പുട്ടടിച്ചത് 262 കോടി, ഇരകളിൽ സൂപ്പർതാരങ്ങളും; ബ്ലൂസ്മാർട്ട് സ്മാർട്ടല്ലാതാക്കിയ സ്റ്റാർട്ടപ്പ് മേഖല

ഏതാനും നാളുകള്‍ക്ക് മുന്‍പാണ് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കെതിരേ തുറന്ന വേദിയില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്. ചൈന പോലുള്ള രാജ്യങ്ങള്‍ ഡീപ് ടെക് മേഖലകളില്‍ വന്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ പണക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള ഏജന്റുമാരായി തൊഴില്‍രഹിതരായ യുവാക്കളെ മാറ്റുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു വിമര്‍ശനം. ഇ-കൊമേഴ്‌സിനും സേവനങ്ങള്‍ക്കുമപ്പുറം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ വളരണമെന്നും ചൈന നടത്തുന്നതു പോലെ ഇ മൊബിലിറ്റി, ബാറ്ററി ടെക്‌നോളജി തുടങ്ങിയ വന്‍കിട മേഖലകളില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കണമെന്നുമായിരുന്നു ഡല്‍ഹിയില്‍ നടന്ന സ്റ്റാര്‍ട്ടപ്പ് മഹാകുംഭില്‍ മന്ത്രിയുടെ വിമര്‍ശനം. മന്ത്രിയുടെ ഈ പരമാര്‍ശം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ നിലവാരത്തെ കുറിച്ചുള്ള വലിയ സംവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. പിയുഷ് ഗോയല്‍ പറഞ്ഞത് പോലെ ഇ മൊബിലിറ്റി മേഖലകളില്‍ വലിയ നേട്ടങ്ങളുണ്ടാക്കി രാജ്യത്തിന് അഭിമാനമായി മാറും എന്ന് പ്രവചിക്കപ്പെട്ട ഒരു ഇന്ത്യന്‍ കമ്പനിയാണ് സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍, ലോകം ശ്രദ്ധിക്കുന്നതുപോലുള്ള നേട്ടങ്ങളുണ്ടാക്കിയതുകൊണ്ടോ പുതിയ ടെക്‌നോളജി കണ്ടുപിടിച്ചതുകൊണ്ടോ അല്ല ഈ കമ്പനി വാര്‍ത്തകളില്‍ നിറയുന്നത്. മറിച്ച് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ്- ഓഹരി തട്ടിപ്പുകളിലൊന്നിന്റെ പേരിലാണ്. കമ്പനിക്കായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ലോണെടുത്ത പണം ഉപയോഗിച്ച് അതിന്റെ ഉടമകള്‍ നടത്തിയ ഞെട്ടിക്കുന്ന ഇടപാടുകളുടെ പേരിലാണ്. ബ്ലൂ സ്മാര്‍ട്ട് -ജെന്‍സോള്‍ സാമ്പത്തിക തട്ടിപ്പ്.
ഓലയും ഊബറും പോലുള്ള കമ്പനികളുടെ കുത്തകയായിരുന്ന ഇന്ത്യയിലെ ഇ-ടാക്‌സി മേഖലയില്‍ കുറഞ്ഞകാലം കൊണ്ട് ശ്രദ്ധിക്കപ്പെട്ട കമ്പനിയായിരുന്നു ബ്ലൂസ്മാര്‍ട്ട്. ഇലക്ട്രിക് കാറുകളുടെ മാത്രം സര്‍വീസായിരുന്നു കമ്പനി നല്‍കിയിരുന്നത്. ഓലയ്ക്കും ഊബറിനുമുള്ള സുസ്ഥിര ബദല്‍ എന്നായിരുന്നു കമ്പനി സ്വയം വിശേഷിപ്പിച്ചിരുന്നത്. എണ്ണായിരത്തിലേറെ ഇലക്ട്രിക്ക് കാറുകളാണ് കമ്പനിയുടെ നെറ്റ്വര്ക്കിലുണ്ടായിരുന്നത്. മോശം അവസ്ഥയിലുള്ള വാഹനങ്ങളും യാത്രക്കാരെ വെറുപ്പിക്കുന്ന ജീവനക്കാരും ധാരാളമായുള്ള മറ്റ് മുഖ്യധാരാ കമ്പനികളുടെ സര്‍വീസ് ഒഴിവാക്കി ബ്ലൂസ്മാര്‍ട്ടിലേക്ക് യാത്രക്കാര്‍ ചുവടുമാറുന്നത് രാജ്യത്തെ മുന്‍നിര വിമാനത്താവളങ്ങളില്‍ പതിവു കാഴ്ചയായിരുന്നു. കുറഞ്ഞകാലം കൊണ്ട് രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പുകളിലെ പ്രധാന പേരുകളിലൊന്നായി മാറാന്‍ കമ്പനിക്കായി. എന്നാല്‍, കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ കമ്പനിയെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. വലിയ സാമ്പത്തിക ആരോപണങ്ങളാണ് ബ്ലൂ സ്മാര്‍ട്ടിനും സഹോദര കമ്പനിയായ ജെന്‍സോളിനും എതിരായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സെബി (Securities and Exchange Board of India) അന്വേഷണം ഉള്‍പ്പടെ നേരിട്ട കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. കമ്പനി സി.ഇ.ഒയും സി.ടി.ഒയും ഉള്‍പ്പടെയുള്ളവര്‍ സ്ഥാനമൊഴിഞ്ഞു. നിലവില്‍ തങ്ങളുടെ കാറുകള്‍ ഊബര്‍ ഉള്‍പ്പടെയുള്ള എതിരാളികള്‍ക്ക് മറിച്ചുവിറ്റ് ബാധ്യതകള്‍ കുറയ്ക്കാന്‍ ശ്രമിക്കുകയാണ് ബ്ലൂസ്മാര്‍ട്ട് ഉടമകള്‍.
Content Highlights: blusmart gensol startup financial fraud explained