ബാരാമതിയുടെ അജിത്; അണികളുടെ 'ദാദ'

നാല് പതിറ്റാണ്ടായി മഹാരാഷ്ട്രയുടെ രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അജിത് പവാറിന്റേത്. ഒരു കാലത്ത് മഹാരാഷ്ട്രയുടെ രാഷ്ട്രീയം ഉള്ളംകൈയിൽ നിയന്ത്രിച്ചിരുന്ന പിതൃസഹോദരൻ ശരദ് പവാറെന്ന ‘പവർഹൗസി’ന് കീഴിൽ ആരംഭിച്ച ആ യാത്രയ്ക്കിടെ പല അന്തർ നാടകങ്ങൾക്കും മഹാരാഷ്ട്ര സാക്ഷിയായി. എൻസിപിയെന്ന പാർട്ടിയും ചിഹ്നവും പോലും ശരദ് പവാറിന് നഷ്ടമായ രീതിയിലുള്ള അജിത്തിന്റെ വളർച്ചയെ വിസ്മയത്തോടെയാണ് ഇക്കാലമത്രയും രാഷ്ട്രീയ നിരീക്ഷകരും നോക്കിക്കണ്ടത്.
അണികൾക്കിടയിൽ 'ദാദ' എന്ന് സ്‌നേഹത്തോടെ അറിയപ്പെടുന്ന അജിത് പവാർ, 1980-കളിലാണ് ശരദ് പവാറിന്റെ നിഴലിൽ രാഷ്ട്രീയത്തിൽ അരങ്ങേറിയത്. 1991-ൽ ബരാമതി ലോക്സഭാ സീറ്റ് നേടി ആദ്യ തിരഞ്ഞെടുപ്പ് വിജയം രുചിച്ചു. എന്നാൽ, അന്ന് മുതിർന്ന പവാറിന്റെ കേന്ദ്രമന്ത്രിപദത്തിനായി അദ്ദേഹം സ്ഥാനമൊഴിഞ്ഞു. ഇത് ശരദ് പവാറിന് പി.വി. നരസിംഹ റാവു സർക്കാരിൽ പ്രതിരോധ മന്ത്രിയാകാൻ വഴിതുറന്നു.
അതേ വർഷം, അജിത് പവാർ ബരാമതിയിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതുവരെ ആറ് തവണ ബരാമതിയെ പ്രതിനിധീകരിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1,00,899 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1.65 ലക്ഷത്തിൽ കൂടുതൽ വോട്ടുകൾക്കും വിജയം നേടി.
സംസ്ഥാന രാഷ്ട്രീയത്തിലെ തന്റെ മിന്നൽപ്പിണർ പോലുള്ള വളർച്ചയ്ക്കിടയിലും അജിത് ശരദ് പവാറിനെ പിന്തുടർന്നെങ്കിലും എൻസിപിയിൽ തനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന വലിയ തോന്നലായിരുന്നു അജിത്തിന്. വളർത്തിക്കൊണ്ടുവന്ന പിതൃസഹോദരൻ തന്നെ ഒതുക്കുന്നുവെന്ന തോന്നലുണ്ടായി. ഇതാണ് പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തുന്നതിലേക്ക് കാര്യങ്ങൾ പോയത്. ഇത് പിൽക്കാലത്ത് എൻഡിഎയിലേക്കുള്ള വഴിതുറക്കുന്നതിലേക്കുമെത്തി. അവിടെ അവസരങ്ങളുടെ വലിയ സാഗരം തന്നെ അജിത്തിന് മുന്നിൽ തുറക്കപ്പെട്ടു. ഇതുവരെ അഞ്ചു തവണ ഉപമുഖ്യമന്ത്രിയായി.
- 2019-ലെ സർജിക്കൽ സ്‌ട്രൈക്ക്
2019-നവംബർ 23 ന് ആയിരുന്നു നിർണായക നീക്കം. തിരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റുമായി വലിയ ഒറ്റ കക്ഷി ആയെങ്കിലും ശിവസേന, എൻസിപി, കോൺഗ്രസ് കൂട്ടുകക്ഷികളുടെ ബലത്തിൽ ഉദ്ധവ് താക്കറയെ ശരദ് പവാർ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ ഇതിനായി പിറ്റെ ദിവസം രാവിലെ ഗവർണറെ കാണാനും തീരുമാനിച്ചിരുന്നു. പക്ഷെ ആ രാത്രി ഇരുട്ടി വെളുക്കുന്നതിന് മുമ്പെ നടന്ന ഓപ്പറേഷൻ താമരയിലൂടെ അജിത് പവാറും ഒരു സംഘം എംഎൽഎമാരും ബിജെപിക്ക് പിന്തുണപ്രഖ്യാപിച്ച് രംഗത്തെത്തി.
തലേദിവസം ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യകക്ഷി നേതാക്കളുടെ യോഗത്തിൽ പോലും പങ്കെടുത്ത അജിത്തായിരുന്നു അന്ന് എൻഡിഎയിലേക്ക് കൂറ് മാറിയത്. ഇതോടെ ഫഡ്‌നാവിസ് മുഖ്യമന്ത്രിയാവുകയും അജിത് ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാൽ ആ സർക്കാർ വെറും 80 മണിക്കൂർ മാത്രമേ നിലനിന്നുള്ളൂ. പിന്നീട്, അജിത്ത് എൻസിപിയിൽ തിരിച്ചെത്തി. പവാർ അജിത്തിന്റെ നീക്കംപൊളിച്ചു. എംഎൽഎമാരെ ഒപ്പം നിർത്താൻ ശരദ് പവാറിന് കഴിഞ്ഞതോടെ വീണ്ടും വീണ്ടും സ്വന്തം ക്യാമ്പിൽ മടങ്ങിയെത്തി
താക്കറെയുടെ നേതൃത്വത്തിലുള്ള എംവിഎ സർക്കാരിൽ വീണ്ടും ഉപമുഖ്യമന്ത്രിയായി. ഈ സർക്കാരിന് പക്ഷെ 2022 ജൂൺ 30 വരെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. ശിവസേനയെ പിളർത്തി ആദ്യം ഏക്‌നാഥ് ഷിൻഡെ എൻഡിഎയിലേക്ക് പോവുകയും സർക്കാർ രൂപവത്കരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സഖ്യത്തിന് തിരിച്ചടി നൽകി അജിത്ത് പവാർ എൻഡിഎയ്‌ക്കൊപ്പം ചേർന്നത്. എട്ടുമന്ത്രിമാർ ഉൾപ്പെടെ 53 എം.എൽ.എമാരും അജിത്തിന് ഒപ്പമുണ്ടായിരുന്നു. തുടർന്ന് അജിത്ത് ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയുമായി. ഇതോടെ ഏക്‌നാഥ് ഷിൻഡെ സർക്കാരിന് 195 അംഗങ്ങളുടെ പിന്തുണയും ലഭിച്ചു. 2022 ജൂൺ 30 ന് ആയിരുന്നു ശിവസേന സർക്കാരിനെ പിളർത്തി ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയും ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയുമായി മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരിച്ചത്. ശരദ് പവാർ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങണമെന്ന് വരെ അജിത്ത് ആവശ്യപ്പെട്ടു. ശരദ് പവാർ തന്റെ മകളും ബരാമതി എംപിയുമായ സുപ്രിയ സുലയെ എൻസിപിയുടെ വർക്കിംഗ് പ്രസിഡന്റായി തിരഞ്ഞെടുത്തതായിരുന്നു അജിത്തിനെ പ്രകോപിപ്പിച്ചിരുന്നത്. പവാറിനൊപ്പം നിന്നാൽ തന്റെ രാഷ്ട്രീയ ഭാവി പോലും നഷ്ടപ്പെട്ടേക്കാമെന്ന സൂചന ലഭിച്ചതോടെയായിരുന്നു എൻഡിഎയിലേക്കുള്ള കൂടുമാറ്റം.
- രാഷ്ട്രീയ ചാണക്യനെ വെട്ടിയ അനന്തരവൻ
തലയ്ക്ക് മുകളിൽ ചാഞ്ഞതിനെയെല്ലാം വെട്ടിനിരത്തി വെടിപ്പാക്കിയ കഥയുണ്ട് ശരദ് പവാർ എന്ന രാഷ്ട്രീയ ചാണക്യന് പറയാൻ. എൻസിപിയെന്നാൽ ശരദ് പവാർ എന്ന ഒറ്റവാക്കിലേക്ക് പാർട്ടിയേയും നേതൃത്വത്തേയും ഒതുക്കി നിർത്തുന്നതിൽ വിജയിച്ചു പോന്നിരുന്നു മുതിർന്ന പവാർ. കഴിഞ്ഞ 24 വർഷക്കാലത്തെ എൻസിപിയുടെ ചരിത്രം ഇത് ശരിവെക്കുന്നതാണ്. അധികാരത്തിനായി തന്ത്രങ്ങൾ മെനയുന്നതിൽ അഗ്രഗണ്യൻ. കോൺഗ്രസിലിരിക്കെ സോണിയ ഗാന്ധിക്കെതിരേ പോലും പ്രമേയം പാസാക്കി പുറത്തുപോയയാൾ. കോൺഗ്രസ് വിട്ട് എൻസിപി. രൂപീകരിച്ച 1999 മുതലുള്ള ചരിത്രം നോക്കിയാൽ പവാറിന്റെ പവറിനപ്പുറം സഞ്ചരിച്ചിട്ടില്ല എൻസിപിയും അതിന്റെ നേതൃത്വവുമെന്ന് വ്യക്തമാവും. കോൺഗ്രസ് വിട്ടെങ്കിലും അതേ കോൺഗ്രസുമായി യുപിഎയ്ക്കൊപ്പം കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കാൻ പവാറിന് ഒരു ആദർശവും തടസ്സമായില്ല.പാർട്ടിക്കുള്ളിൽ സഹോദര പുത്രൻ അജിത് പവാറും സംഘവും കലാപക്കൊടി ഉയർത്തി ഒരു വിഭാഗം ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെ അതുവരെയില്ലാത്ത പ്രതിസന്ധിയിലേക്ക് കൂടിയാണ് പിന്നീട് പവാറിനെ അജിത് തള്ളിവിട്ടത്.
യഥാർഥ എൻസിപി. തങ്ങളാണെന്നും ഭൂരിപക്ഷ പിന്തുണയുണ്ടെന്നും അജിത് പവാർ അവകാശവാദം ഉന്നയിച്ചതോടെ പ്രശ്നം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻപിലെത്തി. മാത്രമല്ല, പാർട്ടി ചിഹ്നവും പേരും തങ്ങൾക്ക് നൽകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇതിലാണ് അന്തിമ വിധി അജിത്തിനൊപ്പം നിന്നത്. ഭൂരിപക്ഷം എം.എൽ.എമാരുടേയും പിന്തുണ മാനദണ്ഡമാക്കി അജിത് പവാറിന്റെ എൻസിപിയാണ് ഒറിജിനലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുകയായിരുന്നു. പാർട്ടി ചിഹ്നമായ ക്ലോക്കും, എൻസിപിയെന്ന പേരും അജിത് പവാറിന് ഉപയോഗിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.ഒടുവിൽ ചിഹ്നവും പാർട്ടിയും വരെ കൈവിട്ട് പോവുന്നതിലേക്ക് കാര്യമെത്തുകയും ചെയ്തു.
- സുപ്രിയയിൽ തെറ്റിയ ചെറിയ പവാർ
2012-ൽ കേന്ദ്രമന്ത്രിയായിരിക്കേ ഇനി മത്സരിക്കാനില്ല എന്ന് പ്രഖ്യാപിച്ച് തന്റെ മണ്ഡലം ശരദ് പവാർ മകൾ സുപ്രിയക്ക് കൈമാറിയതോടെയാണ് കാര്യങ്ങളുടെ പോക്ക് അത്ര സുഖകരമല്ല എന്ന തോന്നൽ അജിത്തിനുണ്ടായത്. തനിക്ക് ശേഷം പാർട്ടിയെ നയിക്കാൻ ആര് എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതായി പാർട്ടിയുടെ 25-ാം വാർഷികാഘോഷ പരിപാടി നടക്കുന്നതിനിടെ ഡൽഹിയിൽ ശരദ് പവാറിന്റെ പ്രഖ്യാപനം. പുതിയ വർക്കിങ് പ്രസിഡന്റായി മകൾ സുപ്രിയ സുലെയെ അവരോധിച്ചതോടെ അജിത് പവാർ വീണ്ടും ബാക് ബെഞ്ചിലേക്ക് തഴയപ്പെട്ടു. അജിത് പവാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ തന്നെയായിരുന്നു സുപ്രിയ സുലെയേയും ഒപ്പം പ്രഫുൽ പട്ടേലിനേയും വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശരദ് പവാർ നിയോഗിച്ചത്.
ഇതോടെ നിരാശനായി മാധ്യമങ്ങളോട് സംസാരിക്കാതെ മടങ്ങിയ അജിത് പവാർ ഒടുവിൽ അതേ പ്രഫുൽ പട്ടേലിനെ തന്നെ കൂടെക്കൂട്ടി കൂടുമാറ്റം നടത്തിയാണ് ഞെട്ടിച്ചത്. അച്ഛന്റെ ചുവട് പിടിച്ച് 2006-ൽ രാഷ്ട്രീയത്തിലിറങ്ങിയ സുപ്രിയ അധികാര കേന്ദ്രങ്ങളിലെക്കെത്തിയതും പെട്ടെന്നായിരുന്നു. സജീവ രാഷ്ട്രീയത്തിലിറങ്ങിയ ഉടനെ തന്നെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. പിന്നാലെ 2009-ൽ മഹാരാഷ്ട്രയിലെ ബാരാമതി ലോക്സഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുക്കപ്പെടുകയും ചെയ്തു. തന്റെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയെ മൂന്ന് ലക്ഷത്തിലധികം വോട്ടിന് പരാജയപ്പെടുത്തി വിജയിച്ചതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സുപ്രിയ നിർണായക ശക്തിയായി. 2014-ൽ മോദി തരംഗം ആഞ്ഞ് വീശിയപ്പോഴും ബി.ജെ.പി. സ്ഥാനാർഥിയെ പരാജയപ്പെടുത്തി വിജയിച്ചതോടെ സുപ്രിയയുടെ പ്രശസ്തി വർധിക്കുകയും ചെയ്തു.
ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിലെ മുൻ ക്യാബിനറ്റ് മന്ത്രിയും ബി.ജെ.പി. പിന്തുണയുള്ള സ്ഥാനാർഥിയുമായിരുന്ന മഹാദേവ് ജങ്കറിനെ ആയിരുന്നു ഇവർ പരാജയപ്പെടുത്തിയത്. ആ തിരഞ്ഞെടുപ്പിൽ 69,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുപ്രിയ വിജയിച്ചത്. കൂടാതെ കോർപ്പറേറ്റ് കാര്യങ്ങളും സ്റ്റാൻഡിംഗ് കമ്മിറ്റികളും ഉൾപ്പെടെ നിരവധി പാർലമെന്ററി കമ്മിറ്റികളുടെ ഭാഗമായും സുപ്രിയ പ്രവർത്തിച്ചു.
ശേഷം 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 1.69 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുലെ ബി.ജെ.പിയുടെ കാഞ്ചൻ കുലിനെ പരാജയപ്പെടുത്തിയത്. പാർലമെന്റിലെ ഒരു ജനപ്രതിനിധി എന്ന നിലയിൽ തന്റെ പ്രകടനത്തിന് 'മികച്ച പാർലമെന്റേറിയൻ' അവാർഡും ഇവർ സ്വന്തമാക്കിയിട്ടുണ്ട്. ഇതെല്ലാം സുപ്രിയയെ എൻസിപിയുടെ കടിഞ്ഞാണുറപ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.
Content Highlights: Explore Ajit Pawar`s dramatic rise in Maharashtra politics, his power plays against uncle Sharad Pawar, and his bid for NCP leadership. Click to learn more!