ഇ.എസ്.എ. കരട് വിജ്ഞാപനം; കുടിയിറക്കപ്പെടുമോ എന്ന ആശങ്കയിൽ ആദിവാസികൾ, പട്ടികയിൽ ബോണക്കാട്ടെ ലയങ്ങളും

നെടുമങ്ങാട്: തിരുത്തൽ വരുത്താതെ പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന പശ്ചിമഘട്ട ഇ.എസ്.എ. കരടുവിജ്ഞാപനത്തിൽ ജില്ലയിലെ ആദിവാസികളും തോട്ടം തൊഴിലാളികളും ആശങ്കയിൽ. വനാതിർത്തിമേഖലയിലെ തങ്ങളുടെ ഭൂമി കൈയേറാനുള്ള സർക്കാരിന്റെ ശ്രമമാണ് ഇതെന്ന് ആദിവാസികൾ പറയുന്നു.
പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയിൽനിന്നു ഇറക്കിവിടുമോയെന്ന ആശങ്കയിലാണ് തോട്ടം തൊഴിലാളികൾ. തയ്യാറാക്കിയിരിക്കുന്ന കരടുനിർദേശത്തിൽ 459.27 ചതുരശ്രകിലോമീറ്ററാണ് ഇ.എസ്.എ. പരിധിയിൽ വരുന്നത്. എന്നാൽ, ഇത് എവിടെയൊക്കെയാണെന്നോ ഭൂമിയുടെ അതിർത്തിയേതാണെന്നോ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
പേപ്പാറ, നെയ്യാർ ജലസംഭരണികൾക്കുചുറ്റും 70.906 ചതുരശ്രകിലോമീറ്റർ പരിസ്ഥിതിലോലമേഖലയാകുമ്പോൾ സങ്കടത്തിലാകുന്നത് ആദിവാസികുടുംബങ്ങളാണ്. അമ്പൂരി, കുറ്റിച്ചൽ, കള്ളിക്കാട്, ആര്യനാട്, വിതുര പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന കുടുംബങ്ങളാണ് ഇതിലധികവും.
നിർദ്ദിഷ്ടപ്രദേശങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരടുവിജ്ഞാപനമിറക്കിയതോടെ ആദിവാസികൾ കടുത്ത ആശങ്കയിലാണ്. ഒരുവർഷം മുമ്പു നടന്ന ഉപഗ്രഹസർവേ അടിസ്ഥാനപ്പെടുത്തിയാണ് കരടുപട്ടിക പ്രസിദ്ധീകരിച്ചത്. ഇതിൽ 80 ശതമാനവും വനവും വനാതിർത്തിപ്രദേശങ്ങളുമാണ്. പൊതുജനങ്ങൾ താമസിക്കുന്ന റവന്യൂഭൂമി ചേർന്ന ഭാഗവുമുണ്ട്.
വനാതിർത്തി കണക്കാക്കിയാൽ ആദിവാസി ജനവിഭാഗത്തെയാണ് പരിസ്ഥിതിലോല മേഖലയാക്കൽ കാര്യമായി ബാധിക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ ആക്ഷേപങ്ങളറിയിക്കാൻ അവസരം നൽകിയിരുന്നെങ്കിലും കൃത്യമായ അതിർത്തികളറിയാത്തതിനാൽ സാധാരണക്കാരനും ആദിവാസികൾക്കും അതിനു സാധിച്ചില്ല.
പട്ടികവർഗമേഖലകളെ പരിസ്ഥിതിലോല പ്രദേശത്തിൽ ഉൾപ്പെടുത്തിയാൽ ഈ മേഖലയിലെ ഭവനനിർമ്മാണം, കുടിവെള്ളവിതരണം, റോഡുകളുടെ നിർമ്മാണം, അടിസ്ഥാനസൗകര്യവികസനം എന്നിവ ദീർഘകാലത്തേക്ക് വേരറ്റുപോകുമെന്ന് ആദിവാസിസംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
1868 മീറ്റർ പൊക്കമുള്ള അഗസ്ത്യകൂടത്തിന്റെ താഴ്വരകൾകൂടി നെയ്യാറിന്റെ വൃഷ്ടിപ്രദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെയും നിർമ്മാണപ്രവർത്തനങ്ങൾ വെല്ലുവിളിയാകും. ജില്ലയിലെ പട്ടികവർഗമേഖലയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശമാണ് പെരിങ്ങമ്മല പഞ്ചായത്തിലെ പൊന്മുടി വനമേഖല. ഇവിടെ 13 സെറ്റിൽമെന്റുകളിലും റോഡ് നിർമ്മാണവും ഭവനനിർമ്മാണവും പെരുവഴിയിലാണ്.
പട്ടികയിൽ ബോണക്കാട്ടെ ലയങ്ങളും
പരുത്തിപ്പള്ളി വനപരിധിയിൽപ്പെടുന്ന എ.എസ്.എ. ലിസ്റ്റിൽ തോട്ടം തൊഴിലാളി മേഖലയും വനവും ഉൾപ്പെടും. 80.2 ഹെക്ടർ പ്രദേശമാണ് ഇവിടെ വരുന്നത്. ബോണക്കാട് തോട്ടംതൊഴിലാളികൾ താമസിക്കുന്ന ലയങ്ങളും ഉൾപ്പെടുന്നതാണ് പരിസ്ഥിതിമേഖല. ഇവിടത്തെ തൊഴിലാളികളും ആശങ്കയിലാണ്.
ജില്ലയിലെ കണക്ക് ഇങ്ങനെ
താലൂക്ക്-നെടുമങ്ങാട്
വില്ലേജ്-തെന്നൂർ, പെരിങ്ങമ്മല, വിതുര
താലൂക്ക്-കാട്ടാക്കട
വില്ലേജ്-വാഴിച്ചൽ, കള്ളിക്കാട്, അമ്പൂരി, മണ്ണൂർക്കര
തീരുമാനം ജനങ്ങളെ വലയ്ക്കുന്നത്
പരിസ്ഥിതിമന്ത്രാലയം പുറത്തിറക്കിയ കരടുവിജ്ഞാപനം പൊതുജനത്തെ വലയ്ക്കുന്നതാണ്. പ്രത്യേകിച്ചും ആദിവാസിമേഖലയെ. ആദിവാസി ഊരുകളിലെ നിർമാണപ്രവർത്തനങ്ങളെ നിയമം കാര്യമായി ബാധിക്കും. പഞ്ചായത്ത് സംയുക്തയോഗം ചേർന്ന് പ്രശ്‌നപരിഹാരം കണ്ടെത്തണം – മോഹൻ ത്രിവേണി, പ്രസിഡന്റ്, ആദിവാസി മഹാസഭ
വിജ്ഞാപനം അവ്യക്തതകളുടെ പട്ടിക
പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിൽനിന്ന് സാധാരണക്കാരനോ വില്ലേജ് ജീവനക്കാർക്കോ ഒന്നും മനസ്സിലാവില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിക്കുന്നതാണ് അവസാനവാക്ക്. ആദ്യം ഇതിന് പരിഹാരം കാണണം. ആദിവാസി ഊരുകളെ വിജ്ഞാപനത്തിൽനിന്നു ഒഴിവാക്കണം – എം.വി. ഷിജുമോൻ, എ.കെ.എസ്. സംസ്ഥാനകമ്മിറ്റി അംഗം
ജനവാസമേഖലകളും ഭീതിയിൽ
കാട്ടാക്കട: പശ്ചിമഘട്ട ഇ.എസ്.എ. വിജ്ഞാപന പരിധിയിൽ കാട്ടാക്കട താലൂക്ക് പ്രദേശത്തെ കള്ളിക്കാട്, മണ്ണൂർക്കര (കുറ്റിച്ചൽ പഞ്ചായത്ത്), വാഴിച്ചൽ, അമ്പൂരി വില്ലേജുകളിലെ ജനവാസ മേഖലകളും, കൃഷിഭൂമിയും ഉൾപ്പെടുമോ എന്നതിൽ അവ്യക്തത.
കള്ളിക്കാട് വില്ലേജിൽ വ്‌ളാവെട്ടി, മരക്കുന്നം, നിരപ്പൂക്കാല, കണ്ടംതിട്ട, പന്ത എന്നീ പ്രദേശങ്ങളും, മണ്ണൂർക്കര വില്ലേജിലെ കുറ്റിച്ചൽ പഞ്ചായത്തിൽ ഉത്തരംകോട്, ചോനംപാറ, കോട്ടൂർ, എലിമല വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തെയും ജനങ്ങൾ ആശങ്കയിലാണ്.
ഇ.എസ്.എ. പരിധിയിൽ ഉൾപ്പെട്ടാൽ അത് തങ്ങളുടെ ജീവിതത്തെത്തന്നെ ബാധിക്കുമെന്നാണ് ജനങ്ങൾ പറയുന്നത്. അതിനാൽ വിജ്ഞാപനത്തിന്റെ വില്ലേജ് തലത്തിലുള്ള ഡിജിറ്റൽ ഭൂപടങ്ങൾ ലഭ്യമാക്കിയാൽ ഇക്കാര്യം തിരിച്ചറിയാനാകും.
ജനവാസ പ്രദേശങ്ങളിൽ ഉൾപ്പെടുന്ന വീടുകൾ, കൃഷിഭൂമി എന്നിവ നിലവിൽ വേർതിരിച്ച് അറിയാനാകുന്നില്ലെന്നാണ് ജനപ്രതിനിധികൾ പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വേണം. കേന്ദ്ര വിജ്ഞാപനത്തിൽ നെയ്യാർ- പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള 71.27 സ്‌ക്വ. കി.മീറ്ററാണ് ഉൾപ്പെടുന്നത്.
എന്നാൽ 11.02.2021-ൽ സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ടിൽ ജനവാസ മേഖലകളെ ഒഴിവാക്കി 52.036 സ്‌ക്വ. കി.മീ ആക്കി കുറച്ചിരുന്നു. ഇതിൽ നിന്ന് അമ്പൂരി, കള്ളിക്കാട്, വിതുര, കുറ്റിച്ചൽ പഞ്ചായത്തുകളിലെ ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കുകയും ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് പൂർണ സംരക്ഷണം ഉറപ്പാക്കണമെന്നും എൽ.ഡി.എഫ്. സർക്കാർ നിർദേശിച്ചതെന്നു പറയുന്നു.
പ്രമേയം പാസാക്കി സർക്കാരിന് നൽകും
കള്ളിക്കാട് കുറ്റിച്ചൽ പഞ്ചായത്ത് ഭരണസമിതികൾ അടിയന്തരമായി ചേർന്ന് വിഷയത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാനും സംസ്ഥാന സർക്കാരിന് നൽകാനും തീരുമാനിച്ചതായി കള്ളിക്കാട് പഞ്ചായത്ത് പ്രസിഡൻറ് ബി.വിനോദ്കുമാറും, കുറ്റിച്ചൽ പ്രസിഡൻറ് രാധാ ജയനും അറിയിച്ചു.
സംസ്ഥാന സർക്കാർ ഇടപെടണം
കരട് വിജ്ഞാപനത്തിൽ ആദ്യം ഉൾപ്പെട്ട 133 വില്ലേജുകൾ 98 ആക്കി കുറയ്ക്കണം എന്ന ആവശ്യവുമായി കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കേന്ദ്ര വനം മന്ത്രിക്ക് സംസ്ഥാന വനം മന്ത്രിയും എം.എൽ.എ. മാരും ചേർന്ന് നേരിട്ട് നിവേദനം നൽകി. തുടർന്ന് ഇക്കാര്യം സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം എന്ന മറുപടിയാണ് ലഭിച്ചത്. അതിനാൽ ഈ വിഷയത്തിലെ ജനങ്ങളുടെ ആശങ്ക അകറ്റാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം – സി.കെ.ഹരീന്ദ്രൻ, എം.എൽ.എ.
അഞ്ചുചങ്ങല നിവാസികളും ആശങ്കയിൽ
കള്ളിക്കാട്, അമ്പൂരി, വാഴിച്ചൽ വില്ലേജുകളിലായാണ് നെയ്യാർഡാം അഞ്ചുചങ്ങല പ്രദേശം വരുന്നത്. ഇവിടെയുള്ള കുടുംബങ്ങൾക്ക് കൈവശഭൂമിക്ക് പട്ടയം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇതിനായി നെയ്യാർ അണക്കെട്ടിന്റെ മാക്‌സിമം ഫ്ലഡ് ലെവൽ (എം.എഫ്.എൽ.) പുനർ നിർണയിച്ച് ജലസേചനവകുപ്പ് ഭൂമി വേർതിരിക്കുന്നുണ്ട്. നിലവിൽ ഈ കുടുംബങ്ങളും, കർഷകരും ആശങ്കയിലാണ് – ശ്രീകുമാർ, കള്ളിക്കാട്, പൊതുപ്രവർത്തകൻ
വിജ്ഞാപനത്തിൽ വ്യക്തത വരുത്തണം
വനാതിർത്തിയിൽ താമസിക്കുന്നവർക്ക് വന്യജീവി ആക്രമണത്തിൽ നിന്നുള്ള സംരക്ഷണ നടപടികളെ ബാധിക്കും എന്ന സംശയവുമുണ്ട്. പട്ടികയിൽ ഉൾപ്പെടുന്ന വില്ലേജുകളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഉണ്ടാകുമോ, വനപ്രദേശത്ത് മാത്രമായി ചുരുങ്ങുമോ എന്നിങ്ങനെയുള്ള സംശയങ്ങളുമുണ്ട്. ഇതിന് വ്യക്തത വരുത്താൻ സർക്കാർ ശ്രമിക്കണം – വി.എസ്.ജയകുമാർ, കോട്ടൂർ, പരിസ്ഥിതി പ്രവർത്തകൻ
അമ്പൂരിയിലും പ്രശ്നങ്ങളേറെ
അമ്പൂരി: അമ്പൂരിയിലെ ജനവാസമേഖലകളെ പരിസ്ഥിതിലോല പട്ടികയിൽ ഉൾപ്പെടുത്തിയതിൽ നാട്ടുകാർ ആശങ്കയിൽ. അമ്പൂരി ഗ്രാമപ്പഞ്ചായത്തിലെ ആകെയുള്ള 14 വാർഡുകളിൽ ഭൂരിഭാഗവും 2014-ലെ പരിസ്ഥിതിലോല കരടുവിജ്ഞാപന പട്ടികയിൽ ഉൾപ്പെട്ടിരുന്നു. പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്ന അപൂർവയിനം സസ്യങ്ങളോ പക്ഷികളോ ജന്തുക്കളോ ഇവിടെയില്ല.
സാറ്റലൈറ്റ് സർവേയിലെ അപാകമാണ് ജനവാസകേന്ദ്രങ്ങൾ പട്ടികയിൽ ഉൾപ്പെടാൻ കാരണമെന്നുള്ള വിദഗ്‌ധസമിതിയുടെ പഠനറിപ്പോർട്ടുകൾ ബന്ധപ്പെട്ട അധികൃതർക്കും കേന്ദ്ര സംസ്ഥാന വനം-പരിസ്ഥിതി വകുപ്പ് മന്ത്രിമാർക്കും നൽകിയിരുന്നു. എന്നിട്ടും മാറ്റം വന്നിട്ടില്ല.
അമ്പൂരി, വാഴിച്ചൽ വില്ലേജുകൾ ഉൾപ്പെട്ട 52.036 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതിലോലമേഖലയാക്കണമെന്ന് 2020-ൽ വനംവകുപ്പ് ശുപാർശ നൽകിയിരുന്നത്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് തരിശുഭൂമികളെ കൃഷിയോഗ്യമാക്കി തലമുറകളായി ജീവിച്ചുവരുന്ന കർഷകകുടുംബങ്ങളെയാണ് പുതിയ വിജ്ഞാപനത്തിലൂടെ കുടിയിറക്കാൻ ശ്രമിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
Content Highlights: Proposed ESA draft notification for the Western Ghats has raised concerns among tribal communities and plantation workers in the district, fearing government land acquisition and displacement. The draft includes 459.27 sq km as ESA, affecting areas around Neyyar and Peppara reservoirs, with unclear boundaries causing anxiety among residents and hindering objections.