അന്ന് ഇറാന്‍ സൈന്യത്തെ പരിശീലിപ്പിച്ച മൊസാദ്, ഇസ്രയേലിനെ അംഗീകരിച്ചിരുന്ന ഇറാനും തുര്‍ക്കിയും

കാലം സമവാക്യങ്ങള്‍ മാറ്റിയെഴുതും. ചിലതു മാറാതെയും നില്‍ക്കും. പശ്ചിമേഷ്യയിലെ ശക്തരായ ഇറാനും ഇസ്രയേലും ഇന്നു കാണുന്ന ശത്രുതയില്ലാതെ, സൗഹൃദമാഘോഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. മറ്റെല്ലാ അറബ് രാജ്യങ്ങളും ഇസ്രയേലിനോട് മുഖംതിരിച്ചുനിന്നപ്പോള്‍ ഇസ്ലാമിക ഭൂരിപക്ഷരാജ്യങ്ങളായിരുന്ന ഇറാനും തുര്‍ക്കിയും ആ രാജ്യവുമായി ഉറ്റചങ്ങാത്തം സൂക്ഷിച്ചു. ഇന്നത്തേതിന് നേര്‍വിപരീതം. ഇന്ന് ഇസ്രയേലിനെതിരേ പരിധിവിട്ട് ശബ്ദമുയര്‍ത്താന്‍ മറ്റ് അറബ് രാജ്യങ്ങളെല്ലാം തയ്യാറാവാതിരിക്കുമ്പോള്‍ ആയുധങ്ങളുടെയും എതിര്‍പ്പിന്റെയും ഭാഷയില്‍ മുമ്പിലാണ് ഇറാനും തുര്‍ക്കിയും.
1948-ല്‍ അതിര്‍ത്തികള്‍ നിര്‍ണയിക്കപ്പെടാതെ, ഉടമസ്ഥാവകാശം പരിഹരിക്കപ്പെടാതെ ജൂതന്മാര്‍ ഇസ്രയേല്‍ രാഷ്ട്രമുണ്ടാക്കി, സ്വാതന്ത്യം പ്രഖ്യാപിച്ചു. ബ്രിട്ടിഷ് സൈന്യം ദൗത്യമവസാനിപ്പിച്ച് മേഖല വിട്ടതോടെയായിരുന്നു ഇത്. ഇസ്രയേലുമായുള്ള തര്‍ക്കത്തില്‍ സ്ഥലവും ആളുകളെയും നഷ്ടപ്പെട്ട പാലസ്തീന്‍ ജനതയെയോര്‍ത്ത് അറബ് രാഷ്ട്രങ്ങള്‍ കണ്ണീരൊഴുക്കി. ജൂതന്‍മാര്‍ അനധികൃതമായി മേഖല പിടിച്ചെടുത്തെന്ന് കാട്ടി അവര്‍ പരസ്യമായി ഇസ്രയേലിനു നേരെ യുദ്ധത്തിനിറങ്ങി. നീണ്ടകാലം അറബ് സഖ്യങ്ങളുമായി യുദ്ധത്തിലായിരുന്നു ഇസ്രായേല്‍. പക്ഷേ, തുര്‍ക്കിയും ഇറാനും അന്നൊന്നും ഇസ്രായേലിന്റെ എതിര്‍ചേരിയിലില്ല. മാത്രമല്ല, വളരെയടുത്ത സൗഹൃദത്തിലേക്ക് ഇരുരാജ്യങ്ങളും വേരൂന്നുകയും ചെയ്തു.
Content Highlights: Iran Israel relationship history conflict geopolitics Middle East Shah of Iran Mossad