വെള്ളിയാഴ്ചയും ചുരത്തിൽ കുരുക്ക്; ക്രിസ്മസ്-പുതുവത്സര സീസണിൽ ചുരം 'പണിതരുമോ' എന്ന് ആശങ്ക

#നവീന്‍ മോഹന്‍
വെള്ളിയാഴ്ച അതിരാവിലെ ചുരത്തിലെ ഏഴാംവളവിൽ കണ്ടെയ്നർ ലോറി കുടുങ്ങിയതിനെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്ക്
വെള്ളിയാഴ്ച അതിരാവിലെ ചുരത്തിലെ ഏഴാംവളവിൽ കണ്ടെയ്നർ ലോറി കുടുങ്ങിയതിനെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്ക്

കല്പറ്റ: പുത്തൻ പ്രതീക്ഷകളുമായി ക്രിസ്മസ്-പുതുവത്സര സീസണെ വരവേൽക്കാനൊരുങ്ങുകയാണ് വയനാടൻ വിനോദസഞ്ചാരമേഖല. ക്രിസ്മസ് അവധിയും തണുപ്പുകാലവും വിനോദസഞ്ചാരമേഖലയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്ന നാളുകളാണ്. അവധിക്കാലം ചെലവഴിക്കാൻ കൂടുതൽ സഞ്ചാരികൾ ചുരംകയറുന്ന ദിവസങ്ങൾ.

ക്രിസ്മസ്-പുതുവത്സര സീസണെ വരവേൽക്കാനൊരുങ്ങുമ്പോഴും ചുരം 'പണി' തരുമോയെന്ന ആശങ്കയും മേഖലയിലുള്ളവർക്കുണ്ട്. ചുരത്തിൽ അടിക്കടിയുണ്ടാവുന്ന ഗതാഗതക്കുരുക്കാണ് ആശങ്കയ്ക്കുകാരണം. മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങിക്കിടക്കേണ്ടിവരുന്ന സാഹചര്യമുണ്ടാവുമ്പോൾ വിനോദസഞ്ചാരികൾപലരും വരാൻ മടിക്കുകയാണ്. ഗതാഗതക്കുരുക്കുണ്ടാവുമ്പോൾ വിനോദസഞ്ചാരികൾ വയനാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുന്ന സ്ഥിതിയാണുള്ളതെന്ന് വയനാട് ടൂറിസം ഓർഗനൈസേഷൻ (ഡബ്ല്യുടിഒ) ജില്ലാപ്രസിഡന്റ് എം.ജെ. സുനിൽകുമാർ പറഞ്ഞു.

അവധിക്കാലങ്ങളിൽ ചുരത്തിൽ വാഹനത്തിരക്കേറുകയും കുരുക്കുണ്ടാവുകയും ചെയ്യും. മൾട്ടി ആക്‌സിൽ വാഹനങ്ങൾ ചുരത്തിൽവെച്ച് തകരാറിലാവുന്ന സമയത്തൊക്കെ കുരുക്ക് മണിക്കൂറുകൾ നീളുകയുംചെയ്യും. ഈ സാഹചര്യം ഒഴിവാക്കാൻ ചുരത്തിലൂടെ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും കണ്ടെയ്‌നറുകൾക്കും നിയന്ത്രണമേർപ്പെടുത്തണമെന്നാണ് ആവശ്യം; പ്രത്യേകിച്ച് അവധിദിവസങ്ങളിൽ. തിരക്കുകൂടാൻ സാധ്യതയുള്ള സമയങ്ങളിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾ, കണ്ടെയ്‌നറുകൾ എന്നിവ നാടുകാണിച്ചുരംവഴി തിരിച്ചുവിട്ട് ഗതാഗതക്കുരുക്കൊഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്.

ഹെയർപിൻ വളവുകൾ വീതികൂട്ടുന്നതിന്റെ ഭാഗമായി ചുരത്തിൽ മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തിയും ഇപ്പോൾ നടക്കുന്നുണ്ട്. ഏഴാംവളവിലാണ് ഇപ്പോൾ പ്രവൃത്തി. മരംമുറിക്കുമ്പോഴും കയറ്റുമ്പോഴും ഗതാഗതതടസ്സം ഉണ്ടാവുന്നുണ്ട്. ഈ സാഹചര്യവുംകൂടി പരിഗണിച്ച് കുരുക്കില്ലാതാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണാവശ്യം.

കഴിഞ്ഞ ഓണം സീസണിൽ ചുരത്തിലെ മണ്ണിടിച്ചിൽകാരണം വിനോദസഞ്ചാരമേഖല വലിയനഷ്ടം നേരിട്ടിരുന്നു.

റിസോർട്ടുകളടക്കം ബുക്കുചെയ്തിരുന്ന സഞ്ചാരികൾ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് റദ്ദുചെയ്യുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് ചുരത്തിലെ കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാവുന്നത്.

അതിരാവിലെമുതൽ കുരുക്ക്

കല്പറ്റ: വെള്ളിയാഴ്ച ചുരത്തിൽ മൂന്നിടങ്ങളിൽ അതിരാവിലെ യന്ത്രത്തകരാർമൂലം വാഹനങ്ങൾ കുടുങ്ങി ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പുലർച്ചെ അഞ്ചോടെ ഏഴാംവളവിനുസമീപം ഒരു കണ്ടെയ്‌നർ ലോറി കുടുങ്ങി. രാവിലെ പത്തരയോടെയാണ് ഇതു മാറ്റിയത്.

യന്ത്രത്തകരാർ കാരണം ഏഴാംവളവിനുമുകളിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ഒരു ബസും ആറാംവളവിനടുത്ത് മറ്റൊരു ലോറിയും രാവിലെ കുടുങ്ങി. മണിക്കൂറുകളോളം ഭാഗികമായി ഗതാഗതതടസ്സമുണ്ടായി. ഇടയ്ക്കിടെ വാഹനങ്ങൾ വഴിയിൽ കുടുങ്ങിയതിനെത്തുടർന്ന് വൈകീട്ടും ചുരത്തിൽ ഗതാഗതക്കുരുക്കിന് കുറവുണ്ടായില്ല.

സഞ്ചാരികളിൽ മടുപ്പുണ്ടാക്കും

ചുരത്തിൽ അടിക്കടിയുണ്ടാവുന്ന ഗതാഗതക്കുരുക്ക് സഞ്ചാരികൾക്ക് മടുപ്പുണ്ടാക്കും. മടുപ്പും സമയനഷ്ടവും ഒഴിവാക്കാൻ അവർ മറ്റിടങ്ങളിലേക്ക് പോകും. ഇത് വയനാടിന്റെ വിനോദസഞ്ചാരമേഖലയെ ബാധിക്കും. വയനാട്ടിലേക്കുള്ള ഏക ആശ്രയമായ റോഡാണെന്ന പരിഗണന നൽകി ഗതാഗതക്കുരുക്ക് പരിഹരിച്ച് ചുരത്തിലൂടെ സുഗമമായ യാത്രയ്ക്കുള്ള സാഹചര്യം ഒരുക്കണം. ശാശ്വതപരിഹാരം ഉണ്ടാക്കാൻ അടിയന്തര ഇടപെടലുണ്ടാവണം.

-കെ.പി. സെയ്തലവി

ചെയർമാൻ, വയനാട് ടൂറിസം അസോസിയേഷൻ

നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം

ടൂറിസം സീസണിലും മറ്റു തിരക്കുള്ള സമയങ്ങളിലും ചുരത്തിൽ ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തണം. ചുരം കയറിവരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകുന്ന തരത്തിലുള്ള ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കണം. ഇത് ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ സഹായിക്കും. തകരാറിലാകുന്ന, അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ അടിയന്തരമായി മാറ്റുന്നതിനായി ചുരത്തിൽ സ്ഥിരമായോ ഓൺ-കാൾ അടിസ്ഥാനത്തിലോ മൊബൈൽ ക്രയിൻ സംവിധാനം ഉറപ്പാക്കണം. ഇത്തരത്തിലുള്ള കാര്യങ്ങൾ നടപ്പാക്കിയാൽ യാത്രക്കാരുടെയും വിനോദസഞ്ചാരികളുടെയും ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സാധിക്കും.

-സായൂജ് പ്രഭാകർ

സെക്രട്ടറി, വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ

അടിയന്തര ഇടപെടൽവേണം

വിനോദസഞ്ചാരമേഖല നേരിടുന്ന പ്രതിസന്ധി വിനോദസഞ്ചാരകേന്ദ്രങ്ങളെ മാത്രമല്ല ഹോട്ടൽ, ടൂറിസം മേഖലകളെയും സംരംഭകരെയും ടാക്‌സിഡ്രൈവർമാരെയുംവരെ ബാധിക്കുന്നുണ്ട്. വിനോദസഞ്ചാരമേഖല നിശ്ചലമായാൽ ഒട്ടേറെപ്പേരുടെ ഉപജീവനമാർഗമാണ് ഇല്ലാതാവുന്നത്.

വയനാട്ടിലേക്കുള്ള പ്രധാനപാതയെന്നനിലയിൽ വയനാട് ചുരത്തിലെ ഗതാഗതപ്രശ്‌നം പരിഹരിക്കേണ്ടത് അനിവാര്യമാണ്.

അതിനായി അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാവണം. വിഷയത്തിൽ മനുഷ്യാവകാശകമ്മിഷൻ ഇടപെട്ടത് പ്രതീക്ഷ നൽകുന്നതാണ്.

-എം.ജെ. സുനിൽകുമാർ

പ്രസിഡന്റ്, വയനാട് ടൂറിസം ഓർഗനൈസേഷൻ

Content Highlights: Wayanad`s tourism sector gears up for Christmas & New Year, but road congestion on the ghat road poses a threat to holiday arrivals. Urgent solutions needed!