നൈജറിലെ പട്ടാള അട്ടിമറി; നെഞ്ചിടിച്ച് ഫ്രാൻസും യൂറോപ്പും | പിന്നിൽ റഷ്യയോ?

പട്ടാള അട്ടിമറിയോടെയാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബസൗമിനെ പുറത്താക്കിയ സൈന്യം ഭരണഘടന റദ്ദാക്കുകയും അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു. ഈ മാസം ആറിനകം മുഹമ്മദ് ബസൗമിനെ അധികാരത്തില്‍ തിരിച്ചെത്തിച്ചില്ലെങ്കില്‍ സൈനിക ഇടപെടലുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളുടെ സഖ്യം നൈജറിലെ പട്ടാളഭരണകൂടത്തിന് അന്ത്യശാസനം നല്‍കി. നൈജറുമായുള്ള ബന്ധം വിച്ഛേദിച്ച സഖ്യം രാജ്യവുമായുള്ള കര-വ്യോമ അതിര്‍ത്തികള്‍ അടച്ചു. പക്ഷേ, സൈനിക സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് അയല്‍രാജ്യങ്ങളായ ബര്‍ക്കിനാഫാസോയും മലിയും രംഗത്തെത്തി. വിഷയത്തില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇടപെട്ടതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. ഇതിനിടെ ഫ്രഞ്ച് താല്പര്യങ്ങള്‍ക്ക് എതിരായ ഒന്നും വെച്ചുപൊറുപ്പിക്കില്ലെന്നാണ് ഫ്രാന്‍സിന്റെ ഭീഷണി. രാജ്യത്ത് ഫ്രഞ്ച് വിരുദ്ധ വികാരം വര്‍ധിക്കുന്നതിനിടയില്‍, ഫ്രാന്‍സിലേക്കുള്ള യുറേനിയം കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് സൈനിക ഭരണകൂടം പ്രഖ്യാപിച്ചു. ഇത് ഫ്രാന്‍സിന്റേയും യൂറോപ്യന്‍ യൂണിയന്റേയും നെഞ്ചിടിപ്പ് കൂട്ടി.
റേഡിയോ ആക്ടീവ് യുറേനിയം അയിരാണ് നൈജറിന്റെ പ്രധാന കയറ്റുമതികളിലൊന്ന്. നിലവില്‍ നൈജറിന്റെ ആകെ കയറ്റുമതിയുടെ 31 ശതമാനവും യുറേനിയമാണ്. ഇതിലധികവും കയറ്റുമതി ചെയ്യുന്നതാകട്ടെ ഫ്രാന്‍സിലേക്കും. ഇത് തന്നെയാണ് നൈജറില്‍ സ്ഥിരത നിലനിര്‍ത്തേണ്ടതും നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ തുടരേണ്ടതും ഫ്രാന്‍സിന്റെയും യൂറോപ്യന്‍ യൂണിയന്റേയും ആവശ്യമാകുന്നതും. ഊര്‍ജസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ തല്‍ക്കാലം പ്രശ്‌നമൊന്നുമില്ലെന്ന് പറയുമ്പോഴും നൈജറില്‍ താല്പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടുള്ള നീക്കങ്ങളൊന്നും ഫ്രാന്‍സ് ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. ഇതിനിടയിലാണ് റഷ്യയും നൈജറില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. യുറേനിയം കയറ്റുമതിക്ക് നൈജര്‍ വിലക്കേര്‍പ്പെടുത്തുമ്പോള്‍ ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും പ്രതിസന്ധിയിലാകുമോ എന്നതാണ് വലിയ ചോദ്യം.
Content Highlights: How the Niger coup can throw Europe into a deep energy crisis