പിടിമുറുക്കാൻ ചൈന, പാനമക്കെതിരേ യു.എസിന്റെ വിരട്ടൽ; ട്രംപ് പിടിച്ചെടുക്കുമോ പാനമ കനാൽ?

ക്രിസ്മസിന് തൊട്ടുമുമ്പാണ് നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാനമ കനാല്‍ 'തിരിച്ചുപിടിക്കുമെന്ന്' ഭീഷണിപ്പെടുത്തുന്നത്. കനാല്‍ വഴിയുള്ള ചരക്കുനീക്കത്തിന് പാനമ സര്‍ക്കാര്‍ വന്‍നിരക്ക് ഈടാക്കുകയാണെന്ന് ആരോപിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ ഭീഷണി. ന്യായമായ നിരക്കില്‍ കൈകാര്യം ചെയ്യാനാകുന്നില്ലെങ്കില്‍ കനാല്‍ സഖ്യകക്ഷി കൂടിയായ യു.എസിന് കൈമാറേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാനമായ കപ്പല്‍പാത നിയന്ത്രിക്കാന്‍ ചൈനീസ് സൈനികരെ പാനമ അനുവദിച്ചുവെന്ന് ആരോപിച്ച ട്രംപ് തെറ്റായ കൈകളില്‍ കനാലിനെ എത്തിക്കാന്‍ നുവദിക്കില്ലെന്നും വ്യക്തമാക്കി. പിന്നാലെ നടന്ന ഒരു പത്രസമ്മേളനത്തില്‍, കനാല്‍ തിരിച്ചുപിടിക്കാന്‍ സൈനിക ബലപ്രയോഗം ഉപയോഗിക്കുമോ എന്ന ചോദ്യത്തെ ട്രംപ് തള്ളിക്കളഞ്ഞതുമില്ല.
എന്‍ജിനീയറിങ് വിസ്മയം എന്നാണ് പാനമ കനാലിനെ വിശേഷിപ്പിക്കുന്നത്. 82 കിലോ മീറ്റര്‍ നീളത്തിലുള്ള മനുഷ്യനിര്‍മിത കനാല്‍ രണ്ട് ശുദ്ധജല തടാകത്തിലൂടെ രണ്ട് പ്രധാനപ്പെട്ട സമുദ്രങ്ങളെ ബന്ധിപ്പിക്കുന്നു. എന്നാൽ, രണ്ട് സമുദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് കനാല്‍ നിര്‍മാണം എളുപ്പമായിരുന്നില്ല. അവയ്ക്കിടയില്‍ സമതലങ്ങളും ശുദ്ധജല തടാകങ്ങളും മലകളുമെല്ലാം ഉണ്ടായിരുന്നു. തടാകങ്ങളിലെ ജലനിരപ്പ് സമുദ്രജലനിരപ്പിനേക്കാള്‍ ഉയരത്തിലുമായിരുന്നു. അതിനാല്‍ തന്നെ പല ജലനിരപ്പുകളിലൂടെയാണ് പാനമ കനാലിലൂടെ ഒരു കപ്പലിന് യാത്ര ചെയ്യേണ്ടിവരുക.
Content Highlights: Donald Trump threatened to seize the Panama Canal