മെലിഞ്ഞ ബി.എസ്.പിയില്‍ ആകാശിന്റെ രണ്ടാം എഴുന്നള്ളത്ത്, യാത്ര പൂജ്യത്തിലേക്കോ അധികാരത്തിലേക്കോ?

ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബി.എസ്.പി.) അധ്യക്ഷ മായാവതി തന്റെ പിന്‍ഗാമിയായി അനന്തരവന്‍ ആകാശ് ആനന്ദിനെ തിരിച്ചെടുത്തു! പാര്‍ട്ടിയുടെ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ചുമതല തിരിച്ചുനല്‍കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെയാണ് ആകാശ് ആനന്ദിനെ വീണ്ടും പാര്‍ട്ടിയുടെ തലപ്പത്തേക്ക് മായാവതി കൊണ്ടുവരുന്നത്. ഇത് രണ്ടാം തവണയാണ് ആകാശ് ആനന്ദിനെ മായാവതി തന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കുന്നത്. ലണ്ടനില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആകാശ് 2017-ലാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ബി.എസ്.പി.യുടെ മുഖമായിരുന്നു ആകാശ്. 2023 ഡിസംബറില്‍ ആകാശിനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച മായാവതി 2024 മേയില്‍ തീരുമാനം മാറ്റുകയും ദേശീയ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നുള്‍പ്പെടെ നീക്കുകയും ചെയ്തിരുന്നു. തീരുമാനത്തില്‍ വ്യക്തമായ കാരണം വെളിപ്പെടുത്താതിരുന്ന മായാവതി രാഷ്ട്രീയ പക്വത കൈവരിക്കുന്നത് വരെ ആകാശിനെ മാറ്റുന്നുവെന്നായിരുന്നു വിശദീകരണം നല്‍കിയത്.
എൺപതുകളുടെ അവസാനത്തിൽ തുടങ്ങി 2010 വരെ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായിരുന്നു ദളിത് കേന്ദ്രീകൃത പാര്‍ട്ടിയായ ബി.എസ്.പി. തുടർന്നിങ്ങോട്ട് ശക്തി ക്ഷയിച്ച പാര്‍ട്ടിക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ല. മാത്രമല്ല, പല സ്ഥാനാര്‍ഥികളും മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുമാണ് എത്തിയതും. പാർട്ടിയെ സംബന്ധിച്ച് വലിയ തിരിച്ചടി. 2022-ൽ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും സമാനമായിരുന്നു സ്ഥതി. ബി.ജെ.പിയും മുഖ്യപ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിയും അടക്കിവാഴുന്ന ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ ബി.എസ്.പി. അവരുടെ പ്രധാന വോട്ടുബാങ്കായ ദളിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ പാര്‍ട്ടിയെ ഏതാണ്ട് കൈവിട്ട മട്ടാണ്. ഈ സാഹചര്യത്തിലാണ് ആകാശിനെ വീണ്ടും തന്റെ പിന്‍ഗാമിയായി മായാവതി പ്രഖ്യാപിക്കുന്നത്. പക്ഷേ, എത്രത്തോളം ഫലപ്രദമാകും മായാവതിയുടെ ഈ നീക്കം? പാര്‍ട്ടിയെ വിജയവഴിയില്‍ തിരിച്ചെത്തിക്കാന്‍ ആകാശിന്റെ തന്ത്രങ്ങള്‍ മതിയാകുമോ?
Content Highlights: BSPs supremo Mayawati, Akash Anand