ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞില്ല, വഖഫ് ബോര്‍ഡിന്റെ തീരുമാനങ്ങൾ സുതാര്യമാവണം-ഫ്രാൻസിസ് ജോർജ്

#പി.മുരളീധരന്‍
ഫ്രാൻസിസ് ജോർജ് | Photo: Mathrubhumi
ഫ്രാൻസിസ് ജോർജ് | Photo: Mathrubhumi

മുനമ്പത്തെ ജനങ്ങള്‍ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന റിലേ നിരാഹാര സത്യാഗ്രഹ സമരത്തില്‍ സംസാരിക്കവേ പാര്‍ലമെന്റില്‍ വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞത് തിരുത്തി കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് എം.പി.  യു.ഡി.എഫ് നിലപാടിന് വിരുദ്ധമായ പരാമര്‍ശം തന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അഭിമുഖത്തില്‍ നിന്ന്...

വഖഫ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നു പറഞ്ഞല്ലോ.

ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നോ അവര്‍ കൊണ്ടുവരുന്ന ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല, അത് എന്റെ നിലപാടുമല്ല. എന്തായാലും പാര്‍ലമെന്റില്‍ ബില്ല് വരും, അതിനെ ആര്‍ക്കും തടയാന്‍ കഴിയില്ലല്ലോ. അപ്പോള്‍ മുനമ്പത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്ന്, വഖഫ് ബോര്‍ഡിന്റെ തീരുമാനങ്ങള്‍ സുതാര്യവും നിഷ്പക്ഷവും ഏകപക്ഷീയമെന്ന ആക്ഷേപം വരാത്ത രീതിയിലും ആയിരിക്കണം. അതിന് സഹായകമായ വ്യവസ്ഥകള്‍ വേണം.

രണ്ട്, വഖഫ് ബോര്‍ഡ് തീരുമാനത്തോട് വിയോജിപ്പുകള്‍ വന്നാല്‍ വഖഫ് ട്രിബ്യൂണലിലേക്ക് ആണ് പോകുന്നത്. ആ തീരുമാനത്തിലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കില്‍ കോടതിയില്‍ പോകാനുള്ള സാഹചര്യം വേണം. അല്ലാതെ അവിടം കൊണ്ട് അവസാനിക്കുന്ന അവസ്ഥ വരാന്‍ പാടില്ല. ട്രിബ്യൂണല്‍ കഴിഞ്ഞാല്‍ ഹൈക്കോടതിയില്‍ പോകാനുള്ള വ്യവസ്ഥ ബില്ലില്‍ കൃത്യമായി ഉണ്ടാവണം. അത്രയേ ഞാന്‍ പറഞ്ഞുള്ളൂ. ഇത് ഒരു പൊതു നിലപാടാണ്. ഞങ്ങളുടെ എല്ലാവരുടെയും നിലപാട് ഇതുതന്നെ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

മുനമ്പത്തെ ആള്‍ക്കാരുടെ ഉത്ക്കണ്ഠ അതാണല്ലോ. നിയമത്തില്‍ ഭേദഗതി വരുമ്പോള്‍ ഈ രണ്ടു കാര്യങ്ങളിലും വ്യക്തത വേണമെന്നാണ് ഞാന്‍ പറഞ്ഞത് ജെ.പി.സി റിപ്പോര്‍ട്ടിന്റെ ഒക്കെ അടിസ്ഥാനത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ബില്ലില്‍ വരാന്‍ പോകുന്നത് എന്നറിയില്ല. അതില്‍ എന്തെങ്കിലും ന്യൂനപക്ഷ വിരുദ്ധമായ വകുപ്പുകളോ യോജിക്കാന്‍ കഴിയാത്ത കാര്യങ്ങളോ ജനാധിപത്യ, മതേതര പാരമ്പര്യത്തിന് വിരുദ്ധമായ വ്യവസ്ഥകളോ ഉണ്ടെങ്കില്‍ തീര്‍ച്ചയായും എതിര്‍ക്കും.

മുനമ്പത്തുകാരോട് പറഞ്ഞത്

അവരുടെ ആവശ്യത്തോട് പൂര്‍ണ്ണമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസും മുസ്ലിം ലീഗും അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കന്മാരെല്ലാം അത് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ തന്നെ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ് സാറിന്റെ നേതൃത്വത്തില്‍ അവിടെ പോയിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പറഞ്ഞത് ഒരേ കാര്യമാണ്- അവരോടൊപ്പം ആണ്, ഒരു കാരണവശാലും അവരെ കുടിയിറക്കാന്‍ അനുവദിക്കില്ല, അവരുടെ ന്യായമായതും നിയമപരമായതുമായ  ആവശ്യങ്ങള്‍ സംരക്ഷിക്കും എന്ന്. ഞാനും അതു തന്നെയാണ് ആവര്‍ത്തിച്ചത്.

ചില മുസ്ലിം ലീഗ് നേതാക്കള്‍ മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണ് എന്ന് പറഞ്ഞല്ലോ.

അത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോടതിക്കും ഇത് സംബന്ധിച്ച കമ്മീഷനും ഒക്കെ മുന്നിലുള്ളത് അതാണല്ലോ. കമ്മീഷന്‍ റിപ്പോര്‍ട്ട് വരട്ടെ. മുനമ്പത്തുകാരെ കുടിയിറക്കില്ല എന്ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയുമൊക്കെ പറഞ്ഞിട്ടുണ്ടല്ലോ. അവരെല്ലാം മുനമ്പത്തു ചെന്നാണ് സംസാരിച്ചത്. അതാണ് ഞാന്‍ പറഞ്ഞത്, വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കകത്തും മുന്നണിക്കുള്ളിലും ഉണ്ടാകാം. എല്ലാവരും കൂടി ചര്‍ച്ച ചെയ്ത് യോജിച്ചൊരു നിലപാട് എടുത്ത ശേഷം അതനുസരിച്ചായിരിക്കും യു.ഡി.എഫും ഇന്ത്യാമുന്നണിയും പോവുക.

താങ്കളുടെ അഭിപ്രായപ്രകടനവും യു.ഡി.എഫും

ഏതു കാര്യത്തിലും വ്യത്യസ്ത അഭിപ്രായപ്രകടനങ്ങളും നിലപാടുകളുമൊക്കെ ഉണ്ടാകാമെങ്കിലും യു.ഡി.എഫിന്റെ കാര്യം വരുമ്പോള്‍ സംയുക്തമായി ചര്‍ച്ച ചെയ്തു യോജിച്ച ഒരു നിലപാട് ആയിരിക്കും അവതരിപ്പിക്കുക. അതിനൊപ്പമായിരിക്കും ഞാന്‍. അതുപോലെ ഇന്ത്യാമുന്നണി എടുക്കുന്ന നിലപാട് അനുസരിച്ച് മാത്രമേ എനിക്കും നില്‍ക്കാന്‍ കഴിയൂ.
 
കെ.പി.സി.സി അധ്യക്ഷനെ മാറ്റുന്ന കാര്യത്തിലൊക്കെ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്

അത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. അതില്‍ ഇടപെട്ട് ഞങ്ങള്‍ അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ. അത് കോണ്‍ഗ്രസ് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ട കാര്യമാണ്.. എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ ഘടകക്ഷികളെ സംബന്ധിച്ചിടത്തോളം അത് അംഗീകരിക്കുകയല്ലാതെ അതിനകത്ത് വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും നമുക്കില്ല.
 
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്തു തിരഞ്ഞെടുപ്പ് വരുന്നു. സാധ്യതകളെ എങ്ങനെ കാണുന്നു..

കേരളത്തിലെ ജനങ്ങള്‍ ഏറ്റവും എതിര്‍ക്കുന്ന നിലയിലേക്ക് ഇടതുമുന്നണി സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. മൊത്തത്തില്‍ അരാജകത്വമാണ് സംസ്ഥാനത്ത്. നിയമവാഴ്ച ഇല്ല എന്ന് തന്നെ പറയാം. കൂത്താട്ടുകുളത്ത് വനിതാ ജനപ്രതിനിധിയെ പട്ടാപ്പകല്‍ ബലമായി തട്ടിക്കൊണ്ടുപോകുന്നു, പോലീസ് നോക്കിനില്‍ക്കെ. തട്ടിക്കൊണ്ടുപോയത് സിപിഎമ്മിന്റെ ഓഫീസിലേക്ക്. അവരുടെ നിലപാടിലോ പ്രവൃത്തിയിലോ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതിന് നിയമാനുസൃതമായ നടപടി സ്വീകരിക്കാം. അതല്ലാതെ ഒരു പൗരന്റെ സഞ്ചാരസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ഇല്ലാതാക്കരുത്. ഒരു വനിതയെ ആക്രമിച്ച് വസ്ത്രം വലിച്ചു കീറുക. പോലീസ് അതിന് ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചത്. നിയമവാഴ്ച അങ്ങേയറ്റം നിര്‍ഭാഗ്യകരമായ രീതിയില്‍ തകര്‍ന്നതിന് ഉദാഹരണമാണിത്. പക്ഷേ, മുഖ്യമന്ത്രി അതിനെ ന്യായീകരിച്ചു. അതേസമയം, അവരുടെ ഭാഗത്തേക്ക് ആള്‍ക്കാരെ കൂറുമാറ്റുകയും കാലു മാറ്റുകയും ഒക്കെ ചെയ്യുന്നുണ്ട്. അതിന് പോലീസ് പൂര്‍ണ്ണ സംരക്ഷണം കൊടുക്കുന്നു. ഇതിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നു വരുന്നുണ്ട്.

കേരളം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കര്‍ഷകരും സാധാരണക്കാരും ബുദ്ധിമുട്ടുന്നതാണ്. മുഖ്യമന്ത്രി പറയുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിയമങ്ങള്‍ കാരണം ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നാണ്. കേന്ദ്ര വനംമന്ത്രി എനിക്ക് രേഖാമൂലം തന്നെ മറുപടിയില്‍ പറയുന്നത് സംസ്ഥാനങ്ങള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും അധികാരം കൊടുത്തിട്ടുണ്ട് എന്നാണ്. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകള്‍ എടുത്ത് ഉചിതമായ തീരുമാനമെടുക്കാം അതിന് യാതൊരു ബുദ്ധിമുട്ടുമില്ല എന്ന് അതില്‍ പറയുന്നുണ്ട്. പക്ഷേ, അതിഗുരുതരമായ ഈ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.

സ്വകാര്യ വൈദ്യുതി ഉല്‍പ്പാദനകമ്പനിക്ക് കാലാവധി കഴിഞ്ഞിട്ടും കരാര്‍ നീട്ടിക്കൊടുക്കുകയാണ്. സംസ്ഥാനം ഏറ്റെടുത്തു നടത്തിയാല്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും ചെറിയ ആശ്വാസം കിട്ടേണ്ട പദ്ധതിയാണത് അതുപോലെയാണ് ബ്രൂവറി പ്രശ്‌നം. ഇതില്‍ വലിയ തോതിലുള്ള അഴിമതി നടക്കുന്നതായാണ് അറിയുന്നത്. പദ്ധതിക്ക് വെള്ളമെടുത്താല്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമാകും ഇന്ന് എല്ലാവരും പറഞ്ഞിട്ടും അതൊക്കെ അവഗണിച്ചാണ് ഇങ്ങനെ ഒരു ലൈസന്‍സ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെല്ലാം എതിരെ യു.ഡി.എഫിന്റെ അതിശക്തമായ പ്രതിഷേധം ഉണ്ടാകും. വരുംദിവസങ്ങളില്‍ യുഡിഎഫ് യോഗം ചേര്‍ന്ന് അത് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കും.

നിലവിലെ സാഹചര്യത്തില്‍ ജോസ് കെ.മാണിക്ക് ഇടതുമുന്നണിയില്‍ തുടരാന്‍ ആകുമോ

തീരുമാനിക്കേണ്ടത് ജോസ് കെ.മാണിയാണ്. അവിടെ തുടരുമെന്നാണല്ലോ ഇപ്പോള്‍ അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഈ പ്രശ്‌നങ്ങളിലൊക്കെ ജോസ് കെ.മാണിയുടെ നിലപാട് അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യം ഉണ്ട്. എല്‍.ഡി.എഫിന്റെ ഈ തീരുമാനങ്ങളോട് ജോസ് കെ മാണി യോജിക്കുന്നുണ്ടോ എന്ന് അദ്ദേഹമാണ് വ്യക്തമാക്കേണ്ടത്.

വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ മറ്റെന്തൊക്കെ പ്രശ്‌നങ്ങളാണ് ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നത്

വന്യമൃഗ പ്രശ്‌നങ്ങളും കാര്‍ഷിക പ്രശ്‌നങ്ങളും കേരളത്തിന്റെ പൊതുവായ കുറെ ആവശ്യങ്ങളും ഉന്നയിക്കാനാണ് ഉദ്ദേശിക്കുന്നത്. വയനാട്ടിലെ ദുരിതാശ്വാസ പ്രശ്‌നം, വിഴിഞ്ഞത്തിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് തുടങ്ങിയവയും ഉന്നയിക്കും ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് നടക്കുന്നത്. അതിനാല്‍ കേരളത്തിനുവേണ്ടി ചില പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ വേണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട. അതില്‍ പ്രധാനപ്പെട്ട ഒരു കാര്യം നശിച്ചു കൊണ്ടിരിക്കുന്ന വേമ്പനാട് തടാകം സംരക്ഷിക്കാന്‍ പ്രത്യേകപദ്ധതി കേന്ദ്രം പ്രഖ്യാപിക്കണമെന്നും അതിനുള്ള ഫണ്ട് ബജറ്റില്‍ അനുവദിക്കണം എന്നുമാണ്.  അതില്‍ അനുകൂല തീരുമാനമുണ്ടാകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ്.

Content Highlights: Francis George MP on Waqf Bill & Munambam Issue

Continue reading