അന്വേഷിക്കും, ആർ.സിക്കും കെ.കെയ്ക്കും കുരുക്കാകാതെ; പന്ത് ഇഡിയിലേക്ക് തന്നെ തട്ടുമോ

സി.എം.ആർ.എൽ. -എക്‌സാലോജിക് പണമിടപാടു കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ഭാര്യ ടി.വീണ എന്നിവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സർക്കാർ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ ശേഷമാണ് സംസ്ഥാന സർക്കാർ അന്വേഷണത്തിന് തയ്യാറായിരിക്കുന്നത്. ഏത് തരത്തിലുള്ള അന്വേഷണമാണ് നടക്കുകയെന്ന് സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി സർക്കാരിന് കത്തയച്ചത്. സാധാരണ നിലയിൽ അഴിമതിയും കൈക്കൂലിയും സംബന്ധിച്ച കേസുകൾ വിജിലൻസാണ് അന്വേഷിക്കുക. എന്നാൽ ക്രൈംബ്രാഞ്ച് എസ്‌ഐടിയാകും പ്രാഥമിക അന്വേഷണം നടത്തുകയെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണം നടത്തിയശേഷം വിജിലൻസിലേക്ക് കൈമാറുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
സിഎംആർഎൽ-എക്‌സാലോജിക് പണമിടപാട് ആരോപണങ്ങൾ രാഷ്ട്രീയമായി ഉന്നയിക്കുന്നുണ്ടെങ്കിലും അന്വേഷണ തലത്തിലേക്ക് കടക്കുന്നതിനോട് യുഡിഎഫിന് വിമുഖതയുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരും സിഎംആർഎൽ പണം നൽകിയവരുടെ പട്ടികയിലുൾപ്പെട്ടിട്ടുണ്ട് എന്നതാണ് ഈ താത്പര്യക്കുറവിന് പിന്നിൽ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് യുഡിഎഫ് ആക്ഷേപം ഉന്നയിച്ച ഒട്ടുമിക്ക ആരോപണങ്ങളിലും യുഡിഎഫ് അധികാരത്തിലേറിയശേഷം എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രി തന്നെ പ്രതിക്കൂട്ടിലായ സിഎംആർഎൽ-എക്‌സാലോജിക് കേസിൽ ഇഡിയുടെ കത്തിനെ തുടർന്നാണ് സർക്കാർ അന്വേഷിക്കാൻ തീരുമാനിച്ചത്.. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി,വി.കെ.ഇബ്രാഹികുഞ്ഞ് തുടങ്ങിയ നേതാക്കൾക്ക് സിഎംആർഎൽ പണം നൽകിയതായും ഇഡി ഡിജിപിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇഡിക്ക് മുന്നിൽ ഇവർക്ക് എതിരായ മൊഴിയോ മറ്റു റിപ്പോർട്ടുകളോ ഇല്ലാത്തതിനാൽ കേസെടുക്കേണ്ടതില്ലെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചിരിക്കുന്നത്. സർക്കാർ ഇത് അതേപടി സ്വീകരിക്കുകയും ചെയ്തു.
പിണറായി വിജയനും കുടുംബത്തിനുമെതിരെയുള്ള അഴിമതി ആരോപണങ്ങൾ നിയമപരമായി തെളിയിക്കുക എന്നതിനേക്കാൾ വലിയ വെല്ലുവിളിയാകും യുഡിഎഫിന് കേസ് അവരിൽതന്നെ ഒതുക്കുക എന്നത്. സ്വന്തം നേതാക്കൾ പണം വാങ്ങിയതിൽ അന്വേഷണമില്ലാത്ത സാഹചര്യം വിശദീകരിക്കുക യുഡിഎഫിനും ബുദ്ധിമുട്ടാകും. പ്രത്യേക അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന തെളിവുകളും സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിരോധവും വരുംദിനങ്ങളിൽ കേരള രാഷ്ട്രീയത്തെ കൂടുതൽ ചൂടേറ്റും.
പ്രാഥമിക അന്വേഷണം തന്ത്രപരമായ നീക്കം
സി.എം.ആർ.എൽ. -എക്സാലോജിക് കേസ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇരുതല മൂർച്ചയുള്ള ആയുധമാണ്. പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്നതിനൊപ്പം തന്നെ തിരിഞ്ഞ് കുത്താനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധാപൂർവ്വവും ആലോചിച്ചുമാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ നീക്കങ്ങൾ. അന്വേഷണം ആവശ്യപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് നൽകുന്ന കത്ത് അവഗണിക്കാൻ കഴിയാത്തതുകൊണ്ടാണ് സർക്കാരിന് അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുകയും ചെയ്തു.
വിജിലൻസ് അന്വേഷണത്തിന് പകരം ക്രൈംബ്രാഞ്ച് അന്വേഷണം തിരഞ്ഞെടുത്തതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ കണക്കൂട്ടലുകളുടെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചാൽ അഴിമതി നിരോധന നിയമപ്രകാരം പെട്ടെന്ന് തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടി വരുമായിരുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം ആകുമ്പോൾ കേസിന്റെ വേഗതയും ദിശയും നിയന്ത്രിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. പ്രതിപക്ഷ നേതാവ് അഴിമതി ആരോപണം നേരിടുന്നുവെന്ന രാഷ്ട്രീയ ചർച്ച കുറച്ച് കാലമെങ്കിലും നിലനിർത്താനാകുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ കേന്ദ്ര ഏജൻസികളുടെ വേട്ടയാടലിന് ഒപ്പംനിൽക്കുന്നുവെന്ന പ്രചാരണത്തിനും 'പ്രാഥമിക അന്വേഷണ' പ്രഖ്യാപനത്തിലൂടെ തടയിടാനാകുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു. ഹവാല ഇടപാട് നടന്നുവെന്ന ഇഡി കണ്ടെത്തലാണ് യുഡിഎഫിന് മുന്നിലുള്ള മറ്റൊരു ആയുധം. അഴിമതി ആരോപണത്തിൽ അന്വേഷണം മന്ദഗതിയിലാക്കിയാലും ഹവാല ഇടപാട് ഇഡിയിലേക്ക് തന്നെ തിരിച്ചുവിടാമെന്നും സർക്കാർ കണക്കാക്കുന്നു.
സിപിഎം നീക്കം
ഇഡി നിർദേശത്തിൽ യുഡിഎഫ് സർക്കാർ പിണറായിക്കെതിരെ കേസെടുക്കുമോയെന്ന് കേരളം ഉറ്റുനോക്കുന്നുവെന്നാണ് ഡിജിപിക്ക് കത്ത് ലഭിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചത്.'മോദി സർക്കാരിന്റെ സിപിഎം വേട്ടയ്ക്ക് കോൺഗ്രസ് കൂട്ടുനിൽക്കുന്നു' പ്രാഥമിക അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയും പ്രതികരിച്ചു. സന്ദേശം വ്യക്തം, ബിജെപി-കോൺഗ്രസ് ഡീൽ ആരോപണവും ഉയർന്നു കഴിഞ്ഞു. ഈ ലൈനിൽതന്നെ പ്രചാരണം നടത്താനാണ് സിപിഎം നീക്കം. സെക്രട്ടറിയേറ്റ് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കേന്ദ്ര സർക്കാർ വേട്ടയ്‌ക്കൊപ്പം യുഡിഎഫ് നിൽക്കുന്നുവെന്ന പ്രചാരണം കൂടുതൽ ശക്തമാക്കിയുള്ള പ്രതിഷേധങ്ങളും സിപിഎം നടത്തും.
Content Highlights: State government orders preliminary probe into CMRL-Exalogic financial transactions., Investigation involves Pinarayi Vijayan, P.A. Mohamed Riyas, and T. Veena based on ED letter., Crime Branch SIT to handle preliminary inquiry instead of Vigilance., UDF leaders are also reportedly linked in CMRL payment lists, creating political dilemmas., CPM alleges a nexus between BJP and Congress regarding central agency probes.