ബ്രിക്സ് ഉച്ചകോടിക്ക് മുമ്പ് ഇന്ത്യ- ചൈന അതിർത്തിയിൽ മഞ്ഞുരുക്കത്തിന് തുടക്കം?

സെപ്തംബർ രണ്ടാംവാരം ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ തിരക്കുപിടിച്ച നയതന്ത്ര ദൗത്യങ്ങളിലാണ് ആതിഥേയരായ ഇന്ത്യ. ഈയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയും വിദേശമന്ത്രി ഡോ. എസ്. ജയശങ്കർ റഷ്യയും സന്ദർശിച്ചു മടങ്ങി. ഈ സന്ദർശനങ്ങൾ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും ഇന്ത്യയിലേക്ക് ക്ഷണിക്കാൻ മാത്രം ഉദ്ദേശിച്ചല്ലായിരുന്നു എന്നത് വ്യക്തമാണ്. അതിവേഗം മാറുന്ന ഭൗമരാഷ്ട്രീയത്തിൽ രാജ്യതാൽപ്പര്യത്തിന് നിർണായകമായ ചില വിഷയങ്ങളിൽ തീർപ്പുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഡോവലും ജയശങ്കറും തങ്ങളുടെ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
മുൻപ് ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിൽ കണ്ടതുപോലെ, ഗ്ലോബൽ സൗത്തിന്റെ (വികസ്വര രാഷ്ട്രങ്ങൾ) കരുത്ത് വിളിച്ചോതുന്ന വേദിയാകും ഡൽഹിയിലെ ബ്രിക്സ് യോഗം എന്നതിൽ സംശയമില്ല. വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ ഇന്ത്യയിലെത്തി ചർച്ചകളാരംഭിച്ചു കഴിഞ്ഞു. ഉച്ചകോടി തുടങ്ങുമ്പോഴേയ്ക്കും വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാനാകും. മേജർ ജനറൽ രാജീവ് നാരായണൻ ചൂണ്ടിക്കാണിക്കുന്നത് പോലെ, ഇന്ത്യ അധ്യക്ഷപദവി ഏറ്റെടുത്തപ്പോൾ ബ്രിക്സിനെ പേരിലുള്ള അഞ്ചു രാജ്യങ്ങളിൽനിന്ന് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) മോചിപ്പിച്ച് 'Building for Resilience, Innovation, Cooperation and Sustainabiltiy' (ഉൾക്കരുത്ത്, നൂതനമാർഗങ്ങൾ കണ്ടെത്തൽ, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായുള്ള നിർമാണം) എന്ന വിശാലമായ കാഴ്ചപ്പാടിലേക്ക് ഉയർത്തിയത് ചൈനയ്ക്ക്് അത്രയ്ക്ക് ഇഷ്ടമാവാനിടയില്ല.
പരിഷ്കരിച്ച ബഹുകക്ഷീയത, വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തൽ, യുപിഐ/ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ ഇന്ത്യയുടെ മുൻഗണനകൾ ചൈനയുടെ താൽപ്പര്യങ്ങളുമായി പൂർണമായും ഒത്തുപോകുന്നില്ല. പ്രത്യേകിച്ച് ഡിജിറ്റൽ പബ്ലിക് ഇന്റർഫേസ് മേഖലയിൽ. ഫെയ്സ്ബുക്കും ഇൻസ്റ്റയും പോലും തുറന്നു നൽകാത്ത കമ്യൂണിസ്റ്റ് ചൈനയ്ക്ക്, ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടാവുന്ന ഇത്തരമൊരു തുറന്ന ഡിജിറ്റൽ സംവിധാനം എത്രത്തോളം സ്വീകാര്യമാകുമെന്നത് ചോദ്യമാണ്. ഡോളറിനെ നേരിട്ട് വെല്ലുവിളിക്കുന്ന ഒരു പൊതു കറൻസി എന്ന ആശയം 2025-ൽ തന്നെ മരവിപ്പിക്കപ്പെട്ടിരുന്നു. പകരം, അംഗരാജ്യങ്ങളുടെ പേയ്മെന്റ് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന 'ബ്രിക്സ് പേ' എന്ന സാങ്കേതിക സംരംഭവും ഭാഗികമായി സ്വർണ്ണത്തിന്റെ പിൻബലമുള്ള ഒരു ചെറിയ പരീക്ഷണ സെറ്റിൽമെന്റ് സംവിധാനവുമാണ് മുന്നോട്ടു നീങ്ങുന്നത്.
ബ്രിക്സ് അജണ്ടയിലെ ചില കാര്യങ്ങളിൽ എതിർപ്പുണ്ടെങ്കിലും, നാട്ടിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും അന്താരാഷ്ട്ര സമ്മർദ്ദങ്ങളും കാരണം തങ്ങളുടെ താൽപ്പര്യങ്ങൾ ലോകത്തിനുമേൽ അടിച്ചേൽപ്പിക്കാനാവാത്ത അവസ്ഥയാണെന്ന് ചൈന തിരിച്ചറിയുന്നു. അതുകൊണ്ടാവണം, ഓഗസ്റ്റ് 25-ന് ബീജിങ്ങിൽ അജിത് ഡോവലുമായി നടന്ന മാരത്തൺ ചർച്ചയിൽ ചൈനീസ് വിദേശമന്ത്രി വാങ് യി ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായത്. പ്രത്യേകിച്ചും അതിർത്തിത്തർക്ക പരിഹാരത്തിൽ.
അതിർത്തിയിലെ 'ഏർലി ഹാർവെസ്റ്റ്'
ദശകങ്ങളായി അശാന്തമായി തുടരുന്ന ഇന്ത്യ-ചൈന അതിർത്തിയിൽ സമാധാനത്തിന്റെ പ്രതീക്ഷ പകരുന്നതായി ഡോവലും വാങ് യിയും തമ്മിൽ ബീജിങ്ങിൽ നടന്ന 25-ാമത് പ്രത്യേക പ്രതിനിധി ചർച്ചയിൽ ഉരുത്തിരിഞ്ഞ എട്ടിന ധാരണകൾ.
1. ഘട്ടംഘട്ടമായുള്ള അതിർത്തി നിർണ്ണയം, എളുപ്പമുള്ളവ ആദ്യം പരിഹരിക്കും. തർക്കങ്ങൾ കുറഞ്ഞ മേഖലകളിൽ അതിർത്തി നിർണ്ണയം വേഗത്തിലാക്കാൻ വിദഗ്ദ്ധസമിതിയെ ചുമതലപ്പെടുത്തി.
2. യഥാർത്ഥ നിയന്ത്രണ രേഖയുടെ ഇരുവശത്തുമുള്ളവർക്കുള്ള വ്യത്യസ്തമായ അതിർത്തി ധാരണകളെ മെച്ചപ്പെടുത്താൻ ചർച്ചകൾ നടത്താനും പ്രാദേശിക സംഘർഷം ഒഴിവാക്കാനും തീരുമാനിച്ചു.
3. നയതന്ത്ര, സൈനിക തലങ്ങളിലെ ഇടപെടൽ വഴി അതിർത്തിയിലെ സംഘർഷ സാധ്യതകളെ ഉടനടി പരിഹരിക്കും.
4. യഥാർത്ഥ നിയന്ത്രണ രേഖയിൽ സംഘർഷ സാധ്യത കുറയ്ക്കുന്നതിനായി കിഴക്കൻ, മധ്യ മേഖലകളിൽ പുതിയ രണ്ട് സൈനിക ഹോട്ട്ലൈനുകൾ സ്ഥാപിക്കും.
5. മുതിർന്ന സൈനിക കമാൻഡർമാർക്കായി രണ്ട് പുതിയ കൂടിക്കാഴ്ചാ കേന്ദ്രങ്ങൾ ആരംഭിക്കും.
6. അതിർത്തിയിലെ നദികളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിനായി രൂപീകരിച്ച സമിതി വരുന്ന സെപ്തംബറിൽ യോഗം ചേരാനും ഹൈഡ്രോളജിക്കൽ ഡേറ്റ പങ്കുവെക്കുന്നതിനുള്ള ധാരണാപത്രങ്ങൾ പുതുക്കും.
7. കൈലാസ മാനസസരോവർ യാത്ര കൂടുതൽ സുഗമമാക്കും, അതിർത്തി വ്യാപാരകേന്ദ്രങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും.
8. 2005-ലെ അടിസ്ഥാന തത്വങ്ങൾ മുൻനിർത്തി ന്യായമായ അതിർത്തി പരിഹാരത്തിനായി പ്രവർത്തിക്കും.
ഏറ്റവും നിർണ്ണായകമായ കാര്യം, 3,488 കിലോ മീറ്റർ ദൈർഘ്യമുള്ള അതിർത്തിയിൽ എളുപ്പത്തിൽ പരിഹാരം (Early Harvest) സാധ്യമാകുന്ന പ്രദേശങ്ങൾ കണ്ടെത്താൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്താനുള്ള തീരുമാനമാണ്. ഏകദേശം 220 കിലോ മീറ്റർ വരുന്ന സിക്കിം, ഹിമാചൽ പ്രദേശും ഉത്തരാഖണ്ഡും ഉൾപ്പെടുന്ന ഏകദേശം 545 കിലോ മീറ്റർ വരുന്ന മധ്യമേഖല എന്നിവയാണ് പ്രാരംഭ നടപടികൾക്കായി ചൂണ്ടിക്കാണിച്ചിട്ടുള്ള രണ്ട് മേഖലകൾ എന്നു വിശ്വസനീയ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.
വാജ്പേയി സർക്കാരിന്റെ കാലത്ത് 2003-ൽ പ്രത്യേകപ്രതിനിധി സംവിധാനം നിലവിൽ വന്നതിനുശേഷം മേഖല തിരിച്ചുള്ള തർക്കപരിഹാര നിർദ്ദേശം ചൈന പലപ്പോഴും ഉന്നയിച്ചിരുന്നെങ്കിലും ഇന്ത്യ അത് നിരസിക്കുന്നതായിരുന്നു പതിവ്. ഇത്തവണ അജിത് ഡോവലും വാങ് യിയും ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെംഗും തമ്മിൽ നടന്ന 48 മണിക്കൂർ കൂടിക്കാഴ്ച അതിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി.
തന്ത്രപരമായ കാരണങ്ങൾ മാത്രമല്ല, തർക്കം പരിഹരിക്കാൻ ഇരുവിഭാഗത്തിനും ശക്തമായ ലോജിസ്റ്റിക്സ് കാരണങ്ങളുമുണ്ട്. ഉയരം കൂടിയ അതിർത്തി മേഖലയിൽ ആയിരക്കണക്കിന് സൈനികരെ ഇന്ത്യയും ചൈനയും സജ്ജരാക്കി നിർത്തിയിരിക്കുന്നു. ലോകത്തിലെതന്നെ ഏറ്റവും ദുർഘടമായ പ്രദേശങ്ങളിൽ പെടുന്നവയാണിവ. മിക്കവാറും സമയം താപനില പൂജ്യത്തിനു താഴെ. ഇവിടെ സൈനികർക്ക് വേണ്ടുന്ന പ്രത്യേക തണുപ്പുകാല ഉപകരണങ്ങളും ഭക്ഷണവും ഇന്ധനവും സൈനികസാമഗ്രികളും പടക്കോപ്പുകളും എത്തിക്കുന്നത് എളുപ്പമല്ല.
ശീതകാലത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ, ഹെലികോപ്റ്റർ, ഗതാഗത ശൃംഖലകൾ എന്നിവ പുറമെ. ദീർഘകാലം അത്തരം സജ്ജീകരണങ്ങൾ നിലനിർത്താൻ ഭീമമായ ചെലവുണ്ട്. ഇതേ പ്രശ്നം ചൈനയും നേരിടുന്നു. ഈ പണവും സൈനികശക്തിയും ആവശ്യമുള്ള മറ്റിടങ്ങളുണ്ടല്ലോ. സിക്കിമിലെയും മധ്യമേഖലയിലെയും എളുപ്പമുള്ള പ്രശ്നങ്ങൾ പരിഹരിച്ചാൽ ഇരുരാജ്യങ്ങൾക്കും 1962 മുതൽ (പ്രത്യേകിച്ച് 2020-ലെ ഗാൽവൻ സംഘർഷത്തിന് ശേഷം) യഥാർത്ഥ നിയന്ത്രണരേഖയിൽ കുടുങ്ങിയ ആയിരക്കണക്കിന് സൈനികരെ സ്വതന്ത്രമാക്കാനാവും.
സിക്കിമും കോഴിക്കഴുത്തും വ്യാപാരമിച്ചവും
ഇന്ത്യയ്ക്ക് വ്യക്തമായ മുൻതൂക്കമുള്ള ഒരു മേഖല സിക്കിമാണ്. 2003 ജൂണിൽ പ്രധാനമന്ത്രി വാജ്പേയി ചൈന സന്ദർശിച്ചപ്പോൾ സിക്കിം വഴി അതിർത്തി വ്യാപാരം ആരംഭിക്കാൻ ചൈന സമ്മതിച്ചിരുന്നു. സിക്കിം ഇന്ത്യയുടെ ഭാഗമായതിന് 28 വർഷത്തിന് ശേഷമുള്ള ഈ നീക്കം പ്രദേശത്തെ ഇന്ത്യയുടെ ഭാഗമായി ചൈന അംഗീകരിക്കുന്നതിന് തുല്യമായിരുന്നു. ആ അംഗീകാരം ഇപ്പോഴുമുണ്ട്. അതിനാൽ, അവിടെ അതിർത്തി നിർണ്ണയം ഔദ്യോഗികമായി അംഗീകരിക്കുന്നത് ചൈനയ്ക്ക് വലിയ നഷ്ടം വരുത്തുന്നില്ല. സിക്കിം സംബന്ധിച്ച അതിർത്തി പ്രശ്നം ഔദ്യോഗികമായി പരിഹരിക്കപ്പെടുന്നത് വടക്കുകിഴക്കൻ മേഖലയിലെ തലവേദനയായ ‘കോഴിക്കഴുത്തി’നും (സിലിഗുരി കോറിഡോർ, ചിക്കൻസ് നെക്ക്) ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ഇന്ത്യയുടെ എട്ടു വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് ബംഗാളിലെ ഏറ്റവും ഇടുങ്ങിയ ഭാഗത്ത് 22 കിലോ മീറ്റർ മാത്രം വീതിയുള്ള ഈ ഭൂപ്രദേശമാണ്. വടക്ക് നേപ്പാളും ഭൂട്ടാനും, തെക്ക് ബംഗ്ലാദേശ്. 2017-ൽ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ യുദ്ധസന്നദ്ധരായി മുഖാമുഖം നിന്ന ഡോക്ലാം പീഠഭൂമി തൊട്ടടുത്താണ്. (പിന്നീട് ചൈനീസ് പട പിൻമാറി.) സിലിഗുരി ഇടനാഴിയുടെ സുരക്ഷ എന്നത് കേവലം അതിർത്തിത്തർക്കമല്ല.
ഭീകരവാദികൾ ഈ ഇടനാഴി പിടിച്ചെടുത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽനിന്നു മുറിച്ചുനീക്കുന്നത് വിഭാവനം ചെയ്യുന്നുണ്ട്. സിക്കിം അതിർത്തി നിർണ്ണയത്തിലെ പുരോഗതിയും ഡോക്ലാം ജംക്ഷനെ കുറിച്ചുള്ള ഇന്ത്യ-ഭൂട്ടാൻ-ചൈന ചർച്ചകളും ഇടനാഴിയുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കും. അതിനാൽ, സിക്കിം വിഷയം പരിഹരിക്കുന്നത് നയതന്ത്രപരമായ ലാഭം മാത്രമല്ല, ഇന്ത്യയുടെ പ്രധാനപ്പെട്ട ഭൂമിശാസ്ത്രപരമായ ഒരു ദൗർബല്യം പരിഹരിക്കുന്നതിനുള്ള ചുവടുവെയ്പ്പുമാണ്.
വിട്ടുവീഴ്ചയ്ക്ക് ചൈനയെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം ഇരുരാജ്യങ്ങൾക്കുമിടയ്ക്ക് അനുദിനം വർധിക്കുന്ന വ്യാപാരമാവണം. ഇന്ത്യയുമായുള്ള ചൈനയുടെ വ്യാപാരമിച്ചം 100 ബില്യൺ ഡോളർ കടന്നിരിക്കുന്നു. ഒറ്റനോട്ടത്തിൽ ഇത് ഇന്ത്യയ്ക്ക് പ്രതികൂലമാണെങ്കിലും ചൈനയ്ക്കും നിർണായകമാണ്. റിയൽ എസ്റ്റേറ്റ് മേഖലയുടെ തകർച്ച, അമേരിക്കയുമായുള്ള തീരുവ തർക്കങ്ങൾ, മൊത്തത്തിലുള്ള സാമ്പത്തിക മന്ദത എന്നിവ വലയ്ക്കുന്ന ചൈനയ്ക്ക് വിശാലമായ വിപണിയും സാമ്പത്തിക വളർച്ചയുമുള്ള ഇന്ത്യയെ തള്ളിക്കളയാനാവില്ല. അമേരിക്കൻ വിപണിയിലുണ്ടായ നഷ്ടം നികത്താൻ ചൈനയ്ക്ക് മുന്നിലുള്ള ചുരുക്കം ചില വലിയ വിപണികളിലൊന്ന് ഇന്ത്യയാണ്.
ചർച്ചകളിൽ ഡോവൽ തീർച്ചയായും ഈ മുൻതൂക്കം ഉപയോഗപ്പെടുത്തിക്കാണും. അപൂർവ ഭൗമ മൂലകങ്ങളുടെ കാര്യത്തിലും സെമി കണ്ടക്ടർ ചിപ്പുകളുടെ കാര്യത്തിലുമുള്ള ചൈനയുടെ മേൽക്കൈ (ലോകരാജ്യങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യാൻ ഇതുപയോഗിച്ചിരുന്നു) മറികടക്കാനുള്ള ഇന്ത്യൻ ശ്രമങ്ങൾ ഏതാനും വർഷങ്ങൾക്കകം ഫലപ്രാപ്തിയെത്താനിരിക്കുന്നു. അമേരിക്കയുടെ തീരുവ ഭീഷണിക്ക് വഴങ്ങാതെ നിൽക്കുന്ന ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാറുണ്ടാക്കാൻ ലോകരാജ്യങ്ങൾ മത്സരിക്കുന്ന കാലത്ത് ഇന്ത്യയെ പിണക്കുന്നത് ബുദ്ധിയല്ലെന്ന് ചൈന കണക്കുകൂട്ടുന്നുണ്ടാവണം. ഒറ്റരാത്രി കൊണ്ട് ചൈനയുമായുള്ള അതിർത്തിപ്രശ്നം പരിഹരിക്കാമെന്ന് കരുതുന്നത് മൗഢ്യമാവും. അരുണാചൽ പ്രദേശും (തെക്കൻ ടിബറ്റ് എന്നാണ് ചൈനക്കാർ വിളിക്കുക) അക്സായ് ചിന്നും (1962-ൽ ചൈന പിടിച്ചെടുത്തത്) പോലുള്ള കഠിനമായ തർക്കങ്ങളെ പരിഹരിക്കുക ഏറെക്കുറെ അസംഭാവ്യമാണെന്ന് കഴിഞ്ഞ 23 വർഷത്തെ ചർച്ചകൾ പഠിപ്പിച്ചിക്കുന്നു.
ബ്രിക്സ് സമ്മേളനത്തിൽ ഷി ജിൻപിങ് പങ്കെടുക്കുന്ന കാര്യം ഏറെക്കുറെ ഉറപ്പായി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും എത്തുമെന്നാണ് ഇപ്പോഴത്തെ വിവരം. ഷി ജിൻപിങ് ഏകദേശം നാനൂറംഗ പ്രതിനിധി സംഘത്തോടൊപ്പം വരാൻ സാധ്യതയുണ്ടെന്ന് (2019-ലെ ഇന്ത്യാ സന്ദർശനത്തേക്കാൾ ഇരട്ടിയിലധികം വലിയ സംഘം) കരുതപ്പെടുന്നു. അതിനുമുമ്പ് കിർഗിസ്താൻ തലസ്ഥാനമായ ബിഷ്കെക്കിൽ ആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ നടക്കുന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) സമ്മേളനത്തിൽവെച്ച് പുടിനും ഷി ജിൻപിങുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവർഷം ചൈനയിലെ ടിയാൻജിനിൽ നടന്ന ഉച്ചകോടി മോദി-പുടിൻ-ഷീ സൗഹൃദപ്രകടനം കൊണ്ട് ശ്രദ്ധയാകർഷിച്ചിരുന്നു. അവിടെവച്ചാണ് മോദി, പുടിന്റെ കാറിൽ ദീർഘനേരം യാത്രചെയ്തത്.
കാലം തെളിയിച്ച ഇന്ത്യ- റഷ്യ സൗഹൃദം
കടുത്ത പാശ്ചാത്യ ഉപരോധങ്ങൾക്കിടയിലും കുലുങ്ങാത്തതാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബഹുതല ബന്ധങ്ങൾ. വിദേശമന്ത്രി ജയശങ്കർ മോസ്കോയിൽവെച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, വിദേശമന്ത്രി സെർജി ലാവ്റോവ് എന്നിവരുമായി നടത്തിയ ഉന്നതതല ചർച്ചകളിൽ ഉഭയകക്ഷി വ്യാപാരം, ഊർജ്ജ സഹകരണം, ആണവോർജ്ജം, പ്രതിരോധം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനമായി. ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിൽ, രാസവളങ്ങൾ എന്നിവയുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുമെന്ന് റഷ്യ വ്യക്തമാക്കി. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നൂറു ബില്യൺ ഡോളറായി് ഉയർത്താനാണ് ലക്ഷ്യം. ഇന്ത്യയുടെ വ്യാപാരക്കമ്മി പരിഹരിക്കാൻ ഇന്ത്യൻ കാർഷിക, ഔഷധ ഉൽപ്പന്നങ്ങൾക്ക് റഷ്യൻ വിപണിയിൽ കൂടുതൽ അവസരങ്ങൾ നൽകാനും യോഗത്തിൽ ധാരണയായി.
രണ്ട് അനന്തമായ യുദ്ധങ്ങൾ പുരോഗമിക്കുന്ന കാലത്ത്, അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ തീരുവ ഭീഷണി വീണ്ടും ലോകത്തെ ഭയപ്പെടുത്തുന്ന സമയത്ത് ഇന്ത്യ ബ്രിക്സ് ഉച്ചകോടിക്കായി നടത്തുന്നത് വിപുലമായ തയ്യാറെടുപ്പുകളാണ്. അതിന്റെ ഭാഗമായി നടന്ന അജിത് ഡോവലിന്റെ ബീജിങ് സന്ദർശനവും ജയശങ്കറിന്റെ മോസ്കോ ചർച്ചകളും ബ്രിക്സ് ചർച്ചകളെയും അവയുടെ ഫലത്തെയും ബാധിക്കും. സെപ്റ്റംബർ 12, 13 ദിവസങ്ങളിലാണ് ഉച്ചകോടി. കോക്രോച്ച് ജനതാപാർട്ടി സെപ്തംബർ അഞ്ചിന് ഡൽഹി മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിക്സ് സമ്മേളനം നടക്കുന്ന സമയത്തും ഡൽഹിയിൽ പ്രക്ഷോഭം തുടരുന്നുണ്ടാവുമോ? (ട്രംപിന്റെ സന്ദർശന സമയത്തായിരുന്നു ഡൽഹി കലാപം.) എന്തായാലും നയതന്ത്രത്തിലും രാഷ്ട്രീയത്തിലും നിർണായകമായ ദിനങ്ങളാണ് രാജ്യതലസ്ഥാനത്തെ കാത്തിരിക്കുന്നത്.
Content Highlights: Ajit Doval and Wang Yi's 25th special representative talks in Beijing resulted in an 8-point agreement., Early harvest approach focuses on resolving easier border disputes in Sikkim and the middle sector., India is hosting the BRICS summit in September 2026, boosting diplomatic and geopolitical leverage., India-Russia trade and energy cooperation remain resilient despite Western sanctions and tariff threats.