കത്തുന്ന വെയിലത്തും പണിയെടുക്കണം; തണലെവിടെ? വിശ്രമിച്ചും വെള്ളംകുടിച്ചും ചൂടിനെനേരിട്ട് ഇവര്‍

തിരുവനന്തപുരം: ഇടയ്ക്കിടെ ലഭിക്കുന്ന ചെറിയ വേനല്‍ മഴയ്ക്കും തണുപ്പിക്കാനാകാതെ ഉരുകുകയാണ് നാടും നഗരവും. സാധാരണ താപനിലയേക്കാള്‍ മൂന്ന് ഡിഗ്രി വരെ ചൂട് അനുഭവപ്പെടുകയാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലും. പ്രധാനപ്പെട്ട നഗരങ്ങളില്‍ കുറഞ്ഞ താപനില തന്നെ 30 ഡിഗ്രിക്കടുത്താണ്. പകല്‍ പൊള്ളുന്ന വെയിലിനൊപ്പം രാത്രിയില്‍ അനുഭവപ്പെടുന്ന അത്യുഷ്ണവും മലയാളികളെ വലയ്ക്കുന്നു. കത്തുന്ന വേനല്‍ ചൂടിലും വെയിലുകൊള്ളാതിരിക്കാന്‍ നിവൃത്തിയില്ലാത്തവരുണ്ട് നമുക്കിടയില്‍.
നിര്‍മാണ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, കര്‍ഷക തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ക്ലീനിങ് തൊഴിലാളികള്‍, മാധ്യമപ്രവര്‍ത്തകര്‍ അങ്ങനെ ലിസ്റ്റ് നീണ്ടുപോകുന്നു. കനത്ത ചൂടില്‍ വലയാതിരിക്കാന്‍ എസി മുറികളില്‍ അഭയം തേടുന്നവര്‍ ഇങ്ങനെ ചിലരൊക്കെ പുറത്ത് നമുക്ക് വേണ്ടി വെയില്‍ കൊള്ളുന്നുണ്ടെന്ന കാര്യം ഓര്‍ക്കുന്നുണ്ടാകുമോ? ഓര്‍ത്താലും ഇല്ലെങ്കിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കണമെങ്കില്‍ എസിയുടെ തണുപ്പല്ല ജീവിതംപോലെ പൊള്ളുന്ന പകല്‍ചൂടിലേക്കാണിറങ്ങേണ്ടതെന്ന് ഇവരെ ആരും പഠിപ്പിക്കേണ്ടതില്ല.
കേരളത്തില്‍ വേനല്‍ ചൂട് ഉയര്‍ന്നപ്പോള്‍തന്നെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. ഒരുപടികൂടി കടന്ന് ഉച്ചസമയത്തെ വെയില്‍കൊണ്ടുള്ള ജോലി വിലക്കുകയും ചെയ്തു. ഫെബ്രുവരിയിലാണ് ജോലിക്രമീകരണം ഏര്‍പ്പെടുത്തിയത്. ആദ്യം ഏപ്രില്‍ 30 വരെയാണ് ക്രമീകരണം കൊണ്ടുവന്നത്. ഇത് പിന്നീട് മെയ്മാസം 15 വരെയാക്കി. എന്നാൽ വേനല്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത് ഇപ്പോഴും പ്രാവര്‍ത്തികമാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം..
ചൂട് ജാസ്തി ഹെ സാബ്.... പാനി കുടിക്കും പണിയെടുക്കും
കഴിഞ്ഞ കുറേ മാസങ്ങളായി തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകള്‍ കുത്തിമറിച്ച നിലയിലാണ്. റോഡുകള്‍ സ്മാര്‍ട്ടാകാനാണ് പണി നടക്കുന്നത്. പറഞ്ഞ സമയത്തിനുള്ളില്‍ പണിതീര്‍ക്കാന്‍ കരാറുകാരന്‍ മസിലുപിടിക്കുമ്പോള്‍ ജോലി സമയത്തിലെ ക്രമീകരണത്തിന് എന്ത് പ്രസക്തി. എട്ട് മണിക്കൂര്‍ ജോലി എന്നതൊക്കെ സങ്കല്‍പം മാത്രം. മറുനാടന്‍ തൊഴിലാളികളാണ് അധികവും പൊരിവെയിലില്‍ പണിയെടുക്കുന്നത്. ചില സ്ഥലങ്ങളില്‍ മാന്‍ഹോളിനുള്ളില്‍ ഇറങ്ങി കേബിളുകള്‍ ഇടുന്ന ജോലി ചെയ്യുന്നവര്‍ക്ക് ആശ്വാസത്തിന് മാന്‍ഹോളിന്റെ വാ വട്ടത്തിന് മുകളില്‍ ചെറിയൊരു കുടയുണ്ടാകും വെയില്‍ താഴേക്കിറങ്ങാതിരിക്കാന്‍.
പക്ഷെ എല്ലുരുക്കുന്ന ഉഷ്ണത്തിന് എന്ത് കുറവ്. ചൂടിനെ പറ്റി ചോദിച്ചാല്‍ എല്ലാവരും പറയും ചൂട് ജാസ്തി ഹെ സാബ്.... കഴുത്തില്‍ ഐഡി കാര്‍ഡും മറ്റും കണ്ടതിനാലാകും ഏതൊ വലിയ ഉദ്യോഗസ്ഥനെന്ന് പാവം തെറ്റിധരിച്ചിട്ടുണ്ടാകും. കുറ്റം പറയാനാകില്ല, വൈകീട്ടും രാവിലെയുമൊക്കെ കരാറെടുത്തവരുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമൊക്കെ ചിലപ്പോള്‍ പരിശോധനയ്‌ക്കെത്തും. അങ്ങനെ ആരെങ്കിലുമാകുമെന്ന് അവര്‍ കരുതിക്കാണും.
ഈ ചൂടത്ത് എങ്ങനെ ജോലിയെടുക്കും എന്ന ചോദ്യം മനസിലായില്ലെന്ന് അവരുടെ മുഖത്ത് നിന്ന് വ്യക്തം. തൊട്ടപ്പുറത്ത് പണിയെടുക്കുന്ന കൂട്ടത്തിലൊരുവനെ വിളിച്ചു. അവനാണ് പറഞ്ഞത് ഇടയ്ക്ക് മാറി നില്‍ക്കും. വിശ്രമിക്കും. പിന്നെ വെള്ളം കുടിച്ചിട്ട് വീണ്ടും ജോലി ചെയ്യും. ഹിന്ദി അറിയില്ലെങ്കിലും പറഞ്ഞതില്‍ കാര്യമെല്ലാമുണ്ട്. ജോലി സമയത്തെ ക്രമീകരണമൊന്നും അവര്‍ക്ക് അറിയില്ല. ചില ഇടങ്ങളില്‍ ഉച്ച സമയത്ത് ജോലിക്കാര്‍ തണലത്ത് മാറിയിരിക്കുന്നത് കാണാം. ചൂടത്ത് പണിയെടുക്കുന്നത് മനുഷ്യരാണെന്ന് ഓര്‍ക്കുക.
ഇടയ്ക്കിടെ വെള്ളം കുടിക്കും, തണുത്ത വെള്ളവും ജ്യൂസുമൊക്കെ കുടിച്ച് ചില്ലാണ്
ജോലിക്കിടെ തണുത്ത വെള്ളം കുടിച്ചാണ് ചൂടിനെ പ്രതിരോധിക്കുന്നത് എന്നാണ് തൊഴിലാളികളുടെ പക്ഷം. ചോദിക്കുമ്പോഴും പേര് പറയാന്‍ എല്ലാവര്‍ക്കും മടി. പരമാവധി തണല്‍ ഉള്ള ഇടങ്ങളിലാണ് ഉച്ചസമയത്ത് ജോലി ചെയ്യിക്കുക എന്നാണ് സൂപ്പര്‍ വൈസര്‍ പറയുന്നത്. അങ്ങനെ അല്ല എന്ന് കണ്ടാലറിയാം. ചൂടാണ്, നിയന്ത്രണമുണ്ട് എന്ന് പറഞ്ഞാല്‍ കൃത്യസമയത്ത് ജോലി തീരില്ല. പലപ്പോളും രാത്രിയോടടുക്കുമ്പോളാണ് ജോലി തീരുക. അപ്പോള്‍ നിയന്ത്രണങ്ങള്‍ പാലിക്കല്‍ അത്ര പ്രായോഗികമാകില്ലെന്ന് അവരും സമ്മതിക്കുന്നു.
നഗരസഭയും പൊതുമരാമത്ത് വകുപ്പും പാര്‍ട്ടിയുമൊക്കെ റോഡ് നിര്‍മാണത്തിന്റെ പേരില്‍ വിമര്‍ശനം കേള്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അതുകൊണ്ടുതന്നെ പെട്ടെന്ന് പണി തീരാന്‍ ജോലിയെടുക്കുന്നത് പൊള്ളുന്ന ചൂടിലാണെന്നകാര്യം സൗകര്യപൂര്‍വം അവരും മറക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഉച്ചകഴിച്ചാല്‍ പതിയെ മാനം കറുക്കും, സന്ധ്യയ്ക്ക് മുന്നെ ചിലപ്പോള്‍ അത്യാവശ്യം മഴയും ഉണ്ടാകും. അങ്ങനെ വന്നാല്‍ പണിമുടങ്ങും. അതിനാല്‍ എത്രയും പെട്ടെന്ന് തീര്‍ക്കാനുള്ള ജോലികള്‍ തീര്‍ത്ത് പോകാനാണ് ശ്രമം. വെയിലും വേനല്‍ മഴയും മാറിമാറി കളിപ്പിക്കുമ്പോള്‍ ജോലി ചെയ്ത് കിട്ടുന്ന കൂലിയാണോ അതോ ജോലി സമയത്തെ നിയന്ത്രണമാണോ പ്രധാനം.
നിര്‍മാണ തൊഴിലാളികളില്‍ കൂടുതലും പ്രശ്‌നം നേരിടുന്നതിനാല്‍ തൊഴിലാളി യൂണിയനുകള്‍ മിക്കപ്പോഴും ഇടപെടുന്നുണ്ട്. അതിനാല്‍ വന്‍കിട ഫ്ലാറ്റുകളിലും വീടുനിര്‍മാണത്തിലും പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചസമയത്ത് വിശ്രമമുണ്ട്. ഇത് പക്ഷെ റോഡിലെ നിര്‍മാണ തൊഴിലാളികള്‍ക്കരികിലെത്തുമ്പോള്‍ ഇല്ലാതാകും. വേനല്‍ മഴയും നനഞ്ഞ് പണിയെടുക്കുന്നവര്‍ പോലുമുണ്ട്. കടുത്ത ചൂടില്‍ നിന്ന് പണിയെടുത്തവര്‍ക്ക് മഴയുടെ തണുപ്പെവിടെ അറിയാന്‍.
Content Highlights: Workers working in extreme heat