തുർക്കിയും ഇസ്രയേലും നേർക്കുനേർ; സിറിയ പുതിയ പോർക്കളം, മൂന്നാമതൊരു യുദ്ധമോ?

പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സന്തുലിതാവസ്ഥ തകരുന്ന ഘട്ടമാണിത്. ഇറാനെതിരെ ഇസ്രയേൽ തുടങ്ങിവെച്ച, അമേരിക്ക തുടർന്നു കൊണ്ടുപോകുന്ന യുദ്ധം ആഗോളക്രമത്തിൽ ഉണ്ടാക്കിയ സമ്മർദ്ദം സമാനതകളില്ലാത്തതാണ്. ഇതിനിടെയാണ് പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധമേഖലകൂടി തുറക്കപ്പെടുമെന്ന സംശയമുയരുന്നത്. സിറിയ ആയിരിക്കും ഈ പുതിയ യുദ്ധമേഖല എന്നാണ് ഇപ്പോൾ വരുന്ന വിലയിരുത്തലുകൾ. സിറിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണമാണ് ഇക്കാര്യത്തിൽ ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 18-ന് സിറിയൻ അതിർത്തിക്കടുത്തുള്ള അബു അൽ ദുഹൂർ വ്യോമതാവളത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സിറിയയ്ക്ക് തുർക്കി കൈമാറാനിരുന്ന ആധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളും ആർമർഡ് പേഴ്‌സണൽ കാരിയറുകളും തകർക്കപ്പെട്ടു.
സിറിയയിൽ തുർക്കിയുടെ സൈനിക സാന്നിധ്യമോ ആയുധങ്ങളോ അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇസ്രയേൽ നൽകിയിരിക്കുന്നത്. വിഷയത്തിൽ പരസ്യമായ കടുത്ത പ്രതികരണത്തിലേക്ക് പോകാൻ തുർക്കി ഇതുവരെ തയ്യാറായിട്ടില്ല. സംഘർഷം ഒരു യുദ്ധത്തിലേക്ക് പോകുന്നത് തടയാൻ അസർബൈജാൻ വഴി രഹസ്യ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, തുർക്കിയുടെയും ഇസ്രയേലിന്റെയും സിറിയയിലെ താത്പര്യങ്ങൾ ഏതുസമയത്തും സായുധ സംഘർഷത്തിലേക്ക് പോകാനുള്ള സാധ്യതകളാണ് തുറന്നിടുന്നത്. യുക്രൈൻ, ഇറാൻ എന്നീ യുദ്ധങ്ങൾക്ക് പുറമെ സിറിയയിൽ കൂടി മറ്റൊരു പോരാട്ടം തുടങ്ങുന്നത് ആഗോളക്രമത്തിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം എത്രത്തോളമെന്ന് വിലയിരുത്താൻ സാധിക്കില്ല. ഒരു പക്ഷെ, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ഇത് മാറിയേക്കാം.
സിറിയയിലെ ഇസ്രയേലിന്റെയും തുർക്കിയുടെയും കളികൾ
സിറിയയിലെ ബഷർ അൽ അസദ് ഭരണകൂടത്തിന്റെ പതനത്തോടെ, മേഖലയിൽ മുൻപുണ്ടായിരുന്ന റഷ്യൻ-ഇറാനിയൻ സൈനിക-രാഷ്ട്രീയ സ്വാധീനത്തിന് കടുത്ത തിരിച്ചടി നേരിട്ടു. ഈ ഭരണശൂന്യതയിലേക്ക് സ്വന്തം ആധിപത്യം സ്ഥാപിക്കാൻ തുർക്കിയും ഇസ്രയേലും നടത്തുന്ന നയതന്ത്ര-സൈനിക നീക്കങ്ങൾ സിറിയയെ ഇരുരാജ്യങ്ങളുടെയും പരോക്ഷ യുദ്ധഭൂമിയാക്കി മാറ്റിയിരിക്കുകയാണ്. തങ്ങളോട് പൂർണ്ണമായി കൂറുപുലർത്തുന്ന ഒരു ഭരണകൂടം ഡമാസ്‌കസിൽ നിലനിർത്തുക എന്നതാണ് തുർക്കിയുടെ ആഗ്രഹം. അഹമ്മദ് അൽ ഷാറയുടെ നേതൃത്വത്തിലുള്ള പുതിയ സിറിയൻ സർക്കാരുമായി തുർക്കി സ്ഥാപിച്ച ആഴത്തിലുള്ള സൈനിക സഹകരണം ഇതിന്റെ ഭാഗമാണ്.
സിറിയൻ സായുധസേനയെ പുനർനിർമ്മിക്കുന്നതിനായി ആയുധങ്ങൾ, ലോജിസ്റ്റിക് പിന്തുണ, സൈനിക പരിശീലനം എന്നിവ നൽകാൻ തുർക്കി ഔദ്യോഗികമായി കരാറിലേർപ്പെട്ടു. സിറിയൻ നാഷണൽ ആർമി പോലുള്ള തങ്ങളുടെ പ്രോക്‌സി ശക്തികളെ ഉപയോഗിച്ച് വടക്കൻ സിറിയയിൽ സ്വാധീനം ഉറപ്പിച്ച തുർക്കി, സിറിയയുടെ ഭാവി രാഷ്ട്രീയ-സൈനിക ഘടനയിൽ അവിഭാജ്യ ഘടകമാകാൻ ശ്രമിക്കുന്നു. മറുവശത്ത്, തെക്കൻ സിറിയയിലും ഗോലാൻ കുന്നുകൾക്ക് സമീപവും വിപുലമായ സുരക്ഷാ ബഫർ സോൺ നിർമ്മിച്ച് സ്വന്തം അതിർത്തി സുരക്ഷിതമാക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്.
സിറിയൻ വ്യോമമേഖലയിൽ പതിറ്റാണ്ടുകളായി തങ്ങൾക്കുണ്ടായിരുന്ന സമ്പൂർണ്ണ വ്യോമാധിപത്യത്തിന് തുർക്കിയുടെ സായുധ സാന്നിധ്യം കടുത്ത ഭീഷണിയാണെന്ന് ഇസ്രയേൽ വിലയിരുത്തുന്നു. പ്രത്യേകിച്ചും തുർക്കി നിർമ്മിത ആധുനിക ഡ്രോണുകൾ, റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ മിസൈലുകൾ എന്നിവ സിറിയയിൽ വിന്യസിക്കുന്നത് തങ്ങളുടെ ഭാവി സൈനിക നീക്കങ്ങളെ തടസ്സപ്പെടുത്തുമെന്ന ഭയം ഇസ്രയേലിനുണ്ട്. മാത്രമല്ല, ഇറാന് ശേഷം തങ്ങൾ നേരിടാൻ പോകുന്ന പ്രധാന സുരക്ഷാ ഭീഷണിയായായാണ് തുർക്കിയെ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നത്. അതിനാൽ സിറിയിയെ ചൊല്ലിയുള്ള സംഘർഷം ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുമെന്ന വിലയിരുത്തുന്നവരും കുറവല്ല.
ഇസ്രയേലും തുർക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അടുത്തിടെ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഗാസയിലേക്ക് സഹായവുമായി പോയ ആക്ടിവിസ്റ്റ് കപ്പൽ ഇസ്രയേൽ തടഞ്ഞതുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ തുർക്കി അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി, നെതന്യാഹുവിന്റെ ഓഫീസ് ഉർദുഗാനെ ജൂതവിരുദ്ധ സ്വേച്ഛാധിപതി എന്നാണ് വിശേഷിപ്പിച്ചത്.
കുർദുകളെ തുർക്കി പ്രസിഡന്റ് ഉർദുഗാൻ കൂട്ടക്കൊല ചെയ്യുകയാണെന്നും ഹമാസ് അംഗങ്ങൾക്ക് അഭയം നൽകുന്നുണ്ടെന്നും ആരോപിച്ചു. കൂടാതെ സൈപ്രസിന്റെ പകുതി ഭാഗം തുർക്കി കൈയടക്കി വെച്ചിരിക്കുകയാണെന്നും പത്രപ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും ജയിലിലടയ്ക്കുകയാണെന്നും നെതന്യാഹുവിന്റെ ഓഫീസ് ആരോപിച്ചിരുന്നു. ഈ നീക്കങ്ങളൊക്കെ നിരീക്ഷിക്കുമ്പോൾ ഇസ്രയേലും തുർക്കിയും തമ്മിൽ ശത്രുത വളരുന്നുണ്ടെന്നു വ്യക്തമാണ്.
കേന്ദ്രീകൃതവും സുസ്ഥിര സൈനികശേഷിയുള്ള ഒരു രാജ്യമായി സിറിയ തുടരണമെന്നാണ് തുർക്കി ആഗ്രഹിക്കുന്നത്. എന്നാൽ, സിറിയ ദുർബലവും വിഘടിതവുമായി തുടരാനാണ് ഇസ്രയേൽ ആഗ്രഹിക്കുന്നത്. സിറിയ ഒരു ദുർബല രാഷ്ട്രമായി മാറുന്നത് തീവ്രവാദ ഗ്രൂപ്പുകൾ വളരാൻ കാരണമാകുമെന്നതിനാൽ ഇസ്രയേലിന്റെ ഈ നിലപാടിനോട് യു.എസ്, യു.കെ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവർ യോജിക്കുന്നില്ല. ലബനനിൽ ഇസ്രയേലിന്റെ അധിനിവേശവും ദുർബലമായ ഭരണകൂടവും ഹിസ്ബുള്ളയുടെ വളർച്ചയ്ക്ക് കാരണമായത് ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാൽ, ഇസ്രയേലിന്റെ ഭീതി ഇതൊന്നുല്ല. സിറിയയിലും മെഡിറ്ററേനിയൻ മേഖലയിലും വ്യക്തമായ അതിരുകൾ നിശ്ചയിച്ചില്ലെങ്കിൽ തുർക്കി സൈന്യവും നാവികസേനയും ഇസ്രയേലിന്റെ അതിർത്തികളിലേക്ക് കൂടുതൽ അടുത്തേക്കുമെന്ന് ഇസ്രയേൽ ആശങ്കപ്പെടുന്നത്. മറുവശത്ത് തുർക്കിയാകട്ടെ, മുമ്പ് പലസ്തീൻ വിഷയത്തിലായിരുന്നു കൂടുതൽ ശ്രദ്ധിച്ചിരുന്നതെങ്കിൽ, ഇപ്പോൾ സിറിയയിലെ ഇസ്രയേൽ സൈനികനീക്കങ്ങൾ സ്വന്തം ദേശീയ സുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളിയായാണ് കാണുന്നത്.
പരാജയപ്പെടുന്ന യുഎൻ
യുക്രൈൻ, ഇറാൻ എന്നീ യുദ്ധങ്ങൾക്ക് പുറമെ സിറിയയിൽ രണ്ട് പ്രബല ശക്തികൾ സൈനികമായി ഏറ്റുമുട്ടുന്നതിലേക്ക് എത്തുന്നത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഗുരുതരമായ ആഗോള പ്രതിസന്ധിയിലേക്കാകും എത്തിക്കുക. റഷ്യയുടെ യുക്രൈൻ അധിനിവേശം യൂറോപ്യൻ ഭൂഖണ്ഡത്തിലെ സുരക്ഷാക്രമത്തെ തകർത്തപ്പോൾ, അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ തുടക്കം കുറിച്ച യുദ്ധം പേർഷ്യൻ ഗൾഫിലുടനീളം പടർന്നുപിടിക്കുകയും ആഗോള ഊർജ്ജവിതരണത്തിന്റെ ക്രമം തകർക്കുകയും ചെയ്തു.
ഊർജ്ജ ഗതാഗതത്തിന്റെ പ്രധാന നാഡിഞരമ്പുകളായ ഹോർമുസ് കടലിടുക്കിലും ചെങ്കടൽ- ബാബ് അൽ മന്ദേബ് പാതകളിലും ഉണ്ടായ ആക്രമണങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിൽ ദ്രവികൃത പ്രകൃതിവാതകത്തിന്റെയും ബ്രെന്റ് ക്രൂഡ് ഓയിന്റെയും വില കുത്തനെ ഉയർന്നു. ചരക്കുകപ്പലുകളുടെ ഇൻഷുറൻസ് തുകയിലും യാത്രാച്ചെലവിലും വന്ന വർദ്ധന വികസ്വര രാജ്യങ്ങളുടെ ഇറക്കുമതി ചെലവ് ഗണ്യമായി വർദ്ധിപ്പിച്ചു. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങൾക്കും പ്രതിസന്ധികളുണ്ടായി.
ഈ പ്രശ്‌നങ്ങൾക്കൊപ്പം സിറിയ കൂടി ലോകത്തിന് തലവേദനയാകുകയാണെങ്കിൽ അത് മറ്റൊരു പ്രതിസന്ധിയാണ് ഉണ്ടാക്കുക. മെഡിറ്ററേനിയൻ മേഖലയും ആഗോള വ്യാപാരത്തിന്റെ നിർണായക ഭാഗമാണ്. ഇത് യൂറോപ്പിനെയും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളെയും ബാധിക്കും. ഇന്ത്യയുടെ സാമ്പത്തിക, സുരക്ഷാ, നയതന്ത്ര മേഖലകളിലും ഇത് ആഴത്തിലുള്ള പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാൻ പോകുന്നത്. ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 മുതൽ 84 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക്, എണ്ണവിലയിലുണ്ടാകുന്ന ഓരോ വർദ്ധനവും വലിയ സാമ്പത്തിക ഭാരമാണ് സൃഷ്ടിക്കുന്നത്. ഇറാനിലെ യുദ്ധം മൂലം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ കടത്ത് തടസ്സപ്പെട്ടതോടെ ഇന്ത്യ തങ്ങളുടെ ഊർജ്ജ ഇറക്കുമതി സ്രോതസ്സുകൾ പുനഃക്രമീകരിക്കാൻ നിർബന്ധിതരായി.
മിഡിൽ ഈസ്റ്റിൽനിന്നുള്ള എണ്ണ ഇറക്കുമതിയുടെ വിഹിതം കുറയുകയും, പകരമായി ലാറ്റിൻ അമേരിക്കയിൽനിന്നും മറ്റു വിദേശ രാജ്യങ്ങളിൽനിന്നും കൂടിയ നിരക്കിൽ എണ്ണ എത്തിക്കേണ്ടിയും വന്നു. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) ഇപ്പോൾതന്നെ പ്രതിസന്ധിയിലാണ്. ഇതിന്റെ ശവപ്പെട്ടിയിലേക്ക് ആണിയടിക്കുന്നതിന് തുല്യമാകും സിറയയിലെ പുതിയ സംഘർഷം വളർന്നാൽ സംഭവിക്കുന്നത്.
എടുത്തുപറയേണ്ടത് ഐക്യരാഷ്ട്രസഭയുടെ പരാജയത്തേയാണ്. ഉടനെങ്ങും അവസാനിക്കാത്ത തരത്തിലാണ് റഷ്യ- യുക്രൈൻ യുദ്ധം മുന്നോട്ടുപോകുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധവും അവസാനിച്ചിട്ടില്ല. സിറിയയിൽ ഇസ്രയേലും തുർക്കിയും തമ്മിൽ നേർക്കുനേർ വരുന്നതുകൂടി ഉണ്ടായാൽ അന്താരാഷ്ട്ര ക്രമത്തിന്റെ പൂർണ്ണമായ വീഴ്ചയായി മാറും. എക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങൾ നിർവീര്യമാക്കപ്പെടുകയും, ഏകധ്രുവ ലോകക്രമത്തിൽനിന്ന് അസ്ഥിരമായ ഒരു ബഹുധ്രുവ ക്രമത്തിലേക്ക് ലോകം മാറ്റപ്പെടുകയും ചെയ്യും. ഉപരോധങ്ങളും വ്യാപാര തടസ്സങ്ങളുംമൂലം അന്താരാഷ്ട്ര വിതരണ ശൃംഖലകൾ വിഭജിക്കപ്പെടുന്നത് ആഗോള സമ്പദ് വ്യവസ്ഥയെ കടുത്ത മന്ദതയിലേക്കും പണപ്പെരുപ്പത്തിലേക്കും തള്ളിയിടും. ഇത് വികസ്വര രാജ്യങ്ങളെയും ദുർബല രാജ്യങ്ങളുടെ നിലനിൽപ്പിനെയും അപകടത്തിലാക്കും. ആഗോളതലത്തിൽ അനിശ്ചിതത്വങ്ങൾ സാധാരണയാകും.
മക്ക കരാറും ഇസ്രയേലും
മിഡിൽ ഈസ്റ്റിൽ അടുത്തിടെ രൂപപ്പെട്ട തുർക്കി, സൗദി അറേബ്യ, പാകിസ്താൻ എന്നിവരുടെ മക്ക കരാർ മേഖലയിലെ വലിയൊരു മാറ്റത്തെയാണ് കാണിക്കുന്നത്. ഇത് നേരിട്ട് ഇസ്രയേലിന് എതിരല്ലെങ്കിലും മുൻപ് ഒപ്പുവെച്ച അബ്രഹാം ഉടമ്പടികളിൽനിന്നുള്ള വലിയൊരു മാറ്റമായി വിലയിരുത്താം. അബ്രഹാം ഉടമ്പടികൾ യു.എസ് സുരക്ഷാ ഉറപ്പുകളോടെ അറബ്-ഇസ്രയേൽ ബന്ധം മെച്ചപ്പെടുത്താനും തുർക്കിയുടെ സ്വാധീനം പരിമിതപ്പെടുത്താനും ഇറാനെ ചെറുക്കാനുമാണ് ശ്രമിച്ചിരുന്നത്. ഇതിനെ ദുർബലപ്പെടുത്തുന്നതാണ് മക്ക കരാർ. അബ്രഹാം കരാർ ഒപ്പുവയ്ക്കാത്ത രാജ്യമാണ് സൗദി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മക്ക കരാറിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇത് മിഡിൽ ഈസ്റ്റിൽ ഇസ്രയേൽ, തുർക്കി, യു.എസ് എന്നിവർക്കിടയിലെ പുതിയ രാഷ്ട്രീയ പുനഃക്രമീകരണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഈ കരാറിന്റെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ ഘടകം നാറ്റോയുടെ ആർട്ടിക്കിൾ 5-ന് സമാനമായ സംയുക്ത പ്രതിരോധ വ്യവസ്ഥയാണ്. കരാറിലേർപ്പെട്ടിരിക്കുന്ന മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സായുധ ആക്രമണം മറ്റ് രണ്ട് രാജ്യങ്ങൾക്കും എതിരെയുള്ള ആക്രമണമായി കണക്കാക്കപ്പെടുമെന്ന് ഇതിൽ വ്യക്തമാക്കുന്നു. ഈ പ്രതിരോധ കരാർ ഇസ്രയേൽ-തുർക്കി ബന്ധത്തിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഇസ്രയേലിനെ തങ്ങളുടെ പ്രാദേശിക ആധിപത്യത്തിന് ഭീഷണിയായി കാണുന്ന തുർക്കിക്ക്, സൗദി അറേബ്യയുടെ സാമ്പത്തിക പിൻബലത്തോടെ സ്വന്തം പ്രതിരോധ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനും പശ്ചിമേഷ്യയിൽ നയതന്ത്ര മേൽക്കോയ്മ നേടാനും മക്ക കരാർ അവസരമൊരുക്കുന്നു.
സിറിയയിൽ തുർക്കിയുമായി നേരിട്ടോ പരോക്ഷമായോ ഒരു സൈനിക ഏറ്റുമുട്ടലിലേക്ക് കടക്കാൻ ഇസ്രയേൽ തുനിയുകയാണെങ്കിൽ, മക്ക കരാറിലെ പരസ്പര പ്രതിരോധ സഹകരണ വ്യവസ്ഥകൾ ഇസ്രയേലിന്റെ നീക്കങ്ങൾക്ക് വലിയ തടസ്സങ്ങൾ സൃഷ്ടിക്കും. എന്നാൽ, സിറിയ ഇരുരാജ്യങ്ങളുടെയും പരോക്ഷ യുദ്ധമേഖലയായി മാറുകയാണെങ്കിൽ അത് മറ്റൊരു പ്രതിസന്ധിയാണ്. നേരിട്ടുള്ള ആക്രമണത്തിനെ മാത്രമേ മക്ക കരാർ വഴി പ്രതിരോധിക്കാനാകു.
സിറിയിലെ അസദ് ഭരണത്തെ വീഴ്ത്തിയതിന് പിന്നിൽ ഇസ്രയേലിന്റെ രഹസ്യ ഇടപെടലുമുണ്ടായിരുന്നു എന്നത് വസ്തുതയാണ്. മേഖലയിൽ ഇറാന്റെ സ്വാധീനം ദുർബലപ്പെടുത്തുന്നതിനാണ് അസദിനെ താഴെയിറക്കാൻ ഇസ്രയേൽ കൈയയച്ച് സഹായിച്ചത്. അതിലൂടെ ഇസ്രയേലിന്റെ ഭീഷണിയായ ലെബനനിലെ ഹിസ്ബുള്ളയെ ദുർബലപ്പെടുത്താൻ അവർക്ക് സാധിച്ചു. എന്നാൽ, ഇറാനും റഷ്യയും പിൻമാറിയ സിറിയ ഇന്ന് പൂർണമായും അഹമ്മദ് അൽ ഷാറയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ നിയന്ത്രണത്തിലല്ല. സിറിയയിലെ കുർദുകളും മറ്റ് വിമത ഗ്രൂപ്പുകളും ഭീകരസംഘടനകളും തങ്ങളുടെ സ്വാധീന മേഖല വിപുലമാക്കാനുള്ള ശ്രമത്തിലാണ്. ഇതിലേക്കാണ് അയൽ രാജ്യമായ തുർക്കിയും കടന്നുകയറുന്നത്.
Content Highlights: Israel's airstrikes in Syria target Turkish military supplies, raising tensions., Turkey and Israel are turning Syria into a new proxy war zone., The Mecca Agreement creates a new defense pact involving Turkey, Saudi Arabia, and Pakistan., Rising conflicts threaten global supply chains, energy markets, and India's economy.