വിമാനയാത്രക്കാരുടെ വിവരങ്ങൾ 24 മണിക്കൂർ മുമ്പേ കസ്റ്റംസിന്; സുരക്ഷിതത്വം, കള്ളക്കടത്തിന് പൂട്ടുവീഴും

#പി.മുരളീധരന്‍
പ്രതീകാത്മക ചിത്രം | AI Image | Photo: Meta AI
പ്രതീകാത്മക ചിത്രം | AI Image | Photo: Meta AI

വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് വിദേശയാത്രക്കാരുടെ വിവരങ്ങള്‍ വിമാനക്കമ്പനികള്‍ ഇന്ത്യന്‍ കസ്റ്റംസ് അധികൃതര്‍ക്ക് നല്‍കണമെന്ന് ചട്ടം വരുന്നു. ഇത് രാജ്യത്തെ വിമാനയാത്രയുടെ സുരക്ഷിതത്വവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക മാത്രമല്ല, കള്ളക്കടത്തിന് പൂട്ടിടുകയും ചെയ്യും എന്ന് കരുതാം. ഈ വിവരക്കൈമാറ്റം 2025 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ബന്ധമാക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസിന്റെ (സി.ബി.ഐ.സി) ഭേദഗതി കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വ്യോമയാന മേഖലയുടെ കുതിപ്പിന് ഈ തീരുമാനം പുതിയ ഊര്‍ജ്ജം പകരും.

നിര്‍ദേശം പാലിക്കാത്ത വിമാനക്കമ്പനികള്‍ക്ക് പിഴ ചുമത്താനും വകുപ്പുണ്ട്, ഓരോ ലംഘനത്തിനും 25,000 രൂപ മുതല്‍ 50,000 രൂപ വരെ. ആവശ്യപ്പെടുന്ന വിവരങ്ങള്‍ പങ്കുവെക്കാത്ത വിമാനക്കമ്പനികള്‍ക്ക് പിഴ വിധിക്കുന്നത് ചട്ടം ഗൗരവത്തോടെ പാലിക്കപ്പെടുന്നു എന്നത് ഉറപ്പാക്കുക മാത്രമല്ല, വിമാനക്കമ്പനികളുടെ ഉത്തരവാദിത്വബോധവും വളര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയില്‍നിന്നും തിരിച്ചും വിമാനയാത്രകള്‍ നടത്തുന്ന എല്ലാ വിമാന കമ്പനികളും നാഷണല്‍ കസ്റ്റംസ് ടാര്‍ഗെറ്റിംഗ് സെന്റര്‍- പാസഞ്ചറില്‍ (എന്‍.സി.ടി.സി പാക്സ്) ജനുവരി പത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

Content Highlights: New rule mandates airlines to share passenger details 24 hours before international flights

Continue reading