സംഘടനാതലത്തിൽ സ്ത്രീസംവരണം; നടപടികൾ വേഗത്തിലാക്കി യൂത്ത് ലീഗ്

കൊല്ലം: യുവതികൾക്ക് രാഷ്ട്രീയ പ്രവർത്തനത്തിന് കൂടുതൽ വേദികളൊരുക്കാനുള്ള നടപടികൾ വേഗത്തിലാക്കി യൂത്ത് ലീഗ്. സംഘടനാ ഭാരവാഹിത്വത്തിൽ 20 ശതമാനം സ്ത്രീസംവരണം ഏർപ്പെടുത്താൻ കഴിഞ്ഞയാഴ്ച ചേർന്ന സംസ്ഥാന കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ സംസ്ഥാന, ദേശീയ തലങ്ങളിൽ മാത്രമാണ് സംഘടനയിൽ പേരിനെങ്കിലും വനിതാപ്രാതിനിധ്യമുള്ളത്.
യൂണിറ്റ്, പഞ്ചായത്ത്, നിയോജകമണ്ഡലം, ജില്ല, സംസ്ഥാനം എന്നിങ്ങനെ അഞ്ച് ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് യൂത്ത് ലീഗിന്റെ സംഘടനാപ്രവർത്തനം. യുവതികളെ സംഘടനയിൽ അംഗങ്ങളാക്കിയിരുന്നെങ്കിലും അവർക്ക് ചുമതലയോ ഭാരവാഹിത്വമോ നൽകിയിരുന്നില്ല. സ്കൂൾ, കോളേജ് പഠനകാലത്ത് എംഎസ്എഫിൽ പ്രവർത്തിച്ചിരുന്നവർക്ക് വർഷങ്ങൾക്കുശേഷം വനിതാ ലീഗിൽ മാത്രമാണ് ഭാരവാഹിത്വം ലഭിച്ചിരുന്നത്.
യുവതികൾക്ക് രാഷ്ട്രീയ പ്രവർത്തനത്തിന് അവസരമുണ്ടാകുന്നില്ലെന്ന് പാർട്ടി വേദികളിലും ചർച്ചയായിരുന്നു. വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തകരായ യുവതികളിൽ പലരും ഇതുമൂലം മറ്റ് സംഘടനകളിൽ ചേർന്നു പ്രവർത്തിക്കുന്ന സാഹചര്യമുണ്ടായി. സംവരണം ഉറപ്പാകുന്നതോടെ, കൂടുതൽ യുവതികൾക്ക് സംഘടനയുടെ താഴേത്തട്ടുമുതലുള്ള പ്രവർത്തനത്തിന് വേദിയൊരുങ്ങും. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരരംഗത്തേക്കും ഇവരെ എത്തിക്കാനാകുമെന്നാണ് യൂത്ത് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
മേയ് ഒന്നിന് സംഘടനയുടെ അംഗത്വവിതരണ പ്രചാരണപരിപാടികൾ ആരംഭിക്കും. തുടർന്ന് വിവിധ തലങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ വനിതാപ്രാതിനിധ്യം ഉറപ്പുവരുത്താൻ നേതൃത്വത്തിന്റെ ഇടപെടലുണ്ടാകും. 2021-ൽ മുസ്‌ലിം ലീഗിന്റെ മഞ്ചേരിയിൽ നടന്ന യോഗത്തിന്റെ നയരേഖയിൽ, വനിതാസംവരണം സംബന്ധിച്ച് നിർദേശങ്ങളുണ്ടായിരുന്നു.
നയരേഖ യൂത്ത് ലീഗിന്റെ സംസ്ഥാന വർക്കിങ് കമ്മിറ്റിയും സംസ്ഥാന കൗൺസിലും മറ്റ് ഘടകങ്ങളും വിശദമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വനിതാസംവരണം മറ്റ് സംഘടനകൾക്കുകൂടി മാതൃകയാക്കാവുന്ന രീതിയിൽ കൊണ്ടുവരാൻ തീരുമാനിച്ചത്.
Content Highlights: Kerala`s Youth League accelerates initiatives to increase women`s role in politics