പ്രതിപക്ഷ നേതാവ് അഴിമതിക്കേസിൽ പ്രതിയാകുന്ന വെല്ലുവിളിയിൽ സിപിഎം; ത്രിശങ്കുവിലായി സർക്കാരും

#സ്വന്തം ലേഖകൻ
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് പിണറായി വിജയനും |ഫോട്ടോ:മാതൃഭൂമി
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് പിണറായി വിജയനും |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ ഹൈക്കോടതി ഉത്തരവോടെ പന്ത് വീണ്ടും കേരള സർക്കാരിന്റെ കോർട്ടിൽ. ഇ.ഡിയിൽ വിശ്വാസമർപ്പിച്ച് കേസെടുക്കേണ്ടെന്ന നിലപാട് സർക്കാർ സ്വീകരിച്ചത് ബിജെപിയുമായി ഒത്തുകളിക്കുന്നു എന്ന ആക്ഷേപം ഭയന്നാണ്. ഇതിപ്പോൾ മൂന്നാം കക്ഷിയുടെ ഹർജിയിൽ കോടതി കേസെടുക്കാൻ സർക്കാരിനോട് നിർദേശിച്ചതോടെ ഇ.ഡി ശുപാർശയിൽ എന്ന ‘ധാർമ്മിക പ്രശ്‌നം’ ഭരണപക്ഷത്തിന് ഒഴിവായി. തന്നെയുമല്ല കേസെടുക്കാൻ തയ്യാറാകാതിരുന്ന സർക്കാരിനുള്ള തിരിച്ചടി കൂടിയാണ് കോടതി ഉത്തരവ്. ഇ.ഡി റിപ്പോർട്ടിന്റെ പേരിൽ കേസെടുത്താൽ ഇ.ഡിയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നു എന്ന ദേശീയതലത്തിലെ കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും വാദത്തെ സ്വയം നിരസിക്കുന്നതിന് തുല്യമാകുമായിരുന്നു. അതാണ് സിഎംആർഎൽ കൈക്കൂലി ആരോപണത്തിൽ കേസെടുക്കുന്നതിൽ നിന്ന് തുടക്കത്തിൽ സർക്കാരിനെ പിന്നോട്ടടിച്ചത്. കേസെടുത്താൽ ബിജെപി-കോൺഗ്രസ് ഒത്തുകളി എന്ന പ്രചാരണത്തിലേക്ക് കേന്ദ്രീകരിക്കാൻ സിപിഎമ്മും പ്രതിപക്ഷവും തയ്യാറെടുത്തതുമാണ്‌.

തത്കാലം കേസ് വേണ്ട പ്രാഥമിക അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ കേസ് മതിയെന്ന ധാരണയിലേക്ക് മുഖ്യമന്ത്രി വി.ഡി സതീശനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തിച്ചേരാൻ കാരണവും ഇതായിരുന്നു. അതോടൊപ്പം പിണറായിക്കും റിയാസിനും എതിരെ മാത്രം കേസെടുത്താൽ സിഎംആർഎൽ പണം നൽകിയവരുടെ പട്ടികയിലുള്ള സ്വന്തം നേതാക്കൾക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യതയും സർക്കാരിന് മേൽവരും. അതിൽ രണ്ട് പേർ കാബിനറ്റിൽ മന്ത്രിമാരായിരിക്കുമ്പോൾ.

വീണയുടെ പക്കൽ നിന്ന് റെയ്ഡിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന രേഖകളാണ്‌ മുഖ്യതെളിവായി ഇ.ഡി മുന്നോട്ടുവെക്കുന്നത്. കേവലം ഡയറിയെമാത്രം ആധാരമാക്കി കേസെടുത്താൽ കോടതിയിൽ അത് നിലനിൽക്കുമോ എന്ന സംശയവും ഭരണപക്ഷത്തുണ്ടായി. അങ്ങനെയാണ് എസ്ഐടി രൂപവത്കരിച്ച് പ്രാഥമിക അന്വേഷണത്തിലേക്ക് സർക്കാർ കടന്നത്. പിണറായി മൂന്ന് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ഇ.ഡി വാദത്തിൽ ഊന്നാതെ ഡയറിയിൽ പറയുന്ന വിദേശത്തേക്ക് പണം കടത്തിയെന്ന ഹവാല ആരോപണത്തിലൂന്നിയാണ് എസ്ഐടിയും നീങ്ങിയത്. അതിന്റെ ഭാഗമായി മുൻ മന്ത്രി കൂടിയായ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയിലാണ് കെ.എം ഷാജഹാന്റെ ഹർജിയിൽ ഹൈക്കോടതിയുടെ നിർണായക ഉത്തരവ് വരുന്നത്. ഇ.ഡിയുടെ വാദം കോടതി അംഗീകരിക്കുമ്പോൾ ആരോപണത്തിൽ കഴമ്പുണ്ടെന്ന സൂചന കൂടി അതിൽ നിന്ന് വായിച്ചെടുക്കാം. എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ സർക്കാർ തീരുമാനിക്കുന്ന പക്ഷം പിണറായി വിജയനും മകൾ വിണയും മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസും പ്രതിയാകും. രണ്ടാമത്തെ സാധ്യത പ്രാഥമിക അന്വേഷണം നടത്താൻ സാവകാശം തേടി ഡിവിഷൻ ബഞ്ചിനെ സമീപിക്കലാണ്. ആ നീക്കം ബിജെപി രാഷ്ട്രീയ ആയുധമാക്കാം. ഇനി തിരിച്ചാണെങ്കിൽ കോടതി നിർദേശത്തെ തുടർന്ന് എന്ന പരിച ഭരണപക്ഷത്തിന് ലഭിക്കും. ഇ.ഡിയിൽ ബിജെപിയുമായി ഒത്തുകളി എന്ന ആക്ഷേപം ഒഴിവാകുകയും ചെയ്യും.

പ്രതിപക്ഷ നേതാവ് പ്രതിയാകുന്ന സാഹചര്യം സിപിഎമ്മിനും സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. മുമ്പ് ലാവലിൻ കേസിൽ പ്രതിചേർക്കപ്പെട്ടപ്പോൾ പിണറായി വിജയൻ പാർട്ടി സെക്രട്ടറി മാത്രമായിരുന്നു. ഭരണഘടനാപരമായ തിരഞ്ഞെടുക്കപ്പെട്ട പദവിയിലല്ലാത്തതിനാൽ സ്ഥാനം ഒഴിയേണ്ടതില്ല എന്നതായിരുന്നു സിപിഎമ്മിന്റെ അന്നത്തെ നിലപാട്. പ്രതിപക്ഷ നേതാവ് പ്രതിയായി സർക്കാരിനെതിരെ എങ്ങനെ സമരപോരാട്ടം നയിക്കും എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യത പ്രതിപക്ഷത്തിനൊന്നാകെ വരും. എങ്ങനെ പ്രതിയായി നിന്ന് സർക്കാരിനെ കുറ്റപ്പെടുത്തും എന്ന ചോദ്യം പാർട്ടിയിലും ഉയർന്നേക്കാം.

അതേസമയം അഴിമതിക്കേസായി രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത് ഭാവിയിൽ തങ്ങൾക്ക് തന്നെ കുരുക്കാകുമോ എന്ന ഭയവും ഭരപക്ഷത്തിനുണ്ട്. സിഎംആർഎൽ പണം നൽകിയവരുടെ പട്ടികയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയടക്കമുള്ള യുഡിഎഫ് നേതാക്കളമുണ്ട്. ഇഡി റിപ്പോർട്ടിൽ ഇവരുടെ പേരുകളും പരാമർശിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേസെടുക്കുന്നത് സംബന്ധിച്ച് യുഡിഎഫ് നേതൃത്വം ത്രിശങ്കുവിലാണ്‌. ഹൈക്കോടതി വധിപ്പകർപ്പ് കിട്ടിയശേഷം നിയമോപദേശം തേടിയ ശേഷംമാത്രമേ കേസെടുക്കൂവെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്.

Content Highlights: Kerala High Court directs the state government to take a decision on the CMRL-Exalogic controversy., The ruling puts the ruling front in a complex political position regarding ED probe and opposition pressure., Potential naming of key political figures in the FIR could reshape Kerala's political landscape.