കച്ചത്തീവിൽ കൈവച്ച് വിജയ്, ഇന്ത്യക്ക് തരില്ലെന്ന് ലങ്കൻ മന്ത്രി; ദ്വീപിൽ കത്തുന്നത് ആരുടെ രാഷ്ട്രീയം

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ പാക് കടലിടുക്കില്‍ സ്ഥതിചെയ്യുന്ന ജനവാസമില്ലാത്ത ഒരു ചെറിയ ദ്വീപ് വീണ്ടും വാർത്തകളിൽ നിറയുന്നു. ഇന്ത്യന്‍ തീരത്തു നിന്ന് 33 കിലോമീറ്റര്‍ അകലെ രാമേശ്വരത്തിന് വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന കച്ചത്തീവ്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിന് ശ്രീലങ്കയിൽ നിന്ന് കച്ചത്തീവ് ദ്വീപ് തിരിച്ചു പിടിക്കണമെന്ന തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി തലവനും നടനുമായ വിജയുടെ ആവശ്യമാണ് ഒരു ഇടവേളയ്ക്ക് ശേഷം കച്ചത്തീവിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ദ്വീപ് ഇന്ത്യയ്ക്ക് കൈമാറില്ലെന്നും ഇത് ശ്രീലങ്കയുടെ ഭാഗമാണെന്നും ലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത് പറഞ്ഞതോടെ വിഷയം വീണ്ടും ചൂടുപിടിച്ചു. ദക്ഷിണേന്ത്യയിൽ തിരഞ്ഞെടുപ്പ് കാലമായതിനാൽ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയാണ് ഇത്തരം പ്രസ്താവനകളെന്നാണ് ലങ്കൻ വിദേശകാര്യ മന്ത്രി പറഞ്ഞത്.
1974-ലെ ഉഭയകക്ഷി കരാര്‍ പ്രകാരം കച്ചത്തീവിനെ ശ്രീലങ്കയുടെ ഭാഗമായി ഇന്ത്യ അംഗീകരിച്ചതാണ്. എങ്കിലും ദീര്‍ഘകാലമായി അയല്‍ക്കാര്‍ക്കിടയിലെ തര്‍ക്കവിഷയമാണ് ഈ ചെറുദ്വീപ്. മാത്രമല്ല, തമിഴ്നാട് രാഷ്ട്രീയത്തിൽ ഏറെക്കാലമായി പൊള്ളുന്ന വിഷയവും. തമിഴ്‌നാട്ടില്‍ കാലാകാലങ്ങളായി വലിയ ഒച്ചപ്പാടാണ് ദ്വീപിനെച്ചൊല്ലി ഉണ്ടാകുന്നത്. അതു മനസിലാക്കിയാണ് നേരത്തെ പ്രധാനമനന്ത്രി നരേന്ദ്ര മോദി ദ്വീപിനെ പരാമർശിച്ചത്. നിസാരമായി കോണ്‍ഗ്രസ് കച്ചത്തീവിനെ വിട്ടുകൊടുത്തെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വലിയ ഒച്ചപ്പാടാണ് കഴിഞ്ഞ ലോക്സഭാ തിരിഞ്ഞെടുപ്പ് വേളയിൽ ഉണ്ടാക്കിയത്. ഇപ്പോൾ വിജയുടെ പ്രസ്താവനയോടെയാണ് ദ്വീപ് വീണ്ടും തമിഴ് രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നത്.
Content Highlights: Actor Vijay reignites Kachchatheevu debate, demanding its return to India.