‘കൽപ്പാത്തിക്ക് പോകലാമാ..?’ തേരോർമകൾക്ക് കാലം സാക്ഷി, തലമുറകളെ ചേർത്തുപിടിക്കുന്ന രഥോത്സവം

#വി. ഹരിഗോവിന്ദൻ
കൽപ്പാത്തി രഥോത്സവക്കാഴ്ച | Photo: Mathrubhumi
കൽപ്പാത്തി രഥോത്സവക്കാഴ്ച | Photo: Mathrubhumi

“കൽപ്പാത്തിക്ക് പോകലാമാ...?” തമിഴ് മാസമായ ഐപ്പശി പിറക്കുമ്പോൾ ലോകത്തിന്റെ ഏതു കോണിലായിരുന്നാലും കൽപ്പാത്തിക്കാരുടെ മനസ്സിൽ ഉയരുന്ന ചോദ്യമാണിത്. ഒരു ഉത്സവത്തിലേക്കുള്ള യാത്ര എന്നതിലുപരി, ഓർമ്മകളിലേക്കും സൗഹൃദങ്ങളിലേക്കും ആത്മബന്ധങ്ങളിലേക്കുമുള്ള മടക്കയാത്ര കൂടിയാണ് അവർക്ക് കൽപ്പാത്തി രഥോത്സവം. തലമുറകൾ മാറി, കാലം മാറി, ആഘോഷരീതികൾ മാറി. പക്ഷേ, കൽപ്പാത്തിയോടുള്ള സ്നേഹത്തിനും തേരിനോടുള്ള കാത്തിരിപ്പിനും ഇന്നും മാറ്റമില്ല.

ഇരട്ടക്കാളവണ്ടിയിലേറി തേരുകാണാൻ പോയ കാലം

“നൂറണിയിലെ അമ്മാമന്റെ വീട്ടിൽ ഇരട്ടക്കാളവണ്ടിയുണ്ടായിരുന്നു. അതിലാണ് കൽപ്പാത്തി തേരുകാണാൻ പോയിരുന്നത്. പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് പെൺകുട്ടികൾ ആവേശത്തോടെ കാളവണ്ടിയിൽ കൽപ്പാത്തിയിലെത്തും.” നൂറണിയിലെ അത്താച്ചീസ് മഠത്തിൽ പ്രിയപ്പെട്ടവർ അത്താച്ചിമാമി എന്നു വിളിക്കുന്ന അലമേലു സുബ്രഹ്മണ്യത്തിന്റെ (89) മുഖത്ത് തേരുനാൾ രാത്രിയിലെ നിലാവ് വിടർന്നു.

“എൻ.എസ്. അലമേലുമങ്കാൾ എന്നാണ് എന്റെ മുഴുവൻ പേര്. പുതിയ കൽപ്പാത്തിയിൽ ബന്ധുവായ ചൂഡാമണി അയ്യരുടെ വീടുണ്ട്. കുട്ടികളെ അവിടെ കൊണ്ടാക്കും. അക്കാലത്ത് വെളിച്ചത്തിന് പെട്രോമാക്സുകളായിരുന്നു ഉപയോഗിച്ചിരുന്നത്. പെട്രോൾ നിറച്ച് വെളുത്ത മാൻ്റിൽ ഘടിപ്പിച്ച് ഗ്യാസ് പമ്പ് ചെയ്ത് കത്തിക്കുന്ന പെട്രോമാക്സുകളുടെ സ്ഥാനം ഇപ്പോൾ സോളാർ വിളക്കുകൾ കൈയടക്കിക്കഴിഞ്ഞു. അഞ്ചാം തിരുനാളിന് രാത്രിയിൽ ദേവസംഗമം കാണാൻ പോയതൊക്കെ ഇന്നും ഓർമയുണ്ട്...” മാമി നിറഞ്ഞ ചിരിയോടെ പറഞ്ഞു.

തേരിന് പോകുമ്പോൾ വീട്ടിൽനിന്ന് തേരുകാശ് തരും. വലിയ സന്തോഷമായിരുന്നു അത്. ഒരണയോ രണ്ടണയോ ആണ് ലഭിക്കുക. എട്ടണയായാലാണ് ഇന്നത്തെ 50 പൈസ. പക്ഷേ, അന്ന് ആ തുക മതിയായിരുന്നു. തേരുകടയിൽനിന്ന് കുപ്പിവളയും കുങ്കുമവുമൊക്കെ വാങ്ങും. ആ പഴയകാലം ഓർത്തെടുക്കുമ്പോൾ മാമിയുടെ മുഖത്ത് ഇന്നും അതേ കുട്ടിക്കാലത്തെ സന്തോഷം.

“ഞങ്ങൾ അമ്മാമനൊപ്പം വടക്കന്തറ കാവിന്റെ മുന്നിലൂടെ നടന്ന് ചുണ്ണാമ്പുത്തറ വഴി കൽപ്പാത്തിക്ക് തേരിന് പോകുമായിരുന്നു...” അമ്മയുടെ അരികിലിരുന്ന മൂത്തമകൾ ജയശ്രീ സുബ്രഹ്മണ്യവും ഓർമകളുടെ ചെപ്പുതുറന്നു.

മുതിർന്നവർ കുട്ടികളെയും കൂട്ടി അതിരാവിലെ കൽപ്പാത്തിപ്പുഴയിൽ കുളിക്കാൻ പോകും. തെളിഞ്ഞ വെള്ളത്തിൽ കുളിച്ചുകഴിഞ്ഞാൽ അമ്പലത്തിലേക്ക്. അന്ന് ചായക്കടകളും ഹോട്ടലുകളും കുറവായിരുന്നു. ഇന്നത്തെപ്പോലെ തേരുസദ്യയും അന്നദാനവുമൊന്നും അത്ര പതിവില്ല. വീടുകളിലെ മുതിർന്ന സ്ത്രീകൾ എല്ലാവർക്കും വേണ്ട ഭക്ഷണം തയ്യാറാക്കും. ബേക്കറി പലഹാരങ്ങളും അപൂർവം. കഴിഞ്ഞ ദിവസം കൽപ്പാത്തിയിൽ പോയപ്പോൾ സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും യൂണിഫോമണിഞ്ഞ യുവാക്കൾ കടന്നുപോകുന്നതു കണ്ടു. പുതിയ കാലമല്ലേ... മാമിയുടെ വാക്കുകളിൽ കാലം വരുത്തിയ മാറ്റങ്ങളുടെ കൗതുകം.

കൽപ്പാത്തി രഥോത്സവക്കാഴ്ച | Photo: Mathrubhumi

കണ്ണിൽ കാന്തവിളക്കുമായി കൽപ്പാത്തി

കാണുന്നവരെയെല്ലാം മോഹിപ്പിക്കുന്ന എന്തോ ഒന്ന് കൽപ്പാത്തിക്കുണ്ട്. ഒരിക്കൽ കണ്ടവരുടെ കണ്ണിൽ കാന്തവിളക്കായി എന്നും തെളിയുന്ന കാഴ്ച. “കാലുകളിൽ ചെരിപ്പില്ലാത്ത കാലമായിരുന്നു അത്. പുറംനാടുകളിലൊക്കെ ജോലിക്കുപോയി തിരിച്ചുവരുന്നവരുടെ കാലിൽ ചെരിപ്പുണ്ടാകും. മറ്റെല്ലാവരും നഗ്നപാദരായാണ് നടന്നിരുന്നത്. തേരുദിവസം രാവിലെ കുണ്ടമ്പലത്തിൽ പോയി തൊഴുതുവരും.” നൂറണി അത്താച്ചീസ് മഠത്തിലിരുന്ന് അലമേലു സുബ്രഹ്മണ്യം മകളോടൊപ്പം തേരോർമകൾ പങ്കുവച്ചു.

വിവാഹശേഷം ഭർത്താവിനൊപ്പം ഡൽഹിയിലും എറണാകുളത്തുമെല്ലാമായി ജീവിതത്തിരക്കുകളിലായിരുന്നു അലമേലു. കുട്ടികളെ സ്കൂളിൽ ചേർക്കാനുള്ള പ്രായമായപ്പോഴാണ് വീണ്ടും നൂറണിയിലെത്തിയത്. അപ്പോഴേക്കും കൽപ്പാത്തി മാറിത്തുടങ്ങിയിരുന്നു.

“കൽപ്പാത്തിയിൽ ഇത്രയധികം കടകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, തേരാകുമ്പോൾ കുണ്ടമ്പലത്തിനുമുന്നിലും പാതയോരത്തും തേരുകടകളെത്തും. ഇപ്പോൾ തേരുദിവസങ്ങളിൽ തൊഴാൻ പോകാൻ പോലും കഴിയാത്തത്ര തിരക്കാണ്. തേരുനാൾ അതിരാവിലെ അമ്മയ്ക്കൊപ്പം പോയി തൊഴുതുവരും...” ജയശ്രീ പറഞ്ഞു. “കുട്ടികൾക്ക് തേരുകാശ് കൊടുക്കണം. അവരുടെ സന്തോഷം കാണുമ്പോൾ മനസ്സ് വീണ്ടും കുട്ടിക്കാലത്തേക്ക് ഓടും...” അത്താച്ചിമാമി കൂട്ടിച്ചേർത്തു.

തേര് കൽപ്പാത്തിയിലാണെങ്കിലും നൂറണിയും തൊണ്ടിക്കുളവും തിരുനെല്ലായിയുമെല്ലാം തേരോർമകളിലേക്ക് ഓടിയെത്തും. കൽപ്പാത്തിക്ക് തൊട്ടടുത്തുള്ള കുമരപുരം, അംബികാപുരം, ശേഖരീപുരം, ഗോവിന്ദരാജപുരം, വൈദ്യനാഥപുരം, ചൊക്കനാഥപുരം തുടങ്ങിയ ഗ്രാമങ്ങളിലേക്കും അയൽവക്കത്തെ ഉത്സാഹത്തിന്റെ തിരകളെത്തും. തേരിന് കൊടിയേറിയാൽ കൽപ്പാത്തി ഉറങ്ങില്ല. പുലർച്ചെ നാലരയോടെ ഗ്രാമദേവതകൾക്കൊപ്പം ഉണർന്ന് നാമം ജപിക്കുന്ന മുതിർന്ന തലമുറ. അർധരാത്രി കഴിഞ്ഞും തുടരുന്ന ചടങ്ങുകൾ. ചാത്തപ്പുരത്തെ ഉത്സവസദ്യയ്ക്ക് വെയിലുദിക്കും മുമ്പേ നീളുന്ന നിര.

കൽപ്പാത്തിയെക്കുറിച്ച് കേട്ടറിഞ്ഞും വായിച്ചറിഞ്ഞും എത്തുന്നവർ ഗ്രാമത്തിലെ മുക്കും മൂലയും സെൽഫി ഇടങ്ങളാക്കി മാറ്റുന്നു. പഴയ കൽപ്പാത്തിയിൽ കോളേജ് യൂണിഫോമിലെത്തിയ കുട്ടികൾ സംഘനൃത്തച്ചുവടുകളുമായി വൈറലാകാൻ ഒരുങ്ങുന്നു. ചിലരാകട്ടെ പഴയകാലത്തെ ഓർമിപ്പിക്കാൻ മുടി പിന്നി, മുല്ലപ്പൂ ചൂടി, ദാവണിയും ബ്ലൗസുമണിഞ്ഞാണ് എത്തുന്നത്. പുഞ്ചിരിയിൽ മുഖങ്ങൾ പകൽവെയിലിനെക്കാൾ തിളങ്ങുന്നു. പോയകാലത്തെ തേരോർമകൾ മനസ്സിലാവാഹിക്കുമ്പോൾ പുതിയ കാലം സുന്ദരനിമിഷങ്ങളെ റീൽസുകളിലേക്ക് പകർത്തുന്നു.

കൽപ്പാത്തി രഥോത്സവക്കാഴ്ച | Photo: Mathrubhumi

അഗ്രഹാരങ്ങളുടെ വഴികളിലൂടെ...

കൽപ്പാത്തി എന്നു കേട്ടാൽ പലർക്കും അറിയാവുന്നത് രഥോത്സവം മാത്രമായിരിക്കും. എന്നാൽ കേരളത്തിലെ ഏറ്റവും നീളം കൂടിയ അഗ്രഹാരത്തെരുവായ പുതിയ കൽപ്പാത്തി മുതൽ പഴയ കൽപ്പാത്തിയും ചാത്തപ്പുരവും പന്ത്രണ്ടാം തെരുവും പൂഷ്ണിക്കാത്തെരുവുമെല്ലാം ചേർന്നതാണ് ഈ പൈതൃകഗ്രാമത്തിന്റെ വിസ്മയലോകം.

പുതിയ കൽപ്പാത്തിയിലെ മന്തക്കര മഹാഗണപതിക്ഷേത്രം മുതൽ കുണ്ടമ്പലം വരെ ഇരുവശങ്ങളിലുമായി നിരനിരയായി വീടുകൾ. മന്തക്കരയ്ക്ക് വലതുഭാഗത്ത് സിംഗിൾ സ്ട്രീറ്റ്. ആ വഴി ഗോവിന്ദരാജപുരത്തേക്കും വൈദ്യനാഥപുരത്തേക്കും പോകാം. കിഴക്ക്-പടിഞ്ഞാറ് ദിശയിൽ പുതിയ കൽപ്പാത്തിയും പടിഞ്ഞാറ് പഴയ കൽപ്പാത്തിയും. രണ്ട് അഗ്രഹാരങ്ങളെയും കൂട്ടിയിണക്കുന്നത് വിശാലാക്ഷീസമേത വിശ്വനാഥ പെരുമാൾ ക്ഷേത്രവും മുന്നിലെ ദേവരഥങ്ങളുടെ സംഗമത്തിന് തുടക്കമിടുന്ന തേരുമുട്ടിയും.

അപ്പുറത്ത് പന്ത്രണ്ടാം തെരുവും കൽചട്ടിത്തെരുവും. പന്ത്രണ്ടാം തെരുവിന്റെ തുടക്കത്തിൽ രാമധ്യാനമഠം എന്ന ആഞ്ജനേയക്ഷേത്രം. വളവുതിരിഞ്ഞ് നടന്നാൽ ക്ഷേത്രം മാനേജിങ് ട്രസ്റ്റിമാരായ പാലക്കാട്ടുശ്ശേരി രാജവംശത്തിന്റെ കേന്ദ്രമായ വി.കെ. ഇടം എന്ന അച്ചൻപടി. അവിടെനിന്ന് നേരെ നോക്കിയാൽ പൂഷ്ണിക്കാത്തെരുവ്. ഒരറ്റത്ത് വിശ്വനാഥസ്വാമിക്ഷേത്രത്തിന്റെ ഗോപുരവും കാണാം.

പഴയ കൽപ്പാത്തിയിലെ ലക്ഷ്മീനാരായണ പെരുമാൾ കോവിലിനു പിന്നിലൂടെ കടന്നുപോകുന്ന പപ്പടക്കാരത്തെരുവ്. മുന്നോട്ടുനടന്ന് ചാത്തപ്പുരത്തേക്ക് തിരിയുമ്പോൾ മിനർവ ബിൽഡിങ് എന്ന പേരിലുള്ള പൂട്ടിക്കിടക്കുന്ന കെട്ടിടം. അതിന്റെ ചുവരുകളിൽ എവിടെയെങ്കിലും സി.എം. സുന്ദരം എന്ന പേര് മറഞ്ഞുകിടപ്പുണ്ടോ? മുൻമന്ത്രിയും പാലക്കാട് എം.എൽ.എയുമായിരുന്ന, സാധാരണക്കാരനെപ്പോലെ ജീവിച്ച അഗ്രഹാരത്തിലെ സോഷ്യലിസ്റ്റ് നേതാവായ സി.എം. സുന്ദരത്തിന്റെ വീടാണത്. കുറച്ചുകൂടി മുന്നോട്ടുനടന്ന് വലത്തോട്ട് തിരിഞ്ഞാൽ ഇരട്ടത്തെരുവിന്റെ അറ്റത്തായി പ്രസന്ന മഹാഗണപതിക്ഷേത്രമുള്ള ചാത്തപ്പുരം.

പവനരച്ചെഴുതുന്നു കോലങ്ങളെന്നും...

“പവനരച്ചെഴുതുന്നു കോലങ്ങളെന്നും...” മേലാർകോട് ഗ്രാമക്കാരനായ എസ്. ബാലകൃഷ്ണൻ ഈണമിട്ട, 'വിയറ്റ്നാം കോളനി' എന്ന മോഹൻലാൽ ചിത്രത്തിലെ ഈ വരികൾ ഒരിക്കലെങ്കിലും കേൾക്കാത്ത മലയാളികളുണ്ടാവില്ല. കൽപ്പാത്തിയിലെ പുലരികൾ മനസ്സിലെത്തുമ്പോൾ ഈ വരികളും ഓർമയിലെത്തും.

തമിഴ് ആചാരത്തനിമയുടെ അടയാളമാണ് വീടുകൾക്കുമുന്നിലെ പൊടിക്കോലങ്ങൾ. സൂര്യനുദിക്കും മുമ്പേ നടുവാശലിൽ മംഗളസൂചകമായി കോലം വരയ്ക്കും. മുത്തശ്ശിമാരിൽനിന്ന് അമ്മമാരിലേക്കും പെൺമക്കളിലേക്കും തലമുറകളായി കൈമാറിവരുന്ന കലാവിരുത്. അരിമാവുകൊണ്ടുള്ള കോലങ്ങൾ ഉത്സവനാളുകളിൽ കളർപ്പൊടികൾകൂടി ഉപയോഗിച്ച് കൂടുതൽ വലുതും മനോഹരവുമാകും. മാക്കോലങ്ങളും വീടുകൾക്കുമുന്നിൽ അണിനിരക്കും.

മധ്യകേരളത്തിലെ ഉത്സവങ്ങൾക്ക് തിരുവില്വാമല നിറമാല തുടക്കമിടുന്നതുപോലെ പാലക്കാടൻ ഗ്രാമങ്ങളിലെ ഉത്സവങ്ങൾക്ക് പുതുക്കോട്ടെയും കൊടുന്തിരപ്പുള്ളിയിലെയും നവരാത്രി ആഘോഷങ്ങളോടെയാണ് തുടക്കം. ദീപങ്ങളുടെ ഉത്സവമായ ദീപാവലിയും അഗ്രഹാരങ്ങൾക്ക് പ്രധാനമാണ്. തുലാം മാസത്തിന്റെ അവസാനനാളുകളിൽ കൽപ്പാത്തി തേര് കഴിഞ്ഞാൽ പിന്നെ ദീപങ്ങളുടെ തൃക്കാർത്തിക.

ധനുമാസത്തിൽ തിരുവാതിരനാളിൽ കൊടുവായൂരിലും അയിലൂരിലും ചൊക്കനാഥപുരത്തും ഉത്സവമൂർത്തികൾ രഥാരോഹണം നടത്തും. മേടമാസത്തിൽ അഗ്രഹാരങ്ങളിൽ വസന്തോത്സവവേളയാണ്. കുമരപുരം, ഗോവിന്ദരാജപുരം, ശേഖരീപുരം, തൊണ്ടിക്കുളം, നൂറണി, ആലമ്പള്ളം പെരുമാൾ കോവിൽ എന്നിവിടങ്ങളിലെല്ലാം രഥോത്സവങ്ങളുണ്ട്. മകരമാസത്തിൽ നൊച്ചൂരിൽ നടക്കുന്ന രഥോത്സവത്തിനും പ്രത്യേകതയേറെയാണ്. ഭഗവതിക്ക് രഥോത്സവം നടക്കുന്ന ഏക കേന്ദ്രം ഇതാണ്.

കൽപ്പാത്തി രഥോത്സവക്കാഴ്ച | Photo: Mathrubhumi

ആചാരങ്ങൾക്ക് പിന്നിലെ വൈദിക പാരമ്പര്യം

ഗ്രാമപുരോഹിതരുടേതാണ് വൈദികകാര്യങ്ങളിലെ അവസാനവാക്ക്. ജനനം മുതൽ മരണം വരെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പുരോഹിതരുടെ സാന്നിധ്യം ഗ്രാമജീവിതത്തിൽ ഒഴിവാക്കാനാവില്ല. ഉത്സവങ്ങളും ഇതിൽനിന്ന് വ്യത്യസ്തമല്ല. ഉത്സവത്തിന് കൊടിയേറുന്നതിനു മുമ്പുതന്നെ ക്ഷേത്രങ്ങളിൽ ചടങ്ങുകൾ ആരംഭിക്കും. ഓരോ ഗ്രാമത്തിലും കൊടിയേറുന്നതിന്റെ തലേന്ന് വാസ്തുശാന്തി, പ്രതിസരം തുടങ്ങിയ ചടങ്ങുകൾ നടക്കും.

കൊടിയേറ്റംപോലും ആചാരപരമായ ചടങ്ങുകളോടെയാണ്. വൈഷ്ണവക്ഷേത്രങ്ങളിൽ വൈഖാനസ ആഗമവിധിപ്രകാരമാണ് ചടങ്ങുകൾ. ശിവക്ഷേത്രങ്ങളിലും മന്തക്കര മഹാഗണപതിക്ഷേത്രത്തിലുമെല്ലാം കാമികാഗമം എന്നറിയപ്പെടുന്ന ശൈവാഗമവിധിയനുസരിച്ചാണ് ചടങ്ങുകളെന്ന് പാലക്കാട്ടെ മുതിർന്ന വൈദികരിലൊരാളും തന്ത്രിയുമായ കുമരപുരം രാമഗോവിന്ദ ഭട്ടാചാര്യർ പറയുന്നു.

കൊടിയേറിയാൽ രഥോത്സവം വരെയുള്ള ദിവസങ്ങളിൽ ഹംസം, മൃഗേന്ദ്രൻ (സിംഹം), കപിരാജൻ (ഹനുമാൻ), വിഹഗനാഥൻ (ഗരുഡൻ), ഫണീന്ദ്രൻ, കരിരാജൻ, പുഷ്പയാനം, അശ്വം തുടങ്ങിയ വാഹനങ്ങളിൽ ഉത്സവമൂർത്തികളെ എഴുന്നള്ളിക്കും. രഥപ്രയാണത്തിനുശേഷം പല്ലക്കിലും എഴുന്നള്ളത്തുണ്ടാകും. പുതിയ കൽപ്പാത്തിയിൽ രഥാരോഹണത്തിനു മുന്നോടിയായുള്ള എഴുന്നള്ളത്തുകളിൽ ഏറ്റവും പ്രധാനം അശ്വവാഹനമാണ്. പഴയ കൽപ്പാത്തിയിൽ ആഞ്ജനേയവാഹനവും ഗരുഡവാഹനവും ചാത്തപ്പുരത്ത് മൂഷികവാഹനവും ഏറി ഉത്സവമൂർത്തികൾ എഴുന്നള്ളുമ്പോൾ അഗ്രഹാരങ്ങൾ ഭക്തിനിർഭരമാകും.

വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ ഋഷഭവാഹനത്തിനു പുറമേ ഗണപതിക്ക് മൂഷികവാഹനവും സുബ്രഹ്മണ്യസ്വാമിക്ക് മയിൽവാഹനവുമായി ചെറിയ രഥങ്ങളിലാണ് എഴുന്നള്ളത്ത്. ദിവസേനയുള്ള എഴുന്നള്ളത്തുകൾക്കുള്ള അലങ്കാരത്തിന് ശരാശരി നൂറ് കിലോയിലേറെ പൂക്കൾ വേണ്ടിവരുമെന്ന് പഴയ കൽപ്പാത്തി ക്ഷേത്രം മാനേജിങ് ട്രസ്റ്റി സി.എസ്. മഹേഷ് പറയുന്നു.

രാത്രിയിലെ എഴുന്നള്ളത്തുകൾ വീടുകൾക്കുമുന്നിലെത്തുമ്പോൾ മണ്ഡലപ്പടി എന്നറിയപ്പെടുന്ന നിവേദ്യം തയ്യാറാക്കി ദേവതകൾക്ക് സമർപ്പിക്കും. പിന്നീട് ഗ്രാമവീഥിയിലെത്തുന്ന ഭക്തർക്ക് പ്രസാദമായി നൽകും. ലഡു, ജിലേബി, വട, ബജി തുടങ്ങിയവയുടെ നാടൻ രുചിയറിയാനുള്ള അവസരം കൂടിയാണിത്. പഴയ കൽപ്പാത്തിയിലെ ആഞ്ജനേയവാഹനത്തിന്റെ അലങ്കാരത്തിന് പതിനായിരത്തിലേറെ ഉഴുന്നുവടകളാണ് ഉപയോഗിക്കുന്നത്.

ആത്മബന്ധങ്ങളുടെ സംഗമോത്സവം

“തേര് കൂടുക” എന്നാണ് പാലക്കാട്ടുകാർ പറയുന്നത്. അതൊരു വൈകാരികമായ അനുഭവമാണ്. ചിറ്റൂരുകാർക്ക് കൊങ്ങൻപടയും ഒറ്റപ്പാലത്തുകാർക്ക് ചിനക്കത്തൂർ പൂരവും പോലെയാണ് കൽപ്പാത്തിക്കാർക്ക് രഥോത്സവം. സൗഹൃദങ്ങളും ആത്മബന്ധങ്ങളും വീണ്ടും വീണ്ടും ഒത്തുചേരാൻ പ്രേരിപ്പിക്കുന്ന ആഘോഷം. വിദൂരഗ്രാമങ്ങളിൽനിന്നും കേരളത്തിന് പുറത്തുനിന്നും ബന്ധുജനങ്ങൾ കൽപ്പാത്തിയിലെത്തും. അക്കാലത്ത് കൽപ്പാത്തിയിൽ തേരിനെത്താൻ ആരോടും ചോദിക്കേണ്ടതില്ലെന്നായിരുന്നു പറയാറ്. പരിമിതമായ സൗകര്യങ്ങളിലും സന്തോഷം കണ്ടെത്തുന്ന കാലം.

പാലക്കാട്ടെത്തും മുമ്പുതന്നെ കൽപ്പാത്തിയെക്കുറിച്ചും അവിടത്തെ സാമൂഹികജീവിതത്തെക്കുറിച്ചും കേട്ടറിഞ്ഞിരുന്നു. 1972 ഓഗസ്റ്റിലാണ് പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം മുൻമേധാവിയും എഴുത്തുകാരനുമായ പ്രൊഫ. പി.എ. വാസുദേവൻ പാലക്കാട്ടെത്തിയത്.

“അന്ന് കൽപ്പാത്തിപ്പുഴയ്ക്ക് കുറുകെ പുതിയ പാലമൊന്നുമില്ല. വീതികുറഞ്ഞ മൺപാതകളിലൂടെ നടന്നാണ് കൽപ്പാത്തിയിലെത്തിയിരുന്നത്. രാമധ്യാനമഠത്തിൽ കച്ചേരികൾ നടക്കും. വരുന്നവർ നിലത്തിരുന്ന് കച്ചേരി കേൾക്കും. പാലക്കാട് മണി അയ്യരുടെയൊക്കെ നേതൃത്വത്തിലായിരുന്നു ഈ ശ്രമങ്ങൾ. പക്ഷേ, അക്കാലത്ത് തേരുകാലത്ത് നല്ല തണുപ്പുണ്ടായിരുന്നു. പാലക്കാടൻ കാറ്റെന്ന് വിളിച്ച കാറ്റ് ചുരംകടന്ന് മൂളിക്കുതിച്ചെത്തും. ആ കാറ്റിൽ അരയാലിലകളിലും സംഗീതം ഉണരും.”

ഒരിക്കൽ അധ്യാപകനും നടനും എഴുത്തുകാരനുമായ നരേന്ദ്രപ്രസാദ് വിളിച്ച് കൽപ്പാത്തി തേര് കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. മടപ്പള്ളി കോളേജിലെ സഹപ്രവർത്തകനായിരുന്നു അദ്ദേഹം. കുറച്ചുകാലം വിക്ടോറിയ കോളേജിലും പഠിപ്പിച്ചിരുന്നതായി അറിയാം. പിന്നീട് നരേന്ദ്രപ്രസാദ് കൽപ്പാത്തിയെ ഉൾക്കൊണ്ട് ഒരു ചെറുനോവലും എഴുതി. മാതൃഭൂമിയാണ് അത് പ്രസിദ്ധീകരിച്ചത്. പ്രൊഫ. വാസുദേവൻ ഓർത്തെടുത്തു.

സംഗീതം പൂക്കുന്ന അഗ്രഹാരങ്ങൾ

തഞ്ചാവൂരിൽ പിറന്ന ശാസ്ത്രീയസംഗീതം കൽപ്പാത്തിയിൽ വളർന്നുവെന്നൊരു ചൊല്ലുണ്ട്. പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റി സെക്രട്ടറി പി.എൻ. സുബ്ബരാമൻ പറയുന്നു. കൽപ്പാത്തിയിൽ വന്ന് പാടുന്നത് വലിയ ഗായകർ ഒരു ബഹുമതിയായാണ് കരുതിയിരുന്നത്. ആദ്യകാലങ്ങളിൽ തേരിനെത്തുന്ന ഗായകർ മഠങ്ങൾക്കുമുന്നിൽ രണ്ട് കട്ടിലുകളോ നാല് ബഞ്ചുകളോ ചേർത്തുണ്ടാക്കുന്ന താത്കാലിക വേദിയിൽ ജമുക്കാളം വിരിച്ചിരുന്നാണ് പാടിയിരുന്നത്. വലിയ സംഗീതസഭകളിൽ പാടുന്ന അതേ ഗൗരവത്തോടെ. സദസ്സുകൾ ചെറുതായിരുന്നെങ്കിലും കൈയടിക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല.

പല്ലക്കുകച്ചേരികളിൽ നാദസ്വരത്തോടായിരുന്നു എന്നും കൽപ്പാത്തിക്ക് പ്രിയം. കാരാക്കുറുച്ചി അരുണാചലം, ഷേക്ക് ചിന്നമൗലാ സാഹിബ്, നാമഗിരിപ്പേട്ട കൃഷ്ണൻ, കുഴിക്കര പിച്ചയ്യപ്പ, വേദാരണ്യം വേദമൂർത്തിപ്പിള്ളൈ, മധുരൈ പൊന്നുത്തായ്, നല്ലേപ്പിള്ളി സഹോദരന്മാർ, കൊടുവായൂർ പൊന്നൻ, അമ്പലപ്പുഴ സഹോദരന്മാർ, പി.എസ്. വീരാസ്വാമി തുടങ്ങിയവർ കൽപ്പാത്തിയിലെത്തിയിരുന്നു. വളങ്കൈമാൻ, രാഘവപ്പിള്ളൈ, തത്തമംഗലം പൊന്നുസ്വാമി, തെൻചിറ്റൂർ സുന്ദരം, കെ.എ. കലിയമൂർത്തി തുടങ്ങിയവരും തേരുത്സവത്തിന്റെ സംഗീതസാന്നിധ്യങ്ങളായിരുന്നു.

എം.ഡി. രാമനാഥനും ചെമ്പൈയും ഡി.കെ. പട്ടമ്മാളുമെല്ലാം അഗ്രഹാരത്തിന് പ്രിയപ്പെട്ടവരായിരുന്നു. ഇന്നും ആ സംഗീതപ്രിയത്തിന് കുറവൊന്നുമില്ല. പക്ഷേ, നേരിട്ടെത്തി കച്ചേരി കേൾക്കുന്നതിനേക്കാൾ എളുപ്പം വീടിന്റെ സ്വസ്ഥതയിലിരുന്ന് യൂട്യൂബിലൂടെ സംഗീതം ആസ്വദിക്കുന്ന രീതിയിലേക്ക് പുതിയ തലമുറ മാറുന്നുണ്ടോ എന്ന സംശയവും പി.എൻ. സുബ്ബരാമൻ പങ്കുവയ്ക്കുന്നു.

1957-58 കാലത്ത് കോളേജിൽ പഠിക്കുന്ന സമയത്താണ് കൊടുവായൂരിനടുത്ത നൊച്ചൂരിൽനിന്ന് കൽപ്പാത്തിയിലെത്തിയിരുന്നതെന്ന് അദ്ദേഹം ഓർക്കുന്നു. ചേട്ടൻ പി.എൻ. രാമചന്ദ്രന്റെ ഭാര്യയുടെ വീട് കൽപ്പാത്തിയിലുണ്ടായിരുന്നു. അവിടെ താമസിക്കാം. കോട്ടമൈതാനത്ത് ബസ്സിറങ്ങി കൽപ്പാത്തിയിലേക്ക് നടക്കണം. അല്ലെങ്കിൽ കിണാശ്ശേരിയിൽനിന്ന് കൽപ്പാത്തിവഴി ഒലവക്കോട്ടേക്ക് പോകുന്ന രണ്ടാം നമ്പർ പി.സി.ടി. ബസ്സിൽ വരാം.

പഴയ കൽപ്പാത്തി കടവിൽനിന്ന് പുഴയിറങ്ങിക്കടന്നാൽ ഒലവക്കോടായി. തീവണ്ടിയിറങ്ങി കൽപ്പാത്തിയിലേക്ക് വരുന്നവർ പുഴയിലിറങ്ങി നടന്നിരുന്നു. പുഴയിൽ പരന്നുകിടന്നിരുന്ന പഞ്ചാരമണൽപ്പരപ്പ് ഇന്നും ഓർമയിലുണ്ട്. “ഇന്ന് പുഴയിലിറങ്ങാൻ പേടിയാകും. മണൽ കാണാനേയില്ല. പുഴയ്ക്കുവന്ന മാറ്റം ദുഃഖിപ്പിക്കുന്നുണ്ട്.” കഴിഞ്ഞ മുപ്പതുവർഷമായി അംബികാപുരത്ത് താമസമുറപ്പിച്ചതോടെ കൽപ്പാത്തിയുമായുള്ള ബന്ധം കൂടുതൽ ദൃഢമായെന്നും അദ്ദേഹം പറയുന്നു.

ഓർമയുടെ തീരാത്ത മേളങ്ങൾ

ചാത്തപ്പുരം ഗ്രാമത്തിന്റെ തലയ്ക്കലുള്ള തേരുപുര കഴിഞ്ഞാൽ പിന്നിൽ പാടമാണ്. പാടവരമ്പിന്റെ തുടക്കത്തിൽ മുളകൊണ്ട് അഴിയിട്ട ഒരു കടമ്പ. അത് ചാടിക്കടന്നുവേണം പുറത്തേക്കെത്താൻ. രാവിലെ വിക്ടോറിയ കോളേജിലേക്ക് ഒരു നടത്തമുണ്ട്. തേര് എത്തിയാൽ പിന്നെ ഓരോരുത്തർക്കും ഓരോ ചുമതലകൾ. വൈദികചടങ്ങുകൾക്കൊന്നും മാറ്റമില്ല. പക്ഷേ, കേട്ടറിഞ്ഞും വായിച്ചറിഞ്ഞും എത്തുന്നവരുടെ തിരക്ക് കൂടി. ചാത്തപ്പുരത്തിന്റെ മുതിർന്ന പൗരനെന്ന വിശേഷണത്തോടെ സി.കെ. രാമനാഥൻ (88) പഴയ ഓർമകൾ പങ്കുവച്ചു.

കൽപ്പാത്തിപ്പുഴയ്ക്ക് കുറുകെ പുതിയ പാലം വരുന്നതിനുമുമ്പുള്ള കാലം. ഗവ. വിക്ടോറിയ കോളേജിൽനിന്ന് ഫിസിക്സിൽ ബി.എസ്.സി. പൂർത്തിയാക്കിയ ശേഷമാണ് രാമനാഥൻ മുംബൈയിലെത്തിയത്. ബാബാ അറ്റോമിക് റിസർച്ച് സെന്ററിലായിരുന്നു ആദ്യജോലി. പിന്നീട് ജോലി ഉപേക്ഷിച്ച് സ്വന്തം ബിസിനസ് ആരംഭിച്ചു.

“തേരിനും കുംഭാഭിഷേകത്തിനുമൊക്കെ ഞങ്ങൾ എത്താറുണ്ട്. ഇത്തവണ സഹോദരനും സഹോദരിയും കൂടെയുണ്ടെന്നത് സന്തോഷമാണ്,” രാമനാഥന്റെ ഭാര്യ ഡോ. ദേവകി രാമനാഥൻ പറഞ്ഞു. ബി.എ.ആർ.സി.യിൽനിന്ന് സീനിയർ സയന്റിസ്റ്റായാണ് ദേവകി വിരമിച്ചത്.

രാമനാഥന്റെ സഹോദരൻ സി.കെ. വെങ്കിടേശ്വരൻ, ഭാര്യ രാജി, സഹോദരി വിജയലക്ഷ്മി, മകൾ പ്രിയ അനന്തരാമൻ തുടങ്ങിയവരാണ് മുംബൈയിലെ വാഷിയിൽനിന്ന് ശനിയാഴ്ച ചാത്തപ്പുരത്തെത്തിയത്. അതിഥികൾക്ക് താമസിക്കാൻ ഇപ്പോൾ ചാത്തപ്പുരത്തും സൗകര്യമുണ്ട്. ചാത്തപ്പുരത്തെ രുക് രാം എന്ന മഠത്തിലായിരുന്നു ഇവരുടെ താമസം. ശനിയാഴ്ച രാത്രി ചാത്തപ്പുരത്ത് നടന്ന മൂഷികവാഹനം കണ്ട് തൊഴാൻ കഴിഞ്ഞതിന്റെ സന്തോഷവും കുടുംബാംഗങ്ങൾ പങ്കുവച്ചു.

മിലിറ്ററി അക്കൗണ്ട്സിൽ ഉദ്യോഗസ്ഥനായിരുന്ന സി.എസ്. കല്യാണകൃഷ്ണന്റെയും മരഗതത്തിന്റെയും മക്കളാണിവർ. മധുര സ്വദേശിനിയാണ് ഡോ. ദേവകി. മക്കൾ മൂന്നുപേരും കാലിഫോർണിയയിലാണ്. കൂടെ പഠിച്ചവരും ബന്ധുക്കളുമെല്ലാം ഇപ്പോഴും ഗ്രാമത്തിലുണ്ട്. ഇടയ്ക്കിടെ ഓർമകളിലേക്ക് മടങ്ങാനും പഴയ സൗഹൃദങ്ങൾ പുതുക്കാനും തേര് അവസരമൊരുക്കുന്നു.

തേരിനൊപ്പം മധുരിക്കുന്ന നാട്ടുരുചികൾ

തൈരും കൂട്ടിയുള്ള ഊണിന് തൊട്ടുകൂട്ടാൻ നല്ല ഉശിരൻ കടുമാങ്ങാ അച്ചാർ, താമരവളയം കൊണ്ടാട്ടം, അരിക്കൊണ്ടാട്ടം, വടകം എന്നറിയപ്പെടുന്ന അരിപ്പപ്പടം, മാലാഡൂ, അതിരസം... കൽപ്പാത്തിയിൽനിന്ന് മടങ്ങുമ്പോൾ ഓരോരുത്തരും പ്രിയപ്പെട്ടവരെ ഓർത്ത് ഇതിൽ ചിലതെങ്കിലും പൊതിഞ്ഞുവാങ്ങും. തേര് സ്പെഷ്യൽ തിരിമിഠായിയും തെരുവോരങ്ങളിൽനിന്ന് പഴയ കുട്ടിക്കാലത്തെ തിരിച്ചുവിളിക്കുന്ന ചൈനീസ് പന്തുകളും വാങ്ങാൻ മറക്കാത്തവരുമുണ്ട്.

കൽപ്പാത്തി തേരുമുട്ടിക്കടുത്തുള്ള സ്റ്റാൻഡേർഡ് ബേക്കറിയിൽ എത്തുന്നവരും കുറവല്ല. കഴിഞ്ഞ അരനൂറ്റാണ്ടോളമായി അച്ഛന്റെ കാലം മുതൽ ബേക്കറിയിൽ തിരിമിഠായി തയ്യാറാക്കുന്നുണ്ടെന്ന് ഉടമ നന്ദകുമാർ പറയുന്നു. പഞ്ചസാര മാത്രം ഉപയോഗിച്ചാണ് തിരിമിഠായി ഉണ്ടാക്കുന്നത്. കോവിഡ് കാലത്തൊഴിച്ചാൽ എല്ലാ വർഷവും ആവശ്യക്കാർക്കായി ഇത് തയ്യാറാക്കാറുണ്ട്.

കൽപ്പാത്തി തെരുവോരത്ത് പത്തോളം കച്ചവടക്കാരെങ്കിലും ചൈനീസ് പന്തുകളുമായി ഇരിപ്പുണ്ടാകും. ചെറിയ റബർ ബാൻഡ് ഘടിപ്പിച്ച പന്ത് മുന്നോട്ടെറിഞ്ഞ് തിരിച്ചുപിടിക്കുകയാണ് കളി. പത്ത് രൂപയ്ക്ക് ചെറിയ പന്തും മുപ്പത് രൂപയ്ക്ക് കുറച്ചുകൂടി വലിയ പന്തും ലഭിക്കും.

വർഷം ആയിരത്തിലേറെ പന്തുകൾ വിൽക്കാറുണ്ടെന്ന് ദിണ്ടിഗലിൽനിന്ന് കച്ചവടത്തിനെത്തിയ അബുതാഹിർ പറയുന്നു. കഴിഞ്ഞ മുപ്പതുവർഷമായി ചൈനീസ് പന്ത് വിൽക്കാൻ അദ്ദേഹം കൽപ്പാത്തിയിലെത്തുന്നുണ്ട്.

തേര് ഉത്സവം മാത്രമല്ല, ഒരു വിപണനമേള കൂടിയാണ്. സാധാരണക്കാരായ കച്ചവടക്കാർക്ക് ഒരു സീസണിലേക്കുള്ള വരുമാനവും ഊർജവും നൽകുന്ന ആഘോഷം.

കൽപ്പാത്തി രഥോത്സവക്കാഴ്ച | Photo: Mathrubhumi

അടുത്ത ഐപ്പശിക്കായുള്ള കാത്തിരിപ്പ്

രഥസംഗമം കഴിഞ്ഞ് തേരുകൊട്ടിന്റെ കൊലുമ്പലുകൾ ഉച്ചസ്ഥായിയിലെത്തും. പിന്നെ പതുക്കെ മേളങ്ങൾ അവസാനിക്കും. തേരുവീഥിയിൽ മേളങ്ങൾ നിലച്ചാലും മനസ്സിന്റെ രഥവീഥിയിൽ അവ തീരുന്നില്ല. അവിടെ തകിലും നാദസ്വരവും കാളവണ്ടിയുടെ മണിയൊച്ചയും പഴയ സൗഹൃദങ്ങളുടെ ചിരിയുമെല്ലാം വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരിക്കും.

കാളവണ്ടിയിൽ പട്ടുപാവാടയണിഞ്ഞ് തേരുകാണാൻ പോയിരുന്ന ബാല്യവും, പെട്രോമാക്സ് വെളിച്ചത്തിൽ ദേവസംഗമം കണ്ട രാത്രികളും, പുഴയിലെ തെളിനീരിൽ കുളിച്ച പുലരികളും ഇന്നും പലരുടെയും മനസ്സിലുണ്ട്. അതേസമയം, സെൽഫികളും റീൽസുകളും തത്സമയ ദൃശ്യങ്ങളുമായി പുതിയ തലമുറയും കൽപ്പാത്തിയെ സ്വന്തമാക്കുന്നു.

മുംബൈയിലും ചെന്നൈയിലും മാത്രമല്ല, ന്യൂയോർക്കിലും ബോസ്റ്റണിലും സിലിക്കൺ വാലിയിലുമിരുന്ന് പുതിയ തലമുറ തേരോട്ടം കൺനിറയെ കാണുന്നു. വാട്സാപ്പിലൂടെ കുടുംബാംഗങ്ങൾ തത്സമയ ദൃശ്യങ്ങൾ പങ്കുവയ്ക്കുമ്പോൾ അവരുടെ മനസ്സ് കൽപ്പാത്തിയിലെ തേരുമുട്ടിയിലും കുണ്ടമ്പലത്തിലും ചാത്തപ്പുരത്തും പഴയ കൽപ്പാത്തിയിലുമെല്ലാം എത്തുന്നു.

രഥവീഥിയിലെ ആഘോഷങ്ങൾ അവസാനിച്ചാലും കൽപ്പാത്തിക്കാരുടെ മനസ്സിൽ തേരുകൂടൽ തുടരുകയാണ്. അടുത്ത ഐപ്പശിക്കാലത്തേക്കുള്ള കാത്തിരിപ്പിന് തുടക്കമിട്ടുകൊണ്ട്...

Content Highlights: Deep dive into the history and heritage of Kalpathy Ratholsavam., Nostalgic accounts from elders and diaspora returning for the chariot festival., Traditional Vedic rituals, chariot decorations, and street processions., The unique blend of classical music, local commerce, and community bonding.