കുറ്റിപ്പുറം യൂത്ത് കോൺ. പ്രസിഡന്റിനെ 'കണ്ടെത്തി'; ഡെങ്കിപ്പനി, നാട്ടിലെത്താൻ വൈകുമെന്ന് വിശദീകരണം

പ്രതീകാത്മക ചിത്രം | PTI
പ്രതീകാത്മക ചിത്രം | PTI

കുറ്റിപ്പുറം: ഏറെ തിരഞ്ഞശേഷം ഒടുവിൽ യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റിനെ കണ്ടെത്തിയപ്പോൾ അദ്ദേഹത്തിന് ഡെങ്കിപ്പനി. ബെംഗളൂരുവിലുള്ള മുഹമ്മദ് റാഷിദ് ഡെങ്കിപ്പനി മൂലമാണ് നാട്ടിലെത്താൻ വൈകുന്നതെന്ന് ജില്ലാപ്രസിഡന്റ് ഹാരിസ് മൂതൂർ അറിയിച്ചു. ഞായറാഴ്ച റാഷിദുമായി മൊബൈൽഫോണിൽ സംസാരിച്ചപ്പോഴാണ് ഇക്കാര്യമറിയിച്ചതെന്നും ഹാരീസ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മണ്ഡലം പ്രസിഡന്റായി വിജയിച്ച മുഹമ്മദ് റാഷിദ് ആരാണെന്നറിയാത്തതിനാൽ നെട്ടോട്ടത്തിലായിരുന്നു പാർട്ടിപ്രവർത്തകരെല്ലാം. അപ്പോഴാണ് താനാണ് വിജയിച്ചതെന്ന് അവകാശപ്പെട്ട് രാങ്ങാട്ടൂർ സ്വദേശി മുഹമ്മദ് റാഷിദ് ഇ -മെയിൽ സന്ദേശമയച്ചത്. അജ്ഞാതനല്ല, അപരനുമല്ല, ജീവനുള്ള കോൺഗ്രസുകാരനാണ് താനെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.

ഇ- മെയിൽ സന്ദേശത്തിനൊപ്പം അദ്ദേഹത്തിന്റെ വോട്ടർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും ഒരു ഫോട്ടോയും ഉണ്ടായിരുന്നതിനാൽ പിന്നെ പാർട്ടി ബന്ധത്തെക്കുറിച്ചായി അന്വേഷണം. റാഷിദ് പാർട്ടി അനുഭാവിയാണെന്നും അല്ലെന്നുമുള്ള ചർച്ച പ്രവർത്തകർക്കിടയിലുണ്ട്. വർഷങ്ങളായി യൂത്ത് കോൺഗ്രസ് അംഗമാണെന്ന് റാഷിദ് ഇ -മെയിൽ സന്ദേശത്തിൽ പറയുമ്പോൾ ഇതുവരേയും ഒരു പാർട്ടി പരിപാടികളിലും അദ്ദേഹത്തെ കണ്ടിട്ടില്ലെന്ന വാദമാണ് മറുവിഭാഗം ഉയർത്തുന്നത്.

തിരഞ്ഞെടുപ്പു ഫലം വരുന്നതിന് ഏതാനും ദിവസംമുൻപുവരെ നാട്ടിലുണ്ടായിരുന്ന മുഹമ്മദ് റാഷിദ് എന്തുകൊണ്ടാണ് മത്സരിച്ച വിവരം പാർട്ടി പ്രവർത്തകരിൽനിന്നും നേതൃത്വത്തിൽനിന്നും മറച്ചുവെച്ചതെന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നു. ജില്ലാ ഭാരവാഹിത്വത്തിലേക്ക് മത്സരിച്ച ഒരു നേതാവ് തനിക്ക് വോട്ടു ചെയ്യുന്നതിനായി റാഷിദിൽനിന്ന് വാങ്ങിയ രേഖകൾ ഉപയോഗിച്ച് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുകയായിരുന്നെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

Content Highlights: youth congress kuttippuram presidetn muhammad rashid