അധിനിവേശ സസ്യങ്ങളുടെ വ്യാപനം തടയാൻ തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിക്കും

ആലപ്പുഴ: അധിനിവേശ സസ്യങ്ങളുടെ വ്യാപനം തടയാൻ ജില്ലയിലെ തൊഴിലുറപ്പുതൊഴിലാളികളെ ഉപയോഗപ്പെടുത്തി പദ്ധതി നടപ്പാക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. അന്താരാഷ്ട്ര ജൈവവൈവിധ്യദിനവുമായി ബന്ധപ്പെട്ട് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കളക്ടർ അലക്സ് വർഗീസ് അധ്യക്ഷനായി.
തകഴി ഗ്രാമപ്പഞ്ചായത്ത് ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാംഭാഗവും വയലാർ ഗ്രാമപ്പഞ്ചായത്ത് പ്രാദേശികതല ജൈവവൈവിധ്യ പരിപാലന കർമപദ്ധതിയും പ്രകാശനംചെയ്തു.
കായൽക്കൃഷി ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ, ആലപ്പുഴ എസ്ഡി കോളേജ് സുവോളജി വിഭാഗം മേധാവിയും ജലവിഭവ ഗവേഷണകേന്ദ്രം മേധാവിയുമായ ഡോ. ജി. നാഗേന്ദ്രപ്രഭു, ബോട്ടണിവിഭാഗം അസി. പ്രൊഫ. ഡോ. ജോസ് മാത്യു എന്നിവർ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം.വി. പ്രിയ, ടി.എസ്. താഹ, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, കായംകുളം ഒആർഎആർഎസ് മേധാവി ഡോ. വി. മിനി, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ ശ്രുതി ജോസ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: workers will be used to stop the spreading of invasive plants