'സുഖമില്ലെന്നോ മറ്റോ പറഞ്ഞാല്‍ മതി, പോയി സമയം കളയരുത്'; സ്‌കൂളില്‍ പോകരുതെന്ന് യുട്യൂബറുടെ ആഹ്വാനം

പത്തനംതിട്ട: മാർച്ചിൽ പരീക്ഷ വരുന്നതിനാൽ ഇനി സ്കൂളിൽ പോയി സമയം പാഴാക്കരുതെന്ന് യുട്യൂബ് ചാനലിലൂടെ കുട്ടികളോട് ആഹ്വാനം. വിദ്യാഭ്യാസപ്രക്രിയയെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നതരത്തിലുള്ള വീഡിയോവന്നത് എഡ്യൂപോർട്ട് എന്ന യുട്യൂബ് ചാനലിലാണ്. ഹയർസെക്കൻഡറി വിദ്യാർഥികളോടാണ് അവതാരകന്റെ ഉപദേശം.
ഇനി വീട്ടിലിരുന്നു പഠിക്കാം എന്ന തലക്കെട്ടിൽ 12 ദിവസം മുൻപാണ് വീഡിയോ പോസ്റ്റ്ചെയ്തത്. കുട്ടികളെ വഴിതെറ്റിക്കുന്ന വീഡിയോയെക്കുറിച്ച് അധ്യാപകർക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്.
സ്കൂളിൽ പോകാതിരുന്നാൽ ഹാജർ പ്രശ്നത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്നാണ് അവതാരകന്റെ വിശദീകരണം. ഹാജരില്ലാത്തതിന്റെ പേരിൽ ഒരു സ്കൂളിലും കുട്ടികളെ പരീക്ഷയെഴുതിക്കാത്ത സംഭവം ഉണ്ടായിട്ടില്ലെന്നും ഇയാൾ പറയുന്നു.
രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ സ്കൂളിൽ പോയാൽ പഠിക്കാനുള്ള സമയം നഷ്ടപ്പെടുമെന്നാണ് ഇയാളുടെ കണ്ടെത്തൽ. വീട്ടിലിരിക്കുന്നതിന്റെ കാരണം രക്ഷിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിലാണ് കുട്ടികളുടെ വിജയമെന്നാണ് മറ്റൊരുപദേശം. സ്കൂളിൽ വരുന്നില്ലെന്ന് രക്ഷിതാക്കളെക്കൊണ്ട് അധ്യാപകരെ വിളിപ്പിക്കുന്നത് നല്ലതാണ്. നല്ലസുഖമില്ലെന്നോ മറ്റോ പറഞ്ഞാൽ മതിയാകും എന്നിങ്ങനെയാണ് ഇയാളുടെ മറ്റു ഉപദേശങ്ങൾ.
നിരന്തര മൂല്യനിർണയം (സി.ഇ.) അധ്യാപകരുടെ വജ്രായുധമാണ്. പക്ഷേ, അതിലൊന്നും കാര്യമില്ല. ആ മാർക്കൊക്കെ വിദ്യാഭ്യാസവകുപ്പിൽ എത്തിയെന്നും വീഡിയോയിൽ പറയുന്നു. ഫെബ്രുവരി 17-ന് തുടങ്ങുന്ന മോഡൽപരീക്ഷയെ ഗൗരവമായി എടുക്കരുതെന്നും പറയുന്നു. സി.ഇ. മാർക്ക് വിദ്യാഭ്യാസവകുപ്പിൽ എത്തിയെന്നത് ശരിയല്ലെന്ന് അധ്യാപകർ പറഞ്ഞു. ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതേയുള്ളൂ.
വഴിതെറ്റിക്കുന്ന വീഡിയോ
വിദ്യാഭ്യാസ പ്രക്രിയയെ തകർക്കുന്ന വീഡിയോയാണിത്. ഇയാൾക്കിതിന് ആരാണ് അധികാരം നൽകിയത്. തെറ്റായ സന്ദേശമാണ് ഇതിലൂടെ കുട്ടികളിലേക്ക് എത്തിക്കുന്നത്.- ബി.ആർ. അനില, വിദ്യാഭ്യാസ ഉപഡയറക്ടർ, പത്തനംതിട്ട.
Content Highlights: A YouTube video advises students to skip school before exams, sparking outrage among teachers