കോടതിയിലെ വാദത്തിൽ പോലും വാട്സാപ്പിലെ വിവരങ്ങൾ, സിന്തറ്റിക് ഡ്രഗ്സിന് സമാനം സിന്തറ്റിക് പ്രസ്സും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യനെ കീഴടക്കിയ കാലത്ത് സത്യങ്ങള്‍ തിരിച്ചറിയുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. നിമിഷങ്ങള്‍ക്കുള്ളില്‍, കണ്‍മുന്നില്‍ അല്ലെങ്കില്‍ വിരല്‍തുമ്പിലെത്തുന്ന വിവരത്തെ സത്യമെന്ന് വിശ്വസിക്കേണ്ട ഗതികേടിലേക്ക് നാം മാറിപ്പോയിരിക്കുന്നു. ഇതോടെ എന്താണ് സത്യമെന്ന് പൂർണമായി തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് നമ്മള്‍ ഓരോരുത്തരുമുള്ളത്. ഇത് ഏറെ അപകടരമായ ഒരു പുതിയ കാലത്തെ നമുക്ക് മുന്നില്‍ തുറന്നിട്ടിരിക്കുകയാണ്.
സത്യം വിചാരണ ചെയ്യപ്പെടുമ്പോള്‍ നിര്‍മിത ബുദ്ധി കാലത്തെ ജുഡീഷ്യറിയും മാധ്യമങ്ങളും എന്ന വിഷയത്തില്‍ കാലിക്കറ്റ് പ്രസ്സ് ക്ലബ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം.
സത്യമെന്ന് വിശ്വസിപ്പിച്ച് മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ വഴിയും നമുക്ക് മുന്നിലേക്കെത്തുന്ന വിവരങ്ങളെ പുതിയ കാലത്ത് ഒന്നുകൂടി വിശകലനം ചെയ്യേണ്ടി വരും. അത് ആരുടേയും തെറ്റാണെന്ന് പറയാന്‍ പറ്റില്ല. മനുഷ്യനെ യന്ത്രങ്ങളും നിര്‍മിത ബുദ്ധിയും നിയന്ത്രിക്കുന്ന വല്ലാത്തൊരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത് എന്നത് കൊണ്ടാണത്. എന്റെ സത്യം നിങ്ങളുടെ സത്യമാണോ എന്ന ചോദ്യം വന്നാല്‍ പല സ്ഥലങ്ങളില്‍, പല സന്ദര്‍ഭങ്ങളില്‍ നമുക്ക് ഉത്തരം മുട്ടിപ്പോകും. പുതുമയില്‍ മാത്രമാണ് ഓരോ വ്യക്തികള്‍ക്കും ഇന്ന് താത്പര്യം. ആരാണോ ആ പുതുമയില്‍ നിന്ന് മാറി നടക്കാന്‍ ആഗ്രഹിക്കുന്നത് അവര്‍ ഔട്ട്ഡേറ്റഡ് ആയിപ്പോകും എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് തന്നെയാണ് പുതുമയുടെ ട്രെന്‍ഡിന് അനുസരിച്ച് സത്യങ്ങളും മാധ്യമങ്ങളും, എന്തിന് ജുഡീഷ്യറി പോലും മാറിപ്പോവുന്നത്. എ.ഐ അല്ലെങ്കില്‍ നിര്‍മിത ബുദ്ധി നല്‍കുന്നതാണ് ഏറ്റവും പരമമായ കാര്യമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിപ്പോയിരിക്കുന്നു. ഇവിടെ നിതാന്ത ജാഗ്രത ആവശ്യമുണ്ട്.
Content Highlights: Justice Devan Ramachandran discusses the challenges of discerning truth in the age of AI