ഇരുപത് വര്‍ഷം, രക്ഷിച്ചത് അന്‍പതോളം ജീവൻ; ഇത് ചാള്‍സന്റെ ജല രക്ഷാപ്രവര്‍ത്തനം

''തീ കണ്ടാല്‍ നമുക്കറിയാം, അടുത്തു ചെല്ലരുത്, പൊള്ളും എന്ന്. എന്നാല്‍ ഒരു കുളമോ പുഴയോ കടലോ കണ്ടാല്‍ പലരും ഭയക്കുന്നില്ല. വിശേഷിച്ച് ചെറുപ്പക്കാര്‍. ജലാശയങ്ങള്‍ അങ്ങനെയാണ്. അവ വല്ലാതെ മോഹിപ്പിക്കും. പുറമേക്ക് കാണുന്ന സൗന്ദര്യത്തിനപ്പുറം ഒളിപ്പിച്ചു വച്ചിരിക്കുന്ന അപകടങ്ങളറിയാതെ പലരും ചെന്നു ചാടുകയും ചെയ്യും,''
ചാള്‍സണ്‍ ഏഴിമല പറയുന്നു.
നീന്തല്‍ അധ്യാപകനും കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലെ ലൈഫ് ഗാര്‍ഡുമായ ചാള്‍സണ്‍ വിരല്‍ചൂണ്ടുന്നത് ഗുരുതരവും പ്രസക്തവുമായ വിഷയത്തിലേക്കാണ്. ഇരുപതു വര്‍ഷത്തിനിടയില്‍ അന്‍പതോളം പേരെയാണ് ചാള്‍സണ്‍ പയ്യാമ്പലത്തെ തിരമാലക്കുരുക്കുകളില്‍ നിന്ന് നീന്തിയെടുത്ത് ജീവന്റെ കരയിലെത്തിച്ചിട്ടുള്ളത്. രക്ഷിക്കാന്‍ കഴിയാതെ പോയ കുറെ ജീവനുകള്‍ ഇന്നും ചാള്‍സന്റെ വേദനയാണ്.
''ഈ ചെറുപ്പക്കാര്‍ എപ്പോഴും സാഹസികരായിരിക്കും. ഒരു സംഘമാവുമ്പോള്‍ അവര്‍ക്ക് അപകടം മുന്‍കൂട്ടി കാണാനുള്ള കഴിവും നഷ്ടമാവും. വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷമാണിത് ' -ചാള്‍സണ്‍ പറയുന്നു. ലോക മുങ്ങിമരണ നിവാരണ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു ചാള്‍സണ്‍.
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഒരു വര്‍ഷം 2,36,000 പേരാണ് ലോകത്ത് വിവിധ ഭാഗങ്ങളിലായി മുങ്ങിമരിക്കുന്നത്. ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇത് വര്‍ഷത്തില്‍ ഏതാണ്ട് 30,000 ആവുന്നു. കേരളത്തിന്റെ കണക്കെടുത്താല്‍ പ്രതിദിനം മൂന്നു പേര്‍ക്ക് മുങ്ങിമരണം സംഭവിക്കുന്നു എന്നു കാണാന്‍ കഴിയും. ''മുങ്ങി മരിക്കുന്നവരുടെ കണക്കെടുത്താല്‍ അതില്‍ ഭൂരിഭാഗവും ചെറുപ്പക്കാര്‍ ആണെന്നു കാണാം. നിനച്ചിരിക്കാതെ സംഭവിക്കുന്ന അപകടങ്ങളുമുണ്ടാവുമെങ്കിലും പലപ്പോഴും എടുത്തുചാട്ടത്തിന്റെ ഫലമായിരിക്കും ഇത്തരം മരണങ്ങള്‍ '' -ചാള്‍സണ്‍ പറയുന്നു.
സര്‍ക്കാരും പ്രാദേശികമായി ചില സംഘടനകളും ഒക്കെ വച്ചിരിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിച്ച് ബീച്ചുകളിലും വെള്ളച്ചാട്ടങ്ങളിലും പുഴകളിലും ഒക്കെ കുളിക്കാനിറങ്ങി ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. മഴക്കാലത്ത് വര്‍ധിതവീര്യം കൈവരിക്കുന്ന നദികളിലേക്ക് എടുത്തുചാടി കരുത്തും വൈദഗ്ധ്യവും പ്രകടിപ്പിക്കാന്‍ പുറപ്പെടുന്നവര്‍ നില തെറ്റി മരണത്തിന്റെ ആഴങ്ങളിലേക്ക് പോയ്മറഞ്ഞതിന് ഉദാഹരണങ്ങള്‍ ഏറെയാണ്.
''മുങ്ങിമരിക്കുന്നവരില്‍ 99% ആളുകളും നീന്തല്‍ അറിയാവുന്നവര്‍ ആയിരിക്കും. അല്ലെങ്കില്‍, നീന്തല്‍ അറിയാം എന്ന് സ്വയം കരുതുന്നവര്‍ ആയിരിക്കും''-ചാള്‍സണ്‍ പറഞ്ഞു. ''സംഘം ചേര്‍ന്ന് ഉല്ലാസകേന്ദ്രങ്ങളിലേക്ക് യാത്ര വരുന്നവരുടെ പ്രധാന ഉദ്ദേശ്യം തന്നെ വെള്ളച്ചാട്ടങ്ങളിലോ പുഴകളിലോ കടലുകളിലോ ഉള്ള കുളി ആയിരിക്കും. സ്വന്തം ശരീര ബലത്തിലും നീന്തല്‍ വൈദഗ്ധ്യത്തിലും ഒക്കെ അമിതമായ ആത്മവിശ്വാസം പുലര്‍ത്തുന്നവര്‍. ഇവര്‍ ഒരു കാര്യം മറന്നു പോവുന്നു. പ്രകൃതിയുടെ കരുത്തിനു മുന്നില്‍ മനുഷ്യന്റെ ശക്തി എന്നു പറയുന്നത് തീര്‍ത്തും നിസ്സാരമാണ് ''- ചാള്‍സണ്‍ പറഞ്ഞു.
ഇത്തരം അപകടങ്ങള്‍ക്കു പ്രധാന കാരണമായി ചാള്‍സണ്‍ പറയുന്നത് ജലസുരക്ഷയെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ''നീന്തല്‍ അറിയാം എന്ന ബോധ്യത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് അതെ എത്രത്തോളം അറിയാം എന്നുള്ളത്. പലരും നാട്ടിന്‍പുറങ്ങളിലെ കുളത്തിലും ചെറിയ ജലാശയങ്ങളിലും നീന്തിപ്പഠിച്ചവര്‍ ആയിരിക്കും. ആ അനുഭവം കൊണ്ടായിരിക്കും അവര്‍ മഴക്കാലത്ത് അലറിപ്പായുന്ന പുഴയിലും തിരമാലകള്‍ വീശിയടിക്കുന്ന കടലിലും നീന്താന്‍ ഇറങ്ങുന്നത്. നില കിട്ടാതാവുമ്പോള്‍ തന്നെ ഇവര്‍ പരിഭ്രാന്തരാവും. പേടിക്കുന്നതോടെ കൈകാലുകള്‍ വരുതിക്കു നില്‍ക്കാതാവുന്നു. അങ്ങനെ വരുമ്പോള്‍ അവര്‍ രക്ഷിക്കാന്‍ ചെല്ലുന്നവരെക്കൂടി അപകടത്തിലാക്കുന്നു. മിക്കവാറും അപകടങ്ങള്‍ സംഭവിക്കുന്നത് ഇങ്ങനെയാണ്''- ചാള്‍സണ്‍ പറയുന്നു.
കടലും പുഴയുമെല്ലാം വല്ലാത്ത ആകര്‍ഷണമാണ്. സ്വന്തം കരുത്തിനെക്കുറിച്ചുള്ള ആത്മവിശ്വാസവുമായി നടക്കുന്ന ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം അത് പൗരുഷത്തിന്റെ ആഘോഷത്തിനുള്ള ഒരവസരം കൂടിയാണ്.
'' ഏറ്റവും പ്രധാനമായിട്ടുള്ള കാര്യം അപകടത്തിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നു തന്നെയാണ്. മഴക്കാലത്ത്, കുളങ്ങളിലും പുഴയിലും കടലിലും ഉള്ള കൂട്ടം ചേര്‍ന്നുള്ള ആഘോഷങ്ങള്‍ ഒഴിവാക്കുക എന്നതു തന്നെയാണ് ഏറ്റവും അഭികാമ്യം. ഒരു 15 മീറ്റര്‍ എങ്കിലും നീന്താന്‍ കഴിയുമെങ്കില്‍ മാത്രം ജലാശയങ്ങളിലേക്ക് ഇറങ്ങുക. ഒരു മണിക്കൂര്‍ നീന്തി നില്‍ക്കാന്‍ പരിശീലിക്കുക. ഏതെങ്കിലും അപകടത്തില്‍ പെട്ടാല്‍ ഒരു സഹായം എത്തുന്നതു വരെ പിടിച്ചുനില്‍ക്കാന്‍ ഇതു സഹായിക്കും'' -ചാള്‍സണ്‍ പറഞ്ഞു.
മുങ്ങിമരണങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം വേണ്ടത്ര ഫലപ്രദമല്ല എന്ന അഭിപ്രായമാണ് ചാള്‍സണ്. ''മുന്‍പ്, നീന്തല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്നു പ്രഖ്യാപിച്ചിരുന്നു. പക്ഷേ, അതൊന്നും അത്ര പ്രായോഗികമല്ല. കുട്ടികളെ നീന്തല്‍ കുളത്തില്‍ കൊണ്ടുപോവാനും നീന്തല്‍ പഠിപ്പിക്കുവാനും ഒക്കെ അധ്യാപകര്‍ മടിക്കും. കാരണം, എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അത്രയേറെയായിരിക്കും.''
തദ്ദേശസ്ഥാപനങ്ങള്‍ വഴിയുള്ള നീന്തല്‍ പരിശീലനമായിരിക്കും ഇതിനെക്കാള്‍ പ്രായോഗികം എന്നു ചാള്‍സണ്‍ പറയുന്നു. എല്ലാ പഞ്ചായത്തിലും ഒരു നീന്തല്‍കുളം സ്ഥാപിച്ച് ഒരു പരിശീലകനെക്കൂടി നിയമിക്കുക. അതിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ജലസുരക്ഷയില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു.
ഇതുവരെ 15,000 പേരെ നീന്തല്‍ പരിശീലിപ്പിച്ചിട്ടുള്ള ചാള്‍സണ്‍ ലക്ഷ്യമിടുന്നത് 50,000 പേരെ നീന്തല്‍ പഠിപ്പിക്കണമെന്നാണ്. ''കഴിഞ്ഞ തലമുറയിലെ വിദ്യാര്‍ഥികള്‍ വീട്ടിലറിയാതെയാണ് നീന്തല്‍ പഠിച്ചിരുന്നത്. അന്നത്തെ കുട്ടികള്‍ക്ക് നീന്തല്‍ ഒരു വലിയ വിനോദം കൂടിയായിരുന്നു. പക്ഷേ, ഇപ്പോള്‍ കുട്ടികള്‍ക്കു നീന്തിപ്പഠിക്കാനായി നാട്ടില്‍ കുളങ്ങളുടെ എണ്ണം കുറഞ്ഞു. ഭൂരിഭാഗം കുട്ടികളും സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ വീട്ടിലെത്തി സ്വന്തം മുറിയില്‍ ഇരുന്ന് സ്മാര്‍ട്ട് ഫോണിലേക്ക് തളയ്ക്കപ്പെടുകയാണ്. ഇപ്പോള്‍, കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനായി രക്ഷകര്‍ത്താക്കള്‍ മുന്നോട്ടു വരികയാണ്. അതാണ് ഒരു പ്രധാന മാറ്റം''-ചാള്‍സണ്‍ പറഞ്ഞു.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി പയ്യാമ്പലം ബീച്ചിലെ കാവലിനിടയില്‍ പല ദുരന്തങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. ''പലരെയും തടഞ്ഞു അപകടത്തില്‍ നിന്നു രക്ഷിച്ചിട്ടുണ്ട്. എന്നാല്‍, ചിലപ്പോഴെങ്കിലും നമ്മള്‍ പറയുന്നതു കേള്‍ക്കാതെ കടലിലേക്കിറങ്ങുന്നവര്‍ അപകടത്തില്‍ പെടുന്നതും കണ്ടിട്ടുണ്ട് .'' ഇക്കഴിഞ്ഞയാഴ്ചയിലും ഉത്തരേന്ത്യയില്‍ നിന്നു വന്ന ചെറുപ്പക്കാരുടെ സംഘത്തിലെ ഒരാള്‍ അപകടത്തില്‍പെട്ട് മരിച്ച കാര്യം ചാള്‍സണ്‍ പറഞ്ഞു. ''കോവളം ബീച്ചിലേതു പോലെ പയ്യാമ്പലത്തും കയര്‍ കെട്ടി സന്ദര്‍ശകരെ കടലിനടുത്തേക്ക് ചെല്ലുന്നതില്‍ നിന്നു വിലക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകും.''
ജൂലായ് 25 ലോക മുങ്ങിമരണ നിവാരണദിനമായി ആചരിക്കുമ്പോള്‍ ചിട്ടയായ നീന്തല്‍ പരിശീലനത്തിന്റെ ആവശ്യകതയിലേക്കാണ് ചാള്‍സണ്‍ വിരല്‍ ചൂണ്ടുന്നത്. ''ഓരോ മരണവും വേദനയാണ്. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ് ആഴങ്ങളില്‍ മുങ്ങിമറയുന്നത്. കൃത്യമായ ബോധവല്‍ക്കരണമുണ്ടെങ്കില്‍ ഈ മരണങ്ങളുടെ പകുതിയോളമെങ്കിലും നമുക്ക് കുറയ്ക്കാന്‍ കഴിയും''- ചാള്‍സണ്‍ ആത്മവിശ്വാസത്തോടെ പറയുന്നു. 'മറ്റ് അപകടങ്ങള്‍ പോലെയല്ല, മുങ്ങിമരണങ്ങള്‍ നമുക്ക് തടയാനാകും'.
രാഷ്ട്രീയ, യുവജന സംഘടനകളുടെ പങ്കാളിത്തത്തോടെയുള്ള ബോധവല്‍ക്കരണ പരിപാടികളും ഈ രംഗത്ത് നടക്കേണ്ടതുണ്ട്.
ജലാശയങ്ങള്‍ ഉല്ലാസത്തിനും ആഘോഷത്തിനും വഴി തെളിക്കുന്നവയാവണം. അവ ഒരിക്കലും ദുരന്തങ്ങള്‍ക്കു കാരണമാവുന്നവയാവരുത്. ഏറ്റവും എളുപ്പം ഒഴിവാക്കാന്‍ കഴിയുന്ന ദുരന്തമാണ് മുങ്ങിമരണങ്ങള്‍. യുവാക്കളില്‍ മുന്നറിയിപ്പുകളെ തള്ളിക്കളയാനും വിലക്കുകളെ മറികടക്കാനും ഉള്ള തോന്നലുകള്‍ സ്വാഭാവികമാണ്. യുവത്വം ആഘോഷിക്കാന്‍ തിരക്കു കൂട്ടുമ്പോള്‍ വിപല്‍സൂചനകളെ അവഗണിക്കുന്നു. പ്രകൃതിയെന്ന മഹാശക്തിയുടെ മുന്നില്‍ മനുഷ്യന്‍ എത്ര നിസ്സഹായനാണെന്ന കാര്യം മറന്നു പോകുന്നു. ഓര്‍മിപ്പിക്കുന്നതിനായി ഒരു ദിനം കൂടി കടന്നു വരുകയാണ്. സാഹസികതയെന്നാല്‍ അപകടങ്ങളെ വാരിപ്പുണരലല്ല, വഴി മാറി നടക്കലാണെന്ന് അടിവരയിട്ടു പറഞ്ഞുകൊണ്ട്.
Content Highlights: A Kerala lifeguard shares his experience saving lives and stresses the importance of water safety