യൂത്ത് കോണ്‍. തിരഞ്ഞെടുപ്പ്: എ ഗ്രൂപ്പിന് നഷ്ടം, നേട്ടം KC ഗ്രൂപ്പിന്‌; കണ്ണൂരില്‍ കാലിടറി സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളിലുള്ള മാറ്റത്തിന്റെ പ്രത്യക്ഷ സൂചനയായി യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഫലം. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എ ഗ്രൂപ്പിന്‌ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിജയിപ്പിക്കാന്‍ സാധിച്ചെങ്കിലും വൈസ് പ്രസിഡന്റ് പോസ്റ്റിലടക്കം എണ്ണത്തില്‍ കൂടുതല്‍പ്പേരെ ജയിപ്പിച്ചത് കെ.സി. വേണുഗോപാല്‍ പക്ഷമാണ്. ജില്ലാ കമ്മിറ്റികളിലും എ ഗ്രൂപ്പിന്റെ അപ്രമാദിത്വം നഷ്ടമായി.

ഡല്‍ഹിയില്‍ നടക്കുന്ന അഭിമുഖത്തിന് ശേഷമായിരിക്കും സംസ്ഥാന പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ടാമതുള്ള അബിന്‍ വര്‍ക്കിയേക്കാള്‍ അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുള്ളതിനാല്‍ അഭിമുഖത്തിന് ശേഷം മറ്റൊരു തീരുമാനം ഉണ്ടാവാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ പ്രസിഡന്റ് ഡെലിഗേറ്റുകളായി യോഗ്യതനേടിയ അബിന്‍ വര്‍ക്കിയും അരിത ബാബുവും വൈസ് പ്രസിഡന്റുമാരാവും. ഇവര്‍ക്ക് പുറമേ വിഷ്ണു സുനില്‍, അനുതാജ്, വൈശാഖ് എസ്. ദര്‍ശന്‍, ജനീഷ് ഒ.ജെ, ഷിബിന വി.കെ. എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും. ഇതില്‍ അരിത ബാബുവും വൈശാഖ് എസ്. ദര്‍ശനും കെ.സി. ഗ്രൂപ്പിന്റെ നോമിനികളാണ്. എ ഗ്രൂപ്പ് എതിര്‍ത്തെങ്കിലും ചാണ്ടി ഉമ്മന്റെ പിന്തുണയുള്ള സ്ഥാനാര്‍ഥിയായിരുന്നു വിഷ്ണു സുനില്‍. കൊടിക്കുന്നില്‍ സുരേഷിന്റെ അനുയായിയാണ് അനുതാജ്.

കെ. സുധാകരന്‍, വി.ഡി. സതീശന്‍ പക്ഷത്തിനാണ് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ പ്രത്യക്ഷത്തില്‍ തിരിച്ചടിയുണ്ടായിരിക്കുന്നത്. സ്വന്തം തട്ടകമായ കണ്ണൂരില്‍ സുധാകരന് ജില്ലാ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനായില്ല. സുധാകര പക്ഷത്തിന്റെ സ്ഥാനാര്‍ഥിയായ ഫര്‍സീന്‍ മജീദിനെ പരാജയപ്പെടുത്തി എ ഗ്രൂപ്പിന്റെ വിജില്‍ മോഹനനാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായത്.

തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളില്‍ എ ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ ഐ ഗ്രൂപ്പ് വിജയിച്ചു. ആലപ്പുഴയില്‍ കെ.സി- രമേശ് ചെന്നിത്തല ഗ്രൂപ്പിന്റെ നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. എ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കെ.സി. ഗ്രൂപ്പ് സ്വന്തമാക്കി.

ഫലം പിടിച്ചുവെച്ച എറണാകുളത്ത് വി.ഡി. സതീശന്റെ സ്ഥാനാര്‍ഥി പരാജയപ്പെട്ടു. തൃശ്ശൂര്‍ ജില്ല സുധാകരന്‍ പക്ഷം പിടിച്ചെടുത്തു.

Content Highlights: youth congress election a i kc k sudhakaran vd satheesan groups