അക്ഷരത്തെറ്റിൽ പേര് ഐസൻകോട്ടായി, MABAM, ഗദിയോൻ പദ്ധതി; ഇനി അമരത്തെത്തുമ്പോൾ ഭയപ്പെടേണ്ടത് ആര്

ഇസ്രായേലിന്റെ സൈനിക-രാഷ്ട്രീയ ചരിത്രത്തിൽ യാഥാർഥ്യബോധമുള്ള രാഷ്ട്രീയതന്ത്രജ്ഞൻ എന്നറിയപ്പെടുന്ന ആളാണ് ഗാദി ഐസൻകോട്ട്. അഷ്കനാസി വംശജർ ആധിപത്യം പുലർത്തിയിരുന്ന അധികാരകേന്ദ്രത്തിലേക്ക് സാധാരണ ഇസ്രയേലികളുടെ പ്രതിനിധി എത്തുന്നുവെന്നതാണ് ഇസ്രയേലിലെ പുതിയ വിശേഷം. പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹു അഷ്കനാസി വംശജനാണ്. നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കി ഐസൻകോട്ട് രാജ്യാധികാരം പിടിച്ചാലും ഇസ്രയേലിന്റെ വിദേശ നയത്തിൽ കാതലായ മാറ്റങ്ങളുണ്ടാകാനുള്ള സാധ്യത തുലോം കുറവാണെന്നാണ് വിശകലനങ്ങൾ. മൊറോക്കൻ യഹൂദ കുടിയേറ്റക്കാരുടെ മകനായി ജനിച്ച് ഇസ്രയേൽ സൈന്യത്തിന്റെ മേധാവിയായും പിന്നീട് രാജ്യത്തിന്റെ പ്രമുഖ രാഷ്ട്രീയ നേതാവായും വളർന്ന ഗാദി ഐസൻകോട്ടിന്റെ ജീവിതയാത്ര ഇസ്രയേലിന്റെ മാറുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളുടെ പ്രതിഫലനമായാണ് കണക്കാക്കുന്നത്.
മൊറോക്കോയിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയ ദമ്പതികളുടെ ഒമ്പത് മക്കളിൽ രണ്ടാമനായി വടക്കൻ ഇസ്രായേലിലെ തിബെരിയാസിലാണ് ഐസൻകോട്ട് ജനിച്ചത്. 'അസൻകോട്ട്' എന്നായിരുന്നു യഥാർഥ കുടുംബപ്പേര്. എന്നാൽ കുടിയേറ്റ സമയത്ത് ഇമിഗ്രേഷൻ ഉദ്യോഗസ്ഥന് സംഭവിച്ച അക്ഷരത്തെറ്റ് കാരണം പേര് 'ഐസൻകോട്ട്' എന്നായി മാറുകയാണുണ്ടായത്. ഐസൻകോട്ടിന് ഒരു വയസ്സുള്ളപ്പോൾ കുടുംബം എയിലാറ്റ് എന്ന തീരദേശ നഗരത്തിലേക്ക് മാറി. പിതാവ് തിമ്ന വാലിയിലെ ചെമ്പ് ഖനിയിൽ തൊഴിലാളിയായിരുന്നതിനാൽ, തെക്കൻ തുറമുഖ നഗരമായ എയിലാറ്റിലെ സാധാരണക്കാരുടെ ചുറ്റുപാടിലാണ് അദ്ദേഹം വളർന്നത്. എയിലാറ്റിനെ ചുറ്റിപ്പറ്റി ഐസൻകോട്ട് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. എയിലാറ്റിലെ ഗോൾഡ് വാട്ടർ ഹൈസ്കൂളിൽ മെക്കാനിക്കൽ-മരിടൈം പഠനത്തിന് ശേഷം പതിനെട്ടാം വയസ്സിലാണ് അദ്ദേഹം ഇസ്രയേൽ സൈന്യത്തിൽ ചേരുന്നത്. അതിനിടയിൽ ഉന്നതവിദ്യാഭ്യാസവും നേടിയിരുന്നു. ടെൽ അവീവ് സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും ഹൈഫ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടി. കൂടാതെ യു.എസ്. ആർമി വാർ കോളേജിൽ നിന്ന് മാസ്റ്റർ ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് ബിരുദവും 2019-ൽ റൈക്മാൻ സർവകലാശാലയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് ബഹുമതിയും അദ്ദേഹം കരസ്ഥമാക്കി. ഹൈസ്കൂൾ കാലഘട്ടത്തിൽ സെയ്ലിംഗ് ക്ലബ്ബിൽ വെച്ച് പരിചയപ്പെട്ട ഹന്നയെ 1984-ൽ അദ്ദേഹം വിവാഹം കഴിച്ചു. അഞ്ച് മക്കളാണ് ഇരുവർക്കമുള്ളത്.
നിർബന്ധിത സൈനിക സേവനവും ഉന്നത പദവിയും
1978-ൽ നിർബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായി ഐ.ഡി.എഫിന്റെ പ്രശസ്തമായ ഗോലാനി ഇൻഫന്ററി ബ്രിഗേഡിൽ ചേർന്നുകൊണ്ടാണ് ഐസൻകോട്ട് തന്റെ നാല് പതിറ്റാണ്ട് നീണ്ട സൈനിക ജീവിതം ആരംഭിക്കുന്നത്. 1982-ലെ ലെബനൻ യുദ്ധത്തിൽ കമ്പനി കമാൻഡറായി പ്രവർത്തിച്ച അദ്ദേഹം, നേരിട്ടുള്ള യുദ്ധാനുഭവങ്ങളിലൂടെ കമാൻഡ് പദവികളിലേക്ക് ഉയർന്നു വന്നു. 1997-ൽ ഗോലാനി ബ്രിഗേഡിന്റെ കമാൻഡറായും 1999-ൽ അന്നത്തെ പ്രധാനമന്ത്രി ഏഹൂദ് ബരാക്കിന്റെ മിലിട്ടറി സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. തുടർന്ന് ജൂഡിയ ആൻഡ് സമേറിയ ഡിവിഷന്റെ മേധാവിയായും, ഓപ്പറേഷൻസ് ഡയറക്ടറേറ്റ് തലവനായും, നോർത്തേൺ കമാൻഡ് മേധാവിയായും പ്രവർത്തിച്ച ശേഷം 2012-ൽ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായി ചുമതലയേറ്റു.
2015ലാണ് ഇസ്രായേൽ സൈന്യത്തിന്റെ 21-ാമത് ചീഫ് ഓഫ് ജനറൽ സ്റ്റാഫായി ഐസൻകോട്ട് നിയമിതനാവുന്നത്. ഐ.ഡി.എഫ്. മേധാവിയെന്ന നിലയിലും തന്ത്രജ്ഞനെന്ന നിലയിലും മൂന്ന് പ്രധാന സ്ട്രാറ്റജിക് സിദ്ധാന്തങ്ങളുടെ ശില്പിയാണ് ഐസൻകോട്ട്. 2006-ലെ ലെബനൻ യുദ്ധാനന്തരം അദ്ദേഹം ആവിഷ്കരിച്ച തന്ത്രമായിരുന്നു 'ദാഹിയാ സിദ്ധാന്തം' , ശത്രുക്കൾ ജനവാസകേന്ദ്രങ്ങളിൽ നിന്ന് ഇസ്രയേലിന് നേരെ ആക്രമണം നടത്തിയാൽ, ആ പ്രദേശങ്ങളിലെ സൈനിക-അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആനുപാതികമല്ലാത്ത അളവിൽ ഉടനടി കടുത്ത പ്രഹരമേൽപ്പിച്ച് പ്രതിരോധശേഷി തകർക്കുന്ന യുദ്ധതന്ത്രമാണ്.
അദ്ദേഹം നടപ്പിലാക്കിയ (Campaign Between Wars / MABAM) എന്ന നയം, പൂർണ്ണ തോതിലുള്ള യുദ്ധങ്ങളിലേക്ക് കടക്കാതെ തന്നെ ഇറാന്റെയും ഹിസ്ബുള്ളയുടെയും തന്ത്രപ്രധാന ആയുധ നീക്കങ്ങളെ രഹസ്യ ആക്രമണങ്ങളിലൂടെ തടയുന്നതിൽ വിജയിച്ചു. കൂടാതെ സൈന്യത്തിന്റെ വിഭവ ഏകോപനത്തിനും സാങ്കേതിക വികസനത്തിനുമായി അദ്ദേഹം നടപ്പിലാക്കിയ 'ഗദിയോൻ പദ്ധതി' ഇസ്രയേൽ സൈന്യത്തെ ആധുനികവൽക്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. നേരിട്ടുള്ള ദീർഘകാല യുദ്ധങ്ങളേക്കാൾ ചെറുതും കനത്ത ആഘാതം നൽകുന്നതുമായി ആക്രമണങ്ങൾക്കാണ് ഐസൻകോട്ടിന് പ്രിയം.
ലെബനൻ യുദ്ധങ്ങളുടെ അനുഭവവും നോർത്തേൺ കമാൻഡിലെ തന്ത്രപ്രധാന ചുമതലകളും അദ്ദേഹത്തെ ഇസ്രയേലിന്റെ മുൻനിര തന്ത്രജ്ഞനാക്കി മാറ്റിയെങ്കിൽ, 2015-ൽ ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തിയത് സാമൂഹിക തലത്തിൽ വലിയൊരു മാറ്റത്തിന് വഴിവെച്ചു. യൂറോപ്യൻ അല്ലെങ്കിൽ അഷ്കനാസി വംശജർ ആധിപത്യം പുലർത്തിയിരുന്ന ഇസ്രയേലി സുരക്ഷാ ഉന്നതാധികാര ശ്രേണിയിലേക്ക് ഒരു മിസ്രാഹി പശ്ചാത്തലക്കാരൻ എത്തിയത് പാർശ്വവത്കരിക്കപ്പെട്ട മധ്യ-തെക്കൻ മേഖലകളിലെ ജനവിഭാഗങ്ങൾക്കിടയിൽ അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തിരുന്നു.
2019ലാണ് ഐ.ഡി.എഫ് മേധാവി സ്ഥാനത്തുനിന്ന് അദ്ദേഹം വിരമിക്കുന്നത്. ഏറെക്കാലം കഴിയുന്നതിന് മുൻപേ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശനവും നടന്നു. 2022ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം ഔദ്യോഗികമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. നെതന്യാഹുവിന്റെ നിലപാടുകളോട് എതിർപ്പുണ്ടായിരുന്നതിനാൽ ബെന്നി ഗാന്റ്സ് നയിച്ച നാഷണൽ യൂണിറ്റി സഖ്യത്തിലാണ് അദ്ദേഹം പ്രവർത്തിച്ചത്. തിരഞ്ഞെടുപ്പിൽ നെസെറ്റ് അംഗമായി അദ്ദേഹം വിജയിക്കുകയും ചെയ്തു.
അഞ്ച് മക്കളുടെ പിതാവാണ് ഐസൻകോട്ട്. 2023 ഡിസംബറിൽ ഗാസ യുദ്ധത്തിനിടയിൽ സംഭവിച്ച ദുരന്തം ഐസൻകോട്ടിന്റെ വ്യക്തിപരമായ നഷ്ടമായി അവശേഷിക്കുകയാണ്. അദ്ദേഹത്തിന്റെ 25 വയസ്സുകാരനായ മകൻ മാസ്റ്റർ സർജന്റ് ഗാൽ മീർ ഐസൻകോട്ട് വടക്കൻ ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ രണ്ട് അനന്തരവന്മാരും യുദ്ധക്കളത്തിൽ ജീവൻവെടിഞ്ഞു. രാജ്യത്തിന് വേണ്ടി സ്വന്തം കുടുംബത്തിലെ അടുത്ത തലമുറയെ ബലിനൽകേണ്ടി വന്ന ഈ ദുരന്തം, ഇസ്രയേലി പൊതുസമൂഹത്തിൽ അദ്ദേഹത്തിന് വലിയ ആദരവും ഉയർന്ന ധാർമ്മിക സ്വീകാര്യതയും നേടിക്കൊടുത്തു. ഐസൻകോട്ടിന്റെ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം, 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ വഴിത്തിരിവായത്.
വാർ കാബിനറ്റും 'യാഷാർ' പാർട്ടിയും
2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം രൂപീകരിച്ച അടിയന്തര യുദ്ധ കാബിനറ്റിൽ വകുപ്പ് ഇല്ലാത്ത മന്ത്രിയായി അദ്ദേഹം പങ്കാളിയായിരുന്നു. പ്രതിപക്ഷാംഗമായിരുന്നിട്ടും രാജ്യസുരക്ഷ മുൻനിർത്തിയാണ് അദ്ദേഹത്തെ കാബിനറ്റിലേക്ക് ഉൾപ്പെടുത്തിയത്. എന്നാൽ, യുദ്ധത്തിന് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോ പിന്മാറ്റ തന്ത്രങ്ങളോ ഇല്ലെന്നും നെതന്യാഹു സ്വന്തം രാഷ്ട്രീയ നിലനിൽപ്പിനായി തീരുമാനങ്ങൾ വൈകിപ്പിക്കുന്നുവെന്നും കാണിച്ച് 2024 ജൂണിൽ അദ്ദേഹം യുദ്ധ കാബിനറ്റിൽ നിന്ന് രാജിവെച്ചു. തുടർന്ന് ബെന്നി ഗാന്റ്സിന്റെ പാർട്ടിയുമായുള്ള ബന്ധം വേർപെടുത്തി 'യഷാർ' എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും നെതന്യാഹുവിനും തീവ്രവലതുപക്ഷ സഖ്യത്തിനും ബദലായി പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു. 'യഷാർ' എന്നാൽ നേര് എന്നർഥം, യഷാർ പാർട്ടിയിലൂടെ ഭരണകൂടത്തിൽ വിശ്വാസ്യതയും ധാർമ്മികതയും പുനഃസ്ഥാപിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യം.
ഐസൻകോട്ട് രാഷ്ട്രീയത്തിലേക്ക് എത്തിയത് ചില വ്യക്തമായ ദേശീയ സാഹചര്യങ്ങളാലാണ്. ഇസ്രയേലി ഭരണകൂടത്തിന്റെ സുതാര്യതയില്ലായ്മയു, സർക്കാരിന്റെ നയങ്ങൾ രാജ്യസുരക്ഷയെക്കാൾ ഭരണാധികാരികളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ച് വഴിമാറുന്നുവെന്ന നിരീക്ഷണവുമാണ് അദ്ദേഹത്തെ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചത്. ഒക്ടോബർ 7-ലുണ്ടായ സുരക്ഷാ വീഴ്ചകളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു അന്വേഷണ കമ്മീഷൻ ഉടനടി സ്ഥാപിക്കണമെന്ന് അദ്ദേഹം കർശനമായി ആവശ്യപ്പെട്ടിരുന്നു.
ഇസ്രയേൽ സമൂഹത്തിലെ സമത്വമില്ലായ്മയാണ് രാഷ്ട്രീയ പ്രവേശനത്തിന്റെ മറ്റൊരു പ്രധാന പ്രേരകശക്തി. ഇസ്രയേലിലെ അതിയാഥാസ്ഥിതിക സമൂഹത്തിന് നൽകിയിട്ടുള്ള നിർബന്ധിത സൈനിക സേവന ഇളവുകൾ ഉടനടി അവസാനിപ്പിക്കണമെന്നും എല്ലാ ഇസ്രയേലി പൗരന്മാർക്കും സമാനമായി സൈനിക സേവനം ബാധകമാക്കണമെന്നും അദ്ദേഹം വാദിക്കുന്നു. എന്നാൽ വിരുദ്ധനിലപാടാണ് നെതന്യാഹുവിന്റേത്.
ഐസൻകോട്ട് പ്രധാനമന്ത്രി സ്ഥാനത്തെത്തുമ്പോൾ
ഇസ്രയേലിന്റെ ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ഭൗമരാഷ്ട്രീയത്തിലും ആഭ്യന്തര രാഷ്ട്രീയത്തിലും അതിസങ്കീർണ്ണമായ നാല് പ്രധാന പ്രതിസന്ധികളാണ് ഐസൻകോട്ടിനെ കാത്തിരിക്കുന്നത്. ആദ്യമായി, ഇസ്രയേലിന്റെ വിഭജിത രാഷ്ട്രീയത്തിൽ ഭരണസഖ്യം രൂപീകരിക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും. തീവ്രവലതുപക്ഷ പാർട്ടികൾ നെതന്യാഹുവിനൊപ്പം ഉറച്ചുനിൽക്കുമ്പോൾ, ഒരു ഭൂരിപക്ഷ സർക്കാരുണ്ടാക്കാൻ ഐസൻകോട്ടിന് മൻസൂർ അബ്ബാസിന്റെ 'റാം' (Ra'am) പോലുള്ള അറബ് പാർട്ടികളുടെ പിന്തുണ ആശ്രയിക്കേണ്ടി വരും. എന്നാൽ ഇസ്രയേലിനെ യഹൂദ- ജനാധിപത്യ രാജ്യമായി പ്രഖ്യാപിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കണമെന്നുമുള്ള ഐസൻകോട്ടിന്റെ കർശന വ്യവസ്ഥകൾ അറബ് പാർട്ടികൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇത് ഭരണസ്ഥിരതയെത്തന്നെ ബാധിക്കും.
രണ്ടാമതായി, അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും അദ്ദേഹത്തിന്റെ സുരക്ഷാ നിലപാടുകൾ പ്രതിസന്ധി സൃഷ്ടിക്കും. അമേരിക്കൻ ഭരണകൂടമടക്കം ദ്വിരാഷ്ട്ര പരിഹാരത്തിനായി സമ്മർദ്ദം ചെലുത്തുമ്പോൾ, പലസ്തീൻ രാഷ്ട്ര രൂപീകരണത്തെ നിരാകരിക്കുന്ന ഐസൻകോട്ടിന്റെ നിലപാടുകളും മുൻപ് അദ്ദേഹം ആവിഷ്കരിച്ച ദാഹിയാ സിദ്ധാന്തത്തിന്റെ അന്താരാഷ്ട്ര വിമർശനങ്ങളും ഇസ്രയേലിന്റെ അന്താരാഷ്ട്ര ഒറ്റപ്പെടലിന് കാരണമായേക്കാം.
മൂന്നാമതായി, അതിയാഥാസ്ഥിതിക സമൂഹത്തിനിടയിൽ വലിയ സാമൂഹിക പ്രക്ഷോഭങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഹരേദി വിഭാഗങ്ങളുടെ നിർബന്ധിത സൈനിക സേവന ഇളവുകൾ റദ്ദാക്കുമെന്ന അദ്ദേഹത്തിന്റെ നയം ഷാസ്, യുണൈറ്റഡ് തോറാ ജൂഡായിസം തുടങ്ങിയ രാഷ്ട്രീയ ശക്തികളുടെ കടുത്ത പ്രതിഷേധത്തിന് വഴിവെക്കുകയും രാജ്യത്ത് രൂക്ഷമായ സാമൂഹിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും. നാലാമതായി, ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും നീണ്ടുനിൽക്കുന്ന സംഘർഷങ്ങളാണ് അടുത്ത വെല്ലുവിളി. സ്വതന്ത്ര പലസ്തീൻ രാഷ്ട്ര രൂപീകരണത്തെ തടസ്സപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ നയം. ഇത് ഗാസയുടെ പുനർനിർമ്മാണത്തിന് ആവശ്യമായ അന്താരാഷ്ട്ര ഫണ്ടുകൾ ലഭിക്കുന്നത് തടയാനുള്ള സാധ്യതയുണ്ട്.
ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഐസൻകോട്ടിന്റെ നിലപാടുകൾ രാജ്യസുരക്ഷയേ കേന്ദ്രീകരിച്ചുള്ളതും നയതന്ത്ര കാർക്കശ്യമുള്ളതുമാണ്. അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവെക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തോടും ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്ര രൂപീകരണത്തോടും അദ്ദേഹം കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്നു. 'ഇപ്പോൾ സമാധാന ഉടമ്പടി സാധ്യമാണെന്ന് കരുതുന്നവർക്ക് സംഘർഷത്തിന്റെ ചരിത്രപരമായ ആഴം മനസ്സിലായിട്ടില്ല' എന്ന അദ്ദേഹത്തിന്റെ പരസ്യ പ്രസ്താവന ഇതിന് ഉദാഹരണമാണ്. ഒരു പലസ്തീൻ രാഷ്ട്രത്തിന്റെ ആവിർഭാവം ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്ന് അദ്ദേഹം കരുതുന്നു. ഗാസയിൽ ഹമാസിന്റെ സൈനിക ഘടന തകർക്കുകയും ഇസ്രയേലിന്റെ സുരക്ഷാ ഇടനാഴി നിലനിർത്തുകയും വേണമെന്നും, എന്നാൽ യുദ്ധാനന്തര ഭരണം ഹമാസിന് പകരം പലസ്തീനിയൻ അതോറിറ്റിയെ ഏൽപ്പിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ വീക്ഷണം.
ഐസൻകോട്ട് വരുമ്പോൾ ഭയപ്പെടേണ്ടതാര്?
ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിക്കും, ഇസ്രായേലിന്റെ ശത്രുക്കളായ സായുധ സംഘടനകൾക്കും, രാജ്യത്തിനകത്തെ ചില പ്രത്യേക ആനുകൂല്യങ്ങൾ അനുഭവിക്കുന്ന മതവിഭാഗങ്ങൾക്കും ഗാദി ഐസൻകോട്ടിന്റെ ഭരണം വലിയ വെല്ലുവിളിയാകാനുള്ള സാധ്യത മുന്നിലുണ്ട്. 2023 ഒക്ടോബർ 7-ലെ സുരക്ഷാ-ഇന്റലിജൻസ് പരാജയങ്ങളെക്കുറിച്ച് അടിയന്തരമായി ഔദ്യോഗിക അന്വേഷണം നടത്തുമെന്ന് ഐസൻകോട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് നെതന്യാഹുവിനെ കടുത്ത നിയമനടപടികളിലേക്ക് നയിച്ചേക്കാം.
നെതന്യാഹുവിന്റെ യുദ്ധതന്ത്രങ്ങളെ ഐസൻകോട്ട് വിമർശിച്ചിട്ടുണ്ടെങ്കിലും, ഹമാസിനെ പൂർണ്ണമായി ഇല്ലാതാക്കുക എന്നത് തന്നെയാണ് അദ്ദേഹത്തിന്റെയും ലക്ഷ്യം. ഒരു കൃത്യമായ തന്ത്രത്തിലൂടെ 18 മാസത്തിനകം ഹമാസിനെ തകർക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ദഹിയ തന്ത്രമടക്കമുള്ള ഉദാഹരണങ്ങൾ മുന്നിലുണ്ട്. ഇറാന്റെ ആണവ പദ്ധതിയേയും പ്രാദേശിക ഇടപെടലുകളേയും ഇസ്രായേലിന് ഭീഷണിയായാണ് ഐസൻകോട്ട് കാണുന്നത്. അമേരിക്കയുമായും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായും ചേർന്ന് ഇറാന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാൻ അദ്ദേഹം തയാറായേക്കാം. വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെ അക്രമം നടത്തുന്ന തീവ്ര നിലപാടുകാരായ ഇസ്രായേലി കുടിയേറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുമായുള്ള പ്രതിരോധ-നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകാനുള്ള സാധ്യതയാണ് ഐസൻകോട്ടിന്റെ ഉയർച്ചയിലെ മറ്റൊരു സുപ്രധാന കാര്യം. നെതന്യാഹുവിൽ നിന്ന് ഭിന്നമായൊരു നിലപാട് ഇക്കാര്യത്തിലുണ്ടായേക്കില്ല. ഇറാനെ സംബന്ധിച്ച്, നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടാൽ യു.എസ് പിന്തുണയോടെ ഇറാന്റെ ആണവ നിലയങ്ങൾ തകർക്കാനും മിസൈൽ ശേഷി ഇല്ലാതാക്കാനും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ വേണമെന്ന് അദ്ദേഹം വാദിക്കുന്നു. അതിനാൽ തിരഞ്ഞെടുപ്പിലൂടെ ബെഞ്ചമിൻ നെതന്യാഹു അധികാരത്തിൽ നിന്ന് പുറത്തായാലും ഇസ്രയേലിന്റെ വിദേശനയത്തിലും ഗാസ, പലസ്തീൻ വിഷയങ്ങളിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാകില്ല.
Content Highlights: Gadi Eisenkot transitioned from IDF Chief of General Staff to a prominent Israeli political leader., He founded the 'Yashar' party to challenge Prime Minister Benjamin Netanyahu and offer a pragmatic security-focused platform., His leadership faces intense domestic and geopolitical challenges, including military exemptions for ultra-Orthodox communities and the Gaza conflict.