ആന നിലത്തടിച്ചുകൊന്നത് മകനെ മൂത്രമൊഴിക്കാൻ പുറത്തിറക്കിയപ്പോൾ, വിളിച്ചറിയിച്ചിട്ടും അധികൃതർ വരാൻവൈകി

ഇരിട്ടി: ആറളം ഫാം പുനരധിവാസമേഖലയിലെ വീട്ടുമുറ്റത്ത് കാട്ടാന ആദിവാസിയെ ഭാര്യക്കും മകനും മുന്നിൽ നിലത്തടിച്ചുകൊന്നു. 10-ാം ബ്ലോക്ക് കോട്ടപ്പാറ ഇഞ്ചിമുക്കിൽ എ.എസ്.അനീഷി (40)നാണ് ദാരുണാന്ത്യമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വീട്ടിലെത്തിക്കാൻ ശ്രമിച്ചെങ്കിലും കളക്ടർ സ്ഥലത്തെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മൂന്നുമണിക്കൂറോളം റോഡിൽ തടഞ്ഞുവെച്ചു.
13 വയസ്സുള്ള മകൻ ആദികൃഷ്ണയെ മൂത്രമൊഴിപ്പിക്കാൻ പുറത്തെ ശൗചാലയത്തിൽ കൊണ്ടുപോകാൻ പുറത്തിറങ്ങിയതായിരുന്നു അനീഷും ഭാര്യ അമ്പിളിയും. മുറ്റത്ത് ആന നിന്നത് ശ്രദ്ധയിൽപ്പെട്ടില്ല. വീടിന് ഇടതുവശത്തുള്ള പ്ലാവിന്റെ ചുവട്ടിൽ നിൽക്കുകയായിരുന്ന ആന മുറ്റത്തിന്റെ കെട്ട് ചാടിക്കടന്ന് അനീഷിനെ തുമ്പിക്കൈയിൽ ചുഴറ്റി നിലത്തടിക്കുകയായിരുന്നു. ആനയെക്കണ്ട് അമ്പിളിയും മകനും മുൻവാതിലിലൂടെ അകത്തേക്ക് ഓടിക്കയറിയെങ്കിലും അനീഷ് ഓടാൻ ശ്രമിക്കുന്നതിനിടെ വീണുപോയി. എഴുന്നേറ്റ് പിന്നിലെ മുറിയുടെ വാതിൽഭാഗത്തേക്ക് ഓടുന്നതിനിടെ പിന്തുടർന്നെത്തിയ ആന തുമ്പിക്കൈയിൽ ചുഴറ്റി നിലത്തടിക്കുകയായിരുന്നു. മുറി തുറന്ന് അനീഷിനെ രക്ഷിക്കാൻ അമ്പിളിയും മകനും ശ്രമിക്കവെയായിരുന്നു ഇത്. ഒരുമണിക്കൂറോളം മൃതദേഹം മകനും ഭാര്യയും കണ്ടുനിൽക്കെ വീട്ടുമുറ്റത്തുതന്നെ കിടന്നു. ശരീരം ചിന്നിച്ചിതറിയിരുന്നു. ബഹളം കേട്ട് സമീപത്തെ വീട്ടുകാർ ഉണർന്നെങ്കിലും ആനയെ ഭയന്ന് പുറത്തിറങ്ങാനായില്ല.
500 മീറ്റർ അകലെ താമസിക്കുന്ന അനീഷിന്റെ അച്ഛൻ ഊരുമൂപ്പൻ സോമൻ, അമ്മ കറുത്ത എന്നിവരും ബന്ധുക്കളുമാണ് ആദ്യമെത്തിയത്. നേരത്തേ ബഹളംകേട്ട് അനീഷിന്റെ അമ്മയുടെ സഹോദരിയുടെ മകൾ വിനീത വനം ദ്രുതപ്രതികരണസേനയെ വിവരമറിയിച്ച് സ്ഥലത്ത് ഉടനെയെത്താൻ അപേക്ഷിച്ചിരുന്നു. ഏറെ കഴിഞ്ഞിട്ടും എത്താഞ്ഞതിനാൽ സേനയുടെ വാട്‌സാപ്പ് ഗ്രൂപ്പിലും പങ്കുവെച്ചു. എന്നിട്ടും വിനീതയും അച്ഛൻ സോമനും വീട്ടിലെത്തിയപ്പോഴേ വനപാലകസംഘവുമെത്തിയുള്ളൂ. അപ്പോഴേക്കും ഒരു മണിക്കൂറിലധികം കഴിഞ്ഞിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. കോട്ടപ്പാറ മേഖലയിൽ കണ്ട ആന പുലർച്ചെ ഒന്നരയോടെ വനപാലകസംഘം പടക്കംപൊട്ടിച്ച് തുരത്തവെയാണ് അനീഷിന്റെ വീടിന്റെ ഭാഗത്തേക്ക് നീങ്ങിയത്.
അപകടകാരിയായ മോഴയാനയാണിതെന്ന് പറയുന്നു. ആനയെ പിന്തുടർന്ന് വനപാലകസംഘം എത്തിയിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. അനീഷിന്റെ മകൾ അനുഷയും ആദികൃഷ്ണയും വെളിമാനം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്. സഹോദരൻ: വിനീഷ്.
12 വർഷം, 15 ജീവനുകൾ
കഴിഞ്ഞ 12 വർഷത്തിനിടയിൽ ആറളം പുനരധിവാസ മേഖലയിൽ പൊലിഞ്ഞ 15-ാമത്തെ ജീവനാണ് അനീഷിന്റേത്. കഴിഞ്ഞ വർഷം ഫെബ്രുവരി 23-നായിരുന്നു ബ്ലോക്ക് 13-ൽ വെള്ളി-ലീല ദമ്പതിമാർ ആനയുടെ ആക്രമണത്തിൽ മരിച്ചത്. ഒരുവർഷവും നാലുദിവസവും പിന്നിടുമ്പോഴാണ് മറ്റൊരു ജീവൻകൂടി കാട്ടാനയ്ക്ക് മുന്നിൽ കൊഴിയുന്നത്. ഇതും ഒരു കുടുംബത്തിന്റെ അത്താണിയായ യുവാവിനെ. കഴിഞ്ഞവർഷത്തെ വാഗ്ദാനങ്ങൾ ഒന്നുംതന്നെ പ്രവർത്തികമാക്കാൻ കഴിയാതെ വന്നതാണ് വീണ്ടും ഒരു ജീവൻകൂടി പൊലിയാൻ കാരണം. 2014 ഏപ്രിലിൽ ചോമാനിയിൽ മാധവിയെന്ന ആദിവാസിയിൽനിന്നായിരുന്നു തുടക്കം. വിറക് ശേഖരിക്കുന്നതിനിടെ ആനയുടെ കുത്തേറ്റാണ് മരിച്ചത്. 2015 ഏപ്രിൽ നാലിന് ഫാം ഏഴാം ബ്ലോക്കിൽ ബാലനെന്ന ആദിവാസിയെ ആന കുത്തിക്കൊന്നു. 2017 ജനുവരിയിൽ കേളകത്തെ അഞ്ചാനിക്കൽ ബിജുവും മാർച്ച് ഏഴിന് അമ്മിണിയെന്ന ആദിവാസി വീട്ടമ്മയും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അമ്മിണിയുടെ മരണം കഴിഞ്ഞ് ഒരുമാസം തികയുമ്പോൾ ഏപ്രിൽ ആറിന് ഫാമിലെ കൈതച്ചക്ക കൃഷിയുടെ വാച്ചറായിരുന്ന എടപ്പുഴ സ്വദേശി റജി എബ്രഹാം ഫാമിനകത്തുതന്നെ കൊല്ലപ്പെട്ടു. തുടർന്ന് 2018 ഒക്ടോബർ 30-ന് ദേവുവും ഡിസംബറിൽ കൊട്ടിയൂർ പന്നയാംമൂലയിലെ മേൽപ്പനാംതോട്ടത്തിൽ ആഗസ്തിയും ഡിസംബറിൽ പത്താം ബ്ലോക്കിലെ കൃഷ്ണനും കാട്ടുകൊമ്പന് മുന്നിൽ പിടഞ്ഞു മരിക്കുകയായിരുന്നു. 2020 ഏപ്രിൽ 26-ന് ഫാം തൊഴിലാളി നാരായണനും ഒക്ടോബർ 30 ബബീഷും കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ഫാമിലെ ചെത്തുതൊഴിലാളിയായിരുന്ന പട്ടാന്നൂരിലെ പി.പി.റിജേഷിനും കാട്ടുകൊമ്പനുമുന്നിൽ ജീവൻ നഷ്ടമായി. കഴിഞ്ഞ വർഷം ഫെബ്രുവരി 23-നാണ് ബ്ലോക്ക് 13-ൽ വെള്ളി-ലീല ദമ്പതിമാഎർ ആനയുടെ ആക്രമണത്തിൽ മരിച്ചത്. ഇനിയൊരു ജീവൻ ആറളത്ത് കാട്ടാനയുടെ മുന്നിൽ നഷ്ടമാകില്ലെന്ന പറഞ്ഞ മന്ത്രിമാരുടെ വാക്കുകളാണ് ഇപ്പോൾ അനീഷിന്റെ മരണത്തോടെ വെറുതേയായത്. ആനകൾക്കുപുറമെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ചീര എന്ന ആദിവാസി സ്ത്രീയും 14 വർഷത്തിന് മുൻപ് ഫാമിൽ മരിച്ചിരുന്നു. ഇതിനുപുറമെ മലയോരത്തെ മറ്റ് ഭാഗങ്ങളിലും കാട്ടുപന്നിയുടെയും മറ്റും ആക്രമണത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ കോടികൾ മുടക്കിയെന്ന് പറയുമ്പോഴും പ്രതിരോധ മാർഗങ്ങൾകൊണ്ട് ഒരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. ഇതിനൊപ്പം ഒരു പുരുഷായുസ്സിലേക്കായി അധ്വാനിച്ചുണ്ടാക്കിയ വിളകളും വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. കുരങ്ങനും കാട്ടാനയും കാട്ടുപന്നിയും നശിപ്പിക്കുന്ന വിളകൾക്ക് കൈയും കണക്കുമില്ല. ഇപ്പോൾ ജീവനുപോലും വിലയില്ലാത്ത അവസ്ഥയിൽ ചെകുത്താനും കടലിനും ഇടയിൽപ്പെട്ട മാനസികാവസ്ഥയിലാണ് ആറളം പുനരധിവാസമേഖലയിലെ ജീവനും ജീവിതവും.
കാട്ടാനക്കലി
ആറളം ഫാമിൽ വന്യജീവി ആക്രമണത്തിൽ പ്രദേശവാസികൾക്ക് ജീവൻ നഷ്ടമാകുന്നത് പതിവായ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയടക്കം ഉദ്യോഗസ്ഥർ ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ച രണ്ടിന് ഹർജി പരിഗണിക്കുമ്പോൾ ചീഫ് സെക്രട്ടറി, പട്ടികവിഭാഗ വകുപ്പ് സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർ ഒാൺലൈനിൽ ഹാജരാകണം. ഇത്തരം സംഭവങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കാനാണിത്. മതിയായ സുരക്ഷാനടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടാകുന്നുണ്ടെന്ന് കോടതി കുറ്റപ്പെടുത്തി. കോടതിയുടെ മേൽനോട്ടമുള്ള മേഖലയിലെ മനുഷ്യരുടെ അവസ്ഥ ഇതാണെങ്കിൽ മറ്റിടങ്ങളിലെ ബുദ്ധിമുട്ടുകൾ എത്രവലുതായിരിക്കുമെന്ന് കോടതി ചോദിച്ചു.
രോഷംഅനീഷിന്റെ മൃതദേഹം കൊണ്ടുപോകുന്നത് തടഞ്ഞു
കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട കോട്ടപ്പാറ ഇഞ്ചിമുക്കിൽ എ.എസ്.അനീഷിന്റെ വീട് കാക്കുവ കോട്ടപ്പാറ ഇഞ്ചിമുക്ക് റോഡിൽനിന്ന് 500 മീറ്ററോളം അകലെ ഒറ്റപ്പെട്ട പ്രദേശത്താണ്. സമീപത്ത് ഒരു വീട് മാത്രമേയുള്ളൂ. വീട്ടിലേക്കുള്ള വഴിയും ദുർഘടമാണ്. അനീഷിനെ ചുമന്നാണ് ബന്ധുക്കളും നാട്ടുകാരും വനപാലകരും ചേർന്ന് പുലർച്ചെ അഞ്ചോടെ പേരാവൂർ താലൂക്ക് ആസ്പത്രിയിലെത്തിച്ചത്. ശരീരം പലഭാഗങ്ങളായി ചിന്നിച്ചിതറിയ നിലയിലായിരുന്നു. തുടർന്ന് ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭയുടെ നേതൃത്വത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. വൈകിട്ട് 3.30-ഓടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വീട്ടിലേക്ക് എത്തിച്ചെങ്കിലും കളക്ടർ സ്ഥലത്ത് എത്തണമെന്ന് ആവശ്യപ്പെട്ട് എം.ഗീതാനന്ദന്റെയും സി.കെ.ജാനുവിന്റെയും ശ്രീരാമൻ കൊയ്യോന്റെയും നേതൃത്വത്തിൽ മൂന്നുമണിക്കൂറോളം റോഡിൽ തടഞ്ഞുവെച്ചു. ജനപ്രതിനിധികളും പോലീസും പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും അവർ ആവശ്യത്തിൽ ഉറച്ചുനിന്നു. ഒടുവിൽ കളക്ടറുടെ നിർദേശപ്രകാരം സബ്കളക്ടറുടെ ചുമതലയുളള തളിപ്പറമ്പ് ആർ.ഡി.ഒ. സി.വി.പ്രകാശൻ പ്രതിഷേധക്കാരുമായി സംസാരിച്ച് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കണിച്ചാറിലെ എടത്താഴ കോളനിയിൽനിന്ന് 21 വർഷം മുൻപാണ് അനീഷും കുടുംബവും ആറളം ഫാമിലേക്ക് താമസം മാറ്റിയത്.
ആനയെ പേടിച്ച് അന്തിയുറക്കം ടെറസിൽ
പുനരധിവാസ മിഷൻ അനുവദിച്ച രണ്ടുമുറി വീടുണ്ടായിട്ടും അനീഷും ഭാര്യയും മകനും രണ്ടുദിവസം മുൻപുവരെ അന്തിയുറങ്ങിയത് വീടിന്റെ ടെറസിലായിരുന്നു. ഇടയ്ക്കിടെ വീടിന്റെ മുറ്റംവരെയെത്തുന്ന കാട്ടാനയെ പേടിച്ചാണ് ഇവർ കിടത്തം ടെറസിലേക്ക് മാറ്റിയത്. രണ്ടുദിവസമായി മലയോരമേഖലയിൽ ചാറ്റൽ മഴയുണ്ടായിരുന്നതിനാലാണ് അനീഷും മകനും ഭാര്യയും ടെറസിൽനിന്ന് ഉറക്കം വീടിനുള്ളിലേക്ക് മാറ്റിയത്. ഇതാണ് ദുരന്തത്തിന് വഴിവെച്ചതും. വീടിന്റെ പിറകുവശത്ത് 20 മീറ്ററോളം അകലെയുള്ള ശൗചാലയത്തിലേക്ക് മകനെ മൂത്രമൊഴിപ്പിക്കാൻ കൊണ്ടുപോകാനാണ് അനീഷും ഭാര്യ അമ്പിളിയും പുലർച്ചെ മൂന്നോടെ ഉണർന്നത്. പൂമുഖത്തെ വാതിൽ തുറന്ന് പുറത്തിറങ്ങിയ മൂവരും മുറ്റത്തിറങ്ങി ശൗചാലയത്തിലേക്ക് പോകവെയാണ് ആന മുന്നിൽപ്പെട്ടത്. അനീഷ് മുന്നിലായിരുന്നു. പിറകിലായിരുന്നു അമ്പിളിയും മകനും. ഇരുവരും ആനയെ കണ്ടപാടെ വീട്ടിനുള്ളിലേക്ക് കയറി. തിരിഞ്ഞോടവെ അനീഷ് കല്ലിൽ തട്ടി വീണു. അവിടെനിന്ന് എഴുന്നേറ്റ് വീടിന്റെ പിറകുവശത്തെ വാതിലിലൂടെ ഉള്ളിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ആനയുടെ പിടിയിലായത്. മേഖലയിൽ ഇത്തരത്തിൽ നിരവധി കുടുംബങ്ങളാണ് കാട്ടാനയെ പേടിച്ച് ടെറസിന് മുകളിൽ അന്തിയുറങ്ങുന്നത്.
പ്രതിഷേധാഗ്നിയിൽ വെന്തുരുകി ആറളം
ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ നിസ്സംഗരാകുന്നതിന്റെ നേർക്കാഴ്ചയായിരുന്നു ആറളം ഫാമിൽ വെള്ളിയാഴ്ച ഉച്ചമുതൽ വൈകിട്ടുവരെയുള്ള മണിക്കൂറുകൾ. ഫാം പുനരധിവാസമേഖലയിൽ യുവാവിനെ കാട്ടാന വീട്ടുമുറ്റത്ത് തുമ്പിക്കൈയിൽ ചുഴറ്റി നിലത്തടിച്ചുകൊന്നതിലുണ്ടായ പ്രതിഷേധാഗ്നിയിൽ വെന്തുരുകിപ്പോയി സ്ഥലത്തെത്തിയ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും. കൊല്ലപ്പെട്ട അനീഷിന്റെ മൃതദേഹം ആംബുലൻസിൽനിന്ന് പുറത്തെടുക്കാൻ അനുവദിക്കാതെ ഒരു കൊടിയുടെ നിറംപകരാതെ ആദിവാസികൾ നടത്തിയ ചെറുത്തുനില്പിൽ എല്ലാ സുരക്ഷാസംവിധാനങ്ങൾക്കും കാഴ്ചക്കാരാകാനേ കഴിഞ്ഞുള്ളൂ. പട്ടികവർഗ വികസനവകുപ്പ് മന്ത്രിക്കെതിരെയും കളക്ടർക്കെതിരേയും പ്രദേശവാസികളുടെ പ്രതിഷേധം അണപൊട്ടിയൊഴുകി. പേരാവൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലെത്തിയ നൂറോളം പോലീസുകർക്ക് പ്രതിഷേധക്കാരുടെ മുന്നിൽ ഒന്നും ചെയ്യാനായില്ല. വന്യജീവികളിൽനിന്ന് സംരക്ഷണം നൽകുമെന്ന ഭരണകൂടങ്ങളുടെ പ്രഖ്യാപനം പാഴ്‌വാക്കാകുന്നതിന്റെ നേർക്കാഴ്ചയാണ് വന്യമൃഗങ്ങൾക്കുമുന്നിൽ ഹോമിക്കപ്പെടുന്ന ജീവനുകൾ. സംരക്ഷണം വന്യമൃഗങ്ങൾക്ക് മാത്രമാകുമ്പോൾ ആദിവാസികളുടെ ജീവന് ഒരുവിലയുമില്ലേയെന്ന ചോദ്യം അധികൃതരുടെ നെഞ്ചിലേക്ക് കുത്തിക്കയറുകയായിരുന്നു. ഓരോ ജീവൻ പൊലിയുമ്പോഴും അധികൃതർ നടപ്പാകാത്ത വാഗ്ദാനങ്ങൾ നൽകി പ്രതിഷേധം തണുപ്പിക്കുന്നതല്ലാതെ ഒരു ശാശ്വതപരിഹാരം ഉണ്ടാകുന്നില്ല. അണപൊട്ടിയൊഴുകിയ പ്രതിഷേധം തണുപ്പിക്കാൻ നൽകിയ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി മാറുകയാണ്. ഫലപ്രദമായ പ്രതിരോധസംവിധനങ്ങളൊന്നും ഉണ്ടാകുന്നില്ല. വനമേഖലയോട് അതിർത്തിപങ്കിടുന്ന ഗ്രാമങ്ങൾ വന്യമൃഗങ്ങളുടെ വിഹാരഭൂമിയായി മാറുകയാണ്
എല്ലാം ശരിയാക്കുന്നവർ ആദിവാസികളെ ഇല്ലാതാക്കുന്നു
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവർ വർഷംതോറും ആദിവാസികളെ കാട്ടാനകൾക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുത്ത് ഇല്ലാതാക്കുകയാണ്. കളക്ടർ വരാതെ മൃതദേഹം വീട്ടിലേക്കെടുക്കാൻ അനുവദിക്കില്ല. എസ്.ഐ. അല്ല, സർക്കിൾ അല്ല, ഡി.ജി.പി. അല്ല ഏത് യജമാനൻ വന്നാലും വിടില്ല ഞങ്ങൾ........ആംബുലൻസിന് മുന്നിലിരുന്ന് പുനരധിവാസമേഖല പത്താം ബ്ലോക്കിലെ 60-കാരൻ സജിയുടെ വാക്കുകളിലെ പ്രതിഷേധത്തിന്റെ മൂർച്ച അധികൃതർക്ക് വലിയ മുറിവാണ് ഏൽപ്പിച്ചത്.
നേതാക്കളും ഉദ്യോഗസ്ഥരും കാഴ്ചക്കാരായി
പരിയാരത്തുനിന്ന് പോസ്റ്റ്‌മോർട്ടത്തിനുശേഷം 3.30-ഓടെയാണ് അനീഷിന്റെ മൃതദേഹം വീട്ടിലേക്കെത്തിച്ചത്. വീട്ടിൽനിന്നും 500 മീറ്റർ അകലെയുള്ള പ്രധാന റോഡിൽ തടഞ്ഞ് പ്രതിഷേധിക്കാൻ പ്രദേശത്തുകാർ ഉച്ചവെയിലിനെ അവഗണിച്ച് രണ്ടുമണിമുതൽ തന്നെ റോഡിലേക്ക് നീങ്ങി. ആംബുലൻസ് എത്തിയപാടെ അതിന്റെ മുന്നിലിരുന്ന് പ്രതിഷേധിച്ചു. കളക്ടർ സ്ഥലത്തെത്തണമെന്നും മരിച്ച അനീഷിന്റെ കുടുംബത്തിൽ ഒരാൾക്ക് ജോലിയും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് പൂർണമായും സർക്കാർ വഹിക്കണമെന്നുമായിരുന്നു ആവശ്യം. ഇതോടൊപ്പം ഞങ്ങളെയും മനുഷ്യരായി കാണണമെന്ന അവരുടെ വാക്കുകൾക്കുമുന്നിൽ തലകുനിക്കേണ്ടിവന്നു കാഴ്ചക്കാരായി നിന്നവർക്കും സർക്കാർ സംവിധാനങ്ങൾക്കും. ഇക്കാര്യങ്ങളെല്ലാം രേഖാമൂലം കളക്ടർ കുടുംബത്തിന് എഴുതിനല്കണം. ഇതിൽ കവിഞ്ഞൊരാവശ്യം പ്രതിഷേധക്കാർക്കുണ്ടായിരുന്നില്ല. ആറളം സി.ഐ.യുടെ നേതൃത്വത്തിൽ പോലീസ് പരമാവധി ശ്രമിച്ചിട്ടും പ്രതിഷേധക്കാർ അയഞ്ഞില്ല. കളക്ടർ വന്നില്ലെങ്കിൽ ഇരിട്ടി തഹസിൽദാരെ തടഞ്ഞുവെക്കുമെന്ന നിലയിലേക്ക് മാറി കാര്യങ്ങൾ. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബിനോയി കുര്യനും ആറളം, അയ്യൻകുന്ന്, കേളകം, പഞ്ചായത്ത് പ്രസിഡന്റുമാരും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും കളക്ടറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തഹസിൽദാറുടെ നിസ്സഹായാവസ്ഥ പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. ഇതിനിടയിൽ പലതവണ സംഘർഷത്തിന്റെ വക്കോളമെത്തി. ഇതുവഴി വന്ന സ്വകാര്യ ബസും കടത്തിവിടാൻ പ്രതിഷേധക്കാർ അനുവദിച്ചില്ല. ബസ് കടത്തിവിടാൻ ആവശ്യപ്പെട്ട് പ്രതിഷേധം പൊളിക്കാൻ ഒരുവിഭാഗം രംഗത്തെത്തിയത് സംഘർഷസാധ്യതയുണ്ടാക്കി. പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ആദിവാസി നേതാക്കാളയ എം.ഗീതാനന്ദനും സി.കെ.ജാനുവും ശ്രീരാമൻ കൊയ്യോനും പ്രതിഷേധക്കാർക്കൊപ്പം ഉറച്ചുനിന്നതോടെ ബസ് വിടണമെന്ന ആവശ്യവുമായി എത്തിയവർക്ക് പിന്നോട്ട് പോകേണ്ടിവന്നു. കളക്ടർ സ്ഥലത്തില്ലാത്തതിനാൽ സബ് കളക്ടറുടെ ചുമതലയുണ്ടായിരുന്ന തളിപ്പറമ്പ് എ.ഡി.എം. സി.വി.പ്രകാശൻ സ്ഥലത്തെത്തുകയും പ്രതിഷേധക്കാരുടെ പരാതി കേൾക്കുകയും ഇവയ്ക്കെല്ലാം പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പും നൽകി. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ആനമതിൽ മേയ് 31-നകം ആനമതിൽ നിർമാണം മേയ് 31-നകം പൂർത്തിയാക്കുമെന്ന് എ.ഡി.എം. ഉറപ്പുനല്കി. മരിച്ച അനീഷിന്റെ ഭാര്യക്ക് സ്ഥിരംജോലിയെന്നതും മക്കളുടെ വിദ്യാഭ്യാസച്ചെലവ് പൂർണമായും സർക്കാർ വഹിക്കണമെന്നതും പരിഗണിക്കും.
Content Highlights: A 40-year-old tribal man, Aneesh, was killed by a wild elephant at his home in Aralam