ലൂവ്രിലെ മോഷ്ടാക്കള്‍ തൊടാതിരുന്ന ഇന്ത്യയുടെ ‘ശപിക്കപ്പെട്ട വജ്രം’; മൂല്യം 528 കോടി, റീജന്റ് ഡയമണ്ടിന്റെ കഥ

#സ്വന്തം ലേഖകന്‍

ഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയത്തില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന കൊള്ള ലോകത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. ഫ്രഞ്ച് തലസ്ഥാനനഗരയിലെ വിഖ്യാത മുദ്രകളിലൊന്നായ ലൂവ്ര് മ്യൂസിയത്തില്‍ പട്ടാപ്പകല്‍ എല്ലാ അതിസുരക്ഷകളെയും വെട്ടിച്ചുകൊണ്ടാണ് അമൂല്യമായ വസ്തുക്കള്‍ കൊള്ളയടിക്കപ്പെട്ടത്. വെറും ഏഴ് മിനിറ്റ് കൊണ്ടാണ് എല്ലാം നടന്നത്. നെപ്പോളിയന്‍ ഒന്നാമന്റെയും മൂന്നാമന്റെയും കാലത്തുള്ള എട്ട് അമൂല്യ ആഭരണങ്ങളാണ് ഞായറാഴ്ച മോഷ്ടാക്കള്‍ കവര്‍ന്നത്. ഇവയ്ക്ക് 10.2 കോടി ഡോളര്‍ (ഏകദേശം 894 കോടി രൂപ) മൂല്യമാണ് കണക്കാക്കുന്നത്. വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴും പലര്‍ക്കും ഇത് വിശ്വസിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. സിനിമയിലല്ലാതെ ഇതെല്ലാം ഇത്ര പെര്‍ഫെക്ഷനില്‍ നടക്കുമോ എന്നായിരുന്നു പലരും വിശ്വസിച്ചിരുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ഹോളിവുഡ് ഹീസ്റ്റ് സിനിമകളായ നൗ യു സീ മി 3, ഓഷ്യന്‍സ് 14 തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയുള്ള പിആര്‍ സ്റ്റണ്ടാണിതെന്ന് പോലും വിശ്വസിച്ചു. കൊള്ള നടന്ന് ഒരാഴ്ചയോളം പിന്നിടുമ്പോള്‍ രണ്ടു പേര്‍ പോലീസിന്റെ പിടിയിലായെങ്കിലും ഇവരാണോ യഥാര്‍ഥ പ്രതികളെന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

മാധ്യമറിപ്പോര്‍ട്ടുകള്‍ പ്രകാരം നാലുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ മ്യൂസിയത്തിന്റെ തെക്കുകിഴക്കന്‍ റോഡില്‍ യന്ത്രഗോവണി ഘടിപ്പിച്ച ട്രക്ക് നിര്‍ത്തിയിട്ട് മ്യൂസിയത്തിന്റെ ജനലിലേക്ക് ചാരിവെച്ചു. രണ്ടുപേര്‍ മുകളിലേക്ക് കയറി ഗ്ലാസ് കട്ടർ ഉപയോഗിച്ച് ജനലിന്റെ ചില്ലറുത്ത് ഉള്ളിലേക്ക് കയറി. നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെയും പത്‌നിയുടേതും ഉള്‍പ്പടെ അമൂല്യമായ ഫഞ്ച് രാജകീയ രത്‌നങ്ങള്‍ സൂക്ഷച്ചിട്ടുള്ള അപ്പോളോ ഗാലറിയായിരുന്നു അവരുടെ ലക്ഷ്യം. മ്യൂസിയത്തിനകത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യിലുണ്ടായിരുന്നു ചെറിയ ആയുധങ്ങള്‍ കാണിച്ച് ഭയപ്പെടുത്തി. ചില്ലുകള്‍ തകര്‍ത്ത് കിരീടവും ആഭരണങ്ങളും കൈക്കലാക്കി ജനലുവഴി തന്നെ പുറത്തുകടന്നു. പുറത്ത് ബൈക്കില്‍ കാത്തിരുന്ന രണ്ടുപേര്‍ക്ക് ആഭരണങ്ങള്‍ എറിഞ്ഞുകൊടുത്തു. അതിനിടയില്‍ മോഷ്ടിച്ച ആഭരണങ്ങളില്‍ ഒരെണ്ണം റോഡില്‍ വീണുപോയി. എന്നാല്‍ അതെടുക്കാന്‍ മെനക്കെടാതെ അവര്‍ ആ ബൈക്കുകളില്‍ കയറി ചീറിപ്പാഞ്ഞുപോയി. വെറും നാല് മിനിറ്റിൽ എല്ലാം അവസാനിച്ചു. മികച്ച പരിശീലനവും ആസൂത്രണവും സാങ്കേതിക മികവും എല്ലാം ഒത്തുചേര്‍ന്ന പ്രൊഫഷണല്‍ കൊള്ള. പുരാവസ്തു കൊള്ള നടന്നാല്‍ പിന്നീടുള്ള 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. അതിനുള്ളില്‍ അവ വീണ്ടെടുക്കാനായില്ലെങ്കില്‍ അവ എന്നന്നേക്കുമായി നഷ്ടപ്പെട്ടേക്കാം. ഇത്തരം ആഭരണങ്ങള്‍ വിഘടിപ്പിച്ച് അമൂല്യ രത്‌നങ്ങളും മറ്റും വില്‍ക്കാനാണ് കൂടുതല്‍ സാധ്യത. അങ്ങനെ സംഭവിച്ചാല്‍ പ്രതികള്‍ പിടിയിലായാലും ആ ആഭരണങ്ങള്‍ പഴയ രൂപത്തില്‍ വീണ്ടെടുക്കാന്‍ സാധിക്കില്ല.

Content Highlights: Louvre, louvre museum, louvre museum robbery, Regent diamond, crime

Continue reading