ബോട്ടില്‍ വെള്ളം കയറിയിട്ടും കരയ്ക്കടുപ്പിക്കാതെ മുന്നോട്ടെടുത്തു-ദൃക്സാക്ഷി

താനൂര്‍: തൂവല്‍ തീരം ബീച്ചില്‍ അപകടത്തില്‍പ്പെട്ട ബോട്ടില്‍ വെള്ളം കയറിയിട്ടും ഡ്രൈവര്‍ ബോട്ട് മുന്നോടെടുത്തുവെന്ന് നാട്ടുകാരനായ പ്രകാശന്‍ വെള്ളയില്‍. സംഭവം നടന്നതിന്റെ 200 മീറ്റര്‍ അപ്പുറം മീന്‍ പിടിക്കുകയായിരുന്നു പ്രകാശന്‍. വെള്ളം നിറഞ്ഞപ്പോള്‍ ബോട്ട് കരയ്ക്കടുപ്പിച്ചിരുന്നെങ്കില്‍ ഇത്ര വലിയ അപകടം ഉണ്ടാകുമായിരുന്നില്ലെന്നും സംഭവത്തിന്റെ ദൃക്സാക്ഷി കൂടിയായ പ്രകാശന്‍ പറയുന്നു.
വിനോദസഞ്ചാരത്തിന് ഉപയോഗിച്ചത് മത്സ്യബന്ധന ബോട്ടാണെന്നും ബോട്ട് കരയ്ക്കടുപ്പിച്ചപ്പോഴാണ് അത് മനസ്സിലായതെന്നും പ്രകാശന്‍ പറഞ്ഞു.
'മത്സ്യബന്ധനത്തിനുള്ള ബോട്ടാണ് വിനോദ സഞ്ചാരത്തിന് ഉപയോഗിച്ചത്. ബോട്ട് കരയ്ക്കടുപ്പിച്ചപ്പോഴാണ് അത് മനസ്സിലായത്. വിനോദസഞ്ചാരത്തിനുപരയോഗിക്കുന്ന ബോട്ടുകളുടെ അടിഭാഗം പരന്നായിരിക്കും. അത്തരം ബോട്ടുകള്‍ എളുപ്പം മുങ്ങില്ല. എന്നാല്‍ ഈ ബോട്ടിന്റെ അടിഭാഗത്തിന് അത്ര വീതിയില്ല. വെള്ളത്തിനടിയിലാകുമ്പോള്‍ അത് നമുക്ക് തിരിച്ചറിയാനാവില്ല.ആളുകള്‍ കാണുന്ന മുകള്‍ ഭാഗം മുഴുവന്‍ വിനോദസഞ്ചാരബോട്ട് പോലെയാക്കി ആള്‍ട്ടര്‍ ചെയ്ത ഉപയോഗിച്ചു എന്നാണ് മനസ്സിലാക്കാനാവുന്നത്'- പ്രകാശന്‍ വെള്ളയില്‍ കൂട്ടിച്ചേര്‍ത്തു
Content Highlights: witness statement Malappuram boat tragedy