സിപിഎമ്മിലും എല്ഡിഎഫിലും അതൃപ്തി പുകയുന്നു; എ.ഡി.ജി.പിക്കെതിരേ എന്ത് നടപടി?; തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: എ.ഡി.ജി.പി. അജിത്കുമാറിനെ നീക്കണമെന്നകാര്യത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കുംമേൽ രാഷ്ട്രീയസമ്മർദമേറുന്നു. ആർ.എസ്.എസ്. നേതാവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി.യെ സംരക്ഷിച്ചുനിർത്തുന്നതല്ല ഇടതുനയം എന്ന ആക്ഷേപമുയരുന്നത് ഇടതുപക്ഷത്തുനിന്നുതന്നെയാണ്. കടുത്തനടപടിക്കുവേണ്ടി ആവശ്യപ്പെടുന്നതും ഭരണപക്ഷംതന്നെ. ഈ സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി വിളിച്ച പത്രസമ്മേളനം നിർണായകമാണ്.
അതിനാൽ, ഇനിയും വഷളാവാതെ ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി പ്രശ്നം തീർക്കാനുള്ള ആലോചനയാണ് നടക്കുന്നത്. അജിത്കുമാറിനെ അപ്രധാന തസ്തികയിലേക്കുമാറ്റി എതിർപ്പ് ശമിപ്പിക്കാനാണ് ശ്രമം.
എ.ഡി.ജി.പി.യെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ സി.പി.ഐ.ക്കും ആർ.ജെ.ഡി.ക്കും പുറമേ സി.പി.എമ്മിലും അതൃപ്തിയുണ്ട്. പാർട്ടി സമ്മേളനം നടക്കുന്ന ഘട്ടത്തിൽ സർക്കാരിന്റെ നിലപാട് ചോദ്യംചെയ്യപ്പെടും.
ഒക്ടോബർ നാലിന് നിയമസഭാസമ്മേളനവും തുടങ്ങുകയാണ്. സഭാതലത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും, എ.ഡി.ജി.പി. അജിത്കുമാറുമായിരിക്കും പ്രതിപക്ഷത്തിന്റെ ആയുധം. മുന്നണിയിൽത്തന്നെ തർക്കമുണ്ടാകുമ്പോൾ, പ്രതിപക്ഷത്തെ നേരിടുക എളുപ്പമാകില്ല. അതിനാൽ സഭാസമ്മേളനം തുടങ്ങുന്നതിനുമുൻപ് അജിത്കുമാറിനെ മാറ്റിനിർത്താനാണ് സാധ്യത.
ആരോപണമുയരുമ്പോൾ അതിന്റെ വസ്തുത പരിശോധിക്കാതെ നടപടിയെടുക്കുന്നത് ശരിയല്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കാറുള്ളത്. ആ വാദത്തിലാണ് അജിത്കുമാറിന് കവചമൊരുക്കിയത്.
അജിത്കുമാറിനെതിരേയുണ്ടായ ക്രിമിനൽ ആരോപണങ്ങളിൽ അന്വേഷണത്തിനുശേഷം നടപടിയെന്ന വാദം സഖ്യകക്ഷികൾ അംഗീകരിച്ചേക്കും. എന്നാൽ, ആർ.എസ്.എസ്. നേതാവുമായുള്ള രഹസ്യകൂടിക്കാഴ്ച ഒരു രാഷ്ട്രീയപ്രശ്നമാണ്. ഇതിൽ അന്വേഷണം കഴിഞ്ഞ് നടപടിയെന്ന മുഖ്യമന്ത്രിയുടെ വാദം ഇടതുകക്ഷികൾക്ക് ദഹിക്കുന്നതല്ല.
രണ്ടുവർഷ പരിരക്ഷ ബാധിക്കില്ല
പോലീസ് ഉദ്യോഗസ്ഥരെ രണ്ടുവർഷത്തേക്ക് സ്ഥാനത്തുനിന്ന് മാറ്റരുതെന്ന സുപ്രീംകോടതിയുടെ നിർദേശം എ.ഡി.ജി.പി.യെ മാറ്റുന്നതിനുള്ള തടസ്സവാദമായി സർക്കാർ കേന്ദ്രങ്ങൾ അനൗദ്യോഗികമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, ആ വിധി എ.ഡി.ജി.പി.ക്ക് ബാധകമാകില്ലെന്ന് സി.പി.ഐ. നേതാവ് കെ. പ്രകാശ് ബാബു വ്യക്തതവരുത്തിയിട്ടുണ്ട്. നിയമപരമായും രാഷ്ട്രീയമായുമുള്ള നീക്കങ്ങൾ പി.വി. അൻവർ എം.എൽ.എ.യും കടുപ്പിക്കുന്നുണ്ട്. പി. ശശിക്കെതിരേയുള്ള പരാതി രേഖാമൂലംതന്നെ അൻവർ സി.പി.എം. സംസ്ഥാന സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്.
അജിത്കുമാറിനെ മാറ്റണമെന്ന നിലപാടാണ് ഡി.ജി.പി.ക്കുമുള്ളത്. അതിനാൽ, എ.ഡി.ജി.പി.യെ തത്കാലത്തേക്കെങ്കിലും കൈവിടാൻ മുഖ്യമന്ത്രി നിർബന്ധിതമാകും.
Content Highlights: What action against ADGP ajith kumar-decision will be known today