സ്ത്രീയെ കാറിടിച്ച് തെറിപ്പിച്ചു; സ്തംഭിച്ച് കുഞ്ഞ്, ഓടിച്ചെന്ന് എണീപ്പിക്കാൻ ശ്രമം; വീഡിയോ

സ്ത്രീയെ കാറിടിച്ച് തെറിപ്പിക്കുന്ന വീഡിയോ ദൃശ്യത്തിൽ നിന്ന്, തൊട്ടടുത്ത് കുട്ടിയേയും കാണാം | Photo: Screengrab
സ്ത്രീയെ കാറിടിച്ച് തെറിപ്പിക്കുന്ന വീഡിയോ ദൃശ്യത്തിൽ നിന്ന്, തൊട്ടടുത്ത് കുട്ടിയേയും കാണാം | Photo: Screengrab

കോട്ടക്കല്‍: കുഞ്ഞുമായി നടന്നുപോകുകയായിരുന്ന സ്ത്രീയെ കാറിടിച്ച് തെറിപ്പിച്ചു. സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം കോട്ടക്കലില്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്കായിരുന്നു അപകടം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

കോട്ടക്കലിലെ സ്വാഗതമാട് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. സ്വാഗതമാട് സ്വദേശിയായ ബദരിയ (32), മകന്‍ എമിര്‍ മുഹമ്മദിനെ പാലത്തറയിലെ അംഗനവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിന്നിലൂടെ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. അപകടത്തിന് തൊട്ടുപിന്നാലെ കുഞ്ഞ് പരിഭ്രാന്തനായ കുട്ടി മാതാവിനടുത്തേക്ക് ഓടുന്നതും പിടിച്ചെണീപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം.

ബദരിയയുടെ മുഖത്തും എല്ലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബദരിയ അപകടനില തരണംചെയ്തതായാണ് വിവരം. ഐസിയുവിലായിരുന്ന ബദരിയയെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. കല്ലായി സ്വദേശികളുടേതാണ് അപകടത്തിനിടയാക്കിയ കാറ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.

Content Highlights: Woman Hit by Car Child Escapes kottakkal