സൂര്യനിൽനിന്നും കാറ്റിൽനിന്നും ചരിത്രനേട്ടം; താപനിലയങ്ങളിൽ കൽക്കരി ക്ഷാമം, ഊർജ പ്രതിസന്ധി രൂക്ഷമാകുമോ?

ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായ ഭാരതം, വ്യാവസായിക-സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഊർജ്ജോത്പാദന ശേഷി അതിവേഗം വിപുലീകരിക്കുകയാണ്. രാജ്യത്തിന്റെ ആകെ സ്ഥാപിത വൈദ്യുതി ഉത്പാദന ശേഷി (Installed Generation Capacity) 2026 ജനുവരി 31-ലെ കണക്കനുസരിച്ച് 520.51 ജിഗാവാട്ട് ആണ്. കേന്ദ്ര സർക്കാറിന്റെ 2026 മാർച്ച് 31-ലെ പ്രഖ്യാപനമനുസരിച്ച്, രാജ്യത്തിന്റെ ഫോസിൽ ഇതര ഊർജ്ജ സ്ഥാപിതശേഷി 283.46 ജിഗാവാട്ടായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 55.29 ജിഗാവാട്ട് നോൺ-ഫോസിൽ ശേഷിയാണ് കൂട്ടിച്ചേർത്തത്. 2025-26 സാമ്പത്തിക വർഷത്തിൽ ആകെ വൈദ്യുതി ഉത്പാദനം 1,845.921 ബില്യൺ യൂണിറ്റുകളിൽ എത്തി. ഇതിൽ നോൺ-ഫോസിൽ സ്രോതസ്സുകളിൽ നിന്നുള്ള സംഭാവന 29.2% (538.97 ബില്യൺ യൂണിറ്റ്) ആണ്.
രാജ്യത്തിന്റെ വൈദ്യുതിയുടെ അടിസ്ഥാന ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിൽ താപവൈദ്യുതി വലിയ പങ്ക് വഹിക്കുന്നു. 2026 ജനുവരി 31-ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ഫോസിൽ ഇന്ധനശേഷി 248.54 ജിഗാവാട്ടാണ്. ഇത് ആകെ ശേഷിയുടെ 47.8 ശതമാനമാണ്. ഇതിൽ കൽക്കരി (Coal) അധിഷ്ഠിതശേഷി 221.21 ജിഗാവാട്ടും (42.5%) ലിഗ്നൈറ്റ് 6.62 ജിഗാവാട്ടും (1.3%) വാതകം (Gas) 20.12 ജിഗാവാട്ടും (3.9%) ഡീസൽ 0.59 ജിഗാവാട്ടുമാണ് (0.1%). 2025-26 സാമ്പത്തിക വർഷത്തിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള ആകെ ഉത്പാദനം 1,306.951 ബില്യൺ യൂണിറ്റാണ് (ആകെ ഉത്പാദനത്തിന്റെ 71 ശതമാനമാണ്. ഇതിൽ കൽക്കരി അധിഷ്ഠിത വൈദ്യുതോത്പാദനം മാത്രം 1,250.189 ബില്യൺ യൂണിറ്റ് വരും.
175 കൽക്കരി അധിഷ്ടിത താപവൈദ്യുത നിലയങ്ങളും കൽക്കരി ലഭ്യതയുടെ പ്രതിസന്ധി നേരിടുകയാണ്. മഴ, കൽക്കരി എത്തിക്കുന്നതിലെ തടസ്സങ്ങൾ ഉയർന്ന ആവശ്യതക എല്ലാം ഒരുമിച്ച് വന്നതോടെ പ്രതിസന്ധി രൂക്ഷമാകുകയാണ്.
പുനരുപയോഗ ഊർജ്ജ വിപ്ലവത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗമാണ് സൗരോർജ്ജം. 2026 ജൂലായ് 31-ലെ കണക്കനുസരിച്ച് രാജ്യത്തെ ആകെ സ്ഥാപിത സൗരോർജ്ജ ശേഷി 164.59 ജിഗാവാട്ടാണ്. 2014 മാർച്ചിലെ 2.82 ജിഗാവാട്ടിൽ നിന്ന് 53 മടങ്ങിലധികമാണ് വർദ്ധന. 2026 ജനവരിയിലെ കണക്ക് പ്രകാരം ഇതിന്റെ പങ്ക് ആകെ വൈദ്യുതി ശേഷിയുടെ 27.0 ശതമാനമാണ്. 2025-26 വർഷത്തിൽ മാത്രം 44.61 ജിഗാവാട്ട് സൗരോർജ്ജ ശേഷി കൂട്ടിച്ചേർക്കപ്പെട്ടു. ഇതിൽ 110.43 ജിഗാവാട്ട് വ്യവസായ അടിസ്ഥാനത്തിലുള്ളവയും 25.73 ജിഗാവാട്ട് റൂഫ്‌ടോപ്പ് പദ്ധതികളും 14.10 ജിഗാവാട്ട് പി.എം-കുസും/ഓഫ്-ഗ്രിഡ് സംവിധാനങ്ങളുമാണ്. 2025-26 കാലയളവിൽ സൗരോർജ്ജത്തിൽ നിന്നുള്ള ഉത്പാദനം 20.38 ശതമാനം വളർച്ചയോടെ 173.525 ബില്യൺ യൂണിറ്റിൽ എത്തി. ഒരു കോടി വീടുകളിൽ പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലക്ഷ്യമിടുന്ന പി.എം. സൂര്യഘർ മുഫ്ത് ബിജ്ലി യോജന, കർഷകർക്കായുള്ള പി.എം-കുസും പദ്ധതി എന്നിവ സൗരോർജ്ജ വ്യാപനത്തിന് ഊർജ്ജമേകുന്നു. ലോകത്ത് സൗരോർജ്ജ ശേഷിയിൽ ഭാരതം മൂന്നാം സ്ഥാനത്താണ്.
സൗരോർജ്ജം കഴിഞ്ഞാൽ രാജ്യത്തെ വലിയ പുനരുപയോഗ ഊർജ്ജ സ്രോതസ്സാണ് കാറ്റാടിപ്പാടങ്ങൾ. 2026 മാർച്ച് 31-ൽ രാജ്യത്തെ കാറ്റാടിപ്പാടങ്ങൾ വഴിയുള്ള വൈദ്യുതി ഉത്പാദനത്തിന്റെ ശേഷി 56.09 ജിഗാവാട്ടാണ്. 2014-ലെ 21.04 ജിഗാവാട്ടിൽ നിന്ന് ഇരട്ടിയിലധികം വർദ്ധനവ്. 2026 ജനുവരിയിലെ കണക്കനുസരിച്ച് ആകെ ശേഷിയുടെ 10.5% പവനോർജ്ജമായിരുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ 6.05 ജിഗാവാട്ട് പവനോർജ്ജ ശേഷി വികസിപ്പിച്ചു. ഇക്കാലയളവിൽ പവനോർജ്ജത്തിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം 27.29 % വളർച്ചയോടെ 106.089 ബില്യൺ യൂണിറ്റായി ഉയർന്നു. സോളാറും വിൻഡും ചേർന്ന് ആകെ 279 ബില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇത് ആകെ ഉത്പാദനത്തിന്റെ 15.14 ശതമാനമാണ്. പവനോർജ്ജ ശേഷിയിൽ ഭാരതം ആഗോളതലത്തിൽ നാലാം സ്ഥാനത്താണ്.
രാജ്യത്തിന്റെ ഊർജ്ജ സ്ഥിരത നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് ജല വൈദ്യുത പദ്ധതികൾ. 2026 മാർച്ച് 31-ലെ കണക്കുകൾ പ്രകാരം വൻകിട ജലവൈദ്യുത പദ്ധതികൾകൾക്ക് 51.41 ജിഗാവാട്ട് സ്ഥാപിത ശേഷിയുണ്ട്. ചെറുകിട ജലവൈദ്യുത പദ്ധതികൾകൾക്ക് 5.17 ജിഗാവാട്ട് സ്ഥാപിത ശേഷിയുണ്ട്. വൻകിട-ചെറുകിട പദ്ധതികൾ ചേർത്ത് രാജ്യത്തിന്റെ ആകെ ജലവൈദ്യുതി സ്ഥാപിത ശേഷി 56.58 ജിഗാവാട്ടാണ്. മാത്രമല്ല, 1.5 ജിഗാവാട്ടിന്റെ പുതിയ പദ്ധതികൾ രാജ്യമെമ്പാടുമായി വിഭാവനം ചെയ്യുന്നുമുണ്ട്.
തുടർച്ചയായ 24 മണിക്കൂർ ഊർജ്ജം നൽകുന്ന അണുശക്തി നിലയങ്ങൾ രാജ്യത്തിന്റെ ഊർജ്ജ ലക്ഷ്യങ്ങളിലെ സുപ്രധാന കണ്ണിയാണ്. 2026 മാർച്ച് മാസത്തിലെ കണക്കനുസരിച്ച് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) പ്രവർത്തിപ്പിക്കുന്ന 25 റിയാക്ടറുകളിലായി ആകെ സ്ഥാപിത ശേഷി 8.78 ജിഗാവാട്ടാണ്. ആകെ സ്ഥാപിത ശേഷിയുടെ 1.7 %. 2024-25 സാമ്പത്തിക വർഷത്തിൽ വൈദ്യുതി ഉത്പാദനം 56,681 ദശലക്ഷം യൂണിറ്റുകളിൽ എത്തി. 2014-15 കാലഘട്ടത്തെ അപേക്ഷിച്ച് വാർഷിക വൈദ്യുതി ഉത്പാദനത്തിൽ 60% വർദ്ധനവും സ്ഥാപിത ശേഷിയിൽ 71% വർദ്ധനവുമാണുണ്ടായത്.
ഊർജ്ജോത്പാദനത്തിൽ കേരളം
കേരളത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കേരളത്തിന്റെ ആകെ സ്ഥാപിത വൈദ്യുതി ഉത്പാദന ശേഷി 4.14 ജിഗാവാട്ടാണ്. ചില സർവ്വേ വിവരങ്ങളിൽ ഇത് 4.55 ജിഗാവാട്ടായും രേഖപ്പെടുത്തിയിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിലെ 3.51 ജിഗാവാട്ടിൽ നിന്ന് 17.76 ശതമാനം വാർഷിക വളർച്ച കൈവരിച്ചാണ് കേരളം 4.14 ജിഗാവാട്ടിലേക്ക് ഉയർന്നത്.
കേരളത്തിന്റെ ഊർജ്ജോത്പാദന മേഖലയുടെ നട്ടെല്ല് ജലവൈദ്യുതിയാണ്. 1.96 ജിഗാവാട്ടാണ് വൻകിട ജലവൈദ്യുത പദ്ധതികളുടെ സ്ഥാപിത ശേഷി. സംസ്ഥാനത്തിന്റെ ആകെ സ്ഥാപിത ശേഷിയുടെ ഏകദേശം 47.3 ശതമാനം. ചെറുകിട ജലവൈദ്യുത പദ്ധതികളിൽ നിന്നായി 0.28 ജിഗാവാട്ട് ശേഷിയുണ്ട്. വൻകിടയും ചെറുകിടയും ചേർത്ത് സംസ്ഥാനത്തെ ആകെ ജലവൈദ്യുതി ശേഷി ഏകദേശം 2.28 ജിഗാവാട്ടാണ്.
സമീപകാലത്ത് കേരളത്തിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയ വിഭാഗമാണ് സൗരോർജ്ജം. കേരളത്തിലെ ആകെ ഗ്രിഡ്-ബന്ധിത സൗരോർജ്ജ സ്ഥാപിത ശേഷി ഏകദേശം 2.26 ജിഗാവാട്ടിൽ എത്തിനിൽക്കുന്നു. ചുരുങ്ങിയ കാലത്തിനിടെയാണ് സൗരോർജ്ജ മേഖല ഈ കുതിച്ചുചാട്ടം നടത്തിയത്. സൗരോർജ്ജ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കിയതാണ് സംസ്ഥാനത്തിന്റെ ആകെ പുനരുപയോഗ ഊർജ്ജ ശേഷി ഒരു വർഷത്തിനിടെ 38.37% വളർച്ച നേടാൻ പ്രധാന കാരണം.
കേരളത്തിൽ കൽക്കരി അധിഷ്ഠിത നിലയങ്ങൾ ഇല്ല. പ്രാദേശിക താപവൈദ്യുത വിഭാഗത്തിൽ (പ്രധാനമായും വാതക/ഡീസൽ അധിഷ്ഠിതം) ആകെ 0.33 ജിഗാവാട്ട് സ്ഥാപിത ശേഷിയാണുള്ളത്. കേരളത്തിലെ കാറ്റാടിപ്പാടങ്ങളിൽ നിന്നുള്ള ആകെ പവനോർജ്ജ സ്ഥാപിത ശേഷി 0.07127 ജിഗാവാട്ടാണ്. കേരളത്തിന് സ്വന്തമായി അണുശക്തി നിലയങ്ങളോ അണുശക്തി ഉത്പാദന ശേഷിയോ ഇല്ല. ബയോ-പവർ / ബയോമാസ്, മാലിന്യത്തിൽ നിന്നുള്ള ഊർജ്ജം എന്നിവ ചെറിയ തോതിലുണ്ട്.
എൽനിനോ കാരണം ഈ വർഷം ചൂട് കൂടിയേക്കാമെന്നാണ് അനുമാനം. വൈദ്യുതി ഉപഭോഗം ഗണ്യമായ തോതിൽ കൂടിയേക്കാം. താപവൈദ്യുത നിലയങ്ങളിൽ കൽക്കരിയുടെ അടക്കം ക്ഷാമം കാരണം 40 ശതമാനത്തോളം ഉത്പാദന ശേഷിയിൽ കുറവ് വന്നിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പും ഒട്ടും പ്രതീക്ഷ നൽകുന്നതല്ല. പല സംസ്ഥാനങ്ങളും പവർകട്ട് മോഡിലാണ്. അടുത്ത കാലവർഷം വരെ പ്രതിസന്ധിക്ക് പൂർണ അർഥത്തിൽ പരിഹാരമാകാനുള്ള സാധ്യതയും കുറവാണ്. മഴക്കുറവ് ഏറ്റവും കൂടുതൽ ബാധിക്കുക കേരളത്തെയാണ്. കേരളത്തിന്റെ ഉത്പാദന ശേഷിയുടെ പകുതിയും ജലവൈദ്യുത പദ്ധതികളിൽ നിന്നാണ്
ലേഖനം തയ്യാറാക്കാൻ ആശ്രയിച്ച കേന്ദ്ര സർക്കാറിന്റെയും മന്ത്രാലയങ്ങളുടെയും ഔദ്യോഗിക സോഴ്സുകളും:
1. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) - കേന്ദ്ര പത്രക്കുറിപ്പുകൾ
പവർ ജനറേഷൻ കപ്പാസിറ്റി പ്രസ് റിലീസ് (12 മാർച്ച് 2026): കേന്ദ്ര ഊർജ്ജ മന്ത്രാലയം ലോക്‌സഭയിൽ നൽകിയ ഔദ്യോഗിക കണക്കുകൾ.
PIB Press Release: Power Generation Capacity from Various Sources
പുനരുപയോഗ ഊർജ്ജ റാങ്കിംഗ് പത്രക്കുറിപ്പ് (08 ഏപ്രിൽ 2026): പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ മന്ത്രാലയത്തിന്റെ (MNRE) വിവരങ്ങൾ.
PIB Press Release: India Ranks Third Globally in Renewable Energy Installed Capacity
ഊർജ്ജ മേഖലയുടെ വികസന പത്രക്കുറിപ്പ് (28 ഫെബ്രുവരി 2026):
PIB Backgrounder: The Evolving Spectrum of Energy Sources
ഇന്ത്യയുടെ ഊർജ്ജ ലാൻഡ്‌സ്കേപ്പ് (22 ജൂൺ 2025
PIB Press Note: India's Energy Landscape
2. നീതി ആയോഗ് (NITI Aayog)
ഇന്ത്യ ക്ലൈമറ്റ് & എനർജി ഡാഷ്‌ബോർഡ് (ICED): രാജ്യത്തെയും സംസ്ഥാനങ്ങളിലെയും ഊർജ്ജ സ്ഥാപിത ശേഷിയും ഉത്പാദന മിക്സും.
India Climate & Energy Dashboard | NITI Aayog
3. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി (CEA) / നാഷണൽ പവർ പോർട്ടൽ (NPP)
നാഷണൽ പവർ പോർട്ടൽ (National Power Portal): കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ തത്സമയ ഗ്രിഡ്/ഉത്പാദന കണക്കുകൾ.
National Power Portal (NPP) Dashboard](https://npp.gov.in/
4. ഭാരത സ്ഥിതിവിവരക്കണക്ക് മന്ത്രാലയം (MoSPI)
എനർജി സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ 2026 (Energy Statistics India 2026 - 33rd Edition): നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO) പ്രസിദ്ധീകരിച്ച ഔദ്യോഗിക റിപ്പോർട്ട്.
Ministry of Statistics and Programme Implementation (MoSPI)
5. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) /ഇന്ത്യാ എനർജി സിനാരിയോ
ഇന്ത്യൻ എനർജി സിനാരിയോ റിപ്പോർട്ട്
Bureau of Energy Efficiency (BEE)
Content Highlights: India's total power generation capacity has reached 520.51 GW, with non-fossil fuel sources expanding rapidly to 283.46 GW, spearheaded by phenomenal growth in solar and wind energy sectors.