ജനകീയ രാഷ്ട്രീയ മുന്നേറ്റ സ്വപ്നവുമായി അന്‍വര്‍; കൈകോര്‍ക്കുമോ ജലീലും റസാഖും അടക്കമുള്ളവര്‍

#സി.പി. ബിജു
പി.വി. അന്‍വര്‍, കെ.ടി. ജലീല്‍, കാരാട്ട് റസാഖ് | Photo: Mathrubhumi, Mathrubhumi Library
പി.വി. അന്‍വര്‍, കെ.ടി. ജലീല്‍, കാരാട്ട് റസാഖ് | Photo: Mathrubhumi, Mathrubhumi Library

ന്യൂനപക്ഷങ്ങളും സാധാരണക്കാരുമായ ജനങ്ങള്‍ക്കൊപ്പമുള്ള പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനം എന്ന സ്വപ്നത്തിലേക്കാണ് പി.വി.അന്‍വര്‍ എം.എല്‍.എ. നടന്നടുക്കുന്നത്. യുവാക്കളെ രാഷ്ട്രീയത്തിലേക്ക് തട്ടിയുണര്‍ത്തുന്ന മുന്നേറ്റമാണ് സ്വപ്നം. 2024 സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച എടവണ്ണയിലെ വസതിയില്‍ രാവിലെയും വൈകുന്നേരവും മാധ്യമങ്ങളെ കണ്ട പി.വി. അന്‍വര്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ കുറച്ചൊന്നു വലിഞ്ഞു മുറുകിയ അവസ്ഥയിലായിരുന്നു. അനുഭവിക്കുന്ന മാനസിക സമ്മര്‍ദം പ്രകടമായിരുന്നു. താന്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വൈകാരിക തീവ്രത ശരിക്കും പ്രകടമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിലും ചലനങ്ങളിലും.

കുഴിമന്തിയും പൊരിച്ച ഐസ്‌ക്രീമും പോലെ പുതുവിഭവങ്ങള്‍ തേടിയും മൊബൈലില്‍ നോക്കിയും കഴിയുന്ന യുവജനങ്ങളെ നാട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ച് അവരെ രാഷ്ട്രീയത്തിലേക്കു തട്ടിയുണര്‍ത്താന്‍ ശ്രമിക്കുമെന്നാണ് പി.വി. അന്‍വര്‍ പറയുന്നത്. ഇത്തരമൊരു രാഷ്ട്രീയ പ്രസ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കുറച്ചു കാലമായി മലപ്പുറത്ത് ഉള്ളതാണ്. യു.ഡി. എഫിന്റെ ഭാഗമായി നിന്ന് സി.പി.എമ്മിനൊപ്പം സ്വതന്ത്രരായി ചേക്കേറിയ നേതാക്കള്‍ മിക്കവരും രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതലേ അവഗണന നേരിടുന്നുണ്ട്. അതില്‍ അവര്‍ അസ്വസ്ഥരുമാണ്. കഴിഞ്ഞ തവണ മന്ത്രിയായിരുന്ന കെ.ടി. ജലീലിന് രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതോടെ കാര്യമായ പരിഗണന കിട്ടാതായി. 

കഴിഞ്ഞ തവണ സിഡ്കോ ചെയര്‍മാനായിരുന്നു തിരൂരങ്ങാടിയില്‍ മത്സരിച്ച നിയാസ് പുളിക്കലകത്ത്. കിസാന്‍ സഭാ നേതാവ് എന്ന നിലയില്‍ സി.പി.ഐയുടെ ജില്ലാ കമ്മിറ്റിയില്‍ ഉണ്ടെങ്കിലും അതിനപ്പുറമുള്ള പരിഗണനകളൊന്നും അദ്ദേഹത്തിനും ലഭിച്ചിട്ടില്ല. രാജാവ് നഗ്‌നനാണ് എന്ന പേരില്‍ പിണറായി വിജയനെ ലക്ഷ്യമാക്കി രുക്ഷവിമര്‍ശനമാണ് നിയാസ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെ നടത്തിയത്. പിന്നീട് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശത്തില്‍ പോസ്റ്റ് പിന്‍വലിച്ചു.

ലീഗില്‍നിന്നു വിട്ട് പെരിന്തല്‍മണ്ണയില്‍ ഇടതു സ്വതന്ത്രനായി മത്സരിച്ച കെ.പി. മുഹമ്മദ് മുസ്തഫ 38 വോട്ടിനാണ് പരാജയപ്പെട്ടതെങ്കിലും പിന്നീട് അദ്ദേഹം രാഷ്ട്രീയ രംഗത്ത് അത്ര സജീവമല്ല. 2016-ല്‍ കോഴിക്കോട്ടെ കൊടുവള്ളിയില്‍ ഇടതു സ്വതന്ത്രനായി ജയിച്ച കാരാട്ട് റസാക്കും ഇപ്പോള്‍ എല്‍.ഡി.എഫുമായി അത്ര രസത്തിലല്ല.

മലപ്പുറം ജില്ലയില്‍ തുടക്കം മുതലേ യു.ഡി.എഫ്. പാളയം വിട്ടുവരുന്നവരാണ് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും ശക്തി. ടി.കെ. ഹംസയാണ് അക്കൂട്ടത്തില്‍ മുതിര്‍ന്നയാള്‍. മലപ്പുറത്ത് സി.പി.എമ്മിനു വേരുറപ്പുണ്ടാക്കിയതില്‍ ഹംസയുടെ പങ്ക് വലുതുമാണ്. പിന്നീട് മഞ്ഞളാംകുഴി അലി സി.പി.എമ്മിനൊപ്പം എം.എഎല്‍.എ. ആയെങ്കിലും അദ്ദേഹം വൈകാതെ ലീഗിനൊപ്പം ചേര്‍ന്നു. 

ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ സി.പി.എം. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചതും ലീഗില്‍നിന്ന് വിട്ട് ഇടതു പാളയത്തിലെത്തിയ കെ.എസ്. ഹംസയാണ്. ചില നേതാക്കളെ അടര്‍ത്തിയെടുക്കുകയും അതില്‍ ചിലരെ ചില മണ്ഡലങ്ങളില്‍ ജയിപ്പിച്ചെടുക്കുകയും ചെയ്യുക എന്നതിനപ്പുറം മേഖലയില്‍ ശക്തിയായി മാറാന്‍ ഇടതു പാര്‍ട്ടികള്‍ക്ക് ഇതു വരെ കഴിഞ്ഞിട്ടില്ല. എന്നാല്‍, ആ നേതാക്കളെ മുന്‍നിര്‍ത്തി സംസ്ഥാനത്തെങ്ങും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിയില്‍ സ്വീകാര്യതയുണ്ടാക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞിരുന്നു.

ഇപ്പറഞ്ഞ നേതാക്കളില്‍ മിക്കവരും ഇപ്പോള്‍ എല്‍.ഡി.എഫില്‍നിന്ന് മനസ്സുകൊണ്ടെങ്കിലും അകന്നു കഴിഞ്ഞു. പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ ഇവരില്‍ പലരും അന്‍വറിനൊപ്പമുണ്ടാകും. ഒക്ടോബര്‍ രണ്ടിന് കൂടുതല്‍ സ്വതന്ത്രനാകുമെന്നും അപ്പോള്‍ എല്ലാം പറയാം എന്നുമാണ് കെ.ടി. ജലീല്‍ പറഞ്ഞത്. അന്‍വറിനെ അനുകൂലിക്കുന്ന നിലപാടിലാണ് അദ്ദേഹം ഇപ്പോഴും ഉള്ളത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വിശേഷിച്ചും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പൊതുവിലും സ്വാധീനമുള്ള ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിനാണ് വഴി തെളിയുന്നത്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ അവിടവിടെ ഉയര്‍ന്നു കേട്ടിരുന്ന ആരോപണമാണ് സര്‍ക്കാരില്‍ പൊതുവേയും പോലീസില്‍ പ്രത്യേകിച്ചുമുള്ള ആര്‍.എസ്.എസ് വത്കരണം. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ വിവിധ ആര്‍.എസ്.എസ്. നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയ വിഷയത്തില്‍ ഒരു വര്‍ഷത്തിലധികം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു നടപടിയും എടുക്കാത്തത് ഇടതുപക്ഷാഭിമുഖ്യമുള്ള ന്യൂനപക്ഷാംഗങ്ങളില്‍ വലിയൊരു വിഭാഗത്തെ അസ്വസ്ഥരാക്കിയിരുന്നു.

വലിയ യു.ഡി.എഫ്. തരംഗം മറികടന്നും തൃശൂര്‍ പാര്‍ലമെന്റ്  മണ്ഡലത്തില്‍ ബി.ജെ.പി. നേടിയ വിജയം എല്‍.ഡി.എഫിന്റെ, വിശേഷിച്ച് സി.പി.എമ്മിന്റെ നിലപാടുകളില്‍ വലിയ സംശയമാണുണ്ടാക്കിയത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും ബി.ജെ.പി.യും ധാരണയിലെത്തുമെന്നും ഏതാനും സീറ്റുകള്‍ ബി.ജെ.പി.ക്കു വിട്ടുകൊടുത്ത് മൂന്നാംവട്ടവും ഭരണം പിടിക്കാനുള്ള നീക്കമാണ് സി.പി.എമ്മിനുള്ളത് എന്ന പ്രചാരണം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ നടക്കുന്നുണ്ട്. സാഹചര്യത്തെളിവുകള്‍ വെച്ച് അന്‍വര്‍ അടക്കം ഉന്നമിടുന്നതും അതിലേക്കാണ്.

Content Highlights: will pv anvar karat razaq and kt jaleel come together to form alliance