ട്രംപ് ഭരണകൂടം ഇന്ത്യയെ ആക്രമിക്കുമ്പോള്‍ എന്തുകൊണ്ട് നിങ്ങളുടെ ശബ്ദമുയരുന്നില്ല? ഇന്ത്യന്‍ പ്രവാസസമൂഹത്തിനോടൊരു ചോദ്യം

കുടിയേറ്റത്തിന്റെ ഒട്ടേറെ വിജയഗാഥകള്‍ക്കിടയില്‍ ഏറ്റവും തിളക്കമുള്ളതാണ് അമേരിക്കന്‍ ഇന്ത്യന്‍ സമൂഹത്തിന്റേത്. യുഎസിലെ വംശീയസമൂഹങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം ഗാര്‍ഹിക വരുമാനമുള്ള, ഫോര്‍ച്യൂണ്‍ 500 (ഫോര്‍ച്യൂണ്‍ മാസിക തയ്യാറാക്കുന്ന ഏറ്റവുമധികം വരുമാനമുള്ള 500 കമ്പനികളുടെ പട്ടിക) കമ്പനികളെ നയിക്കുന്ന സിഇഒമാരുടെ വലിയൊരു വൃന്ദം തന്നെയുള്ള, ആറ് കോണ്‍ഗ്രസ് അംഗങ്ങളും രണ്ട് മുന്‍ ഗവര്‍ണര്‍മാരും എഫ്ബിഐ, പൊതുജനാരോഗ്യ ഏജന്‍സിയായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവയുള്‍പ്പെടെ ഒട്ടേറെ ഫെഡറല്‍ ഏജന്‍സികളുടെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുള്ള, ഇന്ത്യന്‍ സമൂഹം പലപ്പോഴും ഏകീകരണത്തിന്റെയും നേട്ടങ്ങളുടെയും സ്വാധീനശക്തിയുടെയുമൊക്കെ മികച്ച മാതൃകയായാണ് കണക്കാക്കപ്പെടുന്നത്.
എന്നിട്ടും കഴിഞ്ഞ മാസങ്ങളില്‍ അധിക്ഷേപങ്ങളുടെ അകമ്പടിയോടെ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മേല്‍ 50 ശതമാനം ഇറക്കുമതിച്ചുങ്കം അടിച്ചേല്‍പ്പിച്ചുകൊണ്ടും (70 ശതമാനവും ഇന്ത്യക്കാര്‍ ഗുണഭോക്താക്കളായ) എച്ച്-1ബി വിസ അപേക്ഷയ്ക്ക് ഒരു ലക്ഷം ഡോളര്‍ വില ചുമത്തിക്കൊണ്ടും ഇറാനിയന്‍ തുറമുഖമായ ചബഹാറില്‍ ഇന്ത്യനടത്തുന്ന തന്ത്രപരമായ അടിസ്ഥാനസൗകര്യവികസനം വിലക്കിക്കൊണ്ടും വിദ്യാര്‍ഥി വിസകള്‍ നിയന്ത്രിച്ചുകൊണ്ടും കുടിയേറ്റ മാര്‍ഗങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ടും ട്രംപ് ഭരണകൂടം ഇന്ത്യക്കെതിരേ നയതന്ത്ര ആക്രമണങ്ങളുടെ പരമ്പരതന്നെ അഴിച്ചുവിട്ടപ്പോള്‍ പേരുകേട്ട ഇന്ത്യന്‍ പ്രവാസസമൂഹത്തിന്റെ പ്രതികരണം നിശ്ശബ്ദതയായിരുന്നു. പ്രതികരണമേയുണ്ടായില്ല എന്നതാണ് ഏറ്റവും മോശം.
അമ്പരപ്പിക്കുന്ന നിശ്ശബ്ദത
ഈ നിശ്ശബ്ദത അമ്പരപ്പിക്കുന്നതാണ്. അധികാരസ്ഥാനങ്ങളിലും വേദികളിലേക്കും പ്രവേശനമില്ലാത്തവരൊന്നുമല്ല ഇന്ത്യന്‍ സമൂഹം. എഡിറ്റോറിയല്‍ ബോര്‍ഡുകളിലും ആശയരൂപവത്കരണം നടത്തുന്ന വിദഗ്ധസംഘടനകളിലും സര്‍വകലാശാലാ അധ്യാപകരിലുമെല്ലാം ഏറ്റവുമധികമുള്ളത് ഇന്ത്യന്‍ അമേരിക്കക്കാരാണ്. രാഷ്ട്രീയ കാമ്പയിനുകള്‍ക്ക് പണംചെലവഴിക്കുന്നതും നിയമസഭാംഗങ്ങള്‍ക്ക് വിദഗ്ധോപദേശം നല്‍കുന്നതും പൊതുചര്‍ച്ചകള്‍ നിര്‍മിച്ചെടുക്കുന്നതുമെല്ലാം അവരാണ്. അവര്‍ ശബ്ദമില്ലാത്തവരല്ല.
എന്നാല്‍, യുഎസ് കോണ്‍ഗ്രസ് പ്രതിനിധിസംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായെത്തിയ ഒരംഗം, സഭയിലെ എന്റെയൊരു ചോദ്യത്തിന് മറുപടിയായി ഇന്ത്യന്‍ എംപിമാരെ അറിയിച്ചത്, ഇന്ത്യക്കെതിരേയുള്ള യുഎസ് ഭരണകൂട ആക്രമണത്തിനെതിരേ പ്രതിഷേധമറിയിക്കുന്ന ഒരു ഫോണ്‍വിളിപോലും ഇതുവരെ അവരുടെ ഓഫീസിന് ലഭിച്ചിട്ടില്ലെന്നാണ്. അതേസമയം, ഇസ്രയേലുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ അവരുടെ ഓഫീസ് സ്റ്റാഫുകള്‍ ഫോണ്‍വിളികള്‍ക്ക് ഉത്തരംപറഞ്ഞ് കുഴയുമത്രേ. ഇന്ത്യയുടെ സാമ്പത്തികവും തന്ത്രപരവുമായ താത്പര്യങ്ങളെ വിലകുറച്ചുകാണുന്ന കടുത്ത ശിക്ഷാസമാനമായ നയങ്ങളിലൂടെ രാജ്യം ആക്രമിക്കപ്പെടുമ്പോള്‍, പ്രവാസസമൂഹം അതിനെതിരേ ശബ്ദമുയര്‍ത്താത്തത് എന്തുകൊണ്ടാണ്?
ഒരു ഉത്തരമുള്ളത് ഇരട്ട പ്രാദേശികതയുടെ സൂക്ഷ്മമായ ചാഞ്ചാട്ടത്തിലാവണം. ഇന്ത്യന്‍-അമേരിക്കക്കാര്‍, പ്രത്യേകിച്ചും അധികാരസ്ഥാനങ്ങളിലുള്ളവര്‍, പലപ്പോഴും സാംസ്‌കാരിക പെരുമയ്ക്കും പൗരബോധത്തിനും ഇടയിലുള്ള ഞാണിന്മേല്‍ക്കളി നടത്താന്‍ നിര്‍ബന്ധിതരാകുന്നവരാണ്. അവരുടെ വിജയം പലപ്പോഴും ശ്രദ്ധാപൂര്‍വമായ ചില തൂക്കിനോക്കലുകളെ അപേക്ഷിച്ചാണ്.
സ്വയം രക്ഷപ്പെടല്‍
ഈ ഉത്കണ്ഠ അടിസ്ഥാനമില്ലാത്തതല്ല. യുഎസില്‍ കൂടിവരുന്ന കുടിയേറ്റവിരുദ്ധവികാരം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ട്. ആദ്യ ട്രംപ് ഭരണകൂടത്തിലെ 'മുസ്ലിം വിലക്ക്'മുതല്‍ തെക്കന്‍ അതിര്‍ത്തിയിലൂടെയുള്ള 'അധിനിവേശം' എന്ന കാഴ്ചപ്പാടിന്റെ നിര്‍മാണംകൂടിയായപ്പോള്‍, വിദേശിയായി കണക്കാക്കപ്പെടുന്ന ഏതൊരാളോടുമുള്ള ശത്രുത കൂടിവരുന്നരീതിയില്‍ രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ മാറിയിട്ടുണ്ട്. സാമ്പത്തികമായി നല്ലനിലയിലാണെങ്കിലും ന്യൂനപക്ഷങ്ങളില്‍ വലിയൊരു പങ്കുമുള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹം ഈ മാറ്റങ്ങളോട് പ്രതിരോധശേഷിയുള്ളവരല്ല. ദക്ഷിണേഷ്യക്കാര്‍ക്കെതിരേയുള്ള വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണ്, തവിട്ടുനിറമുള്ള തൊലിയും പുറംനാട്ടുകാരനെന്ന ആശയവുമായി കൂടിക്കലരുന്നത് തുടരുകതന്നെ ചെയ്യും. ഇത്തരമൊരു കാലാവസ്ഥയില്‍, നിശ്ശബ്ദത സ്വയം രക്ഷപ്പെടലായാണ് കാണാനാവുന്നത്.
മറ്റൊരു പ്രായോഗികമായ പരിഗണനകൂടിയുണ്ട്. എച്ച്-1ബി വിസകള്‍ തങ്ങളുടെ മക്കളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണെന്നതാണ് തലമുറകള്‍ക്കുമുന്‍പേ യുഎസില്‍ കുടിയേറിയ പല ഇന്ത്യക്കാരുടെയും കാഴ്ചപ്പാടെന്നാണ് എന്റെ ചില ഇന്ത്യന്‍-അമേരിക്കന്‍ സുഹൃത്തുക്കള്‍ പറയുന്നത്.
തലമുറമാറ്റവും കൂറും
തലമുറപരമായൊരു മാനംകൂടി ഈ നിശ്ശബ്ദതയ്ക്കു പിന്നിലുണ്ട്. യുഎസില്‍ ജനിച്ചുവളര്‍ന്ന, രണ്ടാം തലമുറക്കാരായ പല ഇന്ത്യന്‍-അമേരിക്കക്കാര്‍ക്കും ഇന്ത്യയോടുള്ളത് തീരേ ബലംകുറഞ്ഞ ബന്ധമാണ്. അവരുടെ വ്യക്തിത്വം ഇടകലര്‍ന്നതാണ്, അവരുടെ കൂറുകള്‍ ഒന്നിലധികമാണ്. അവരെ സംബന്ധിച്ച്, തങ്ങളനുഭവിച്ച യാഥാര്‍ഥ്യമല്ല, പകരം പൂര്‍വികരുടെ ഓര്‍മ്മകളിലെ നാടുമാത്രമാണ് ഇന്ത്യ.
നല്‍കേണ്ട വില
പക്ഷേ, നിശ്ശബ്ദതയ്ക്ക് വില നല്‍കേണ്ടതുണ്ട്. ഇന്ത്യക്കെതിരായ നയപരമായ ആക്രമണങ്ങള്‍ക്കെതിരേ പ്രവാസസമൂഹം പ്രതികരിക്കാതിരിക്കുമ്പോള്‍ നഷ്ടപ്പെടുത്തുന്നത് ധാര്‍മികതയുടെ സ്വരമാണ്. ഇന്ത്യ 'ചതിക്കുന്ന വ്യാപാരപങ്കാളിയും' തന്ത്രപൂര്‍വം പ്രകോപിപ്പിക്കുന്ന, പങ്കാളിത്തം അര്‍ഹിക്കാത്ത ഒരു രാജ്യവുമാണെന്നൊക്കെയുള്ള പരിഹാസപൂര്‍ണമായ ചിത്രങ്ങള്‍ തഴച്ചുവളരാന്‍ ഇതിടയാക്കും. പ്രവാസസമൂഹത്തെ 'രാഷ്ട്രദൂതര്‍' (രാജ്യത്തിന്റെ അംബാസഡര്‍മാര്‍) എന്ന് അഭിവാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, വളരെ കരുതലോടെ വളര്‍ത്തിയെടുത്ത പ്രവാസി അഭിമാനമെന്ന ആശയത്തിന് തുരങ്കംവെക്കുന്ന നീക്കംകൂടിയാണിത്. രാജ്യത്തിനുവേണ്ടി ശബ്ദമുയര്‍ത്താനാകുന്നില്ലെങ്കില്‍ പിന്നെ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതില്‍ എന്തുവിലയാണുള്ളത്?
'യുദ്ധത്തിനിറങ്ങു'മെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍-അമേരിക്കന്‍ സി.ഇ.ഒ.മാര്‍ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ്.
വിജയത്തിനും ഐക്യദാര്‍ഢ്യത്തിനുമിടയിലെ, ഉള്‍ക്കലരലിനും കൂറിനുമിടയിലെ സമ്മര്‍ദമാണ് പ്രവാസസമൂഹത്തിന്റെ നിശ്ശബ്ദതയ്ക്ക് കാരണം. ഒരു സമൂഹത്തിന്റെ സ്വരം അളക്കപ്പെടേണ്ടത് അതിന്റെ സമ്പത്തോ, പദവികളോ അടിസ്ഥാനമാക്കിയല്ല, മറിച്ച് പ്രതിസന്ധിഘട്ടങ്ങളില്‍ തങ്ങളുടെ മാതൃരാജ്യത്തിനുവേണ്ടി ശബ്ദമുയര്‍ത്താനുള്ള സന്നദ്ധതയ്ക്കനുസരിച്ചാണെന്ന്, നമ്മള്‍ ഇന്ത്യയിലുള്ളവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍കൂടിയാണിത്.
Content Highlights: Exploring why the successful Indian diaspora in the US remained silent amidst Trump administration`s actions against India, and the implications for their dual identity and allegiance.