മസ്തകത്തിൽ പരിക്കേറ്റ കൊമ്പന്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധ

കോടനാട് ചികിത്സയിലായിരുന്ന ആന
കോടനാട് ചികിത്സയിലായിരുന്ന ആന

കോടനാട്: മസ്തകത്തില്‍ മുറിവേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ കൊമ്പന്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധയെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു. മറ്റു ആന്തരികാവയങ്ങള്‍ക്ക് അണുബാധയില്ല.

കോടനാട്ട് ചികിത്സയിലിരിക്കെയാണ് ആന ചരിഞ്ഞത്. ഒരു അടിയോളം ആഴത്തിലുള്ളതായിരുന്നു മുറിവ്. വളരെ മോശമായ രീതിയിലായിരുന്നു ആനയുടെ ആരോഗ്യാവസ്ഥ. കഴിഞ്ഞ ദിവസം രാവിലെ വരെ ആന ഭക്ഷണവും വെള്ളവും കഴിച്ചിരുന്നു. പക്ഷേ, ചികിത്സക്കിടെ കുഴഞ്ഞുവീണു. 

ആനയെ മയക്കുവെടിവെച്ച ശേഷം സാധ്യമായ വിദഗ്ധചികിത്സ നല്‍കിയിരുന്നു. പിടികൂടിയ സമയം തന്നെ മുറിവ് ആഴത്തിലുള്ളതാണെന്നും ജീവന് ഭീഷണിയുണ്ടെന്നും ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയ പറഞ്ഞിരുന്നു. മയക്കുവെടിയേറ്റതിന്റെ മയക്കം വിട്ടതിന് ശേഷം തീറ്റയെടുക്കുകയും കുളിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു. തുടര്‍ന്ന് ഗ്ലൂക്കോസും മറ്റും നല്‍കിജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആന ചരിയുകയായിരുന്നു. 

തുമ്പിക്കൈയിലെ അണുബാധ കാരണം തുമ്പിക്കൈയില്‍ വെള്ളം കോരി കുടിക്കുന്നതിനടക്കം ആനയ്ക്ക് പ്രയാസമുണ്ടായിരുന്നു. അതിനാല്‍ വളരെ ശ്രദ്ധയോടെയാണ് ആനയുടെ പരിപാലിച്ചിരുന്നത്. മുറിവിന്റെ വേദന കാരണം ആന പുറത്തേക്കും മുറിവിലേക്കും മണ്ണ് വാരി ഇടുന്നുണ്ടായിരുന്നു. അതെല്ലാം നിരന്തരം വൃത്തിയാക്കിക്കൊണ്ടായിരുന്നു ആനയെ പരിചരിച്ചിരുന്നത്. 

ജനുവരി 15-നാണ് മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ കൊമ്പനെ പ്ലാന്റേഷന്‍ തോട്ടത്തില്‍ കണ്ടെത്തുന്നത്‌. പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ 24-ന് മയക്കുവെടി വെച്ച് തളച്ച് ചികിത്സ നല്‍കി വിട്ടിരുന്നു. എന്നാല്‍, മുറിവില്‍ പുഴുവരിച്ചതോടെ ആനയുടെ ജീവനില്‍ ആശങ്കയായി. തുടര്‍ന്ന് ആനയെ മയക്കുവെടി വെച്ച് തളച്ച് ചികിത്സിച്ച് ഭേദമാക്കുന്നതുവരെ കൂട്ടില്‍ പാര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പിടികൂടിയ കൊമ്പനെ കൂട്ടില്‍ ശാന്തനായാണ് കണ്ടത്. സാധാരണ ആനകള്‍ കൂട്ടില്‍ കയറ്റിയ ഉടനെ കാണിക്കാറുള്ള പ്രതിഷേധം പോലും ഉണ്ടായില്ല. അത്രത്തോളം അവശനിലയിലായിരുന്നു കൊമ്പന്‍. ഗുരുതരമായ മുറിവാണെങ്കിലും ആനയെ ആരോഗ്യവാനായി തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.  ഈ പ്രതീക്ഷകളെല്ലാം വിഫലമാക്കി കൊണ്ടാണ് ആന ചരിഞ്ഞത്.

Content Highlights: Infection caused by Head Injury is the reason behind wild elephant's death, Kerala, Kodanad