeat., Mass defections of MLAs and MPs have weakened the Trinamool Congress., BJP is attempting to sideline Mamata Banerjee from the state's political landscape., Historical analysis of internal party conflicts and Mamata's past political comebacks.