മൂടിക്കിടന്ന കിണറ്റിലെ മണ്ണെവിടെ, നിധിതേടിയെത്തിയോ അജ്ഞാതര്‍?; ജാനകിക്കാട്ടിലെ ദുരൂഹത നീങ്ങുന്നില്ല

കോഴിക്കോട്: ആളനക്കമില്ലാത്ത കൊടുംകാട്. ആരുമങ്ങനെയെത്താത്ത ക്ഷേത്രം പരിസരം, സമീപത്ത് 100 വര്‍ഷം പഴക്കമുള്ളൊരു കിണര്‍. കോഴിക്കോട് ജാനകിക്കാട്ടിലെ ഈ കിണറ്റില്‍ നിധിയുണ്ടെന്ന് ഇവിടെയുള്ള ക്ഷേത്രത്തില്‍ താംബൂല പ്രശ്‌നം വെച്ചപ്പോള്‍ പറഞ്ഞത് എത്രയോ കാലം മുന്നെയാണ്. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ വനപാലകര്‍ക്ക് കാണാനായത് ആ കിണറ്റിലെ മണ്ണ് ആപ്പാടെ അജ്ഞാതര്‍ മാറ്റിയതാണ്.
മാലിന്യവും മണ്ണുമായി പകുതിയോളം നിറഞ്ഞ കിണറ്റില്‍ നിന്ന് മണ്ണ് മാറ്റുക എത്ര എളുപ്പമുള്ള പണിയല്ല. അതും വനപാലകരുടെ അധീനതയുള്ള സ്ഥലത്ത് നിന്ന്. പക്ഷെ ഒരു സുപ്രഭാതത്തില്‍ ഈ കിണറ്റിലെ മണ്ണ് അപ്രത്യക്ഷമായിരിക്കുന്നു. ഇതോടെയാണ് കിണറ്റിനുള്ളിലെ നിധിയാണോ ഈ ദുരൂഹ പ്രവര്‍ത്തിക്ക് പിന്നിലെന്ന ചോദ്യം നാട്ടുകാരും വനപാലകരും ഒരുപോലെ ചോദിക്കുന്നത്. മരുതോങ്കര പഞ്ചായത്തിലെ വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലെ വര്‍ഷങ്ങളോളം പഴക്കമുള്ള കിണറിലെ മണ്ണാണ് അജ്ഞാതര്‍ മാറ്റിയിരിക്കുന്നത്.
ദിവസങ്ങള്‍ക്കുമുമ്പാണ് കിണറിലെ മണ്ണ് നീക്കംചെയ്തത് വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ജാനകിക്കാട് തൃക്കൈപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിനടുത്തായാണ് കിണര്‍ സ്ഥിതിചെയ്യുന്നത്.
ആദ്യത്തെ രണ്ടുപടവുകള്‍ കഴിഞ്ഞാല്‍ പിന്നെ കിണറിന്റെ ബാക്കിഭാഗം കാലപ്പഴക്കംകൊണ്ടും മാലിന്യംകൊണ്ടും നികന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇതാണ് മാറ്റിയിരിക്കുന്നത്. മൂന്നിലേറെ ആളുകള്‍ അഞ്ചുദിവസത്തോളം കഠിനപ്രയത്‌നം ചെയ്‌തെങ്കില്‍ മാത്രമെ കിണറിലെ മണ്ണ് നീക്കാന്‍ പറ്റുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്. പണിയായുധങ്ങളായ കൈക്കോട്ട്, പടന്ന, പിക്കാസ് എന്നിവയെല്ലാം കിണറിന് സമീപത്തുനിന്നും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുമുണ്ട്.
കാട്ടിനുള്ളില്‍ ഇത്ര ദുഷ്‌ക്കരമായ ജോലി വൃത്തിയായി ചെയ്തിരിക്കുന്നതു കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് നാട്ടുകാരും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വനം വകുപ്പ് തൊട്ടില്‍പ്പാലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഏതായാലും കിണര്‍ പണിയില്‍ വിദ്ഗ്ധരായവര്‍ക്ക് മാത്രമേ ഇതിലേക്ക് ഇറങ്ങാനും ഇത്രപെട്ടെന്ന് ജോലി ചെയ്തുതീര്‍ക്കാനും സാധിക്കുകയുള്ളൂ. കിണറില്‍ നിന്നും പുറത്തെടുത്ത മണ്ണ് ഒരു സ്ഥലത്ത് കൂട്ടിയിട്ടിട്ടുമുണ്ട്.
തങ്ങളുടെ അധീനതയിലുള്ള ഭൂമിയില്‍ ആളുകള്‍ അതിക്രമിച്ചുകടന്നത് അറിയാതെപോയത് വനം വകുപ്പിന് സംഭവിച്ച വലിയ വീഴ്ചയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മരങ്ങളും വള്ളികളും പടര്‍ന്നുപന്തലിച്ച് സാധാരണക്കാര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തസ്ഥലത്ത് എത്തിയ അജ്ഞാതരെക്കുറിച്ച് ഇതുവരെയും ഒരുവിവരവും അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.
കാടിനെ കുറിച്ചും ക്ഷേത്രത്തെ കുറിച്ചുമെല്ലാം നല്ലരീതിയില്‍ അറിവുള്ളവരാണ് അജ്ഞാതരെന്നാണ് സൂചന. ഇവര്‍ പഞ്ചായത്തിനകത്തുള്ളവരൊ പുറത്തുള്ളവരോ എന്നതിനെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന് മുമ്പും കാട്ടിനുള്ളില്‍ അനധികൃത കടന്നുകയറ്റവും കുറ്റകൃതങ്ങളടക്കം നടന്നപ്പോള്‍ കമ്പിവേലികളും സോളാര്‍ കമ്പിവേലികളും സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഒന്നും നടന്നില്ല. കിണറിലെ മണ്ണ് മാറ്റിയ സംഭവം ഗൗരവതരമാണെന്നും വനംവകുപ്പ്, പോലീസ് അധികൃതര്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ.പി. അബ്ദുള്ള പറഞ്ഞു. കിണറിലെ മണ്ണ് മാറ്റാനുപയോഗിച്ച പണിയായുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം വ്യാപിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
Content Highlights: Well Inside In Jankikkadu