രണ്ടായിരത്തിലധികം അജ്ഞാത മൃതദേഹങ്ങളുടെ ഫോട്ടോ, അതിലൊന്ന് സ്വന്തം മാതാവ്; തീയാണ് ശുഹൈബിന്റെ നെഞ്ചിൽ

ശുഹൈബ് |ഫോട്ടോ: ഷഹീര്‍ സി.എച്ച്‌
ശുഹൈബ് |ഫോട്ടോ: ഷഹീര്‍ സി.എച്ച്‌

വർഷങ്ങൾക്കിപ്പുറവും കണ്ണൂർ താഴെചൊവ്വ സ്പിന്നിങ് മില്ലിന് സമീപത്തെ റെയിൽവേ ട്രാക്കിന് അടുത്തെത്തുമ്പോൾ ശുഹൈബിന്റെ നെഞ്ചൊന്ന് പിടയ്ക്കും. ഒരുതുള്ളി കണ്ണുനീർ പൊഴിക്കാതെ അതുവഴി കടന്നുപോവാൻ ശുഹൈബിന് പറ്റില്ല. കാരണം, ഒരുവയസ്സുള്ളപ്പോൾ തന്നെ ഉപേക്ഷിച്ചുപോയ ഉമ്മയുടെ ചിന്നിച്ചിതറിയ മൃതദേഹത്തിന്റെ ഫോട്ടോ 17-ാമത്തെ വയസ്സിൽ ശുഹൈബിന് ക്യാമറയിൽ പകർത്തേണ്ടിവന്നത് ഈ റെയിൽവേ ട്രാക്കിൽ നിന്നാണ്. താൻ പകർത്തിയത് സ്വന്തം ഉമ്മയുടെ ഫോട്ടോ ആണെന്നുപോലും അറിയാതെ അന്ന് ജോലി തീർത്തുപോയ ചെറുപ്പക്കാരന് ലഭിച്ച സ്വന്തം ഉമ്മയുടെ ഓർമയായിരുന്നു ആ ചിന്നിച്ചിതറിയ മൃതദേഹത്തിന്റെ ഫോട്ടോ.

സ്റ്റുഡിയോയിലെത്തി ഫോട്ടോ ഡെവലപ്പ് ചെയ്തശേഷം അതുകണ്ട ശുഹൈബിന്റെ പിതൃസഹോദരനാണ് നീ പകർത്തിയത് സ്വന്തം ഉമ്മയുടെ ഫോട്ടോ ആണെന്ന് ആ ചെറുപ്പക്കാരനോട് പറഞ്ഞത്. അന്നുമുതൽ ശുഹൈബിന്റെ നെഞ്ചിൽ വലിയൊരു സങ്കടക്കല്ല് സ്ഥാനം പിടിക്കുകയായിരുന്നു. തന്റെ നിസ്സഹായതയും ഗതികേടുമോർത്ത് ശുഹൈബ് അന്ന് കുറേ കരഞ്ഞു. വിധിയെന്ന് ആശ്വസിച്ച് ക്യാമറയുമെടുത്ത് വീണ്ടുമിറങ്ങി. ഒരുപക്ഷെ, ഇങ്ങനെയൊരു അനുഭവം ഉണ്ടാവുന്ന ലോകത്തിലെ തന്നെ ആദ്യ ഫോട്ടോഗ്രാഫറും താനായിരിക്കുമെന്ന് പറയുന്നു ശുഹൈബ്.

കഴിഞ്ഞ 38 വർഷമായി അജ്ഞാത മൃതദേഹങ്ങളുടെ പുറകെ, മോർച്ചറികളിലൂടെ, കണ്ണൂരിന്റെയും സമീപപ്രദേശങ്ങളിലെയും തെരുവോരങ്ങളിലൂടെ ക്യാമറയുമെടുത്ത് നീങ്ങുന്ന കണ്ണൂർക്കാരൻ ശുഹൈബിന്റെ പൊള്ളുന്ന അനുഭവങ്ങളിൽ ഇന്നും മറക്കാത്തതാണ് ഉമ്മയുടെ ആ ഫോട്ടോ. ശുഹൈബ് മാതൃഭൂമി ഡോട്ട്‌കോമിനോട് തന്റെ ജീവിതം പറയുന്നു.

ഉമ്മയെന്ന തിരിച്ചറിവ്

1970-കളിലാണ്, ഇസ്ലാം വിശ്വാസം അനുസരിച്ച് വിവാഹം കഴിഞ്ഞാൽ പുരുഷൻമാർ ഭാര്യവീട്ടിൽ താമസമാക്കിയിരുന്ന കാലം. പുരുഷൻമാർ അങ്ങേയറ്റത്തെ സ്വാതന്ത്ര്യവും സുഖലോലുപതയും അനുഭവിച്ചിരുന്ന കാലമായിരുന്നു അക്കാലമെന്ന് ശുഹൈബ് പറയുന്നു. അങ്ങനെയൊരു കുടുംബത്തിലായിരുന്നു ശുഹൈബും ജനിച്ചത്. ഉമ്മ ഗർഭിണി ആയതോടെ ആ സ്ത്രീയെ ഉപേക്ഷിച്ച് ശുഹൈബിന്റെ പിതാവ് കടന്നുകളഞ്ഞു.

പ്രസവിച്ച് ഒരു വയസ്സ് തികയുന്നതിന് മുമ്പെ ശുഹൈബിനെ പിതാവിന്റെ ഉമ്മൂമ്മയുടെ അടുത്ത് ഏൽപ്പിച്ച് ഉമ്മയും അവരുടെ വഴിക്ക് പോയി. ഉമ്മയെ കണ്ടതുപോലും ഓർമയില്ലാതെ ശുഹൈബ് പിതാവിന്റെ അനുജനൊപ്പം വളർന്നു, സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം പിതാവിന്റെ അനുജന്റെ സ്റ്റുഡിയോയിൽ എത്തിപ്പെട്ടു. അവിടെനിന്ന് തുടങ്ങിയതാണ് ക്യാമറയുമെടുത്തുള്ള ശുഹൈബിന്റെ യാത്ര. അങ്ങനെയൊരു യാത്രയിലാണ് സ്വന്തം ഉമ്മയുടെ ഫോട്ടോയെടുക്കാനും ശുഹൈബ് നിയോഗിക്കപ്പെടുന്നത്. 

1991-ൽ ആണ് സംഭവം. സാധാരണ മൃതദേഹങ്ങളുടെ ഫോട്ടോയെടുക്കാനൊക്കെ പോയിരുന്നത് സ്റ്റുഡിയോ ഉടമകൂടിയായ ശുഹൈബിന്റെ പിതൃസഹോദരൻ തന്നെയായിരുന്നു. പക്ഷെ, പെട്ടെന്ന് പോലീസുകാർ ഫോട്ടോഗ്രാഫറെ അന്വേഷിച്ച് സ്റ്റുഡിയോയിൽ എത്തിയപ്പോൾ അന്ന് എളേപ്പ ഉണ്ടായിരുന്നില്ല. ഫോട്ടോയെടുക്കാൻ അറിയാമോ എന്ന് ചോദിച്ച പോലീസുകാരോട് അറിയില്ലെന്ന് പറഞ്ഞെങ്കിലും ഇങ്ങനെയൊക്കെയല്ലേ പഠിക്കുക എന്ന് പറഞ്ഞ് പോലീസുകാർ ശുഹൈബിനെ കൂടെ കൊണ്ടുപോവുകയായിരുന്നു. പോലീസ് ജീപ്പിൽ കയറാനുള്ള ഇഷ്ടംകൊണ്ട് കൂടെപ്പോവുകയും ചെയ്തു.

റെയിൽവേ ട്രാക്കിൽ എത്തി ഫോട്ടോ പകർത്തിയെങ്കിലും അപ്പോഴും താനെടുത്തത് ഉമ്മയുടെ ഫോട്ടോയാണെന്ന് ശുഹൈബിന് തിരിച്ചറിയാനായില്ല. ജോലി കഴിഞ്ഞ് സ്റ്റുഡിയോയിൽ തിരിച്ചെത്തി അത് ഡെവലപ്പ് ചെയ്തുകഴിഞ്ഞപ്പോഴാണ് ഫോട്ടോയിലുള്ളത് നിന്റെ ഉമ്മായാണന്ന് ഏളേപ്പ ശുഹൈബിനോട് പറഞ്ഞത്. അങ്ങനെ ഓർമയിൽനിന്ന് മാഞ്ഞുപോയ ഉമ്മയുടെ ചിത്രം ചിന്നിച്ചിതറിയ രൂപത്തിൽ ശുഹൈബിന്റെ മനസ്സിൽ പതിയുകയും ചെയ്തു.

മദ്യപിച്ച് റെയിൽവേ ട്രാക്കിൽ വീണ സ്ത്രീയുടെ ദേഹത്ത് കൂടെ തീവണ്ടി കയറിയുള്ള അപകടം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടെങ്കിലും അവർ ആ അവസ്ഥയിൽ എത്തിപ്പെടാനിടയാക്കിയ സാഹചര്യമോർത്താണ് ഇന്നും ശുഹൈബിന്റെ സങ്കടം. ആ സങ്കടവും പേറിയാണ് കഴിഞ്ഞ 38 വർഷമായി മൃതദേഹങ്ങളുടെ പിറകെ ശുഹൈബ് കൂടിയത്. ഇതുവരെ 2000-ൽ അധികം അജ്ഞാത മൃതദേഹങ്ങളുടെ ഫോട്ടോയെടുത്തു. മോർച്ചറി വീഡിയോകൾ വേറെയും.

താൻ സമ്മാനിച്ച മോതിരം മൃതദേഹത്തിൽ

സ്വന്തം മാതാവിന്റെ ഫോട്ടോയെടുക്കാൻ നിയോഗിക്കപ്പെട്ടതിന് ശേഷം തന്റെ ഫോട്ടോഗ്രാഫി കരിയറിൽ നൊമ്പരപ്പെടുത്തിയതായിരുന്നു സുഹൃത്ത് ബിജുവിന്റെ മൃതദേഹ ഫോട്ടോ എടുത്തത്. ചെറുപ്പംമുതൽ സുഹൃത്തുക്കളായിരുന്നു ബിജുവും ശുഹൈബും. സ്‌കൂൾ കാലം മുതലുള്ള കൂട്ടുകാർ. ഒരുനാൾ ബിജു നാട്ടിൽനിന്ന് അപ്രത്യക്ഷനായി. കുറെ അന്വേഷിച്ചെങ്കിലും ബിജുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് കോഴിക്കോട് താമരശ്ശേരിയിൽ ഒരു ഫോട്ടോയെടുക്കാനുണ്ടെന്നു പറഞ്ഞ് ശുഹൈബിനെ പോലീസുകാർ കൂട്ടിക്കൊണ്ട് പോയത്.

ആ മൃതദേഹത്തിന്റെ ഫോട്ടോയെടുക്കാൻ തുണിമാറ്റിയപ്പോഴാണ് കയ്യിലെ മോതിരം ശുഹൈബ് ശ്രദ്ധിച്ചത്. ആ മോതിരം ഒരിക്കൽ ശുഹൈബ് സുഹൃത്ത് ബിജുവിന് സമ്മാനിച്ചതായിരുന്നു. മുഖം നോക്കിയപ്പോഴാണ് അത് തന്റെ സുഹൃത്തിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഫോട്ടോയെടുക്കാതെ തിരിച്ചുപോരുകയും ചെയ്തു.

ആശുപത്രി മോർച്ചറിയിൽനിന്ന് പെട്ടെന്ന് വിളിവന്നപ്പോൾ ഒരിക്കൽ ഒരു ബൈക്കിന് കൈകാട്ടി ശുഹൈബ് സ്ഥലത്തെത്തിയിരുന്നു. അതേ ബൈക്കുകാരന്റെ മൃതദേഹത്തിന്റെ ഫോട്ടോ പിറ്റേന്ന് എടുക്കേണ്ടിവന്ന അനുഭവവും തനിക്കുണ്ടായിട്ടുണ്ടെന്ന് ശുഹൈബ് പറയുന്നു.

ജീവിതവും കാഴ്ച്ചപ്പാടും മാറിയ ഫോട്ടോയെടുപ്പ്

പലരും ഫോട്ടോഗ്രാഫിയിലേക്ക് വരുന്നത് ക്യാമറയോടും ഫോട്ടോഗ്രാഫിയോടുമൊക്കെയുള്ള താൽപര്യം കൊണ്ടാണെങ്കിൽ ജീവിക്കാൻ മറ്റൊരു വഴിയില്ലാതെയാണ് ശുഹൈബ് സ്റ്റുഡിയോയിലെത്തിയത്. അന്ന് എളേപ്പയ്ക്ക് സ്റ്റുഡിയോയ്ക്ക് ഒപ്പം സൈക്കിൽ റിപ്പയറിങ് കേന്ദ്രവും ഉണ്ടായിരുന്നു. ഇവിടെ രണ്ടിടത്തയും ജോലിക്കാരനായിരുന്നു ശുഹൈബ്.

പൂവിനെയും പൂമ്പാറ്റയെയും മൃഗങ്ങളെയുമൊന്നും ക്യാമറയിൽ പകർത്താതെ താൻ മൃതദേഹത്തിന്റെ ഫോട്ടോയ്ക്ക് പുറകെ പോയതും ഒരു വിധിയായിരിക്കുമെന്ന് പറയുന്നു ശുഹൈബ്. 38 വർഷത്തിനിടെ ഒരുപാട് ജീവിതവും മൃതദേഹങ്ങളും കണ്ടു, പൊള്ളുന്ന അനുഭവങ്ങളെ നെഞ്ചേറ്റി. പേടിയേയും അറപ്പിനേയും പടിക്ക് പുറത്താക്കി. ജീവിച്ചിരിക്കുന്നതിനേയേ പേടിക്കേണ്ടതുള്ളൂ എന്ന തിരിച്ചറിവിലേക്ക് ശുഹൈബിനെ എത്തിച്ചതും ഈ മൃതദേഹങ്ങളാണ്.

മനുഷ്യൻ മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പണത്തിന്റെയുമെല്ലാം പേര് പറഞ്ഞ് പരസ്പരം കലഹിക്കുമ്പോൾ അവരൊടൊക്കെ ഒരു വാക്ക് മാത്രമേ ശുഹൈബിന് പറയാനുള്ളൂ. ഒരു വെള്ളത്തുണിക്ക് കീഴെ, അല്ലെങ്കിൽ ഒരു പോസ്റ്റ്‌മോർട്ടം മേശയിൽ പലരൂപത്തിൽ എത്തിപ്പെടേണ്ടവരാണ് നമ്മളെല്ലാം. അവിടെ കൂട്ടിന് മറ്റാരും ഉണ്ടാകില്ല എന്ന തിരിച്ചറിവുണ്ടായാൽ മാത്രം മതി.

Content Highlights: Photographer Shuhaib accidentally clicked his mother's mutilated body at age 17., He has documented over 2,000 unknown bodies in 38 years., He also experienced the heartbreak of identifying his close friend Biju's body through a gifted ring.