കോതമംഗലത്തെ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി; റേഡിയോ കോളർ ധരിപ്പിച്ചു

കൊച്ചി: കോതമംഗലത്ത് ജനവാസമേഖലയിൽ ആഴ്ചകളായി തമ്പടിച്ചിരുന്ന പിടിയാനയെ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ധരിപ്പിച്ചു. വായിൽ മുറിവുണ്ടായിരുന്ന ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകി. വരുംദിവസങ്ങളിൽ ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.
രാവിലെ എട്ടുമണിക്ക് ദൗത്യം തുടങ്ങിയ ഉദ്യോഗസ്ഥർ അധികം വൈകാതെതന്നെ ആനയെ മയക്കുവെടിവെച്ചിരുന്നു. എന്നാൽ, ഉൾക്കാട്ടിലേക്ക് നീങ്ങിയ ആന ആനക്കൂട്ടത്തിനൊപ്പം ചേർന്നതോടെ റേഡിയോ കോളർ ധരിപ്പിക്കാനായില്ല. പിന്നീട് ആനയെ കൂട്ടംവിട്ടുകിട്ടിയ ശേഷമാണ് കോളർ ധരിപ്പിക്കാനും ചികിത്സ നൽകാനും സാധിച്ചത്.
മൂന്നാഴ്ചയോളമായി കോട്ടപ്പാറ വനാതിർത്തി മേഖലയിൽ ആന തമ്പടിച്ചിട്ട്. വായിലെ മുറിവുമൂലം കട്ടിയുള്ളവ കഴിക്കാനാകാത്തതിനാൽ ജനവാസമേഖലയിൽ തുടരുകയായിരുന്നുവെന്നാണ് കരുതുന്നത്. ഭീതിയിലായ ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്നാണ് വനംവകുപ്പ് ആനയെ നിരീക്ഷിക്കാൻ തീരുമാനിച്ചത്.
റേഡിയോ കോളർ ധരിപ്പിച്ച ആനയെ വരുംദിവസങ്ങളിൽ വനംവകുപ്പ് നിരീക്ഷിക്കും. ആവശ്യമെങ്കിൽ ആനയെ ഇവിടെനിന്ന് പിടികൂടി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.