കാട്ടുപന്നിക്കൂട്ടം വീടിനുള്ളിലേക്ക് ഓടിക്കയറി, കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

#ന്യൂസ് ഡെസ്ക്
കല്ലടിക്കോട് പറക്കാട് നാരായണൻകുട്ടിയുടെ വീട്ടിലേക്ക് ഓടിക്കയറിയ കാട്ടുപന്നിക്കൂട്ടം
കല്ലടിക്കോട് പറക്കാട് നാരായണൻകുട്ടിയുടെ വീട്ടിലേക്ക് ഓടിക്കയറിയ കാട്ടുപന്നിക്കൂട്ടം

കല്ലടിക്കോട്: വീടിനുള്ളിലേക്ക്‌ കാട്ടുപന്നികൾ ഓടിക്കയറി പരിഭ്രാന്തി പടർത്തി. കാട്ടുപന്നി കയറിയ മുറിക്കുള്ളിലുണ്ടായിരുന്ന എട്ടുവയസ്സുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. കല്ലടിക്കോട് പറക്കാട് നാരായണൻകുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിലേക്കാണ് ഒരു വലിയ കാട്ടുപന്നിയും രണ്ടുകുട്ടികളും ഓടിക്കയറിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം. വീടിന്റെ എതിർവശത്തുള്ള റബ്ബർത്തോട്ടത്തിൽനിന്നാണ് കാട്ടുപന്നികളെത്തിയത്. വീടിന്റെ മുൻവശത്തെ തുറന്നുകിടക്കുന്ന വാതിലിലൂടെ വീടിനകത്തേക്കു കയറുകയായിരുന്നു. ഈസമയം നാലുപേർ വീടിനു മുൻവശത്തും അടുക്കളയിലുമായി ഉണ്ടായിരുന്നു. വീട്ടിൽ വിരുന്നിനെത്തിയ അദ്വൈത് എന്ന എട്ടുവയസ്സുകാരൻ കിടപ്പുമുറിയിലുണ്ടായിരുന്നു. അദ്വൈത് ഇരിക്കുകയായിരുന്ന കസേരയ്ക്കു സമീപത്തുകൂടിയാണ് ഇവ അതിവേഗത്തിൽ കടന്നുപോയത്.

വീടിനകത്തുണ്ടായിരുന്നവർ വേഗം മുകളിലെ നിലയിലേക്കു മാറുകയും മറ്റുള്ളവർ വീടിനുപുറത്തുനിൽക്കുകയും ചെയ്തു. അരമണിക്കൂർ വീടിനുള്ളിൽ ഓടിനടന്ന പന്നികൾ മുൻവാതിലിലൂടെത്തന്നെ പുറത്തേക്കിറങ്ങി മതിൽ ചാടിക്കടന്നുപോവുകയായിരുന്നു. വനംവകുപ്പിനെ വിവരമറിയിച്ചതിനെത്തുടർന്ന് വെടിവെക്കാനുള്ള ഒരുക്കവുമായി അവർ എത്തിയപ്പോഴേക്കും പന്നിക്കൂട്ടം വീടിനുപുറത്തെത്തിയിരുന്നു.

Content Highlights: A herd of wild boars invaded a house in Kalladikkode, causing panic. an 8-year-old narrowly escaped the incident.