27 ഡോളറിന്റെ പകർപ്പ് കോടികളുടെ മൂല്യമുള്ള ഒറിജിനലായി; ജനാധിപത്യത്തിന് അടിസ്ഥാനശിലയിട്ട മാഗ്ന കാർട്ട

#അജ്നാസ് നാസർ
ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍ ലൈബ്രറിയിലെ മാഗ്നാ കാര്‍ട്ട | Photo: Harvard Law School
ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍ ലൈബ്രറിയിലെ മാഗ്നാ കാര്‍ട്ട | Photo: Harvard Law School

ആധുനിക മനുഷ്യചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ, ഏറ്റവും പ്രധാനപ്പെട്ട രേഖയേതാണ് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അത് ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായി വാഴ്ത്തപ്പെടുന്ന മാഗ്നാ കാര്‍ട്ടയാണ്. 1215 ജൂണ്‍ 15ന് ഇംഗ്ലണ്ടിലെ തെംസ് നദിയുടെ തീരത്തുള്ള റെനിമേഡ് എന്ന പ്രദേശത്ത് വെച്ച് കിങ് ജോണ്‍ രാജാവും അദ്ദേഹത്തിന്റെ പ്രഭുക്കന്‍മാരും തമ്മില്‍ ഒപ്പുവെച്ച പുരാതന ഉടമ്പടി. അമേരിക്കയിലെ ഹാര്‍വാര്‍ഡ് ലോ സ്‌കൂളിന്റെ ലൈബ്രറിയില്‍ മാഗ്നാ കാര്‍ട്ടയുടെ ഒരു കോപ്പി സംരക്ഷിച്ചിരുന്നു. പകര്‍പ്പായതിനാല്‍ തന്നെ അത്ര പ്രാധാന്യമേ അതിന് ലഭിച്ചിരുന്നുമുള്ളൂ. എന്നാല്‍ ഈ രേഖയുടെ ഫോട്ടോകോപ്പി സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ കണ്ട രണ്ട് ചരിത്ര പ്രൊഫസര്‍മാര്‍ക്ക് തോന്നിയ ചില സംശയങ്ങള്‍ വലിയൊരു കണ്ടെത്തലിലേക്കാണ് നയിച്ചിരിക്കുന്നത്. അവര്‍ സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ ലഭ്യമായ ചിത്രങ്ങള്‍ വച്ച് ചില പഠനങ്ങള്‍ നടത്തുന്നു. ആ പഠനത്തിന്റെ അവസാനം ഞെട്ടിക്കുന്ന ഒരു തിരിച്ചറിവിലാണ് അവരെത്തിച്ചേർന്നത്. പകര്‍പ്പെന്ന് കരുതി സംരക്ഷിച്ചിരുന്ന ഈ രേഖ യഥാര്‍ഥ മാഗ്‌നാ കാര്‍ട്ടയായിരുന്നു. കിങ് എഡ്വേര്‍ഡ് ഒന്നാമന്‍ 1300കളില്‍ പുറത്തിറക്കിയ പുരാതന ഉടമ്പടി.

എ.ഡി 1215 മുതല്‍ 1300 വരെയുള്ള കാലങ്ങളില്‍ ഇംഗ്ലണ്ടിലെ നാട്ടുരാജ്യങ്ങളിലൂടെ വിതരണം ചെയ്യപ്പെട്ടവയായിരുന്നു ഇവ. ഇത്തരത്തില്‍ ആകെ 200 മാഗ്നാ കാര്‍ട്ടകളാണ് ഉണ്ടായിരുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതില്‍ ആറെണ്ണം മാത്രമേ ഇന്ന് ബാക്കിയുള്ളൂ. ഇതില്‍ ഭൂരിഭാഗവും ഇംഗ്ലണ്ടിലാണ് സംരക്ഷിക്കപ്പെടുന്നത്. ഒരെണ്ണം വാഷിങ്ടണ്‍ ഡി.സി നാഷണല്‍ ആര്‍ക്കൈവിലും ഒരെണ്ണം ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് ഹൗസിലും സംരക്ഷിക്കുന്നുണ്ട്. ഇക്കൂട്ടത്തിലേക്കാണ് ഹാര്‍വാര്‍ഡിലെ, പകര്‍പ്പെന്ന് കരുതപ്പെട്ടിരുന്ന, രേഖകൂടി എത്തുന്നത്. ലണ്ടന്‍ കിങ്‌സ് കോളേജിലെ ചരിത്ര അധ്യാപകനായ പ്രൊഫസര്‍ ഡേവിഡ് കാര്‍പ്പന്ററും നോര്‍വിച്ച് സര്‍വകലാശാലയിലെ അധ്യാപകനായ പ്രൊഫസര്‍ നിക്കോളാസ് വിന്‍സന്റും ചേര്‍ന്ന് നടത്തിയ, ഒരു വര്‍ഷം നീണ്ട പഠനത്തിലാണ് നിര്‍ണായകമായ ഈ കണ്ടെത്തലുണ്ടായിരിക്കുന്നത്. 2017ല്‍ നടന്ന ഒരു ലേലത്തില്‍ മറ്റൊരു മാഗ്നാ കാര്‍ട്ട ഉടമ്പടി 21 മില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് (180 കോടിയോളം രൂപ) വിറ്റുപോയത്.

Content Highlights: copy of magna carta at harvard turns out to be extremely rare original

Continue reading