മെസ്സിയുടെ സന്ദർശനത്തിന്റെ പേരിൽ 13 വർഷം മുമ്പും തട്ടിപ്പുകൾ; അന്ന് കണ്ടെത്തിയത് മയക്കുമരുന്ന് മാഫിയയുടെ പങ്കാളിത്തവും

കൊച്ചി: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന മുൻ കായിക മന്ത്രി വി.അബ്ദുറഹിമാന്റെ വാഗ്ദാനത്തിന് പിന്നാലെ നടന്ന തട്ടിപ്പും വിവാദങ്ങൾക്കും ഒടുവിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് ഇടങ്ങളിൽ റെയ്ഡ് നടക്കുകയാണ്. മെസ്സിയോ അർജന്റീന ടീമോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത സന്ദർശനം വൻ തട്ടിപ്പായിരുന്നുവെന്നാണ് പുതുതായി അധികാരമേറ്റ യുഡിഎഫ് സർക്കാർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. വിദേശനാണ്യം രാജ്യത്തിനു പുറത്തേക്ക് കടത്തുക, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്നത്. മെസ്സിയുടെ സന്ദർശനത്തിന് സ്‌പോൺസർമാരായി എത്തിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ നീക്കങ്ങളെ സംശയത്തിന്റെ നിഴലിലാക്കുന്ന അന്വേഷണ റിപ്പോർട്ടുകളാണ് പുറത്തുവന്നത്.
ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി അറിയപ്പെടുന്ന ലയണൽ മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് ഇതാദ്യമല്ല. അവസാനത്തെ അന്താരാഷ്ട്ര മത്സരത്തിന് മെസ്സി തയ്യാറെടുക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പേരിലുള്ള കേരളത്തിലെ വിവാദങ്ങളെങ്കിൽ 13 വർഷങ്ങൾക്ക് മുമ്പ് സമാനമായ ആരോപണങ്ങളുടെ പേരിൽ വൻ തട്ടിപ്പാണ് അന്താരാഷ്ട്ര തലത്തിൽ നടന്നത്.
സിറിയൻ അഭയാർഥികളായ കുട്ടികൾക്കുവേണ്ടി സംഘടിപ്പിച്ച സൗഹൃദ മത്സരങ്ങളുടെ മറവിൽ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായാണ് ആരോപണം. മെസ്സിയും പിതാവും അദ്ദേഹത്തിന്റെ ഫൗണ്ടേഷനും അടക്കം ഈ ആരോപണവിധേയരായെങ്കിലും 2015-ൽ സ്പാനിഷ് കോടതി ജഡ്ജി തട്ടിപ്പിൽ ഇവരുടെ പങ്കാളിത്തം തള്ളി.
കുട്ടികൾക്കായുള്ള ലയണൽ മെസ്സി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 2012-ലും 2013-ലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ സംഘടിപ്പിച്ച 'ഫ്രണ്ട്സ് ഓഫ് മെസ്സി' എന്ന പേരിലുള്ള സൗഹൃദ മത്സരങ്ങളാണ് തട്ടിപ്പിന് വഴിയൊരുക്കിയത്. സ്പാനിഷ് പോലീസിന്റെ സങ്കീർണ്ണവും അതീവ ഗൗരവമുള്ളതുമായ കേസുകൾ കൈകാര്യം ചെയ്യുന്ന സെൻട്രൽ ഓപ്പറേറ്റീവ് യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ 1.5 ദശലക്ഷം യുഎസ് ഡോളർ (14.3 കോടിയോളം രൂപ) കുറക്കോവ ഹോങ് കോങ് എന്നിവിടങ്ങളിലെ ഓഫ്ഷോർ കമ്പനി അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി കൊളംബിയയിൽ നടന്ന മത്സരത്തിൽ ഇല്ലാത്ത സീറ്റുകൾക്ക് ടിക്കറ്റുകൾ വാങ്ങിക്കൊണ്ട് മെക്സിക്കൻ മയക്കുമരുന്ന് മാഫിയ കള്ളപ്പണം വെളുപ്പിച്ചതായും കണ്ടെത്തി.
പ്രാഥമിക അന്വേഷണങ്ങൾക്കുശേഷം മെസ്സിയുടെ നികുതി വിവരങ്ങളടക്കം കണ്ടെത്തുന്നതിനും വിവിധ രാജ്യങ്ങളിലായി നടന്ന തട്ടിപ്പുകളെ സംബന്ധിച്ചുള്ള അന്താരാഷ്ട്ര അന്വേഷണത്തിനുമായി സ്പാനിഷ് പോലീസ് അനുമതി തേടിയെങ്കിലും 2015-ൽ ബാഴ്സലോണ കോടതി കേസ് തള്ളിയതോടെ തുടരന്വേഷണം നിലച്ചു. ഉയർന്ന തലത്തിലുള്ള സ്വാധീനം ഉപയോഗിച്ചാണ് മെസ്സി കേസുകളിൽ നിന്ന് രക്ഷപ്പെട്ടതെന്ന ആരോപണവും ഉയർന്നിരുന്നു.
2012 ജൂണിലാണ് മത്സരങ്ങൾ ആരംഭിച്ചത്. 2012-ലും 2013-ലുമായി മെക്‌സിക്കോ, കൊളംബിയ, മയാമി, പെറു, ഷിക്കാഗോ എന്നിവിടങ്ങളിലായി മത്സരങ്ങൾ നടന്നു. സിറിയൻ അഭയാർത്ഥി കുട്ടികളെയും അർജന്റീനയിലെ ഗുരുതര രോഗങ്ങളുള്ള കുട്ടികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ, മെസി ഫൗണ്ടേഷനും നിരവധി പ്രാദേശിക എൻജിഒകൾക്കും ഫണ്ട് നൽകാനാണ് മത്സരങ്ങളിലൂടെ ലഭിക്കുന്ന ലാഭം ഉപയോഗിക്കുക എന്നാണ് പറഞ്ഞിരുന്നത്.
ബാഴ്സ സഹതാരങ്ങളായ പിന്റോ, ഡാനി അൽവേസ്, മഷെറാനോ, കൂടാതെ നെയ്മർ എഡിൻസൺ കവാനി, റോഡ്രിഗസ്, റാഡമൽ ഫാൽക്കാവോ, ഒപ്പം ഫ്രഞ്ച് ഫുട്ബോളിലെ പഴയകാല പ്രമുഖരായ തിയറി ഹെന്റി, ഫ്ലോറന്റ് മലൗദ, ദിദിയർ ദ്രോഗ്ബ, എറിക് അബിദാൽ എന്നിവരെയടക്കം മൈതാനത്ത് അണിനിരത്തി. മത്സരങ്ങൾ സംഘടിപ്പിക്കാൻ മെസ്സി ഫൗണ്ടേഷൻ തിരഞ്ഞെടുത്തത് ഉറുഗ്വേ ആസ്ഥാനമായുള്ള 'പ്ലെയേഴ്സ് ഇമേജ് എസ്.എ' (Players Image SA) എന്ന കമ്പനിയെയാണ്. എന്നാൽ സംഘാടകത്വം വളരെ മോശമായിരുന്നുവെന്നാണ് സ്പാനിഷ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തൽ. പ്രാദേശിക എൻജിഒകൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട പണം ലഭിച്ചില്ല. മെസ്സി കളിക്കാരനായി മാത്രമാണ് മൈതാനത്തിറങ്ങിയതെന്നും, നികുതി വെട്ടിപ്പ് നടത്തുന്നതിനായി മെസ്സിക്ക് ഈ മത്സരങ്ങളിൽ നിന്ന് വരുമാനം ലഭിച്ചതിന് തെളിവുകളില്ലെന്നും വ്യക്തമാക്കിക്കൊണ്ട് സ്പാനിഷ് ജഡ്ജി മെസ്സിക്കും ഫൗണ്ടേഷനും ക്ലീൻ ചിറ്റ് നൽകി കേസ് തള്ളി.
കള്ളപ്പണം വെളുപ്പിക്കൽ
കൊളംബിയയിൽ നടന്ന മത്സരത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ഉയർന്നത്. നിലവിലില്ലാത്ത സീറ്റുകൾ വ്യാജമായി ഉണ്ടാക്കി, മെക്സിക്കൻ മയക്കുമരുന്ന് കടത്തുകാർ കള്ളപ്പണം വെളുപ്പിക്കാൻ മത്സരത്തെ ഉപയോഗിച്ചതായാണ് കണ്ടെത്തൽ. അർജന്റീനയിലെ ഒരു സ്പോർട്സ് മാർക്കറ്റിങ് ഏജൻസിയുടെ മേധാവിയായ ഗില്ലേർമോ മറീനാണ് ഇതിന് പിന്നിലെ പ്രധാനിയെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മെസ്സി ഫൗണ്ടേഷൻ കൈകാര്യം ചെയ്യുന്ന മെസ്സിയുടെ പിതാവ് ജോർജ്ജ് മെസ്സിയുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. ലിയോ മെസ്സി ഫൗണ്ടേഷനിൽ നിന്ന് 'മെസി ആൻഡ് ഫ്രണ്ട്സ്' മത്സരങ്ങൾ നടത്തുന്നതിനുള്ള അവകാശം മറീൻ നേടിയെടുക്കുകയും, പ്രാദേശിക കമ്പനികൾക്ക് സബ് കോൺട്രാക്ട് ചെയ്യുകയും ചെയ്തു. അത്തരത്തിലൊരു കരാറുകാരനാണ് കൊളംബിയയിൽ നടന്ന മത്സരത്തിലൂടെ മയക്കുമരുന്ന് മാഫിയയ്ക്ക് കള്ളപ്പണം വെളുപ്പിക്കാൻ സഹായം നൽകിയത്. കൊളംബിയക്കാരനായ ആന്ദ്രേസ് ബാർകോ എന്നയാൾക്കായിരുന്നു ഈ കരാർ.